29 March Friday

ഇന്ത്യയുടെ വ്യാവസായിക രംഗത്ത് മാന്ദ്യം, മരവിപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 28, 2022


രാജ്യത്തിന്റെ വ്യാവസായികോൽപ്പാദന സൂചിക (ഇൻഡക്സ്‌ ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ–- -ഐഐപി) പിന്നോട്ടടിക്കുന്നത് കേന്ദ്ര സർക്കാരിനെ ഉൽക്കണ്ഠപ്പെടുത്തുന്നില്ലെങ്കിലും പൊതുവിൽ ചർച്ചയാകുന്നുണ്ട്. ഡോ. പ്രഭാത് പട്നായിക്‌ അടക്കം ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരിൽ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. വ്യാവസായികോൽപ്പാദന സൂചികയിൽ 2021 ഒക്ടോബറിനെ അപേക്ഷിച്ച് ഈ ഒക്ടോബറിൽ നാലു ശതമാനം പിന്നോട്ടടിയുണ്ടായി. ഇക്കുറിയുണ്ടായ  തകർച്ചയ്‌ക്ക് കോവിഡ് ലോക്‌ഡൗണോ കോവിഡിന്റെ പ്രത്യാഘാതങ്ങളോ മതിയായ കാരണങ്ങളല്ല. ഇക്കൊല്ലം കോവിഡ് അത്രമാത്രം ഗൗരവമായിരുന്നില്ല. എന്നിട്ടും വ്യാവസായികോൽപ്പാദനത്തിൽ വലിയ ഇടിവ് സംഭവിക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആഴത്തിൽ ബാധിച്ചിട്ടുള്ള രോഗത്തിന്റെ സൂചനയാണ്, അടിസ്ഥാനപരമായ പ്രശ്നങ്ങളുടെ വെളിപ്പെടലാണ്.  എട്ടു വ്യവസായമടങ്ങുന്ന മുഖ്യ വ്യാവസായിക മേഖലയിൽ ഈ ഒക്ടോബറിലെ വളർച്ച നിരക്ക് 0.1 ശതമാനംമാത്രം. സെപ്തംബറിലെ 7.8 ശതമാനത്തിൽനിന്നാണ് ഈ തകർച്ച.

വാസ്തവത്തിൽ, വ്യാവസായികരംഗത്തെ മരവിപ്പ് പൊടുന്നനെ ഉണ്ടായതല്ല. രാജ്യത്തിന്റെ വ്യാവസായിക സമ്പദ്‌വ്യവസ്ഥ വർഷങ്ങളായി തുടർച്ചയായ പ്രതിസന്ധിയിലാണെന്നതാണ് വസ്തുത. പക്ഷേ, ഈ ദിശയിൽ കേന്ദ്ര സർക്കാരിന്റെ ഒരു ശ്രദ്ധയുമുണ്ടാകുന്നില്ല. വ്യാവസായികോൽപ്പാദന സൂചിക കണക്കാക്കുന്ന അടിസ്ഥാനവർഷം സർക്കാർ ഇടയ്ക്കിടെ മാറ്റുന്നതിനാൽ ശരിയായ താരതമ്യം  പ്രയാസകരമാണ്. 2011-–-12 അടിസ്ഥാന വർഷമായുള്ള സൂചികയാണ് ഏറ്റവും പുതിയതെന്നു പറയാവുന്നത്. അതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽത്തന്നെ വ്യാവസായികോൽപ്പാദനത്തിൽ എന്തു സംഭവിക്കുന്നുവെന്ന് ഏതാണ്ട് മനസ്സിലാക്കാം.

കോവിഡ് മഹാമാരിക്ക് മുമ്പേ വ്യാവസായികോൽപ്പാദനം പിന്നോട്ടായിരുന്നു. 2011–--12 മുതൽ 2019–-20 വരെ സൂചികയിലെ മുന്നേറ്റം വെറും 29 ശതമാനം. പ്രതിവർഷം ശരാശരി 3.2 ശതമാനം വർധന മാത്രം. ഇത് തീരെ കുറഞ്ഞ ഉൽപ്പാദനമാണെന്നു മാത്രമല്ല, ഇക്കാലയളവിനു മുമ്പുള്ള ഏതു വർഷത്തേക്കാളും കുറഞ്ഞ നിരക്കുമാണ്. മൊത്തം ആഭ്യന്തരോൽപ്പാദന (ജിഡിപി) വളർച്ച വളരെ കുറവായിരുന്നുവെന്ന്, നിയോ ലിബറൽ സാമ്പത്തിക നയത്തിന്റെ വക്താക്കൾ പറയുന്ന 1951 –-65ൽ വ്യാവസായികോൽപ്പാദന വളർച്ച പ്രതിവർഷം ഏഴു ശതമാനത്തിൽ കൂടുതലായിരുന്നു എന്നറിയുക. 1956 അടിസ്ഥാന വർഷമാക്കിയുള്ള സൂചിക പ്രകാരമാണ് ഈ കണക്ക്. 2004 -–- 05- മുതൽ 2014-–-15 വരെ  പ്രതിവർഷം 5.87 ശതമാനം വളർച്ചയുണ്ട്.എന്നാൽ, അടുത്തകാലത്തായി വ്യാവസായികോൽപ്പാദനം തുടർച്ചയായി ഇടിയുന്നു. ജിഡിപി കൂടിയതായി നവ ഉദാരനയത്തിന്റെ വക്താക്കൾ അവകാശപ്പെടുമ്പോഴാണ് ഈ തകർച്ചയെന്ന് പ്രത്യേകം കാണണം.

