29 March Friday

മതവിവേചനത്തിനുള്ള ജനസംഖ്യാപട്ടിക വേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020



പുരാതനകാലംമുതൽ  എല്ലാ രാജ്യങ്ങളിലും ജനസംഖ്യ തിട്ടപ്പെടുത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. ബിസി മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തി അശോകന്റെ കാലത്തും ഗുപ്തഭരണകാലത്തും ഇന്ത്യയിൽ  ജനസംഖ്യാ കണക്കെടുപ്പ്‌ നടന്നിട്ടുണ്ട് . മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 10 കോടി ജനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കി.

ഇന്ത്യയിൽ ശാസ്‌ത്രീയ ജനസംഖ്യാ കണക്കെടുപ്പിന്‌ 140 വർഷത്തെ ചരിത്രമുണ്ട്‌. ബ്രിട്ടീഷ് ഭരണകാലത്ത്‌ 1865 നും 1872 നും ഇടയിൽ  ഘട്ടംഘട്ടമായി പല പ്രദേശങ്ങളിലും കാനേഷുമാരി നടന്നു.  1881ൽ ആയിരുന്നു രാജ്യത്തെ ആദ്യ സുസംഘടിത സെൻസസ്‌. പിന്നീട്‌ എല്ലാ പത്തുവർഷത്തിലും കൃത്യമായി സെൻസസ്‌ പ്രവർത്തനം നടന്നുവരുന്നു. ഈവർഷം ആരംഭിക്കുന്ന  ദശവത്സര കാനേഷുമാരിയും ഇതിന്റെ തുടർച്ചമാത്രമാണ്‌. ആദ്യകാലത്ത് ജനസംഖ്യയ്‌ക്കൊപ്പം ജാതി, മതം തുടങ്ങിയ വിവരങ്ങൾകൂടി ശേഖരിച്ചിരുന്നു. പിന്നീട് ആയുർദൈർഘ്യം, ശിശുമരണം, മാതൃമരണം, സാക്ഷരത, ജനസാന്ദ്രത, സ്ത്രീ-പുരുഷ അനുപാതം തുടങ്ങിയ വിവരങ്ങളും  ഉൾപ്പെടുത്തി. സ്വതന്ത്ര ഭാരതത്തിലെ ആദ്യ കാനേഷുമാരി 1951ൽ നടന്നപ്പോൾ  സാമ്പത്തിക വികസനത്തിന്‌ സഹായകമായ വിവരങ്ങൾകൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. ഐക്യരാഷ്ട്രസഭ  സ്ഥിതിവിവര വിഭാഗത്തിന്റെ ശുപാർശകൾ പാലിച്ചാണ് 1961ൽ കാനേഷുമാരി നടന്നത്. ഈ അർഥത്തിൽ ചരിത്രപരവും അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്ക്‌ അനുഗുണവുമായ പ്രക്രിയയാണ്‌ ഇന്ത്യൻ ജനസംഖ്യാ കണക്കെടുപ്പ്‌.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഭയാർഥിപ്രശ്‌നത്തിന്റെ മറവിൽ തുടക്കമിട്ട പൗരത്വപട്ടിക രാജ്യത്തെമ്പാടും അടിച്ചേൽപ്പിക്കാനുള്ള കരുനീക്കങ്ങളാണ്‌ ബിജെപി സർക്കാർ നടത്തുന്നത്‌

രാജ്യപുരോഗതിക്കാവശ്യമായ പദ്ധതി ആസൂത്രണം, അതിൽ വിവിധ ജനവിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കും  അർഹമായ വിഹിതം  ഉറപ്പാക്കൽ, ഭരണനിർവഹണത്തിന്റെ വ്യത്യസ്‌ത തലങ്ങളിൽ ജനസംഖ്യാനുപാതികമായ ക്രമീകരണങ്ങൾ,  ഇതിനൊക്കെ ആവശ്യമായ സ്ഥിതിവിവരങ്ങളാണ്‌  സെൻസസിലൂടെ ലഭ്യമാക്കുന്നത്‌. ഇന്ത്യയുടെ ബഹുസ്വരത  ഊട്ടിയുറപ്പിക്കുന്ന, ഞങ്ങൾ ഇന്ത്യക്കാർ എന്ന്‌ ഒരോരുത്തരും സ്വയം അഭിമാനിച്ചിരുന്ന ഈ പ്രക്രിയയെയാണ്‌ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും  വിത്തെറിഞ്ഞ്‌ മലീമസമാക്കിയത്‌. ഇക്കാലമത്രയും സുഗമമായി നടന്ന സെൻസസിനകത്ത്‌ ഹിന്ദുത്വ അജൻഡ ഒളിച്ചുകടത്താൻ മോഡി സർക്കാർ നടത്തിയ ഗൂഢനീക്കമാണ്‌ രാജ്യത്ത്‌ അശാന്തി സൃഷ്ടിച്ചത്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഭയാർഥിപ്രശ്‌നത്തിന്റെ മറവിൽ തുടക്കമിട്ട പൗരത്വപട്ടിക രാജ്യത്തെമ്പാടും അടിച്ചേൽപ്പിക്കാനുള്ള കരുനീക്കങ്ങളാണ്‌ ബിജെപി സർക്കാർ നടത്തുന്നത്‌.

