10 June Saturday

സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാടേണ്ട കാലം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018


രാജ്യം അത്യന്തം അപകടകരമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസംമുമ്പ് ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിന് എതിരെയുണ്ടായ വധശ്രമം ഇക്കാര്യം അടയാളപ്പെടുത്തുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആറുമാസത്തിനകം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച അതേ ശക്തികളാണ് വിദ്യാർഥിയായ ഉമർ ഖാലിദിനുനേരെയും തോക്ക‌് ചൂണ്ടിയത്. അനീതിക്കും നീതിനിഷേധത്തിനുമെതിരെ ശബ്ദിച്ചെന്ന കുറ്റത്തിനാണ് ഉമർ ഖാലിദിനെ ശിക്ഷിക്കാൻ ഈ ശക്തികൾ മുന്നോട്ടുവന്നത്. ഇതാദ്യമായൊന്നുമല്ല ഈ വിദ്യാർഥിക്കുനേരെ വധശ്രമമുണ്ടാകുന്നത്. എന്നിട്ടും അർഹമായ സംരക്ഷണം ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായില്ല. അതിന്റെ ഫലംകൂടിയാണ് പാർലമെന്റ് മന്ദിരത്തിന് തൊട്ടടുത്തുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ലിൽവച്ച് ഉമർ ഖാലിദിനെതിരെ നടന്ന വധശ്രമം. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അതീവ സുരക്ഷ ഏർപ്പെടുത്തുന്ന മേഖലയിൽവച്ചാണ് വധശ്രമമുണ്ടായത് എന്നത് സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയിലേക്കും വിരൽചൂണ്ടുന്നു.  മതനിരപേക്ഷ ഭരണഘടനയെയും മുസ്ലിങ്ങളെയും ഒരുപോലെ ശത്രുപക്ഷത്ത് നിർത്തുന്ന ശക്തികളാണ് ഉമർ ഖാലിദിനുനേരെയും തിരിഞ്ഞത്. 

സാംസ്‌കാരിക ദേശീയതയിലൂന്നി ഹിന്ദുരാഷ്ട്രത്തിനായി പരിശ്രമിക്കുന്ന ആർഎസ്എസും അവരുടെ രാഷ്ട്രീയരൂപമായ ബിജെപിയും നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഫലംകൂടിയാണ് ഉമർ ഖാലിദിനെതിരെയുള്ള ആക്രമണം. വിദ്വേഷക്കൊല നടത്തുന്നവർ ശിക്ഷിക്കപ്പെടാത്തതാണ് അത്തരം കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണം. ആൾക്കൂട്ടക്കൊലകൾ നടത്തുന്നവരെ രക്ഷിക്കാൻ ഭരണത്തിലിരിക്കുന്നവർതന്നെ തയ്യാറാകുന്നതാണ് ഇത്തരക്കാരുടെ അഴിഞ്ഞാട്ടം വർധിക്കാനിടയാക്കുന്നത്. ഇത്തരം കൊലയാളിസംഘങ്ങളെ മാലയിട്ട് സ്വീകരിക്കാൻ കേന്ദ്രമന്ത്രിമാർതന്നെ തയ്യാറാകുന്നതിൽനിന്ന‌് ഭരണം നടത്തുന്നവർ നിയമം കൈയിലെടുക്കുന്ന ഗോസംരക്ഷകർക്കൊപ്പമാണെന്ന് തെളിയിക്കുന്നു. ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്കുമുതൽ അൽവാറിൽ പെഹ്‌ലുഖാനും റക്ബർ ഖാനുംവരെയുള്ളവർ കൊല്ലപ്പെട്ടത് ഈ നയത്തിന്റെ ഭാഗമാണ്. കന്നുകാലികളെ വളർത്താനും വ്യാപാരം നടത്താനും മുസ്ലിങ്ങൾക്ക‌് അധികാരമില്ലെന്ന സന്ദേശവും ഈ ആൾക്കൂട്ടക്കൊലകൾക്കു പിന്നിലുണ്ട്.

