24 April Wednesday

അതിര്‍ത്തിയില്‍ സമാധാനം പുലരണം

വെബ് ഡെസ്‌ക്‌Updated: Monday Oct 31, 2016


സെപ്തംബര്‍ 18ന് ഉറിയില്‍ 20 സൈനികരുടെ ജീവനെടുത്ത പാക് ഭീകരാക്രമണത്തിന് മറുപടിയെന്നോണം സെപ്തംബര്‍ 29 ന് സൈന്യം നടത്തിയ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' നടന്നിട്ട് ഒരു മാസം പൂര്‍ത്തിയായി. പാകിസ്ഥാന്റെ പ്രകോപനത്തിന് ഉചിതമായ മറുപടിയാണ് സൈന്യത്തില്‍നിന്നുണ്ടായത്. എന്നാല്‍, ഇന്ത്യ ആഗ്രഹിക്കുന്ന സമാധാനംമാത്രം അതിര്‍ത്തിയില്‍ നിലനിര്‍ത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഏറ്റവും അവസാനമായി ജമ്മു കശ്മീരിലെ മാച്ചില്‍ മേഖലയില്‍ മഹാരാഷ്ട്രയിലെ സാംഗ്ള സ്വദേശിയായ കോലി നിതിന്‍ സുഭാഷ് എന്ന സൈനികന്‍ കൊല്ലപ്പെട്ടു. വികൃതമാക്കിയ നിലയിലാണ് ഈ സൈനികന്റെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ ഹരിയാനയിലെ കുരുക്ഷേത്രയില്‍നിന്നുള്ള മന്‍ദീപ് സിങ്ങിന്റെ മൃതദേഹവും ഈ നിലയില്‍ കണ്ടെത്തി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് സൈന്യം ഉചിതമായ മറുപടി നല്‍കുമെന്ന് കഴിഞ്ഞ ദിവസവും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഒരാഴ്ചയ്ക്കകം 15 പാകിസ്ഥാനി റേഞ്ചേഴ്സിനെ വധിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഏതായാലും ഉറി സംഭവത്തിനുശേഷം പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും സമാധാനം എന്തെന്നറിഞ്ഞിട്ടില്ല. എന്നാല്‍, തുറന്ന യുദ്ധമാണ് ഇരു രാഷ്ട്രങ്ങളും നടത്തുന്നതെന്നും പറയാനാകില്ല. ജോര്‍ജ് പെര്‍ക്കോവിച്ചും ടോബി ഡാള്‍ട്ടണും അടുത്തയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് അന്വര്‍ഥമാക്കുന്നതാണ് അതിര്‍ത്തിയിലെ സ്ഥിതി. 'യുദ്ധമില്ല; സമാധാനവും'.

അടല്‍ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് 2003 നവംബറില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടത്. അതിനുശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങളുടെ എണ്ണം താരതമ്യേന കുറഞ്ഞു.  എന്നാല്‍, ഉറി സംഭവത്തിന് ശേഷം വെടിനിര്‍ത്തല്‍ ലംഘനം വളരെയധികം വര്‍ധിച്ചു. സെപ്തംബര്‍ 29ന് ശേഷം ഒരുമാസത്തിനുള്ളില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് 57 വെടിനിര്‍ത്തല്‍ ലംഘനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2015 ല്‍ മൊത്തം 150 വെടിനിര്‍ത്തല്‍ ലംഘനമാണുണ്ടായത്. സെപ്തംബര്‍ 29വരെ ഈ വര്‍ഷം മൊത്തം 58 വെടിനിര്‍ത്തല്‍ ലംഘനം നടന്നു. അതായത് ഈവര്‍ഷം ഇതിനകംതന്നെ 115 വെടിനിര്‍ത്തല്‍ ലംഘനമുണ്ടായി. അതുപോലെതന്നെ കേന്ദ്ര രഹസ്യാന്വേഷണവിഭാഗം നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് ഈവര്‍ഷം മാത്രം 100 വിജയകരമായ നുഴഞ്ഞുകയറ്റവും പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.  മാത്രമല്ല, നേരത്തെ അതിര്‍ത്തിയിലെ ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിച്ചാണ് പാക് ഭീകരവാദികളുടെ ആക്രമണമെങ്കില്‍ ഇപ്പോള്‍ എട്ടോളം പ്രദേശങ്ങളില്‍ ഒരേസമയത്ത് ആക്രമണം നടത്തുന്ന രീതിയും ആരംഭിച്ചു.  ഇതെല്ലാം കാണിക്കുന്നത് അതിര്‍ത്തിയിലെ സ്ഥിതിഗതി ഒട്ടും ശോഭനമല്ലെന്നാണ്. അതിര്‍ത്തി കാക്കുന്ന സൈനികരുടെ ഉത്തരവാദിത്തം വളരെ കൂടിയിരിക്കുന്നുവെന്നര്‍ഥം.   

