08 December Friday

നായകന്റെ പതനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 8, 2023


1992ൽ ടീം ക്യാപ്റ്റനെന്ന നിലയിൽ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിക്കൊടുത്ത് പാകിസ്ഥാന്റെ  "ക്യാപ്റ്റനായി’ ഇമ്രാൻ ഖാൻ രാഷ്ട്രീയമെന്ന രണ്ടാം ഇന്നിങ്‌സിൽ "ഹർട്ട് റിട്ടയർമെന്റിന്' നിർബന്ധിതനാകുമ്പോൾ, ഇമ്രാൻ ഖാൻ എന്ന വ്യക്തിയുടെ അപചയത്തേക്കാളേറെ ചർച്ച ചെയ്യപ്പെടുക പാകിസ്ഥാൻ രാഷ്ട്രീയത്തിന്റെ അപചയമാകും. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ 2018–-22 ൽ ലഭിച്ച 14 കോടി പാകിസ്ഥാൻ രൂപ വില വരുന്ന വിദേശസമ്മാനങ്ങൾ ഖജനാവിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ പിടിച്ച്, മറിച്ച് വിറ്റ് പണമുണ്ടാക്കിയെന്ന കേസിൽ മൂന്നു വർഷത്തെ തടവും പിഴയും കൂടാതെ അഞ്ചു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കുകകൂടി ചെയ്തത് പ്രത്യേകം ശ്രദ്ധേയമാണ്. തോഷ ഖാന (ഖജനാവ്) കേസിൽ ജില്ലാ കോടതിയുടെ വിചാരണ റദ്ദു ചെയ്തുകൊണ്ടുള്ള ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് മറികടന്നാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത് എന്നത് പാകിസ്ഥാനിലെ നീതിന്യായ സംവിധാനത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു. പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ട് നവംബറിൽ തെരഞ്ഞെടുപ്പു നടത്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ തീരുമാനിച്ച് തൊട്ടുപിന്നാലെയാണ് ഇമ്രാൻ ഖാന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതെ വരുംവിധം കോടതി വിധി വരുന്നത്. സൈന്യവുമായി ഉടക്കി നിന്ന ഇമ്രാനെ  അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനു പിന്നാലെ നൂറിലേറെ ക്രിമിനൽ കേസുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടതെന്നത് നിയമ ദുരുപയോഗത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്.

1992ലെ ലോകകപ്പ് വിജയത്തിനുശേഷം തന്റെ പ്ലേ ബോയ് ഇമേജ് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാറ്റിയെടുത്ത് രാഷ്ട്രീയ രംഗപ്രവേശനത്തിനൊരുങ്ങിയ ഇമ്രാൻ യാഥാസ്ഥിതിക ഇസ്ലാം പാരമ്പര്യത്തിനു ബദലായ സൂഫി പാരമ്പര്യം സ്വീകരിച്ച് പാക് രാഷ്ട്രീയ സരണിയിൽ പുതിയൊരു തുടക്കത്തിന് ശ്രമിക്കുകയും ചെയ്തു.  തുടക്കത്തിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഇമ്രാൻ ഖാന്റെ തെഹ്‌രീക്‌ ഇ ഇൻസാഫ് പാർടി (പിടിഐ) രാഷ്ട്രീയ അഴിമതി, സാമ്പത്തിക അസമത്വം, അമേരിക്കയോടുള്ള അതിരില്ലാത്ത വിധേയത്വം, സാംസ്കാരിക പാശ്ചാത്യവൽക്കരണം എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകളിലൂടെ പതിയെ യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ നേടി. പർവേസ്‌ മുഷറഫിന്റെ ഏകാധിപത്യകാലത്ത് (2001– -2008) തുടക്കത്തിൽ മുഷറഫിനെ പിന്തുണച്ചതിന്റെ പ്രായശ്ചിത്തമായി ജനറൽ പദവി രാജിവയ്ക്കാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റംഗത്വം രാജിവയ്ക്കുകയും വീട്ടുതടങ്കലിലാകുകയും ചെയ്തു.

അഴിമതിക്കേസുകളുടെ കുത്തൊഴുക്കായിരുന്ന നവാസ് ഷെരീഫിന്റെ അവസാന പ്രധാനമന്ത്രിക്കാലത്ത് 2013–- 2017ൽ ശക്തിയാർജിച്ചു മുന്നേറിയ ഇമ്രാന്റെ പാർടി 2013ലെ പൊതു തെരഞ്ഞെടുപ്പിൽ ജനകീയ വോട്ടിൽ രണ്ടാമതെത്തുകയും 2018 പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലേറുകയും ചെയ്തു. കടുത്ത കടക്കെണിക്കിടെ അധികാരത്തിലേറിയ ഇമ്രാൻ ഖാനെ ഭരണകാലമത്രയും അതു പിന്തുടർന്നു. അനഭിമതനായ ഇമ്രാനോട് യുഎസും ഐഎംഎഫും സ്വീകരിച്ച നിഷേധാത്മക നിലപാട് സ്ഥിതി രൂക്ഷമാക്കി. കോവിഡ് പ്രതിസന്ധിക്കു പിന്നാലെ സൈന്യത്തിനും അനഭിമതനായത് ഇമ്രാൻ ഖാന്റെ പുറത്താകൽ നിശ്ചിതമാക്കി.

ശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാനൊരുങ്ങുകയാണ് പാർടി നേതൃത്വം. അമ്പേ പാപ്പരായ രാജ്യത്തെ സാമ്പത്തികസ്ഥിതിയിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും ഭരണം നിലനിർത്താനുമല്ലാതെ തകർച്ചയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള കർമപദ്ധതികളൊന്നും ഷഹബാസ് ഷെരീഫിന്റെ പക്കലില്ലെന്നതിന്റെ തെളിവായേ തിടുക്കപ്പെട്ട ഈ നിയമനടപടികളെ കാണാനാകൂ. വധശ്രമത്തിൽനിന്നുവരെ രക്ഷപ്പെട്ട ഇമ്രാൻ ഖാൻ പാകിസ്ഥാനിൽ ഇപ്പോഴും ശക്തനാണെന്ന് അറസ്റ്റിനെ തുടർന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങൾ കാണിക്കുന്നു. എന്തായാലും മതരാഷ്ട്രമെന്ന പേരുദോഷത്താൽ പിറവിയെടുത്ത് അധികം കഴിയും മുമ്പ്‌, പാകിസ്ഥാനെ ബാധിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിനൊപ്പം അതിന്റെ ആത്യന്തികഫലമായ സാമ്പത്തികത്തകർച്ചയും അവിടെ തുടർന്നുകൊണ്ടിരിക്കും. സൈന്യംതന്നെ പാകിസ്ഥാന്റെ രാഷ്ട്രീയം നിയന്ത്രിക്കുന്നുവെന്ന യാഥാർഥ്യം അവശേഷിക്കുന്നു എന്നാണ് സംഭവങ്ങൾ കാണിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top