03 October Tuesday

ഗുജറാത്ത്‌ വംശഹത്യയും മോദിയുടെ പങ്കാളിത്തവും

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023


രണ്ടു പതിറ്റാണ്ടുമുമ്പ്‌ ഗുജറാത്തിനെ കീറിമുറിച്ച വംശഹത്യാ പരമ്പരയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കി  ബ്രിട്ടീഷ്‌ ബ്രോഡ്‌ കാസ്റ്റിങ്‌ കോർപറേഷ (ബിബിസി)ന്റെ  ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി വീഡിയോ.  2002 ഫെബ്രുവരി‐ മാർച്ച്‌   മാസങ്ങളിൽ ആ സംസ്ഥാനത്തെ ചോരയിൽ മുക്കിയ കലാപത്തിൽ മോദിയുടെ പങ്ക്‌  നേരിട്ടുള്ളതായിരുന്നുവെന്ന് ഉറപ്പിച്ച്‌  ജനുവരി 17ന്‌ പുറത്തുവിട്ട ആദ്യ എപ്പിസോഡ്‌  ഒട്ടേറെ  തത്സമയ തെളിവുകളും രേഖകളും വിശദീകരണങ്ങളും ഉൾപ്പെടുന്നതാണ്‌. അക്കാലയളവിലെ ബ്രിട്ടീഷ് വിദേശ മന്ത്രി ജോൺ വിറ്റാകർ സ്‌ട്രോ (ജാക്‌ സ്ട്രോ‐ 2001‐ 06), മോദിയുമായി സംസാരിച്ച ബിബിസി  പത്രപ്രവർത്തക  ജിൽ മഗി വറിങ് തുടങ്ങിയവരുടെ അഭിമുഖങ്ങളും ആർ ബി ശ്രീകുമാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ മൊഴികളും വേറെ. മോദിയെ പ്രതിക്കൂട്ടിലാക്കാൻ വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ശ്രീകുമാറിനൊപ്പം മനുഷ്യാവകാശപ്രവർത്തക ടീസ്ത സെതൽവാദിനെയും അറസ്റ്റുചെയ്‌ത്‌ പീഡിപ്പിച്ച്‌ പ്രതികാരം ചെയ്യുകയുണ്ടായി.
മുസ്ലിം  ഉന്മൂലനമായിരുന്നു കലാപത്തിന്റെ പ്രധാന ലക്ഷ്യം. അതിന്‌ മോദി നേരിട്ട് ബന്ധപ്പെട്ടു.  വംശഹത്യയുടെ സ്വഭാവമുള്ള ആസൂത്രിതമായ ആക്രമണമാണ് ഗുജറാത്തിൽ നടന്നത്‌. പൊലീസ്‌ സംവിധാനം അടിമുടി  നിർവീര്യമാക്കാനും അതുവഴി കലാപകാരികളെ തുറന്നുവിടാനും മോദി ഉൾപ്പെടെയുള്ളവർ സജീവ പങ്കുവഹിച്ചു. മനഃപൂർവമായ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നു അവയെല്ലാമെന്നാണ്‌ റിപ്പോർട്ടിലെ  നിരീക്ഷണം. 