ഹിന്ദുത്വരാഷ്ട്രീയത്തെ എതിർക്കുകയും മതനിരപേക്ഷതയുടെ കൊടി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവരെ കൊലപ്പെടുത്തുന്ന ഭീഷണമായ കാലമാണിത്.  നരേന്ദ്ര ധബോൽക്കറും ഗോവിന്ദ് പൻസാരെയും എം എം കലബുർഗിയും  ഗൗരിലങ്കേഷും കൊല്ലപ്പെട്ടു. ഈ നാലുപേരെയും വധിച്ചത് ഒരേ സംഘമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിക്കൊണ്ടിരിക്കുന്നത്.  ഈ കൊലപാതകങ്ങളിൽ പങ്കുണ്ടെന്നു സംശയിക്കുന്ന സനാതൻ സൻസ്ഥ സ്വകാര്യ ഹിന്ദുസേനയ‌്ക്ക് രൂപം നൽകാൻ തയ്യാറെടുക്കുന്നുവെന്നാണ് ഏറ്റവും അവസാനമായി വന്ന വാർത്ത. ആവിഷ്‌കാര സ്വാതന്ത്ര്യം കുരിശേറ്റപ്പെട്ടിരിക്കുകയാണിന്ന്. കെ എസ് ഭഗവാനും ഗിരീഷ് കർണാടിനും ദാമോദർ മൗസോക്കുമെതിരെ വധഭീഷണി ഉയർന്നുകഴിഞ്ഞു. ഹിന്ദുത്വരാഷ്ട്രീയത്തെ എതിർക്കപ്പെടുന്നവരെ നിശ്ശബ്ദരാക്കുകയാണ് ഈ കൊലപാതകങ്ങളുടെ ലക്ഷ്യം. എന്നാൽ, ഇവരുടെ ഭീഷണിക്കു വഴങ്ങാതെ, പാബ്ലോ നെരൂദയിൽനിന്നും ബെഞ്ചമിൻ മെളോയിസിൽനിന്നും കെൻ സാരോ വീവയിൽനിന്നും ആവേശം ഉൾക്കൊണ്ട് ഇന്ത്യൻ എഴുത്തുകാർ എഴുതിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമരം ഉയർത്തിക്കൊണ്ടുവന്ന ജനാധിപത്യ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഇവർ ഓരോരുത്തരും.

രാജ്യത്ത് ദേശീയ പ്രസ്ഥാനത്തോടൊപ്പം അതിനെ എതിർത്തുകൊണ്ട് വളർന്നുവന്ന വർഗീയശക്തികൾ, പോരാടി നേടിയ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഭരണഘടനയെയും പിച്ചിച്ചീന്താനുള്ള ശ്രമത്തിലാണിന്ന്. മതാധിഷ്ഠിത പാർടികൾക്ക് അധികാരം ലഭിച്ചാൽ ഇന്ത്യയെന്ന രാഷ്ട്രം ഛിന്നഭിന്നമാകുമെന്ന പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് മോഡി സർക്കാരിന്റെ നാലുവർഷത്തെ ഭരണം. വർഗീയശക്തികെളെ അഴിഞ്ഞാടാൻ അനുവദിച്ചാൽ അത് രാഷ്ട്രത്തെ കഷണങ്ങളാക്കി കീറിമുറിക്കുമെന്നും ജനാധിപത്യം തകരുമെന്നും നെഹ്‌റു മുന്നറിയിപ്പ് നൽകി. അസമിൽ ദേശീയ പൗരത്വ പട്ടിക നിർമിച്ചെടുക്കുന്ന രീതിയും പൗരത്വനിയമത്തിൽ മുസ്ലിങ്ങളല്ലാത്ത വിദേശീയർക്ക് പൗരത്വം നൽകാനായി കൊണ്ടുവരുന്ന ഭേദഗതിയും ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനായി 35 എ വകുപ്പ് എടുത്തുകളായാനുള്ള നീക്കവും മറ്റും നെഹ‌്റു നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമാകുമെന്ന സൂചനയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക്‌ ചെയ്യാനുള്ളത് മതനിരപേക്ഷ റിപ്പബ്ലിക്കിനെയും അതിന്റെ അടിത്തറയായ ഭരണഘടനയെയും സംരക്ഷിക്കാനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top