25 September Monday

കൂടുതല്‍ വഷളാകുന്ന ഇന്ത്യ-പാക് ബന്ധം

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2017


ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം തീര്‍ത്തും വഷളാകുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച നിയന്ത്രണരേഖ കടന്നെത്തിയ പാകിസ്ഥാന്റെ പ്രത്യേക അതിര്‍ത്തി കര്‍മസംഘമാണ് (ബാറ്റ്) രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം തലയറുത്തത്. ദാരുണവും പ്രതിഷേധാര്‍ഹവുമായ സംഭവമാണ് ഇത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി മേഖലയിലാണ് സംഭവം. കരസേനയുടെ 22 സിഖ് ഇന്‍ഫാന്‍ട്രിയിലെ നായിക് സുബേദാര്‍ പരംജിത് സിങ്ങും ബിഎസ്എഫ് 200-ാം ബറ്റാലിയനിലെ പ്രേംസാഗറുമാണ് കൊല്ലപ്പെട്ടത്.  നാല്‍പ്പത്തിരണ്ടും അമ്പതും വയസ്സുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ ചെറുപ്പക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന കാര്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇനിയും നടപ്പാക്കിയിട്ടില്ലെന്നതിന്റെ സൂചനയാണ് ഈ സംഭവം. പട്രോളിങ് നടത്തവെയാണ് ഇരുവര്‍ക്കും പാക് സൈനികരുടെ വെടിയേറ്റത്. കൊല്ലപ്പെട്ട സൈനികരോട് തീര്‍ത്തും അപരിഷ്കൃതമായി പെരുമാറിയ പാക് സൈനികരുടെ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. അതിര്‍ത്തി സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത്തരം മനുഷ്യത്വഹീനമായ നടപടികള്‍ സഹായിക്കൂ. സംഭവത്തില്‍ ഇന്ത്യന്‍ കരസേനയ്ക്കുള്ള ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പാകിസ്ഥാന്‍ ഹൈക്കമീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശസെക്രട്ടറി എസ് ജയശങ്കര്‍ വിദേശമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

നേരത്തെ ഭീകരവാദികളെ പരിശീലനം നല്‍കി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വിടുകയായിരുന്നു പാകിസ്ഥാന്‍ സൈന്യം ചെയ്തതെങ്കില്‍ ഇപ്പോള്‍ സേനാംഗങ്ങള്‍തന്നെ അതിര്‍ത്തികടന്ന് ആക്രമണം നടത്തുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുന്നതിന് പാകിസ്ഥാന്‍ സൈന്യം ആഗ്രഹിക്കുന്നില്ലെന്ന ശക്തമായ സന്ദേശമാണിത്. അടുത്തിടെ വ്യവസായിയായ സഞ്ജീവ് ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള  ഒരു സംഘം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്‍വാതിലിലൂടെ പാകിസ്ഥാന്‍ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് സംഭാഷണത്തിന് വഴി ഒരുക്കാനാണ് ഈ കൂടിക്കാഴ്ചയെന്ന് 'ഡോണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാധാന സംഭാഷണങ്ങള്‍ക്ക് പാകിസ്ഥാന്‍ സൈന്യത്തിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് ബാറ്റ് അംഗങ്ങള്‍ അതിര്‍ത്തികടന്ന് ഇന്ത്യന്‍ സൈനികരെ വധിച്ചതെന്നാണ് വിലയിരുത്തുന്നത്.

