26 April Friday

സംഘർഷത്തിന് അയവ് വരുത്തണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 28, 2019


പാകിസ്ഥാനിലെ ബാലാകോട്ടിൽ ചൊവാഴ‌്ച ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തുടർച്ചയായി ബുധനാഴ്ച പാകിസ്ഥാന്റെ ഭാഗത്തുനിന്ന‌് തിരിച്ചടിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇതിന്റെ ഫലമായി ഇരു ഭാഗത്തും ഓരോ വിമാനംവീതം നഷ്ടപ്പെട്ടു. ഒരു ഇന്ത്യൻ പൈലറ്റിനെ കാണാതായി എന്ന‌് ഇന്ത്യ അറിയിച്ചപ്പോൾ ഇന്ത്യൻ പൈലറ്റിനെ പിടികൂടി എന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. രജൗരി, പൂഞ്ച് മേഖലകളിൽ കനത്ത ഷെല്ലിങ്ങും തുടരുകയാണ‌്. അതിർത്തിപ്രദേശങ്ങളിൽനിന്ന‌് ഗ്രാമീണരെ ഇരു രാഷ്ട്രങ്ങളും ഒഴിപ്പിക്കുകയാണ്. മാത്രമല്ല, ഇരുരാജ്യങ്ങളും സൈനികനീക്കം ശക്തമാക്കിയിരിക്കുകയാണ്. അതിർത്തിയിലേക്ക‌് സൈനികനീക്കം നടക്കുന്നതായാണ് വാർത്തകൾ. അത്യന്തം അപകടകരമായ നീക്കമാണിത്. രണ്ടും ആണവായുധ രാഷ്ട്രങ്ങളാണെന്നത് സ്ഥിതി രൂക്ഷമാക്കുന്നു. അതിനാൽ, സംഘർഷം ലഘൂകരിക്കാനുള്ള നടപടി ഇരു ഭാഗത്തുനിന്നും ഉണ്ടാകണം. ചൈന ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ സംയമനം പാലിക്കാൻ ഇരു രാഷ്ട്രങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻതന്നെ ചർച്ചയ‌്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട‌്.

പുൽവാമ ഭീകരാക്രമണം ഉണ്ടായവേളയിൽത്തന്നെ ഇന്ത്യ നയതന്ത്രനീക്കം ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായാണ് പുൽവാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാൻ യുഎൻ രക്ഷാസമിതി തയ്യാറായത്. ഭീകരാക്രമണത്തിന് ഉത്തരവാദി ജയ‌്ഷെ മുഹമ്മദാണെന്നും പ്രമേയം കുറ്റപ്പെടുത്തി. ഭീകരാക്രമണത്തിന്റെ സംഘടാകരെയും സ്പോൺസർമാരെയും നീതിക്കുമുമ്പിൽ കൊണ്ടുവരണമെന്നും രക്ഷാസമിതി ആവശ്യപ്പെട്ടു. പുൽവാമയിലേതുപോലുള്ള ഭീകരാക്രമണങ്ങൾ തടയാൻ നടപടികൾ ഉണ്ടാകണമെന്നും ലോകരാജ്യങ്ങളോട് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെടുകയുണ്ടായി.

യുഎൻ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ ജയ‌്ഷെ മുഹമ്മദിനും ലഷ്കർ ഇ തോയ‌്ബയ‌്ക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ പാകിസ്ഥാനിൽ കടുത്ത സമർദം ചെലുത്തുംവിധം നയതന്ത്രനീക്കം ശക്തിപ്പെടുത്താൻ ഇന്ത്യ ഇനിയും ശ്രമം തുടരണം. സൈനിക നടപടികൊണ്ടുമാത്രം ഭീകരവാദത്തെ തടയാൻ കഴിയില്ലെന്ന മുൻ നിലപാട് ഞങ്ങൾ ആവർത്തിക്കുന്നു. പുൽവാമ ആക്രമണത്തിനുശേഷം ബിജെപി, സംഘപരിവാർ നേതാക്കൾ നടത്തിയ പ്രസംഗങ്ങളും പ്രസ‌്താവനകളും ഇന്ത്യക്കാരുടെ വികാരം ആളിക്കത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. വ്യോമാക്രമണത്തിനുശേഷംപോലും ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസ‌്താവന രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യംവച്ചുള്ളതായിരുന്നു. വ്യോമാക്രമണം സാധ്യമായത് കൂട്ടുകക്ഷി സർക്കാരല്ല മറിച്ച് ബിജെപി സർക്കാർ അധികാരത്തിലുള്ളതുകൊണ്ടാണെന്നായിരുന്നു അമിത് ഷായുടെ പ്രസ‌്താവന.

