02 October Monday

മായാത്ത ഓർമയായി ആ സങ്കടക്കാഴ്ചകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 24, 2021

ചട്ടിയും കലവും ചുരുൾപ്പായയുമെല്ലാം തലയിൽ ചുമന്നു നീങ്ങുന്ന അമ്മമാർ, ഒക്കത്തും തോളിലും കുഞ്ഞുങ്ങളെയെടുത്ത അച്ഛനമ്മമാർ, ഗർഭിണികൾ, കൈയിൽ കിട്ടിയതെല്ലാം പുറത്തുതൂക്കിയ ബാഗിലാക്കി അലയുന്ന യുവാക്കൾ... ഇന്ത്യയുടെ മഹാനഗരങ്ങളിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്ന പാവപ്പെട്ട മനുഷ്യർ.

കോവിഡിനെ നേരിടാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച, മുന്നൊരുക്കമില്ലാത്ത ദേശവ്യാപക ലോക്‌ഡൗണിന്റെ വാർഷികത്തിൽ ഏവരുടെയും മനസ്സിൽ തെളിയുന്ന ഓർമച്ചിത്രമാണ് ഇവിടെ വരച്ചിടാൻ ശ്രമിച്ചത്. അവർ അന്നന്ന്, പണിയെടുത്ത് കിട്ടുന്ന കൂലികൊണ്ട് അന്നംതേടുന്ന കുടിയേറ്റത്തൊഴിലാളികൾ. ഒരു തുള്ളി വെള്ളംപോലും കുടിക്കാനില്ലാതെ തളർന്നുമടുത്തു നിൽക്കുന്ന അവരുടെ അവസ്ഥ ഏതൊരു മനുഷ്യസ്നേഹിയുടെയും കണ്ണ്‌ നനയിക്കുന്നതായിരുന്നു. നരേന്ദ്ര മോഡിയുടെ മൂക്കിനു താഴെ ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലും ഈ നൊമ്പരക്കാഴ്ചയായിരുന്നു എവിടെയും. ഇങ്ങ് തെക്ക്, എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ മാത്രമാണ് എല്ലാ മനുഷ്യരുടെയും ജീവനും ജീവിതവും സംരക്ഷിക്കാൻ കൃത്യമായ നടപടികളുണ്ടായത്.

കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യമായ ഇന്ത്യയിൽ കോവിഡ് വൈറസിന്റെ വ്യാപനം തടയാൻ ലോക്‌ഡൗൺ അനിവാര്യമായിരുന്നു എന്നതിൽ തർക്കമില്ല. പക്ഷേ, നേരത്തെ ആസൂത്രണം ചെയ്യണമായിരുന്നു. 2020 മാർച്ച് 23നു രാത്രി എട്ടിന് പ്രധാനമന്ത്രി ദേശവ്യാപക അടച്ചിടൽ പ്രഖ്യാപിക്കുമ്പോൾ 130 കോടിയിലേറെ ജനങ്ങൾക്ക് അതിനൊരുങ്ങാൻ കിട്ടിയത് വെറും നാലു മണിക്കൂർ. 2016 നവംബർ എട്ടിന് നോട്ടുനിരോധനം പ്രഖ്യാപിച്ചപോലെയായിരുന്നു ലോക്‌ഡൗൺ പ്രഖ്യാപനവും. വാസ്തവത്തിൽ, കോവിഡിന്റെ ഗൗരവം മനസ്സിലാക്കാൻ ഇന്ത്യാ ഗവൺമെന്റ് ഏറെ വൈകിപ്പോയി. അതുകൊണ്ടാണ്, വലിയ തയ്യാറെടുപ്പ് ആവശ്യമായ നടപടി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. കൃത്യമായി ആസൂത്രണം ചെയ്യാത്തതിനാൽത്തന്നെ, ലോക്‌ഡൗൺകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയുമില്ല. കരുതൽ നടപടികളില്ലാത്ത ലോക്‌ഡൗൺ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ കൂട്ടക്കുഴപ്പത്തിന്റെ പ്രത്യാഘാതങ്ങൾ അനന്തമായി തുടരുന്നു. തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങൾ ജീവിക്കാൻ നെട്ടോട്ടമോടുന്നു.

ലോക്‌ഡൗൺ കാലത്തും ഈ മഹാമാരിക്കാലത്താകെയും ആവശ്യമായ മുൻകരുതലുകളോടെ ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാൻ കേരളം സ്വീകരിച്ച നടപടികൾ ഇന്ത്യക്കും ലോകത്തിനും മാതൃകയായിരുന്നു. കോവിഡിന്റെ തുടക്കത്തിൽത്തന്നെ 20,000 കോടിയുടെ പ്രത്യേക പാക്കേജ് കേരളം നടപ്പാക്കി. പൊതുജനാരോഗ്യ മേഖലയിൽ ഒരു നിയന്ത്രണവുമില്ലാതെ പണം ചെലവാക്കി. എല്ലാ മനുഷ്യരുടെയും ജീവൻ രക്ഷിക്കാൻ, സാമൂഹ്യജീവിതം തകരാതിരിക്കാൻ കൃത്യമായ പദ്ധതികളുണ്ടായി. എല്ലാവർക്കും സൗജന്യക്കിറ്റുകളും സൗജന്യ ചികിത്സയും ഉറപ്പാക്കി. കേരളം അതിഥിത്തൊഴിലാളികളെന്നു വിളിച്ച ഇതരസംസ്ഥാന തൊഴിലാളികൾക്ക് പാർപ്പിടമടക്കം എല്ലാ സൗകര്യവുമൊരുക്കി. ആരും പട്ടിണി കിടക്കാതിരിക്കാൻ എവിടെയും സമൂഹ അടുക്കളകൾ തുറന്നു. ജോലിയില്ലാതായതിന്റെ പേരിൽ ഒരാളെയും ഇറക്കിവിടരുതെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇവിടെ വലിയ സുരക്ഷിതത്വമൊരുക്കി. നാട്ടിൽ പോകാൻ താൽപ്പര്യപ്പെട്ടവർക്ക് സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം പ്രത്യേക ട്രെയിനുകൾ എത്തി. ഇവിടം വിട്ടുപോകാൻ പലരും മടിച്ചു. പോയവർ അതിവേഗം തിരിച്ചുപോന്നു.

