19 April Friday

സംഘർഷരഹിതമാകണം അതിർത്തികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020


രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച്‌ കോവിഡ്‌ മഹാമാരി ലോകമെങ്ങും പടർന്നുപിടിക്കുന്ന കാലമാണിത്‌. നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളുമായി കൈകോർത്ത്‌ പ്രതിരോധനടപടികൾ സ്വീകരിക്കേണ്ട സമയമാണിത്‌. പ്രത്യേകിച്ചും അയൽരാജ്യങ്ങളുമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോൺഫറൻസ്‌ വഴി സാർക്ക്‌ രാജ്യങ്ങളുമായി ചർച്ച നടത്തിയത്‌ നല്ല നീക്കമായിരുന്നു. എന്നാൽ, അതിനുശേഷം നാം കാണുന്നത്‌ അയൽരാജ്യങ്ങളുമായിപ്പോലും  ബന്ധം വഷളാകുന്ന കാഴ്‌ചയാണ്‌.

പാകിസ്ഥാനുമായുള്ള നിയന്ത്രണരേഖയിൽ ഇപ്പോഴും ഏറ്റുമുട്ടലുകൾ തുടരുകയാണ്‌. 2016ലെ സർജിക്കൽ സ്‌ട്രൈക്കിനുശേഷം സ്ഥിതി മെച്ചപ്പെടുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ അവകാശവാദമെങ്കിലും നുഴഞ്ഞുകയറ്റത്തിനും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിനും ഒരു കുറവും വന്നിട്ടില്ലെന്ന്‌ നിത്യേനയെന്നോണം പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ഒരാഴ്‌ചയ്‌ക്കിടെ പൂഞ്ച്‌, രജൗരി, കുൽഗാം ജില്ലകളിലായി റിപ്പോർട്ട്‌ ചെയ്‌ത സംഭവങ്ങൾതന്നെ ഉദാഹരണം.


 

നിയന്ത്രണരേഖ മാത്രമല്ല ചൈനയുമായുള്ള യഥാർഥനിയന്ത്രണരേഖയിലും അസ്വസ്ഥത നിലനിൽക്കുകയാണിപ്പോൾ. കിഴക്കൻ ലഡാക്കിലെ പാങ്ഗോങ്ട്‌സോവിലും ഗൽവാൻ താഴ്‌വരയിലും സിക്കിമിലെ നാക്കുലയിലുമാണ്‌ ഇരു സൈന്യവും നേർക്കുനേർ വന്നത്‌. യഥാർഥനിയന്ത്രണരേഖയിൽ പരസ്‌പരവിശ്വാസം ഊട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി മോഡിയും ചൈനയുടെ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും വുഹാനിലും മാമല്ലപുരത്തും ഉച്ചകോടി സംഭാഷണം നടത്തിയതിനുശേഷവും എന്തുകൊണ്ടാണ്‌ ഇരുസൈന്യവും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്‌ എന്നതിനെക്കുറിച്ച്‌ ഒരു വിശദീകരണവും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല.  ഹിമാലയൻ മലനിരകളിൽ മഞ്ഞുരുക്കത്തിന്റെ വേളയിൽ ഇത്തരം സംഘർഷങ്ങൾ പതിവാണെന്ന്‌ വിശദീകരിക്കുമ്പോഴും പ്രതിരോധമന്ത്രി സൂചിപ്പിച്ച ‘വലിയതോതി’ലുള്ള ചൈനയുടെ സൈനികനീക്കം എന്തുകൊണ്ട്‌ മുൻകൂട്ടി കാണാനായില്ലെന്ന ചോദ്യം ഉയരുന്നുണ്ട്‌. അക്‌സായി ചിൻ തിരിച്ചുപിടിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി പാർലമെന്റിൽ നടത്തിയ പരാമർശവും ജമ്മു -കശ്‌മീർ, ലഡാക്ക്‌ മേഖലയുടെ ഭൂപടത്തിൽ മാറ്റം വരുത്തിയ സംഭവവും ഉഭയകക്ഷിബന്ധത്തിൽ വിള്ളൽ വരുത്താൻ കാരണമായി എന്ന വിശകലനങ്ങൾ ശക്തമായി ഉയർന്നുവരുന്നുമുണ്ട്‌. നയതന്ത്രതലത്തിലും സൈനികതലത്തിലും നടത്തിയ ചർച്ചയുടെ ഫലമായി താൽക്കാലിക സമാധാനം യഥാർഥ നിയന്ത്രണരേഖയിൽ കൈവരിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ സാധാരണ നിലയിലാകണമെങ്കിൽ നീണ്ട ചർച്ചകൾതന്നെ വേണ്ടിവരുമെന്നാണ്‌ ഇരുരാഷ്ട്രവും നൽകുന്ന സൂചന.