ആർഎസ്‌എസ്‌, വിശ്വഹിന്ദു പരിഷത്ത്‌ തുടങ്ങിയ സംഘടനകളെ  അതിൽ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും മോദിയാണ് പ്രധാനി. ആ നാളുകളിൽ അമേരിക്കയും ബ്രിട്ടനും അദ്ദേഹത്തിന്‌ വിസ നിഷേധിക്കുകപോലുമുണ്ടായി.  കലാപം അതിരുവിട്ട സമയത്ത് മുസ്ലിങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ട  നടപടിയെടുക്കുന്നതിൽ മുഖ്യമന്ത്രി മോദി വൻ പരാജയമായിരുന്നുവെന്ന യാഥാർഥ്യം  ബിബിസി പരമ്പര വിശദമായി പരിശോധിക്കുന്നുണ്ട്. 2002 ഫെബ്രുവരി 27-ന് ഗോധ്ര സംഭവത്തെത്തുടർന്ന്‌ പടർന്ന കലാപത്തിൽ ആയിരത്തിലേറെ ആളുകൾ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അതേപ്പറ്റി അന്വേഷിച്ച ബ്രിട്ടീഷ് സർക്കാർ സംഘത്തിന്റെ റിപ്പോർട്ടാണ് ബിബിസി ഡോക്യുമെന്ററി കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഇതുവരെ ഇത് പരസ്യപ്പെടുത്തിയിരുന്നില്ല. കർസേവകരുടെ ആക്രമണത്തിൽ 1500 പേർ കൊല്ലപ്പെട്ടു. 223 പേരെ കാണാതായി,  2500 പേർക്ക് പരിക്കേറ്റു‐ തുടങ്ങി കലാപത്തിന്റെ വ്യാപ്‌തി വിശദീകരിച്ച  ഡോക്യുമെന്ററി ഇന്ത്യാ സർക്കാരിന്‌ സമർപ്പിച്ച് വിശദീകരണം തേടിയെന്നും എന്നാൽ, പ്രതികരണം ഉണ്ടായില്ലെന്നും ബിബിസി അറിയിച്ചു. രണ്ടാം എപ്പിസോഡ്‌ ജനുവരി  24ന് പുറത്തുവിടും. അതിന്റെ സംപ്രേഷണത്തിന്‌  മുന്നോടിയായി ബിബിസിക്കെതിരെ കടുത്ത ഭാഷയിൽ കേന്ദ്ര വിദേശ  മന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തി. ഡോക്യുമെന്ററി  തൽപ്പരകക്ഷികളുടെ വ്യാജപ്രചാരണമാണെന്നും പിന്നിൽ  സാമ്രാജ്യത്വ ചിന്താഗതിയാണെന്നും വിദേശ വക്താവ് അരിന്ദം ബാഗ്‌ചി വാദിച്ചു.  നിരവധി പേരാണ് ഡോക്യുമെന്ററി രണ്ടു ദിവസംകൊണ്ട് കണ്ടത്.

അതിനിടെ, 2011 ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിൽ  അതിനിർണായക ഭേദഗതി വരുത്താൻ  മോദി സർക്കാർ ഒരുങ്ങുന്നതും അപകടകരമാണ്‌. അതിന്റെ കരട്‌  പൊതുജനാഭിപ്രായ രൂപീകരണം സമാഹരിക്കാൻ പ്രസിദ്ധപ്പെടുത്തി.  കേന്ദ്ര  സർക്കാരിന്‌ രുചിക്കാത്ത  വാർത്തകൾക്ക് ഇന്റർനെറ്റിൽ ഇനി ആയുസ്സ് മൂന്നു ദിവസം (72 മണിക്കൂർ) മാത്രം. അത്‌ 24 മണിക്കൂറായി പതുക്കെ ചുരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. അഭിപ്രായം പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ (പിഐബി)യുടെ  വസ്‌തുതാന്വേഷണ വിഭാഗമോ കേന്ദ്രം ചുമതലപ്പെടുത്തുന്ന ഏജൻസികളോ  വ്യാജമെന്ന്‌ വിധിയെഴുതിയാൽ അവ  ഇന്റർനെറ്റിൽനിന്ന്‌  നീക്കണമെന്നത്‌ നിർബന്ധമാണ്‌. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ താഴിടലിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഉൾപ്പെടെ  വിമർശം ഉയർത്തിയിട്ടുണ്ട്. ഇത് ഔദ്യോഗിക സെൻസർഷിപ്പിലേക്ക്‌ എത്തും. ഒരു വാർത്ത ഭരണകർത്താക്കൾക്ക്‌  ഇഷ്ടമല്ലെങ്കിൽ വ്യാജമെന്ന്‌  വിശേഷിപ്പിക്കാം. അത്തരത്തിൽ  വ്യവസ്ഥ ഇരുതല മൂർച്ചയുള്ളതാകാം. പുതിയ ഭേദഗതി ഭരണഘടനാപരമല്ലെന്നാണ്‌  ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ നിഗമനം. അത്തരം വ്യവസ്ഥ കൊണ്ടുവരാൻ പാർലമെന്റിന്റെ അംഗീകാരം അവശ്യമാണെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top