ജമ്മു കശ്മീരിലെ സ്ഥിതിയും ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. പ്രത്യേക വ്യക്തികളെ ലക്ഷ്യംവച്ചുള്ള ആക്രമണമടക്കം തീവ്രവാദികള്‍ കശ്മീരില്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും അവസാനം ലഭിച്ച വാര്‍ത്ത.  തീവ്രവാദം അതിന്റെ ഉച്ചാവസ്ഥയിലായിരുന്ന 1989–94 കാലത്തേക്കാളും സ്ഥിതി വഷളായി. സൈന്യം നടത്തുന്ന പെല്ലറ്റ് തോക്കുകളുടെ ഉപയോഗംകാരണം ഒക്ടോബര്‍ പകുതിവരെ 300 പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ജൂലൈ എട്ടിന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം മാത്രം താഴ്വരയില്‍ 100 പേര്‍ കൊല്ലപ്പെട്ടു. വിചാരണപോലുംകൂടാതെ 500പേരെ ജയിലിലടച്ചു. 1978ലെ പൊതുസുരക്ഷാ നിയമം അനുസരിച്ചാണിത്. ഈനിയമം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകവെയാണ് ഇത്രയുംപേരെ ജയിലിലടച്ചത്്. 25 കുട്ടികള്‍ ഉള്‍പ്പെടെ ഇതിനകം 7000 പേരെ താഴ്വരയില്‍ അറസ്റ്റ് ചെയ്തു. ഇതില്‍ 2500 പേര്‍ക്കെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. കശ്മീരിലെ ഈ സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിന് ശമനം കാണാന്‍ ഒരു നടപടിയും കേന്ദ്ര–സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല. കശ്മീരിലെ ഈ സ്ഥിതിവിശേഷമാണ് ഇന്ത്യ–പാക് ബന്ധങ്ങളിലെ അകല്‍ച്ചയ്ക്ക് പ്രധാനകാരണം. അതുകൊണ്ടുതന്നെ കശ്മീരിലെ സ്ഥിതിഗതി സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇനിയെങ്കിലും കേന്ദ്രം മുന്‍കൈ എടുക്കണം. 

കശ്മീരില്‍ മാത്രമല്ല അതിര്‍ത്തിഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതവും ദിവസംകഴിയുന്തോറും ദുസ്സഹമാകുകയാണ്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ കനത്ത ഷെല്‍വര്‍ഷവും വെടിവയ്പുമാണ് നടക്കുന്നത്. മുന്‍കാലങ്ങളില്‍ രണ്ടിഞ്ച് മോര്‍ട്ടാറുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പാക്സേന 81 എംഎം മുതല്‍ 120 എംഎം വരെയുള്ള ഷെല്ലുകളാണ് ഉപയോഗിക്കുന്നത്. ഈ ഷെല്‍വര്‍ഷത്തില്‍ സൈനികരും സിവിലിയന്മാരും മാത്രമല്ല കൊല്ലപ്പെടുന്നത്.  നൂറുകണക്കിന് കന്നുകാലികളും ചത്തൊടുങ്ങുന്നു. ഇതുമൂലം വന്‍ നാശനഷ്ടമാണ് അതിര്‍ത്തിഗ്രാമീണര്‍ക്ക് ഉണ്ടാകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിലായിരിക്കുന്നു. കൃഷിയും വീടും കന്നുകാലികളെയും അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവരുന്നു. സര്‍ക്കാര്‍ തീര്‍ത്ത പഴകിയ ബങ്കറുകളില്‍ മണിക്കൂറുകളോളം കഴിയേണ്ടിവരുന്ന ഇവരുടെ ജീവിതം ഭീതിയുടെ നിഴലിലാണ്. സ്വന്തം വീടിനകത്ത് ബങ്കറുകള്‍ ഉള്ളവര്‍ വളരെ വിരളമാണ്. അതുകൊണ്ടുതന്നെ ഇഴജന്തുക്കളും പാമ്പും മറ്റുമുള്ള പൊതു ബങ്കറുകളെ ആശ്രയിക്കാതെ തരമില്ലതാനും. ഇവിടെ കഴിയാന്‍ സാധിക്കാത്തവര്‍ക്ക് ഗ്രാമങ്ങളില്‍ നിന്ന് പലായനംചെയ്യുക മാത്രമാണ് മാര്‍ഗം. ഔദ്യോഗിക കണക്കനുസരിച്ച് ഇതിനകം 25 ഗ്രാമങ്ങളില്‍നിന്നായി 12000 കുടുംബങ്ങള്‍ പലായനംചെയ്തിട്ടുണ്ട്. ഇവരുടെ പുനരധിവാസവും സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിര്‍ത്തിയിലെ സംഘര്‍ഷം തകര്‍ത്തെറിയുന്ന ജീവിതങ്ങള്‍ അനവധിയാണ്. അതുകൊണ്ടുതന്നെ ഇതിന് പരിഹാരംകാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും പുലരാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top