30 November Thursday

കോവിഡ് നിയന്ത്രണങ്ങള്‍ പുതുക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 16, 2020കോവിഡ് മഹാമാരിയുമായുള്ള പോരാട്ടം ലോകം  തുടരുകയാണ്. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന 21 ദിവസത്തെ ആദ്യഘട്ട ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിച്ചു. എങ്കിലും ഏപ്രില്‍ 20 വരെ അതേവിലക്കുകള്‍ തുടരാന്‍ തീരുമാനിച്ചിരുന്നു. മെയ് മൂന്നുവരെ ബാധകമാകുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ നിയന്ത്രണ ഉത്തരവുകള്‍ ക്രോഡീകരിച്ചും പുതിയ ചില ഇളവുകള്‍ പ്രഖ്യാപിച്ചുമാണ് ഈ ഉത്തരവ്. ഈ ഉത്തരവിനുള്ളില്‍നിന്ന് സംസ്ഥാനത്ത് എന്തൊക്കെ ചെയ്യാനാകും എന്നത് സംസ്ഥാന മന്ത്രിസഭായോഗം വ്യാഴാഴ്ച തീരുമാനിക്കും.

നിലവില്‍ സമ്പദ്‌വ്യവസ്ഥ നിശ്ചലമാണ്. കൃഷിയില്ല. വ്യാവസായിക ഉല്‍പ്പാദനം പൂജ്യത്തില്‍. മറ്റ് മേഖലകളും സ്തംഭനത്തില്‍. ഇങ്ങനെ എത്രകാലം എന്നത് ഇന്ത്യ മാത്രമല്ല, ലോകരാജ്യങ്ങള്‍ ആകെ നേരിടുന്ന ചോദ്യമാണ്. ഓരോ രാജ്യവും അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചും രോഗബാധയുടെ കാഠിന്യം പരിഗണിച്ചും തനതായ നീക്കങ്ങള്‍ നടത്തുന്നു.

ഇങ്ങനെ എല്ലാം അടച്ചുപൂട്ടി അധികകാലം പറ്റില്ല എന്നത് എല്ലാ രാജ്യങ്ങള്‍ക്കും ബോധ്യമായിക്കഴിഞ്ഞു. നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ. എന്നാല്‍, ഈ നിയന്ത്രണങ്ങളോട് പൊരുത്തപ്പെടുത്തി നാടിന്റെ സാമ്പത്തികജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന ശ്രമമാണ് നടക്കുന്നത്. ആദ്യം കോവിഡിന്റെ പിടിയിലമര്‍ന്ന ചൈന ഈ വഴിക്ക്‌ നീങ്ങിത്തുടങ്ങി. അവിടെ രോഗബാധ അവസാനിച്ചിട്ടില്ല. സമൂഹവ്യാപനം തടയാനായി. ഈ ഘട്ടത്തില്‍ എങ്ങനെ ഉൽപ്പാദനമേഖലയെ ചലിപ്പിക്കാം  എന്നാണ് അവര്‍ നോക്കുന്നത്. ഇപ്പോള്‍ വ്യാവസായികോല്‍പ്പാദനം  കോവിഡിന് മുമ്പുണ്ടായിരുന്നതിന്റെ പകുതിയോളം എത്തിക്കാന്‍ അവര്‍ക്കായി എന്ന് ലോകമാധ്യമങ്ങള്‍ പറയുന്നു. വ്യവസായശാലകള്‍ ഇതിനായി അവര്‍ പുനഃസംഘടിപ്പിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളും പുതുക്കുന്നു. ഒപ്പം പ്രായമായവരെയും രോഗബാധ ഏല്‍ക്കാന്‍ സാധ്യതയുള്ളവരെയും വീട്ടിലാക്കി മറ്റുള്ളവര്‍ക്ക് ഒരു പരിധിവരെ ഇളവുകള്‍ നല്‍കി റിവേഴ്സ് ക്വാറന്റൈന്‍ നടപ്പാക്കുന്നു. വീട്ടില്‍ കുടുങ്ങിയവര്‍ക്കും വരുമാനമില്ലാത്തവര്‍ക്കും സഹായങ്ങള്‍ എത്തിക്കുന്നു.