ഈ നയം നടപ്പാക്കിയ കാലയളവിലാകെ  വ്യാവസായികോൽപ്പാദനം ഇടിഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ, ഉദാരവൽക്കരണത്തിനു മുമ്പുള്ള ഏതു കാലയളവ്‌ എടുത്താലും ഇപ്പോഴത്തേതിനേക്കാൾ മെച്ചപ്പെട്ട സ്ഥിതി കാണാം. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക്  നേരത്തെ ലഭിച്ചിരുന്ന പലവിധ സഹായവും നവഉദാര നയത്തിന്റെ ഭാഗമായി സർക്കാർ പിൻവലിച്ചത് വ്യാവസായിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതല്ല. ഇതിനുപുറമെ, മോദി ഭരണം ചരക്കുസേവന നികുതിയും നോട്ട് നിരോധനവും നടപ്പാക്കി ചെറുകിട വ്യവസായങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. പലതും പൂട്ടിപ്പോയി. ചെറുകിട,- ഇടത്തരം വ്യവസായങ്ങൾക്ക് വ്യാവസായികോൽപ്പാദന സൂചികയിൽ മതിയായ പ്രാതിനിധ്യമില്ല. അതുകൂടി പരിഗണിച്ചാൽ തകർച്ചയുടെ ചിത്രം കുറെക്കൂടി വ്യക്തമാകും.

കോവിഡിനുശേഷം സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിലാണ്, ഉണർവിലാണ് എന്നൊക്കെ കേന്ദ്രസർക്കാർ അവകാശപ്പെടുന്നതിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് മുകളിൽ ചൂണ്ടിക്കാട്ടിയ വിവരങ്ങളത്രയും. സാധാരണഗതിയിൽ ഒരു പ്രതിസന്ധിക്കാലത്ത് സപ്ലെെ കുറയുമ്പോൾ ഉപഭോക്താക്കൾ ആവശ്യങ്ങൾ മാറ്റിവയ്ക്കും. സ്വാഭാവികമായും ഡിമാൻഡ് കുറയും. ആ പ്രതിസന്ധി കഴിഞ്ഞാലുടൻ ഡിമാൻഡ് കൂടും. ഇവിടെ പക്ഷേ, അങ്ങനെയൊരു ഉണർവോ ഡിമാൻഡ് വർധനയോ കാണുന്നില്ല. കോവിഡിനു മുന്നേയുള്ള മരവിപ്പ് തുടരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. വരുമാനത്തിലെ അതിഭീകരമായ അസമത്വം, ഭൂരിപക്ഷം ജനങ്ങളുടെയും വരുമാനത്തകർച്ച. അതുതന്നെയാണ് പ്രധാന കാരണം. ജനങ്ങളുടെ, പ്രത്യേകിച്ച് തൊഴിലാളികളുടെ വാങ്ങൽശേഷിയിലെ ചോർച്ച ഡിമാൻഡ് കുറയാൻ ഇടയാക്കുന്നു. വ്യാവസായികോൽപ്പന്നങ്ങൾക്ക് ഡിമാൻഡ് പ്രധാനമായും തൊഴിലാളികളിൽനിന്നാണ്. ചെറുകിട,- ഇടത്തരം വ്യവസായങ്ങളുടെ തകർച്ച ഇവരുടെ വരുമാനം ഇല്ലാതാക്കി. അപ്പോൾ, തൊഴിലില്ലായ്മയും വരുമാനത്തകർച്ചയുമാണ് ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്നമെന്ന് ഒരിക്കൽക്കൂടി അടിവരയിടുന്നതാണ് വ്യാവസായിക മേഖലയിലെ മുരടിപ്പ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top