06 June Tuesday

ധനമൂലധനത്തിന്റെ ചൂതാട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 10, 2021


ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ ഓഹരി വിപണികളിൽ സൂചിക കുതിക്കുകയാണ്.  ബോംബെ ഓഹരി വിപണിയിലെ മുഖ്യസൂചിക സെൻസെക്സ് കഴിഞ്ഞ ദിവസം 51,000 പോയിന്റ് കടന്നപ്പോൾ കോർപറേറ്റ് മേഖലയും കേന്ദ്ര ഗവൺമെന്റും ആർത്തുവിളിച്ചു ‘സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിൽ.’  ഈ വീണ്ടെടുപ്പ് വാദത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ? വസ്തുതയില്ലെന്ന് മാത്രമല്ല, ഓഹരി വിപണിയിലെ ഉയർച്ച താഴ്ചകൾക്ക് സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യവുമായി ഒരു ബന്ധവുമില്ലെന്നും അറിയണം. 

ഓഹരി വിപണികളിൽ പ്രതിഫലിക്കുന്നത്  ഊഹക്കച്ചവടത്തെയും ലാഭത്തെയും  ലക്ഷ്യമിട്ടെത്തുന്ന ധനമൂലധനത്തിന്റെ ചൂതാട്ടമാണ്. ഓഹരി - പണക്കമ്പോളങ്ങളിൽനിന്ന് ലാഭം കൊയ്യാൻ താൽക്കാലിക  നിക്ഷേപവുമായി വരുന്ന വിദേശ  നിക്ഷേപകരാണ് ഈ ചൂതാട്ടത്തിന് മുന്നിൽ നിൽക്കുന്നത്. ഒറ്റരാത്രികൊണ്ട്‌ പിൻവലിച്ചു കൊണ്ടുപോകാൻ കഴിയുന്ന വിദേശനിക്ഷേപം. അവർ കമ്പനികളുടെ ഓഹരികൾ കൂട്ടത്തോടെ വാങ്ങിക്കൂട്ടുമ്പോൾ വില കൂടും. സൂചിക കുതിക്കും. ഓഹരികൾ കൂട്ടത്തോടെ വിറ്റഴിക്കുമ്പോൾ വൻ തകർച്ചയും  സംഭവിക്കും. ഇന്ത്യൻ ഓഹരി വിപണിയിൽ ഇത് എത്രയോ വട്ടം കണ്ടിരിക്കുന്നു.  ഓഹരി വിപണിയിൽ കാണുന്നത് സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രമല്ലെന്ന് ചുരുക്കം. 2019 മേയ് മുതൽ 2020 ജനുവരി വരെയുള്ള കാലയളവിൽ ഇത്തരം വിദേശനിക്ഷേപം 470 കോടി ഡോളറായിരുന്നെങ്കിൽ 2020 മേയ് മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ അത് 2840 കോടി ഡോളറായി വർധിച്ചു. ഈ വിദേശ നിക്ഷേപത്തിന്റെ പേരിലാണ് രാജ്യത്തിന്റെ വിദേശ നാണയശേഖരം വർധിച്ചുവെന്ന് സർക്കാർ പെരുമ്പറ കൊട്ടുന്നതും.


 