മുൻതലമുറകളുടെ രേഖ ചോദിക്കുകയും ഹാജരാക്കാത്തവരെ സംശയപ്പട്ടികയിൽ പെടുത്തുകയുമാണ്‌ ആദ്യഘട്ടം. മതത്തെ അടിസ്ഥാനമാക്കി ചിലർക്ക്‌ പൗരത്വം അനുവദിക്കുന്നതാണ്‌ രണ്ടാംഘട്ടം. പൗരത്വം ഇല്ലാത്ത പുതിയൊരു വിഭാഗം രൂപപ്പെടുമെന്നർഥം. തലമുറകളായി ഇവിടെ ജനിച്ചു ജീവിക്കുന്നവർ ഇത്തരത്തിൽ അന്യവൽക്കരിക്കപ്പെടുന്നതോടെ ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ ജീവിതം തികച്ചും അരക്ഷിതവും അടിമ സമാനവുമാകുമെന്നതിൽ സംശയമില്ല. ഹിന്ദുരാഷ്‌ട്രമായി ഇന്ത്യയെ മാറ്റാനുള്ള അരങ്ങൊരുക്കമാണ്‌ നടക്കുന്നതെന്ന്‌ വ്യക്തം.

മതാടിസ്ഥാനത്തിൽ വേർതിരിച്ച്‌ പരിഗണിക്കുന്നതിനുള്ള ഭേദഗതിയാണ്‌ കേന്ദ്ര സർക്കാർ പൗരത്വനിയമത്തിൽ കൊണ്ടുവന്നിരിക്കുന്നത്‌.  ഈ സാഹചര്യത്തിലാണ്‌ അത്തരമൊരു പട്ടിക സംസ്ഥാനത്ത്‌ തയ്യാറാക്കില്ലെന്ന ധീരമായ തീരുമാനം പിണറായി സർക്കാർ പ്രഖ്യാപിച്ചത്‌

ഈ അപകടം മുൻകൂട്ടിക്കണ്ടാണ്‌ പൗരത്വ ഭേദഗതി നിയമത്തെ  തുറന്നെതിർക്കുന്നതിനൊപ്പംതന്നെ ദേശീയ ജനസംഖ്യാ രജിസ്‌റ്ററുമായി  സഹകരിക്കില്ലെന്ന്‌ കേരള സർക്കാർ പ്രഖ്യാപിച്ചത്‌. സെൻസസിന്റെ ഭാഗമായി ജനസംഖ്യാ രജിസ്‌റ്റർ തയ്യാറാക്കിയാൽ, പൗരത്വരേഖകൾ ഹാജരാക്കാത്തവർ എന്ന ഒരു വിഭാഗം പട്ടികയിൽ  ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌. ഇവരെ പിന്നീട്‌ മതാടിസ്ഥാനത്തിൽ വേർതിരിച്ച്‌ പരിഗണിക്കുന്നതിനുള്ള ഭേദഗതിയാണ്‌ കേന്ദ്ര സർക്കാർ പൗരത്വനിയമത്തിൽ കൊണ്ടുവന്നിരിക്കുന്നത്‌.  ഈ സാഹചര്യത്തിലാണ്‌ അത്തരമൊരു പട്ടിക സംസ്ഥാനത്ത്‌ തയ്യാറാക്കില്ലെന്ന ധീരമായ തീരുമാനം പിണറായി സർക്കാർ പ്രഖ്യാപിച്ചത്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഫയൽചെയ്‌ത ഹർജിയും ചരിത്രപ്രാധാന്യമുള്ളതാണ്‌.

ന്യുനപക്ഷങ്ങളെ പൊതുവിലും മുസ്ലിങ്ങളെ പ്രത്യേകിച്ചും ഭീതിയിലാക്കിയ കേന്ദ്രനടപടിക്കെതിരെ സിപിഐ എമ്മും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരും  തുടക്കംമുതൽ പ്രക്ഷോഭരംഗത്താണ്‌. സിപിഐ എം നേതൃത്വം സ്വീകരിച്ച നിലപാടിന്‌ പിന്നിൽ പ്രതിപക്ഷത്തിന്‌ പുറമെ ചില എൻഡിഎ കക്ഷികളും  അണിനിരക്കാൻ തയ്യാറായി. തിരുവനന്തപുരത്ത്‌ ചേർന്ന പാർടി കേന്ദ്രകമ്മിറ്റിയോഗം യോജിച്ച സമരം മുന്നോട്ടുകൊണ്ടുപോകാൻ മുൻകൈ എടുക്കുമെന്ന്‌ പ്രഖ്യാപിച്ചു. കേരളത്തിൽ ജനസംഖ്യാ രജിസ്‌റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാതിരിക്കാൻ വീടുകൾ കയറി ജനങ്ങളെ  ബോധവൽക്കരിക്കാനും പാർടി തീരുമാനിച്ചു.

ഇക്കാര്യത്തിൽ സുചിന്തിതമായ തീരുമാനം തിങ്കളാഴ്‌ച സംസ്ഥാന മന്ത്രിസഭായോഗം കൈക്കൊണ്ടതോടെ ജനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടായിട്ടുണ്ട്‌.ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ്‌ സെൻസസ് കമീഷണറെ അറിയിക്കാനാണ്‌  തീരുമാനം. എന്നാൽ, മുൻകാലത്തെപ്പോലെ സെൻസസുമായി സർക്കാർ പൂർണമായും സഹകരിക്കും. കേരളം കാണിച്ച  ഉജ്വലമായ മാതൃക പിന്തുടരാൻ  പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന മുഴുവൻ പാർടികളും പങ്കാളിത്തമുള്ള സർക്കാരുകളും തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top