രാജ്യത്ത് ജനങ്ങളുടെ ഐക്യം ഏറ്റവും ആവശ്യമുള്ള ഈ ഘട്ടത്തിൽ ഇത്തരം ശ്രമങ്ങളിൽനിന്ന‌് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു. അതോടൊപ്പം കശ്മീരിലെ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നടപടികളും നയതന്ത്രനീക്കങ്ങളും സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ഭീകരവാദത്തിനെതിരായ പോരാട്ടത്തെ സങ്കുചിത രാഷ്ട്രീയതാൽപ്പര്യങ്ങളാൽ ദുർബലമാക്കാൻ അനുവദിക്കരുത്.

മികവിനുള്ള അംഗീകാരം
മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. ഉള്ളടക്കത്തിലും അവതരണത്തിലും സാങ്കേതികത്തികവിലും ജനകീയ കലാരൂപമായി മാറിയ ചലച്ചിത്രം പ്രതീക്ഷാഭരിതമായ കാലത്തേക്ക് നടന്നടുക്കുന്ന ഉത്സാഹഭരിതമായ കാഴ‌്ചയാണ‌് പോയവർഷത്തെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം കേരളം നേരിട്ടെങ്കിലും വ്യവസായം എന്ന നിലയിൽ ചലച്ചിത്രമേഖലയ‌്ക്ക് അതിനെ അതിജീവക്കാനായി. 2017ൽ ആകെ റിലീസ് ചെയ‌്തത‌് 132 ചിത്രംമാത്രമായിരുന്നെങ്കിൽ 2018ൽ 160 സിനിമയെങ്കിലും പുറത്തിറങ്ങി. മാസങ്ങളോളം തിയറ്ററുകൾ അടച്ചിടേണ്ടിവന്നിട്ടും പോയവർഷം രണ്ടര ദിവസത്തിൽ ഒരു സിനിമവീതം പിറന്നു. എണ്ണത്തിന്റെ കാര്യത്തിലുണ്ടായ പൊലിമ ഉള്ളടക്കത്തിലും പ്രകടനത്തിലും ഉണ്ടായിയെന്ന് ബോധ്യപ്പെടുത്തുന്നതാണ‌് വിഖ്യാത സംവിധായകൻ കുമാർ ഷഹാനിയുടെ നേതൃത്വത്തിലുള്ള ചലച്ചിത്രപുരസ്‌കാര നിർണയ ജൂറിയുടെ പ്രഖ്യാപനം. 104 ചിത്രം ജൂറിയുടെ പരിഗണനയ്ക്ക് എത്തിയപ്പോൾ അതിൽ 57 എണ്ണം പുതുമുഖങ്ങളുടേതായിരുന്നു എന്നത് മാറിയ സിനിമാസാഹചര്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രവും മത്സരത്തിനുണ്ടായിരുന്നു.

വിപണിയുടെ സ്വാധീനങ്ങൾക്ക് ഒപ്പമല്ല, നല്ല സിനിമയുടെ ഓരംപറ്റി തനിയെ നിൽക്കുന്നവർക്കൊപ്പമാണ് ചലച്ചിത്ര അക്കാദമിയെന്ന് അടിവരയിടുകയാണ് ഓരോ പുരസ്‌കാരവും. വയനാട്ടിലെ അടിയവിഭാഗത്തിൽപ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ തനതാവിഷ്‌കാരമാണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട കാന്തൻ. ആദിവാസി ഊരുകളിൽ മാസങ്ങളോളം അവർക്കൊപ്പം താമസിച്ചാണ് പുതുമുഖ സംവിധായകനായ ഷെറീഫ് ഈ സിനിമ ഒരുക്കിയത്. കൊൽക്കത്ത ചലച്ചിത്രമേളയിലും കാന്തൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്രസൗഹൃദക്കൂട്ടായ്മയിൽനിന്ന‌് പിറന്ന ചെറുചിത്രം ശതകോടികളുടെ കിലുക്കവുമായെത്തുന്ന ചലച്ചിത്രങ്ങളോട് മത്സരിച്ചാണ് മുന്നിലെത്തിയത്.

ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെടുമ്പോൾ കഠിനപ്രയത്‌നവും അയത്‌ന ലളിതമായ അഭിനയശേഷിയുമാണ് അംഗീകരിക്കപ്പെടുന്നത്. മലയാള സിനിമയുടെ ഓരത്ത് ദീർഘകാലമായുണ്ടായിരുന്ന ജോജു ജോർജ് എന്ന നടന്റെ പ്രതിഭയും ഒടുവിൽ അംഗീകരിക്കപ്പെട്ടു. സാവിത്രി ശ്രീധരൻ, സരസ ബാലുശേരി എന്നിവരെ മികച്ച സ്വഭാവനടിമാരായി തെരഞ്ഞെടുക്കപ്പെടുമ്പോൾ ദീർഘകാലം അവർ നിറഞ്ഞാടിയ നാടക അരങ്ങുകളാണ് ബഹുമാനിതമാകുന്നത്. സാങ്കേതികമികവിനുള്ള ഒരുപിടി പുരസ്‌കാരങ്ങൾ കാർബൺ നേടി. കാൽപ്പന്തുകളിയുടെ ആവേശവുമായെത്തിയ സുഡാനി ഫ്രം നൈജീരിയയും അർഹമായ അംഗീകാരങ്ങൾ സ്വന്തമാക്കി. മലയാളചലച്ചിത്രവ്യവസായത്തിലെ സർഗാത്മകമായ പുത്തൻ അന്തരീക്ഷത്തിന്റെ ഉൽപ്പന്നമാണ് ഈ സിനിമ.

പുതിയ ആശയവുമായി എത്തുന്നവർക്ക് അത് പ്രാവർത്തികമാക്കാൻ അവസരം ലഭിക്കുന്ന ഊർജവത്തായ അന്തരീക്ഷം ചലച്ചിത്രമേഖലയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അപ്പോൾപ്പോലും ജൂറി മുന്നോട്ടുവയ്ക്കുന്ന ചില ചോദ്യങ്ങൾ കാണാതിരുന്നുകൂടാ. പുരസ്‌കാരത്തിനായി മത്സരിച്ച മിക്ക ചിത്രങ്ങളും സിനിമ എന്ന മാധ്യമത്തിന്റെ സർഗാത്മകമായ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താതെ അലസമായ സമീപനം പുലർത്തുന്നവയായിരുന്നു എന്ന ഗുരുതരമായ നിരീക്ഷണം ജൂറി നടത്തിയിട്ടുണ്ട്. സാങ്കേതികത്തികവ് പുലർത്തിയ ചിത്രങ്ങൾ ഉള്ളടക്കത്തിൽ പാളിപ്പോകുന്നതും മികച്ച ഉള്ളടക്കമുള്ളവ സാങ്കേതികത്തികവിൽ പിന്നോക്കം പോകുന്നതും ജൂറി ചൂണ്ടിക്കാട്ടുന്നു. ഒപ്പം കഥാവികാസത്തെ തടയുന്ന രീതിയിൽ പാട്ടുകൾ കുത്തിത്തിരുകുന്ന വാണിജ്യസിനിമയുടെ തന്ത്രം ഇപ്പോഴും തുടരുന്നതിലും ജൂറി അസഹ്യത പ്രകടമാക്കുന്നു. മലയാള സിനിമയെ പോയ ദശകത്തിൽ വലിയമാറ്റത്തിന് വിധേയരാക്കിയ പുതുതലമുറ സിനിമാക്കാർ ആവർത്തിച്ച് സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് ജൂറി ഉന്നയിക്കുന്നത്. പുതിയ ഉൾക്കരുത്തുമായി മുന്നേറാൻ ചലച്ചിത്രപ്രതിഭകൾക്ക‌് ഇത്തരം വിമർശങ്ങൾ വഴിയൊരുക്കണം. വിജയികൾക്ക് അഭിനന്ദനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top