09 December Saturday

ഇന്ത്യ ക്യാനഡ സൗഹൃദം തുടരണം

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023


ശക്തിപ്പെട്ടിരുന്ന ഇന്ത്യ ക്യാനഡ ബന്ധത്തിൽ ഒരിക്കൽക്കൂടി വിള്ളൽവീഴ്‌ത്തി ഖലിസ്ഥാൻ വാദികൾ. മുമ്പും തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും ശത്രുരാജ്യങ്ങളെപ്പോലെ നയതന്ത്രജ്ഞരെ പുറത്താക്കുന്നത്‌ ആദ്യമാണ്‌. ജി -20 ഉച്ചകോടി ചരിത്രസംഭവമാക്കി ലോകത്തിനു മുന്നിൽ ഇന്ത്യ വിജയിച്ചിരിക്കുന്നുവെന്ന പ്രതീതി മോദി സർക്കാർ സൃഷ്ടിക്കുന്നതിനിടയിലാണ്‌ കൂട്ടായ്‌മയിലെ  രണ്ട്‌ പ്രധാന രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം മോശമായത്‌. ക്യാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും വർധിക്കുന്നതായും  ഇത്‌ നിയന്ത്രിക്കണമെന്നും  ഉന്നതതലത്തിൽ ഇന്ത്യ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ്‌ നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാർ ജൂൺ 18ന്‌ വാൻകൂവറിനടുത്ത്‌ കൊല്ലപ്പെട്ടതാണ്‌ ബന്ധം വഷളാക്കിയത്‌. നിജ്ജാറിനെ കൊന്നത്‌ ഇന്ത്യൻ ഏജൻസികളാണെന്ന്‌ ​ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്‌ച പാർലമെന്റിൽ ആരോപിച്ചതാണ്‌ പ്രശ്‌നം രൂക്ഷമാക്കിയത്‌. അമേരിക്ക,  ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌ എന്നീ സഖ്യരാജ്യങ്ങളുമായി ചർച്ച നടത്തിയാണ്‌ ട്രൂഡോയുടെ ഇന്ത്യക്കെതിരെയുള്ള ആരോപണമെന്നതും ശ്രദ്ധേയമാണ്‌.  ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ ചർച്ചകളിൽനിന്നും  പിന്മാറിയതിനു പിന്നാലെയാണ് നയതന്ത്ര ഏറ്റുമുട്ടൽ. ക്യാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന്‌ നിർദേശിച്ചതോടൊപ്പം ക്യാനഡയിലെ വിസാ സേവനങ്ങളും ഇന്ത്യ നിർത്തിവച്ചു.

പഞ്ചാബ്‌ കഴിഞ്ഞാൽ സിഖുകാർ കൂടുതലുള്ളത്‌ ക്യാനഡ, യുകെ, യുഎസ്‌, ഓസ്‌ട്രേലിയ എന്നി വികസിത രാജ്യങ്ങളിലാണ്‌.  സിഖ്‌ തീവ്രവാദ ചിന്താഗതിക്ക്‌ കൂടുതൽ പിന്തുണ ലഭിക്കുന്നതും ഇവിടങ്ങളിലാണ്‌. ഈ രാജ്യങ്ങൾ ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങളെ ഗൗരവത്തോടെ പ്രതിരോധിക്കാറില്ല. നാലിടത്തും ഇന്ത്യൻ നയതന്ത്രസ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. ഖലിസ്ഥാൻ അടക്കമുള്ള ഇന്ത്യാവിരുദ്ധ ശക്തികളെ ക്യാനഡ തടയുന്നില്ലെന്ന്‌ ജി 20 ഉച്ചകോടിക്ക്‌ എത്തിയ ജസ്റ്റിൻ ട്രൂഡോയെ മോദി ധരിപ്പിച്ചിരുന്നു. എന്നാൽ, ട്രൂഡോ വ്യക്തമായ മറുപടി നൽകിയില്ല. മോദിയുമായി ഔദ്യോഗിക ഉഭയകക്ഷി ചർച്ച നടത്തി സംയുക്ത പ്രസ്‌താവന ഇറക്കാനും തയ്യാറായില്ല. എന്നാൽ, ക്യാനഡ കൂടി അംഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ (അഞ്ച്‌ കണ്ണുകൾ) യുഎസ്‌, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌ എന്നീ രാജ്യങ്ങളുമായി ചേർന്ന്‌ നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട്‌  സംയുക്തപ്രസ്‌താവനയ്‌ക്ക്‌ ട്രൂഡോ ശ്രമിച്ചിരുന്നു. തുടർന്നാണ്‌ സംഭവത്തിൽ യുഎസും ഓസ്‌ട്രേലിയയും യുകെയും കടുത്ത ആശങ്ക രേഖപ്പെടുത്തിയത്‌. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടത്‌ അനിവാര്യമാണെന്നും ഇന്ത്യ ക്യാനഡയുമായി സഹകരിക്കണമെന്നുമാണ്‌ അമേരിക്ക ആവശ്യപ്പെട്ടത്‌.

