01 June Thursday

അടച്ചുപൂട്ടിയിട്ടും രാജ്യം ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 8, 2020


സമ്പൂർണ അടച്ചുപൂട്ടൽ ഏഴാമത്തെ ആഴ്‌ചയിലേക്ക്‌ കടന്നിട്ടും രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം ആശങ്കാജനകമായി വർധിക്കുകയാണ്‌. രോഗബാധിതർ 53000 കവിഞ്ഞു. മരണത്തിന്‌ കീഴടങ്ങിയവർ രണ്ടായിരത്തോടടുക്കുന്നു. ദിവസവും ആയിരക്കണക്കിനാളുകളാണ്‌ രോഗത്തിന്റെ പിടിയിലാകുന്നത്‌. രോഗവ്യാപനത്തിന്റെ വേഗം അൽപ്പം കുറയ്‌ക്കാൻ കഴിഞ്ഞെങ്കിലും കോവിഡ്‌ ഭീഷണി അതിജീവിക്കാൻ അടച്ചുപൂട്ടൽകൊണ്ട്‌ സാധിച്ചിട്ടില്ലെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ഡൽഹി, തമിഴ്‌നാട്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം രോഗം അതിവേഗം വ്യാപിക്കുകയാണ്‌. മഹാരാഷ്‌ട്രയിലെയും ഗുജറാത്തിലെയും സ്ഥിതി അതീവ സങ്കീർണമാണെന്ന്‌ കേന്ദ്ര സർക്കാർതന്നെ പറയുന്നു. മഹാരാഷ്‌ട്രയിൽ രോഗബാധിതർ 17000 കവിഞ്ഞു. അറുനൂറ്റമ്പതിലധികം പേർ മരണമടഞ്ഞു. ഗുജറാത്തിൽ ഏഴായിരത്തോളം പേർ രോഗബാധിതരാണ്‌. അവിടെ നാനൂറോളം പേർ മരിച്ചു. മഹാനഗരങ്ങളായ മുംബൈയും ഡൽഹിയും കോവിഡിനുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്നു.

അടച്ചുപൂട്ടൽ കോവിഡ്‌ തടയാനുള്ള ഒറ്റമൂലിയല്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌ ഇന്ത്യയിൽ അക്ഷരംപ്രതി ശരിയാകുകയാണ്‌. രോഗബാധിതരെ കണ്ടെത്താൻ പരമാവധി പരിശോധനകൾ നടത്തുക,  രോഗബാധിതരുടെ സഞ്ചാരപഥം തിരഞ്ഞ്‌ അവരുമായി അടുത്തുപെരുമാറിയവരെ കണ്ടെത്തി വേറിട്ട്‌ താമസിപ്പിച്ച്‌ നിരീക്ഷിക്കുക, രോഗം ബാധിച്ചവർക്ക്‌ ശരിയായ പരിചരണം നൽകി ജീവൻ രക്ഷിക്കുക... ഇങ്ങനെ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിച്ചാലേ ഈ മഹാമാരിയുടെ ഭീഷണിയിൽനിന്ന്‌ നാടിനെ രക്ഷിക്കാൻ സാധിക്കൂ. എന്നാൽ, രോഗസാധ്യത കണ്ടറിഞ്ഞ്‌ പ്രതിരോധപദ്ധതി തയ്യാറാക്കാനോ സംസ്ഥാനങ്ങൾക്ക്‌ കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനോ കേന്ദ്ര സർക്കാരിന്‌ സാധിച്ചില്ല.


 

രാജ്യത്തിനാകെ ബാധകമായ കോവിഡ്‌ പ്രതിരോധ–-ചികിൽസാ പദ്ധതി തയ്യാറാക്കാൻ തുടക്കത്തിൽത്തന്നെ കേന്ദ്രം തയ്യാറാകണമായിരുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവർക്ക്‌ കഴിഞ്ഞില്ല. സംസ്ഥാനങ്ങളാകട്ടെ സ്വന്തം നിലയിൽ പ്രതിരോധ നടപടികളുമായി മുന്നോട്ടുപോയി. ഇതുപോലും കുറ്റമറ്റ രീതിയിൽ നടപ്പാക്കാനുള്ള സംവിധാനം ഉണ്ടായില്ല. ബിജെപി ഭരിക്കുന്ന ഗുജറാത്ത്‌, യുപി, മധ്യപ്രദേശ്‌, ബിഹാർ എന്നിവിടങ്ങളിലും കോൺഗ്രസിന്‌ ഭരണമുള്ള മഹാരാഷ്‌ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലും കാര്യങ്ങൾ ഒരിക്കലും സർക്കാരിന്‌ നിയന്ത്രിക്കാനായില്ല. തമിഴ്‌നാട്ടിലും ബംഗാളിലും ഫലപ്രദമായ നടപടികളേ ഇല്ലായിരുന്നു. ഒട്ടും കാര്യക്ഷമതയും സുതാര്യതയുമില്ലാതെയാണ്‌ മിക്ക സംസ്ഥാനങ്ങളും കോവിഡ്‌ പ്രതിരോധം സംഘടിപ്പിച്ചത്‌. ഇതിനെല്ലാം ദൃക്‌സാക്ഷികളായി നിസ്സംഗതയോടെ കേന്ദ്ര സർക്കാരും നിലയുറപ്പിച്ചതോടെ രാജ്യത്ത്‌ കോവിഡിനെതിരായ പോരാട്ടം ലോക്ക്‌ഡൗൺ എന്ന ഒറ്റ പരിപാടിയിലേക്ക്‌ മിക്കവാറും ചുരുങ്ങി. അതിനിടയ്‌ക്ക്‌ പാട്ടകൊട്ടലും ദീപം തെളിക്കലും പുഷ്‌പവൃഷ്‌ടി നടത്തലുമെല്ലാമായി വീണിടം വിദ്യയാക്കാനും മോഡി സർക്കാർ മടിച്ചില്ല.