ഇതൊന്നും അതേപടി മറ്റ് രാജ്യങ്ങളില്‍ പകര്‍ത്താനാകില്ല. എങ്കിലും ഈ വഴിക്കൊക്കെ എങ്ങനെ നീങ്ങാനാകും എന്ന് നമ്മളും ചിന്തിക്കേണ്ടിവരും. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ കാര്‍ഷികമേഖലയെ ഉണര്‍ത്താനുള്ള ചില നീക്കങ്ങളുണ്ട്. കൂട്ടത്തില്‍ തൊഴിലുറപ്പുപദ്ധതി വഴി ജോലികള്‍ നടത്താം എന്നും പറയുന്നു. ഇക്കാര്യം കേരളം മുമ്പുതന്നെ  കണ്ടിരുന്നു. അഞ്ചുപേര്‍ വീതമുള്ള പണിക്കൂട്ടങ്ങളായി തിരിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികളെ ജോലിക്ക്‌ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

റോഡ്‌, പാലം, ജലസേചന പദ്ധതികള്‍, കെട്ടിട നിര്‍മാണം എന്നിവയെ  വിലക്കില്‍നിന്നൊഴിവാക്കിയത് നിര്‍മാണമേഖലയിലും ചലനമുണ്ടാക്കാന്‍ സഹായിക്കും. അപ്പോഴും നിര്‍മാണ സാമഗ്രികളുടെ വില്‍പ്പന സാധ്യമാകുമോ എന്ന് വ്യക്തമല്ല. കമ്പിയും സിമെന്റും  വില്‍ക്കുന്ന കടകള്‍ പൂട്ടിക്കിടക്കുമ്പോള്‍ കെട്ടിടം പണി എങ്ങനെ സാധ്യമാകും എന്ന പ്രശ്നം പരിശോധിക്കപ്പെടണം.


 

ഹോട്ടലുകള്‍, ഹോം സ്റ്റേ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് വലിയ മാറ്റം ഉണ്ടാക്കാന്‍ ഇടയില്ല. ഗതാഗതം പാടേ സ്തംഭിച്ച അവസ്ഥയില്‍ ഇവിടെയൊന്നും താമസക്കാരെ പ്രതീക്ഷിക്കാന്‍ വയ്യല്ലോ. ഇപ്പോള്‍ കാര്‍ഷികമേഖലയില്‍ നടപ്പാക്കിയതുപോലുള്ള നടപടികള്‍ വ്യവസായമേഖലയില്‍ക്കൂടി എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തെയാകെ  ഒരു മഹാമാരി  കീഴടക്കാന്‍ ഒരുങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ ആസൂത്രണം നടത്തേണ്ടത്. കടുത്ത വൈജാത്യങ്ങള്‍ സംസ്ഥാനം തോറും നിലവിലുള്ളപ്പോള്‍ തീരുമാനങ്ങളില്‍ കുറേക്കൂടി സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടിവരും. ഇപ്പോഴത്തെ പുതിയ മാർഗനിര്‍ദേശങ്ങളുടെ കാര്യത്തിലും അതുണ്ടാകും എന്ന് പ്രതീക്ഷിക്കാം.

ഇപ്പോള്‍ കോവിഡ് പ്രതിരോധകാര്യങ്ങളില്‍ത്തന്നെ കേരളം വേറിട്ടുനില്‍ക്കുന്നു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ രോഗപ്രതിരോധത്തില്‍ മുന്നിലാണ്. അപ്പോള്‍ കേന്ദ്ര നിബന്ധനകള്‍ക്കുള്ളില്‍നിന്നുതന്നെ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി കിട്ടണം. അതുണ്ടാകും എന്ന് പ്രതീക്ഷിക്കാം. അതുപോലെതന്നെ പ്രധാനമാണ് സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി ഭദ്രമാക്കാനുള്ള നടപടികള്‍. ഇക്കാര്യത്തില്‍ അടിയന്തരമായി വേണ്ട കാര്യങ്ങള്‍പോലും ചെയ്യാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കേരളം സംസ്ഥാനം അടച്ചുപൂട്ടുക മാത്രമല്ല ചെയ്തത്. വരുമാനമില്ലാതായവര്‍ക്ക് കൈയില്‍ പണമെത്തിക്കാനും നടപടികള്‍ എടുക്കുന്നു. കടുത്ത സാമ്പത്തികപരാധീനതയുടെ നടുവില്‍നിന്നാണ് ഇതൊക്കെ ചെയ്യുന്നത്. ഉദാരമായി കേന്ദ്രസഹായം കൂടിയേതീരൂ. അക്കാര്യത്തിലും നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. എങ്കില്‍മാത്രമേ ഇപ്പോള്‍ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളും ഇളവുകളും മനുഷ്യോന്മുഖമായി നടപ്പാക്കാന്‍ കഴിയൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top