കശ്മീര്‍ വിഷയത്തില്‍ മൂന്നാം ഇടപെടലിനുള്ള സാഹചര്യമൊരുക്കാനാണ് ആക്രമണമെന്ന വിലയിരുത്തലും ഉണ്ട്. മൂന്നാം കക്ഷി ഇടപെടലിന് തയ്യാറാണെന്ന് അമേരിക്കയിലെ ട്രംപ് ഭരണകൂടവും അടുത്തിടെ അറിയിക്കുകയുണ്ടായി. അഫ്ഗാന്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യ-പാക് സമാധാന സംഭാഷണം ആരംഭിക്കേണ്ടത് ആവശ്യമാണെന്നാണ് അമേരിക്കയുടെ നിലപാട്. ഇതിന് വഴിയൊരുക്കാന്‍ ശക്തമായി ഇടപെടുമെന്ന സൂചന അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി തന്നെ നല്‍കുകയുണ്ടായി. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗനും കശ്മീര്‍ വിഷയത്തില്‍ അടിയന്തര മധ്യസ്ഥശ്രമം ആവശ്യമാണെന്നു പറഞ്ഞിരുന്നു. ഇതിന് വഴിയൊരുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ  പാകിസ്ഥാന്റെ പ്രകോപനമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറുകയാണ്. പെണ്‍കുട്ടികള്‍ പോലും തെരുവിലിറങ്ങി സുരക്ഷാസേനയ്ക്കു നേരേ കല്ലേറ് നടത്തുകയാണ്. സൈനിക കേന്ദ്രത്തിനുനേരെ ആക്രമണം നടക്കുന്നു. ബാങ്കുകള്‍ കൊള്ളയടിക്കുന്നു. ഈ ഘട്ടത്തിലാണ് പാകിസ്ഥാനുമായി സംഭാഷണം പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടത്. എന്നാല്‍, ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കശ്മീര്‍ താഴ്വരയിലെ തീവ്രവാദികളുടെ പ്രവര്‍ത്തനത്തിന് വേഗം പകരുന്ന സംഭവങ്ങളാണ് അതിര്‍ത്തിയില്‍ ഇപ്പോള്‍ നടക്കുന്നത്.

എന്നാല്‍, പാകിസ്ഥാന്‍ സൈന്യത്തിന്റെ നടപടി ചൂണ്ടിക്കാട്ടി യുദ്ധജ്വരം സൃഷ്ടിക്കാനുള്ള നീക്കവും ശക്തമാണ്. പാകിസ്ഥാനുമായി തുറന്ന യുദ്ധം വേണമെന്ന ആവശ്യമാണ് പല കോണുകളില്‍നിന്നും ഉയരുന്നത്. സംഘപരിവാറാണ് ഈ പ്രചാരണം പ്രധാനമായും നടത്തുന്നത്. ഉറി സംഭവത്തിനു ശേഷം  പത്താന്‍കോട്ട് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക് നടത്തിയെങ്കിലും പാകിസ്ഥാന്‍ പ്രകോപനത്തിനു തടയിടാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സര്‍ജിക്കല്‍ സ്ട്രൈക് കൊണ്ട് അര്‍ഥമൊന്നുമില്ലെന്നും പാകിസ്ഥാന് തക്കതായ ശിക്ഷ നല്‍കണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ആവശ്യപ്പെട്ടു. വടക്കന്‍ കൊറിയക്കെതിരെ അമേരിക്ക യുദ്ധസന്നാഹം ശക്തമാക്കിയ വേളയില്‍ തന്നെയാണ് ഇന്ത്യ-പാക് സംഘര്‍ഷത്തിന് ആഹ്വാനം ഉയരുന്നത്.  യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നു മാത്രമല്ല അത് പുതിയ സംഘര്‍ഷത്തിനും തര്‍ക്കങ്ങള്‍ക്കും വഴിതുറക്കുകയേ ഉള്ളൂവെന്നാണ് ഇതുവരെയുള്ള യുദ്ധങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പരിഹരിക്കുന്നതിനായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്. ഇന്ത്യയും പാകിസ്ഥാനും ആണവരാഷ്ട്രങ്ങളാണെന്ന വസ്തുതയും മറക്കരുത്. അതിനാല്‍ സമാധാന നീക്കങ്ങള്‍ക്കായിരിക്കണം സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top