ഏറ്റവും അവസാനമായി ഇന്ത്യയുടെ അടുത്ത സുഹൃത്തായ നേപ്പാളുമായുള്ള ബന്ധവും വഷളായിരിക്കുകയാണിപ്പോൾ. കൈലാസ്‌ മാനസരോവറിലേക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ ലിപുലേഖ്‌ ചുരംവഴിയുള്ള പാത മെയ്‌ എട്ടിന്‌ വീഡിയോ കോൺഫറൻസ്‌ വഴി തുറന്നുനൽകിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് പ്രഖ്യാപിച്ചതോടെയാണ്‌ ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്‌. ലിപുലേഖ്‌ ചുരംവഴി അതിർത്തിവ്യാപാരം നടത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ ഒപ്പിട്ട 2015ൽത്തന്നെ നേപ്പാൾ പരസ്യമായ പ്രതിഷേധവുമായി രംഗത്ത്‌ വന്നിരുന്നു. നയതന്ത്ര ചർച്ചകളിലുടെ തർക്കത്തിന്‌ പരിഹാരം കാണണമെന്ന്‌  ആവർത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ അതിന്‌ തയ്യാറായില്ലെന്നായിരുന്നു നേപ്പാളിന്റെ ആക്ഷേപം. വിദേശസെക്രട്ടറിതല ചർച്ചയ്‌ക്ക്‌ രണ്ടുതവണ തീയതി നിശ്‌ചയിച്ചെങ്കിലും അവസാനഘട്ടത്തിൽ ഇന്ത്യ പിന്മാറുകയായിരുന്നുവെന്നും നേപ്പാൾ ആരോപിക്കുന്നു. നേപ്പാൾ വിദേശമന്ത്രി കഴിഞ്ഞദിവസംപോലും പറഞ്ഞത്‌ സംഭാഷണത്തിന്‌ ഒരുക്കമാണെന്നാണ്‌. ചൈനയുമായി ചർച്ചയാകാമെങ്കിൽ എന്തുകൊണ്ട്‌ നേപ്പാളുമായി ആയിക്കൂടാ എന്ന ചോദ്യവും നേപ്പാൾ ഉയർത്തുകയുണ്ടായി. ഇതുവരെയും ഇന്ത്യയുടെ ഭാഗത്തുനിന്ന്‌ ഉഭയകക്ഷി ചർച്ചയ്‌ക്കുള്ള സൂചനകളൊന്നും ലഭ്യമായിട്ടില്ല.


 

ഉത്തരാഖണ്ഡിന്റെ ഭാഗമായ ലിപുലേഖും കാലാപാനിയും ലിമ്പിയാധുരയും നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി പാർലമെന്റിന്റെ അധോസഭ അംഗീകരിച്ചത്‌ ചർച്ചയ്‌ക്ക്‌ തടസ്സമാകുമോ എന്ന സംശയം ഉണർത്തിയിട്ടുണ്ട്‌. നേപ്പാളിലെ പ്രധാന രാഷ്ട്രീയകക്ഷികളെല്ലാംതന്നെ പുതിയ ഭൂപടത്തെ അംഗീകരിക്കുന്ന സ്ഥിതിക്ക്‌ ഉപരിസഭയിലും ഈ ഭേദഗതി പാസാകും. പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചാൽ നേപ്പാളിന്‌ പുതിയ ഭൂപടമാകും. എന്നാൽ ഈ ഭൂപടത്തെ അംഗീകരിക്കാൻ ഇന്ത്യക്ക്‌ കഴിയില്ല.
ഇതിനിടെ നേപ്പാൾ അതിർത്തിയിൽ സംഘർഷം വർധിക്കുകയാണ്‌. ബിഹാറിലെ സീതാമഡിയിലെ ജാനകി നഗറിൽ നേപ്പാൾ സായുധസേനയുടെ വെടിയേറ്റ്‌ ഒരു ഇന്ത്യൻ യുവാവ്‌ കഴിഞ്ഞദിവസം ‌ കൊല്ലപ്പെട്ടു. രണ്ട്‌ മാസത്തിനിടയ്‌ക്ക്‌ ഇത്തരം സംഘർഷങ്ങൾ എട്ടിടത്താണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ഇതെല്ലാം നൽകുന്ന സൂചന ഇന്ത്യ–-നേപ്പാൾ ബന്ധം കൂടുതൽ സങ്കീർണമാകുന്നുവെന്നാണ്‌. ഇതൊരിക്കലും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക്‌ ഗുണകരമാകില്ല. അതിനാൽ കാഠ്‌മണ്ഡുവുമായുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്തണമെന്ന്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top