ഇവിടെയാണ്, കേന്ദ്ര സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും സ്വീകരിച്ച നിലപാടുകളിലെ വേറിട്ട സമീപനം വ്യക്തമാകുന്നത്. മനുഷ്യ സ്നേഹത്തിലൂന്നിയ നടപടികളിലൂടെ എല്ലാവരെയും ചേർത്തുപിടിക്കാൻ കേരളം ശ്രദ്ധിച്ചു. കേരളം ഉയർത്തിപ്പിടിച്ച മാനവികതയുടെ മഹാസന്ദേശം ലോകമാകെ തിരിച്ചറിഞ്ഞു. ഇതേസമയം, കേന്ദ്രം പ്രഖ്യാപിച്ച പാക്കേജുകൾ കോർപറേറ്റുകൾക്ക് വേണ്ടിയായിരുന്നു. തൊഴിലും വരുമാനവും ഇല്ലാതായ സാധാരണക്കാർക്ക് നേരിട്ട് 7000 രൂപ വീതം കൊടുക്കണമെന്ന് വിവിധ കോണുകളിൽനിന്നുയർന്ന ആവശ്യം കേന്ദ്രം കേട്ടതേയില്ല. ഇപ്പോൾ, ലോക്‌ഡൗണിന്റെ ഒന്നാം വാർഷികത്തിൽ തിരിഞ്ഞുനോക്കുമ്പോൾ, രാജ്യത്താകെ അനേകം ജീവിതങ്ങൾ പെരുവഴിയിലായെന്ന് ആർക്കും ബോധ്യപ്പെടും. ലോക്‌ഡൗൺ കാലത്തും തുടർന്നും ഒരു സഹായവും കിട്ടാതെ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നതും വസ്തുത. എത്രപേർ മരിച്ചെന്ന് ഔദ്യോഗികമായ വിവരമൊന്നും ഇതുവരെ കണ്ടിട്ടില്ല. ഏതാനും മാധ്യമങ്ങൾ ശേഖരിച്ച കണക്കുപ്രകാരം 2020 ഏപ്രിലിനും ജൂലൈക്കും ഇടയിൽ 989 പേർ മരിച്ചു. ഇതൊരു സമഗ്രമായ കണക്കല്ല.

ഇതിൽ കൂടുതലാളുകൾ ഭക്ഷണം കിട്ടാതെ, ഒരു മാനുഷിക പരിഗണനയും കിട്ടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണിട്ടുണ്ട്. ഉത്തരേന്ത്യയിൽ ഗ്രാമങ്ങളിലേക്ക് കിലോമീറ്ററുകൾ നടന്ന കുടിയേറ്റത്തൊഴിലാളികളിൽ എത്രയോപേർ വീട്‌ എത്താതെ തെരുവിൽ മരിച്ചുവീണു. ഒരു കരുതലും ഇല്ലാതെ മോഡി പ്രഖ്യാപിച്ച ലോക്‌ഡൗണിന്റെ ബാക്കിപത്രം. ജനങ്ങളുടെ കൈയിൽ പണം എത്തിക്കാൻ കേന്ദ്രം നടപടിയെടുക്കാത്തതുമൂലം സമ്പദ്‌വ്യവസ്ഥയുടെ സമ്പൂർണ തകർച്ച മറ്റൊരു ബാക്കിപത്രം. ഇന്ത്യയിൽ 2020ൽ മാത്രം ഏഴരക്കോടി ആളുകൾ കൂടി ദാരിദ്ര്യത്തിലേക്ക് വഴുതിവീണതായി അമേരിക്കയിലെ പ്യൂ റിസർച്ച് സെന്റർ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോക്‌ഡൗൺ വാർഷികത്തിൽ കോവിഡിന്റെ രണ്ടാം തരംഗം തലപൊക്കുന്നതായി ഭീതിയും പരന്നിട്ടുണ്ട്. ഇപ്പോൾ, പ്രതിദിനം നാൽപ്പതിനായിരത്തോളം പേർക്ക് വൈറസ് ബാധ കണ്ടെത്തുന്നതാണ് പ്രശ്നം.  സെപ്തംബറിൽ 98,000 വരെ എത്തിയിരുന്നു. ഈ ഫെബ്രുവരിയോടെ ഏഴായിരമായി കുറഞ്ഞു. അതാണ്‌ ഇപ്പോൾ വീണ്ടും ഉയരുന്നത്. പരിശോധനയും വാക്സിനേഷനും കൂട്ടാനും വ്യാപിപ്പിക്കാനുമാണ് എവിടെയും ശ്രദ്ധിക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top