ശാസ്‌ത്രീയവീക്ഷണത്തിൽ അധിഷ്‌ഠിതമായ വ്യക്തമായ നടപടികൾവഴി മാത്രമേ കോവിഡ്‌പോലുള്ള മഹാമാരികളെ തടയാൻ സാധിക്കൂ. ഇച്ഛാശക്തിയും ശാസ്‌ത്രീയ കാഴ്‌പ്പാടുമുള്ള ഭരണനേതൃത്വവും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന അർപ്പണബോധവും സേവനസന്നദ്ധതയുമുള്ള ആരോഗ്യപ്രവർത്തകരും മറ്റ്‌ ഉദ്യോഗസ്ഥരും ഇതിനാവശ്യമാണ്‌. ഒപ്പം സാമൂഹ്യബോധമുള്ള ജനങ്ങളും.


 

ഇവിടെയാണ്‌ കേരളം വ്യത്യസ്‌തമാകുന്നത്‌. അധികാര വികേന്ദ്രീകരണത്തിലൂടെ ശാക്തീകരിക്കപ്പെട്ട ത്രിതല പഞ്ചായത്ത്‌ സംവിധാനവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്‌ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിങ്ങനെ കുറ്റമറ്റ പൊതുജനാരോഗ്യ സംവിധാനവുമാണ്‌ കേരളത്തിലെ കോവിഡ്‌ പ്രതിരോധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായക പങ്കുവഹിച്ചത്‌. ഇവയ്‌ക്കൊപ്പം പൊലീസും അഗ്നിശമനസേനയും റവന്യൂ വകുപ്പും എല്ലാം അണിനിരന്നതോടെ കേരളമാതൃക യാഥാർഥ്യമായി. കോവിഡ്‌ പ്രതിരോധത്തിൽ കേരളം മാതൃകയാണെന്ന്‌ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ)തന്നെ പറഞ്ഞുകഴിഞ്ഞു.

രാജ്യത്തെ മഹാദുരന്തത്തിൽനിന്ന്‌ രക്ഷിക്കുന്നതിനുവേണ്ടിയാണ്‌ ജീവിതംതന്നെ പ്രതിസന്ധിയിലാക്കിയ അടച്ചുപൂട്ടലിന്റെ കടുത്ത സമ്മർദം ജനങ്ങൾ സഹിച്ചത്‌. ജനങ്ങളെ ദുരിതത്തിലാക്കി അടച്ചുപൂട്ടലുമായി മുന്നോട്ടുപോകാനാകില്ലെന്ന്‌ കേന്ദ്രത്തിന്‌ ബോധ്യമായിട്ടുണ്ട്‌. അതേസമയം, അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതോടെ രാജ്യം കോവിഡ്‌ ഭീതിയുടെ അടുത്ത ഘട്ടത്തിലേക്ക്‌ കടന്നേക്കും. രോഗപരിശോധന നടത്താതെ ജനങ്ങൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക്‌ ഇതിനകം മടങ്ങിത്തുടങ്ങിയിട്ടുണ്ട്‌. ഇവരിൽ രോഗബാധിതരുണ്ടെങ്കിൽ രാജ്യം കൂടുതൽ ഭീഷണിയിലേക്കാകും നീങ്ങുക. അടച്ചുപൂട്ടലിൽ ഇളവ്‌ വരുത്തുന്നതോടെ ഉയരുന്ന രോഗഭീതിയും ആശങ്കയും മറികടക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ അറിയാൻ കാത്തിരിക്കുകയാണ്‌ രാജ്യം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top