02 October Monday

വ്യവസായ വാണിജ്യ ബന്ധം ഉലയരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 24, 2020അതിർത്തിയിൽ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇന്ത്യ–-ചൈന സാമ്പത്തിക ബന്ധവും ദൃഢമായി തുടരേണ്ടതുണ്ട്. നിയന്ത്രണരേഖയിൽ ശാശ്വത സമാധാനമെന്ന ലക്ഷ്യത്തെ മുൻനിർത്തി നയതന്ത്രതലത്തിൽ തുടരുന്ന ചർച്ചകളിൽ സാമ്പത്തികബന്ധത്തിലും ഊന്നൽ വേണം. ഏഷ്യയിലെ കരുത്തുറ്റ രണ്ടു രാജ്യങ്ങളായ  ഇന്ത്യയുടെയും ചൈനയുടെയും മെച്ചപ്പെട്ട സാമ്പത്തിക ഉണർവിന് അത് അനിവാര്യമാണ്. 

കോവിഡിന്റെ  സാമ്പത്തിക പ്രത്യാഘാതം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ സാമ്പത്തിക രംഗത്തെ ഓരോ നടപടിയും കരുതലോടെയാകണം.  ഇരുരാജ്യങ്ങളുടെയും വീണ്ടെടുപ്പിനെ ദോഷകരമായി ബാധിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് വ്യവസായ, വാണിജ്യ മേഖലകളിൽനിന്ന്‌ ആവശ്യമുയരുന്നുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പോലുള്ള സംഘടനകൾതന്നെ ഇത്തരത്തിലുള്ള ചില  നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രത്യാഘാതങ്ങൾ ഗുരുതരമാക്കുന്ന തരത്തിൽ തിടുക്കത്തിൽ ഒരു നടപടിയും പാടില്ല.

അതിർത്തിയിലുണ്ടായ സംഘർഷത്തെത്തുടർന്ന് ചൈനീസ് ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും ബഹിഷ്കരണം, ഇറക്കുമതി നിരോധനം, ചൈനയുടെ മുതൽമുടക്കിന് നിയന്ത്രണം തുടങ്ങി വിവിധ വിഷയങ്ങൾ രാജ്യത്ത് ചർച്ച ചെയ്യപ്പെടുന്നുണ്ട്. കേന്ദ്ര ഗവൺമെന്റ്‌തന്നെ ചില നടപടികളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അത് സ്വാഭാവികവുമാണ്. എന്നാൽ, വിവിധ മേഖലകളിലെ ഉൽപ്പാദനത്തെയും വിതരണശൃംഖലയെയും കുഴപ്പത്തിലാക്കുന്ന തിരക്കിട്ട നടപടികളുണ്ടാകുമോ എന്നാണ് പല മേഖലകളുടെയും ആശങ്ക. സ്വാശ്രയത്വം ദീർഘകാലാടിസ്ഥാനത്തിൽ സ്വാഗതാർഹമെങ്കിലും പെട്ടെന്ന് നടപ്പാക്കാൻ വലിയ പ്രയാസമാണ്. ഇന്ത്യയിൽ വാഹനനിർമാണം, ഔഷധ നിർമാണം, സൂക്ഷ്‌മ, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ എന്നിവയെല്ലാം ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവയാണ്. പലതിന്റെയും സ്പെയർ പാർട്ടുകളും ഉൽപ്പാദനഘടകങ്ങളും ചൈനയിൽനിന്ന് കൊണ്ടുവരുന്നതാണ്. ഇന്ത്യയിലുണ്ടാക്കുന്ന ഒട്ടേറെ  ഉൽപ്പന്നങ്ങളുടെ നിർമാണം പൂർത്തിയാകണമെങ്കിൽ ചൈനയിൽനിന്നുള്ള പല സാധനങ്ങളും കിട്ടണം. രാജ്യത്തെ കായിക ഉപകരണങ്ങളുടെപോലും അമ്പതുശതമാനം ഇറക്കുമതി ചൈനയിൽനിന്നാണ്. ഇന്ത്യയുടെ ഉപഭോഗ മേഖലയിൽ എവിടെയും അവരുടെ സാന്നിധ്യമുണ്ട്.