ഓഹരി സൂചികയിലെ മുന്നേറ്റം മറ്റു ചില കാര്യങ്ങൾകൂടി വ്യക്തമാക്കുന്നുണ്ട്. അതിലൊന്ന് സ്വദേശ -വിദേശ കോർപറേറ്റുകളെ എല്ലാ തരത്തിലും സഹായിക്കുന്ന സർക്കാരിന്റെ ധനികവർഗ സാമ്പത്തികനയം. ബാങ്കുകളിൽനിന്ന് പ്രവഹിക്കുന്ന വൻകിട വായ്പകൾ ഉൽപ്പാദന മേഖലയിലേക്കല്ല എത്തുന്നതെന്ന വസ്തുതയാണ് മറ്റൊന്ന്. കോർപറേറ്റ് മേഖലയ്‌ക്ക് എണ്ണമറ്റ ഇളവുകൾ  നൽകുന്ന മോഡി ഭരണം സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന ഇക്കാലത്തുപോലും ധനികരെ തൊടുന്നില്ല. വാസ്തവത്തിൽ, ലോക്ഡൗൺകാലത്തും മഹാമാരിക്കാലത്തും ഇന്ത്യൻ കോർപറേറ്റുകളുടെ സ്വത്ത് കുത്തനെ കുമിഞ്ഞുകൂടി.  കോവിഡും  മുന്നറിയിപ്പില്ലാത്ത ലോക്ഡൗണും ജനജീവിതം തകർത്തെറിഞ്ഞ കാലയളവിൽ ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ സ്വത്തിൽ 12,97,822 കോടി രൂപയുടെ വർധനയുണ്ടായി. 2020 മാർച്ചിനുശേഷം മാത്രമുള്ള വർധനയാണിതെന്ന് ഓക്സ് ഫാം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മുകേഷ് അംബാനി ഒരു മണിക്കൂറിൽ ഉണ്ടാക്കുന്ന പണമുണ്ടാക്കാൻ അസംഘടിത മേഖലയിലെ തൊഴിലാളിക്ക് 10000 വർഷം വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ അംബാനിമാരെയും അദാനിമാരെയുമാണ് മോഡിയും നിർമല സീതാരാമനും സഹായിക്കുന്നത്.

കോൺഗ്രസിനേക്കാൾ ശക്തിയായി നവലിബറൽ സാമ്പത്തിക നയം നടപ്പാക്കുന്ന ബിജെപി ഭരണത്തിൽ  കോർപറേറ്റുകൾക്ക് നൽകുന്ന ഇളവുകൾക്ക് കൈയും കണക്കുമില്ല. മഹാമാരിക്ക് മുന്നേ ഇന്ത്യയിൽ വൻ സാമ്പത്തിക മാന്ദ്യം ആരംഭിച്ചിരുന്നല്ലോ. ഈ മാന്ദ്യത്തിന്റെ പേരിൽ കോർപറേറ്റ് നികുതി 34.61 ശതമാനത്തിൽനിന്ന് (സർചാർജും സെസും ഒഴിവാക്കിയാൽ 30 ശതമാനം) 22 ശതമാനമായി കുറച്ചു. പുതിയ കോർപറേറ്റ് കമ്പനികളുടെ നികുതി 15 ശതമാനമായും കുറച്ചു. ഈ ഇളവുകൾ വഴി 1.45 ലക്ഷം കോടി രൂപയാണ് നികുതി വരുമാനത്തിൽ സർക്കാരിന് നഷ്ടമായത്.  ഇങ്ങനെയൊക്കെ ചെയ്തിട്ടും സ്വകാര്യമേഖലയിൽ മുതൽമുടക്കൊന്നും വർധിച്ചിട്ടില്ല.

ഇപ്പോൾ, വരുമാനത്തിന്റെ കാര്യത്തിൽ വലിയ പ്രതിസന്ധിയുണ്ടായിട്ടും കോർപറേറ്റ് നികുതി  നയാ പൈസപോലും സർക്കാർ കൂട്ടിയില്ല. അതിന് പകരം പൊതുമേഖലാ ഓഹരിയും ആസ്തിയും വിറ്റ് പണം കണ്ടെത്താൻ ശ്രമിക്കുന്നു. കോർപറേറ്റ് നികുതി വരുമാനം  2018–--19ൽ മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ 3.5 ശതമാനമായിരുന്നത് ഇപ്പോൾ 2.2 ശതമാനമായി കുറഞ്ഞതും ഇതോടൊപ്പം കാണണം. ഇതേസമയം, പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കുന്ന പരോക്ഷ നികുതി വർധിപ്പിക്കാൻ സർക്കാരിന് ഒരു മടിയുമില്ല.  2020-–-21 ൽ മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ 5.1 ഗതമാനമാണ് പരോക്ഷ നികുതി. ഈ ബജറ്റോടെ അത് ഇനിയും കൂടും.  ഇത്തരത്തിൽ, എല്ലാ മേഖലയിലും വിദേശ- സ്വദേശ മുതലാളിമാരുടെ ലാഭാർത്തിയെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ പ്രതിഫലനമാണ് ഓഹരി വിപണിയിൽ കാണുന്നത്. ധനമൂലധനത്തിന് എളുപ്പത്തിൽ ലാഭം കൊയ്യണം. ആ ചൂതാട്ടമാണ് വിപണിയിൽ ദൃശ്യമാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top