19 April Friday

അറുതിയില്ലാതെ കൂട്ടപ്പലായനം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020



ഇന്ത്യയുടെ ചരിത്രത്തിലെ അതീവ സങ്കടകരമായ കൂട്ടപ്പലായനം രണ്ടുമാസമായിട്ടും അവസാനമില്ലാതെ തുടരുകയാണ്‌. രാജ്യവ്യാപക ലോക്‌ഡൗൺ കാരണം മഹാനഗരങ്ങളിൽ ഒറ്റപ്പെട്ടുപോയ അതിഥിത്തൊഴിലാളികൾ പട്ടിണി സഹിക്കാനാകാതെ ജന്മനാട്ടിൽ തിരിച്ചെത്താൻ പരക്കംപായുന്ന കാഴ്‌ചയാണെങ്ങും. നൂറുകണക്കിനു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ സ്വന്തം കൂരയിലെത്താമെന്ന പ്രതീക്ഷയുമായി കൈയിൽ കിട്ടിയതുമെടുത്ത്‌ പലായനം ചെയ്യുകയാണ്‌ അവർ. ലക്ഷ്യസ്ഥാനത്ത്‌ എത്തുമെന്നോ ജീവിച്ചിരിക്കുമെന്നോ ഉറപ്പില്ലാത്ത, എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ ദുരന്തയാത്രയ്‌ക്കാണ്‌ രാജ്യം സാക്ഷ്യംവഹിക്കുന്നത്‌‌. ഒരു ഭരണകൂടം നിസ്വരായ സ്വന്തം പൗരന്മാരോട്‌ കാണിക്കുന്ന അവഗണനയുടെയും അവജ്ഞയുടെയും ഇരകളാണ്‌ ഈ ദരിദ്രനാരായണന്മാർ. വിഭജനകാലത്തെ അനുസ്‌മരിപ്പിക്കുന്ന കൂട്ടപ്പലായനം അവസാനിപ്പിക്കാൻ ചെറുവിരലനക്കാതെ കണ്ണടച്ചിരിപ്പാണ്‌ രാജ്യം ഭരിക്കുന്നവർ.

കോവിഡ്‌ രോഗബാധ പ്രതിരോധിക്കുന്നതിന്‌ മാർച്ച്‌ 24ന്‌ രാജ്യത്ത്‌ സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതാണ്‌ ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത മനുഷ്യരുടെ മരണപ്പാച്ചിൽ. കുഞ്ഞുങ്ങളെ ഒക്കത്തെടുത്തും പ്രായമുള്ളവരെ താങ്ങിപ്പിടിച്ചും അകലെയെങ്ങോ ഉള്ള ഗ്രാമങ്ങളിലേക്ക്‌ കാൽനടയായി പുറപ്പെട്ട മനുഷ്യരിൽ എത്രയോ പേർ വഴിയിൽ മരിച്ചുവീണു. പലരുടെയും മടക്കയാത്ര വാഹനാപകടങ്ങളിൽപെട്ട്‌ ചതഞ്ഞരഞ്ഞ്‌ അവസാനിച്ചു. ഒരിറ്റ്‌ വെള്ളംകിട്ടാതെ തൊണ്ടവരണ്ടും വിശന്നലഞ്ഞും  ചൂടുപിടിച്ച്‌ പാദങ്ങൾ വിണ്ടുകീറിയും പലരും റോഡിൽ വീണുപോയി. റെയിൽപാളങ്ങളിൽ തളർന്നുറങ്ങിയ മനുഷ്യർ ട്രെയിൻ കയറി മരിച്ചു. മഹാനഗരങ്ങളിൽനിന്ന്‌ വിദൂര ഗ്രാമങ്ങളിലേക്ക്‌ നീളുന്ന അവസാനമില്ലാത്ത ഈ ഒഴിഞ്ഞുപോക്ക്‌ കണ്ടില്ലെന്ന്‌ നടിക്കാനായിരുന്നു ഭരണകർത്താക്കൾക്ക്‌ താൽപ്പര്യം. അന്നന്നത്തെ അന്നത്തിനായി പൊരിവെയിലിൽ പണിയെടുക്കുന്ന ഇവരെ മനുഷ്യരായി കാണാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. പട്ടിണിയും ദുരിതവും കാരണം പ്രതിഷേധിച്ച തൊഴിലാളികളെ മർദിച്ചൊതുക്കാനാണ്‌ സർക്കാരുകൾ ശ്രമിച്ചത്‌.


