തെരഞ്ഞെടുപ്പ് ജയിക്കാനും അധികാരം നിലനിർത്താനും ബിജെപി എന്തുംചെയ്യുമെന്ന് ഗുജറാത്ത് വംശഹത്യയും ബാബ്‌റി പള്ളി പൊളിച്ചതുമൊക്കെ നമ്മെ പഠിപ്പിച്ചതാണ്. ഇപ്പോഴിതാ 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തിന്റെ പേരുപോലും വിവാദമാക്കുകയാണ്. ഭരണഘടനയുടെ അനുച്ഛേദം ഒന്നിൽ പറയുന്ന ‘ഇന്ത്യ, അതായത് ഭാരത്’എന്ന രാജ്യത്തിന്റെ പേരിൽ നിന്ന് ഇന്ത്യയെത്തന്നെ ഒഴിവാക്കാനാണ് നീക്കം. ജി–- 20 യുമായി ബന്ധപ്പെട്ട രാഷ്‌ട്രപതിയുടെ ക്ഷണപത്രികയിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്, എന്നു രേഖപ്പെടുത്തിയതാണ് തുടക്കം.
ജി 20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികൾക്ക് നൽകുന്ന കൈപ്പുസ്‌തകത്തിലും ‘ഭാരത്; ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ ആസിയൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം അറിയിച്ച് ഇറക്കിയ കുറിപ്പിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നും ആലേഖനം ചെയ്‌തതോടെ വിവാദം സൃഷ്ടിക്കൽ ബോധപൂർവമാണെന്ന് വ്യക്തമായി. ഇന്ത്യയിലെ പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേരിട്ടതോടെയാണ് ഹാലിളക്കം. ‘ഭാരത്’ എന്ന പ്രതിച്ഛായയെ മുൻനിർത്തി ‘ഇന്ത്യ’ സഖ്യത്തെ മറികടക്കാനാകുമോയെന്നാണ് നോട്ടം. ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സാധ്യമായ എല്ലാ ഇടങ്ങളിലും പുരാതനകാലംമുതലുള്ള ‘ഭാരത്’ എന്ന് പറയണമെന്നും ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവതിന്റെ നിർദേശത്തിനു തൊട്ടുപിന്നാലെയാണ് മാറ്റമെന്നത് ജനാധിപത്യവിശ്വാസികളെ അസ്വസ്ഥരാക്കുന്നു.
ഇവിടെ, ബിജെപിയുടെ ഇരട്ടത്താപ്പ് വളരെ വ്യക്തമാണ്. ഇന്നലെവരെ ബിജെപിക്ക് ഇന്ത്യയായിരുന്നു എല്ലാം. ‘മേക്ക് ഇൻ ഇന്ത്യ,' ‘സ്റ്റാൻഡ് അപ് ഇന്ത്യ,'..... തുടങ്ങിയ മുദ്രാവാക്യങ്ങൾ, ‘സ്റ്റാർട്ടപ് ഇന്ത്യ', ‘ആക്സസബിൾ ഇന്ത്യ’, ‘ഡിജിറ്റൽ ഇന്ത്യ’, തുടങ്ങിയ ഔദ്യോഗിക പദ്ധതികൾ... ആസൂത്രണ കമീഷനെപ്പോലും ‘നിതി’ (‘NITI' –-നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ-) ആയോഗ് എന്നാക്കിമാറ്റി. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന ഹർജിയിൽ 2015ൽ മോദി സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലും രാജ്യത്തിന്റെ പേര് മാറ്റേണ്ടതില്ലെന്ന് നിലപാടെടുത്തു. ‘ഹർജിയിൽ പറയുന്ന വിഷയങ്ങൾ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ വിപുലമായി ചർച്ച ചെയ്‌ത് ഏകകണ്ഠമായി അംഗീകരിച്ചതാണ്. അതിനാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ എന്തെങ്കിലും മാറ്റംവരുത്തുന്നത് പരിഗണിക്കേണ്ടതില്ലെ’ന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. 2004ൽ യുപി നിയമസഭയിൽ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുലായംസിങ് കൊണ്ടുവന്ന പ്രമേയം പാസാക്കുംമുമ്പ് പ്രതിഷേധിച്ച് ബിജെപി സഭ ബഹിഷ്‌കരിച്ചിരുന്നു. അപ്പോൾ, പ്രതിപക്ഷസഖ്യത്തിന്റെ പേരിലുള്ള പേടിയാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്ന് കാണാം.
1948ൽ ഭരണഘടനാ അസംബ്ലിയിൽ കൊണ്ടുവന്ന കരടിൽ ‘ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ എന്നു മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ വിപുലമായ ചർച്ച നടന്നു. ഭാരത്, ഭാരത്‌വർഷ്, ഹിന്ദുസ്ഥാൻ തുടങ്ങീ ഒട്ടേറെ പേരുകൾ നിർദേശിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ 1949 സെപ്‌തംബർ 17-ന് ഭരണഘടനയുടെ കരട് പാനലിന്റെ തലവനായ ഭീംറാവു അംബേദ്കറാണ്, ആർട്ടിക്കിൾ ഒന്നിലെ ഒന്നാംവകുപ്പ് ‘ഇന്ത്യ, അതായത് ഭാരത് സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ’ എന്നിങ്ങനെ മാറ്റുന്നതായി പ്രഖ്യാപിച്ചത്. ബിജെപിയുടെ പുതിയ നീക്കം അംബേദ്‌കറെ അപമാനിക്കുന്നതിന് തുല്യമാണ്.
ഇന്ത്യയെന്ന പേരിൽ കൊളോണിയലിസത്തിന്റെ വിഴുപ്പുഭാണ്ഡമുണ്ടെന്നാണ് സംഘപരിവാറിന്റെ മറ്റൊരു ആരോപണം. ബ്രിട്ടന് എതിരായ ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധപോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവുണ്ട്. എന്നാൽ, അതിലൊന്നിലും സംഘപരിവാറിനോ അവരുടെ മറ്റു സംഘടനകൾക്കോ ഒരുപങ്കും ഉണ്ടായിരുന്നില്ല. ജയിലിൽനിന്ന് മോചിപ്പിക്കാൻ മാപ്പ് എഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച നേതാവിന്റെ അനുയായികൾ എന്ന വിശേഷണമാണ് ബിജെപിക്കാരെ തുറിച്ചുനോക്കുന്നത്. ഇത് മറയ്‌ക്കാൻകൂടിയാകണം ബിജെപിയുടെ ഈ വ്യായാമം.
ഒമ്പതുവർഷത്തെ ബിജെപി ഭരണം രാജ്യത്തെ സാമ്പത്തികത്തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. എല്ലാ വികസന സൂചികകളിലും ഇന്ത്യ പിന്തള്ളപ്പെട്ടു. ആഭ്യന്തരരംഗത്ത് മണിപ്പുരും നൂഹും ഗുരുഗ്രാമും മോദിയുടെ ഭരണപരാജയത്തിന്റെ സമീപകാല ഉദാഹരണങ്ങളാണ്. അത് മറച്ചുവച്ച് ജനത്തെ സമീപിക്കാൻ പുതിയ മുദ്രാവാക്യങ്ങൾ തേടുകയാണ് ബിജെപി. രാജ്യത്തിന്റെ പേരുമാറ്റംപോലെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കവും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..