ഉൽപ്പന്നങ്ങളുടെ ഇറക്കുമതി മൊത്തമായി നിരോധിച്ചാൽ കടുത്ത പ്രതിസന്ധിയിലാകുക ചെറുകിട വ്യവസായമേഖലയും ഔഷധനിർമാണവുമാണ്. ഔഷധനിർമാണത്തിൽ അസംസ്കൃതവസ്തുക്കളുടെ 70 ശതമാനവും എത്തുന്നത് ചൈനയിൽനിന്നാണ്. ഇവയുടെ ഇറക്കുമതി നിരോധിക്കുകയോ തീരുവ വർധിപ്പിച്ച് നിയന്ത്രിക്കുകയോ ചെയ്താൽ ഔഷധവില വലിയ തോതിൽ വർധിക്കും. കോവിഡ് മഹാമാരി ചെറുകിട വ്യവസായമേഖലയെ പാടേ തകർത്തുകഴിഞ്ഞു. കേന്ദ്ര ഗവൺമെന്റ്‌ പ്രഖ്യാപിച്ച മൂന്നുലക്ഷം കോടി രൂപയുടെ വായ്പാ പാക്കേജ് പലർക്കും പ്രയോജനം ചെയ്തില്ല. വ്യവസ്ഥകളാണ് പ്രശ്നം. വായ്പ എങ്ങനെ കൊടുക്കാതിരിക്കാം എന്നാണ് വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്.  ഇതിനിടെയാണ് ഉൽപ്പാദനച്ചെലവിലെ വർധന. ഉൽപ്പാദനച്ചെലവ്  40 ശതമാനമെങ്കിലും കൂടുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇനി ഇറക്കുമതി നിരോധനംകൂടിയുണ്ടായാൽ കരകയറാൻ ഒരു വഴിയുമില്ലാതാകും.


 

സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, പുനരുപയോഗ ഉപകരണങ്ങൾ, യന്ത്രസാമഗ്രികൾ, വളം, വാഹന നിർമാണത്തിനാവശ്യമായ സ്പെയർ പാർട്ടുകൾ, ഉരുക്കുൽപ്പന്നങ്ങൾ, ടെലികോം ഉപകരണങ്ങൾ, ഔഷധനിർമാണത്തിനുള്ള ഘടകങ്ങൾ, രാസവസ്തുക്കൾ, എൻജിനിയറിങ് ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് എന്നിവയാണ് ചൈന കയറ്റി അയക്കുന്നത്. ഇതിൽ പലതും ഇന്ത്യയിലേക്കും എത്തുന്നുണ്ട്. ഏതാണ്ട് 7.5 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഇന്ത്യയും ചൈനയും തമ്മിൽ നടക്കുന്നത്. ചൈനയിലേക്ക് ഇന്ത്യയുടെ കയറ്റുമതി 1.79 ലക്ഷം കോടി രൂപയുടേതും അവിടെനിന്ന് ഇറക്കുമതി 5.50 ലക്ഷം കോടി രൂപയുടേതുമാണ്. ഇറക്കുമതി നിയന്ത്രിക്കുന്നത് നമ്മുടെ വ്യാപാരകമ്മി കുറയ്ക്കുമെന്നത് തർക്കമറ്റ കാര്യംതന്നെ. എന്നാൽ, അത് ഇവിടത്തെ ഉൽപ്പാദനത്തെ ബാധിക്കുന്ന തരത്തിലാകാൻ പാടില്ല. നമ്മുടെ ഉൽപ്പന്ന നിർമാണമേഖല അസംസ്കൃത വസ്തുക്കൾക്കും മറ്റുമായി നല്ലതോതിൽ ചൈനയെ ആശ്രയിക്കുന്നുണ്ട്.

മറ്റൊരു പ്രശ്നം ചൈനയുടെ മുതൽമുടക്കാണ്. ചൈനീസ് കമ്പനികൾ ഇന്ത്യയിലെ വിവിധ കമ്പനികളിൽ മുതൽമുടക്കിയിട്ടുണ്ട്.  ഓഹരിവിപണിയിലും അവരുടെ നിക്ഷേപമുണ്ട്. ഇന്ത്യയിലെ വിവിധ സ്റ്റാർട്ടപ്പുകളിലും ചൈനയുടെ മുതൽമുടക്കുണ്ട്. 2019-–-20 കാലയളവിൽ ഇന്ത്യയിൽ ചൈനയുടെ നേരിട്ടുള്ള മുതൽമുടക്ക് 400 കോടിയിലധികം ഡോളറാണ്. ചൈനയുടെ മുതൽമുടക്ക് വേണ്ടെന്നുവച്ചാൽ ഇതിനെയൊക്കെ ബാധിക്കുമെന്നതാണ് ചർച്ച ചെയ്യേണ്ടത്. ഇതുസംബന്ധിച്ച വിവിധ നടപടികൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ചൈനീസ് കമ്പനിയുമായുള്ള വലിയൊരു കരാർ റെയിൽവേ കഴിഞ്ഞയാഴ്ച റദ്ദാക്കി.

രാജ്യത്ത് കോവിഡ് മഹാമാരി അനുദിനം പെരുകുകയാണ്. ഇതിനിടയിലും പതുക്കെ സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് എവിടെയും ശ്രമം. ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ വിതരണശൃംഖലയെയും ഉൽപ്പാദനമേഖലകളെയും ബാധിക്കാത്ത തരത്തിലായിരിക്കണം ഏതു നടപടിയും. മറിച്ചായാൽ പ്രത്യാഘാതം ഗുരുതരമാകും. വ്യവസായ, -വാണിജ്യമേഖലകളിൽ ഉയരുന്ന ആശങ്കയും അതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top