 

കോവിഡിനെ പ്രതിരോധിക്കാൻ മിക്ക രാജ്യങ്ങളും ലോക്‌ഡൗൺ നടപ്പാക്കിയിരുന്നു. എന്നാൽ, ഇന്ത്യയിലെപ്പോലെ മനുഷ്യരുടെ കൂട്ടപ്പലായനം എവിടെയും ഉണ്ടായില്ല. സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചാൽ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ മുൻകൂട്ടി കാണാൻ മോഡി സർക്കാരിന്‌ കഴിയാതിരുന്നതാണ്‌‌ സ്ഥിതി വഷളാക്കിയത്‌. ജനങ്ങൾക്ക്‌ തയ്യാറെടുപ്പിന്‌ സമയം നൽകിയാണ്‌ മിക്ക രാജ്യങ്ങളിലും ലോക്‌ഡൗൺ നടപ്പാക്കിയത്‌. ഇന്ത്യയിലാകട്ടെ  മുന്നറിയിപ്പില്ലാതെ മാർച്ച്‌ 24ന്‌ സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചു‌. ഇതുമൂലം ആയിരക്കണക്കിനു മനുഷ്യർ പലയിടങ്ങളിലായി കുടുങ്ങിപ്പോയി. തൊഴിലില്ലാതായ ലക്ഷക്കണക്കിനാളുകൾ ഭക്ഷണത്തിന്‌ വകയില്ലാത്ത അവസ്ഥയിലേക്ക്‌ എടുത്തെറിയപ്പെട്ടു. ജനങ്ങൾക്ക്‌ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറാൻ സമയം നൽകാതെ പൊടുന്നനെ ലോക്‌ഡൗൺ പ്രഖ്യാപിച്ചതാണ്‌ ദുരിതങ്ങൾക്ക് ഇടയാക്കിയത്‌. പ്രത്യാഘാതങ്ങൾ മുൻകൂട്ടി കാണാതെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നതിലാണല്ലോ മോഡി സർക്കാരിന്‌ താൽപ്പര്യം. കറൻസി നോട്ടുകൾ നിരോധിച്ച്‌ ഒരു രാത്രികൊണ്ട്‌ ജനങ്ങളെ ദുരിതത്തിലാക്കിയ അതേ ആലോചനാശൂന്യതയാണ്‌ ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോഴും കണ്ടത്‌.

വരുമാനം നിലയ്‌ക്കുന്നതോടെ അതിഥിത്തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഇത്‌ കൂട്ടപ്പലായനത്തിന്‌ വഴിവയ്‌ക്കുമെന്നും ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ്‌ നൽകിയിരുന്നു. എന്നാൽ, ലക്ഷക്കണക്കിനാളുകൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലുമാണെന്ന്‌ വ്യക്തമായിട്ടും അവരോട്‌ കരുണ കാണിക്കാൻ കേന്ദ്ര സർക്കാരിന്‌ സന്മനസ്സുണ്ടായില്ല. തൊഴിലാളികൾക്ക്‌ ഗ്രാമങ്ങളിലേക്ക്‌ മടങ്ങാൻ ട്രെയിനുകളും മറ്റ്‌ വാഹനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സാങ്കേതികത്വം പറഞ്ഞ്‌ വീഴ്‌ചകൾ ന്യായീകരിക്കാനാണ്‌ സർക്കാർ ശ്രമിച്ചത്‌. വൈകിയാണെങ്കിലും ട്രെയിൻ സർവീസ്‌ തുടങ്ങിയപ്പോൾ ആവശ്യത്തിന്‌ വണ്ടികൾ ഓടിക്കാനും തയ്യാറാകുന്നില്ല. രാജ്യത്തെ 12 കോടിയെങ്കിലും വരുന്ന അതിഥിത്തൊഴിലാളികളിൽ രണ്ട്‌ ശതമാനത്തിനുമാത്രമാണ്‌ നാട്ടിലേക്ക്‌ തിരിച്ചുപോകാൻ ട്രെയിൻ കിട്ടിയത്‌. ഇതിന്‌ തൊഴിലാളികളിൽനിന്ന്‌ പണം ഈടാക്കുകയും ചെയ്യുന്നു. അതിഥിത്തൊഴിലാളികളെ തിരിഞ്ഞുനോക്കാൻപോലും മിക്ക സംസ്ഥാന സർക്കാരുകളും തയ്യാറാകുന്നുമില്ല. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ അതിഥിത്തൊഴിലാളികൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലുമാണ്.


 

മോഡി സർക്കാരിനും അവരെ നിയന്ത്രിക്കുന്ന സംഘപരിവാറിനും രാജ്യത്തെ സാമൂഹ്യ യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ ഇനിയും കഴിഞ്ഞിട്ടില്ല. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും പ്രശ്‌നങ്ങൾ അവർക്ക് വിഷയമേയല്ല. വർഗീയതയുടെയും വെറുപ്പിന്റെയും വിത്ത്‌ വിതയ്‌ക്കുന്നവർക്ക്‌ മനുഷ്യരുടെ പ്രശ്‌നങ്ങളിൽ താൽപ്പര്യമില്ലല്ലോ. മഹാനഗരങ്ങളുടെ പിന്നാമ്പുറങ്ങളിൽ പുഴുക്കളെപ്പോലെ വന്നടിയുന്ന മനുഷ്യരെ പണിയെടുത്ത്‌ മണ്ണടിയേണ്ടവരായിമാത്രമാണ്‌ കേന്ദ്ര സർക്കാർ കാണുന്നത്‌. ജീവിച്ചിരിക്കാനായി രാജ്യമാകെ നെട്ടോട്ടമോടുന്ന പാവപ്പെട്ടവരുടെ ദുരിതങ്ങൾക്ക്‌ എന്നാണ്‌ അറുതിയാവുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top