ലോകസമാധാനത്തിനായി നിലകൊണ്ട ഇന്ത്യക്കെതിരെ ആദ്യമായാണ്‌ അന്താരാഷ്ട്രതലത്തിൽ കൊലപാതക ആരോപണം ഉയരുന്നത്‌. ‘ജനാധിപത്യത്തിന്റെ മാതാവ്‌’എന്ന്‌ ലോകവേദികളിൽ മോദി വിശേഷിപ്പിക്കുന്ന ഇന്ത്യക്ക്‌ ഇപ്പോൾ കൊലയാളിയുടെ മുഖമാണ്‌ അവർ ചാർത്തിയിരിക്കുന്നത്‌. ഇന്ത്യയിൽ ജനങ്ങളെ പരസ്‌പരം ഭിന്നിപ്പിച്ച്‌, കലാപത്തിലേക്ക്‌ നയിക്കുന്ന ഭരണനേതൃത്വത്തിന്റെ കാഴ്‌ചപ്പാട്‌ ക്യാനഡയിലേക്കും വ്യാപിപ്പിച്ചുവെന്ന പ്രചാരണവും ഉയർന്നു. ജി 20നു ശേഷം മോദി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച പ്രതിച്ഛായ ഉണ്ടായില്ലെന്ന്‌ മാത്രമല്ല, ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ  പ്രതിച്ഛായ മോശമാകുകയാണ്‌. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കുതന്നെ ഭീഷണിയായിരുന്ന ഖലിസ്ഥാൻ തീവ്രവാദം ഇന്ത്യയെ വലിയതോതിൽ മുറിവേൽപ്പിച്ചതാണ്‌. മൂന്നു പതിറ്റാണ്ടായി രാജ്യത്ത്‌ ഇത്‌ കെട്ടടങ്ങിയെങ്കിലും  ചില വിദേശ രാജ്യങ്ങളിൽ ഇതിന്റെ അലയൊലിയുണ്ട്‌. ബിജെപി അധികാരമേറിയശേഷമാണ്‌  ഖലിസ്ഥാൻ തീവ്രവാദവും സിഖുകാർക്ക്‌ പ്രത്യേക രാജ്യമെന്ന വാദവും വീണ്ടും ഉയർന്നത്‌. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ ആർഎസ്‌എസ്‌ ശ്രമിക്കുമ്പോൾ തങ്ങൾക്ക്‌ എന്തുകൊണ്ട്‌ പ്രത്യേക രാഷ്ട്രത്തിനായി ഖലിസ്ഥാൻ വാദം ഉയർത്തിക്കൂടാ എന്ന ചോദ്യമാണ്‌ സിഖ്‌ തീവ്രവാദസംഘടനകൾ ഉയർത്തുന്നത്‌.

ജി 7 സാമ്പത്തിക കൂട്ടായ്‌മയിലെ പ്രധാന രാജ്യമായ ക്യാനഡ, ഇന്ത്യയുടെ സാമ്പത്തിക–- വാണിജ്യ പങ്കാളിത്തത്തിൽ മുന്നിൽനിൽക്കുന്നു. ക്യാനഡയുടെ 10–-ാമത്തെ വലിയ വ്യാപാരപങ്കാളിയാണ്‌ ഇന്ത്യ. 2022–--23ൽ  ഉഭയകക്ഷി വ്യാപാരം 816 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞവർഷം ഇന്ത്യയിൽ നിക്ഷേപം നടത്തിയ (4500 കോടി ഡോളർ) നാലാമത്തെ രാജ്യമാണ്‌ ക്യാനഡ. നയതന്ത്രബന്ധം വഷളാകുന്നത്‌ ഇന്ത്യയുമായുള്ള വ്യാപാര–- നിക്ഷേപ കരാറുകളെയും വിദ്യാർഥികളും ജോലിക്കാരുമായ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന്‌ ഇന്ത്യൻ കുടിയേറ്റക്കാരെയും പ്രതികൂലമായി ബാധിക്കും. അതിനിടെ ഹിന്ദുക്കൾ ക്യാനഡ വിടണമെന്ന്‌ ഖലിസ്ഥാൻ അനുകൂലികളുടെ  ഭീഷണി പ്രവാസികളെ കടുത്ത ആശങ്കയിലാക്കി. കൂടുതൽ ഏറ്റുമുട്ടലിലേക്ക്‌ പോകാതെ ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാൻ മോദി സർക്കാർ മുന്നോട്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top