19 April Friday

പാകിസ്ഥാനിൽ തിരക്കഥ മാറുന്നില്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 1, 2022

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പാകിസ്ഥാനിൽ തെഹ്‌രീകെ ഇൻസാഫ്‌ പാകിസ്ഥാൻ(പിടിഐ) നേതാവ്‌ ഇമ്രാൻ ഖാന്റെ സർക്കാരിന്റെ പതനം ഉറപ്പായി. 342 അംഗ ദേശീയ അസംബ്ലിയിൽ പ്രതിപക്ഷ സഖ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസാകാൻ 172 വോട്ട്‌ വേണം. അതിലധികം ലഭിച്ചേക്കും എന്നാണ്‌ ഇപ്പോൾ സൂചന. എന്നാൽ, പാകിസ്ഥാൻ ക്രിക്കറ്റിലെ എക്കാലത്തെയും വീരനായകൻ ‘അവസാന പന്തുവരെ കളിക്കും’ എന്നാണ്‌ ആഭ്യന്തരമന്ത്രി ഷേഖ്‌ റാഷിദ്‌ പറയുന്നത്‌. അവിശ്വാസം പരാജയപ്പെടുത്താൻ എന്ത്‌ തന്ത്രമാണ്‌ ഇമ്രാൻ മനസ്സിൽ കാണുന്നതെന്ന്‌ വ്യക്തമായിട്ടില്ല. പാക്‌ രാഷ്‌ട്രീയത്തിലെ ഗതിവിഗതികൾ നിശ്ചയിക്കുന്ന സൈന്യത്തിന്റെ നിലപാട്‌ നിർണായകമായിരിക്കും. സേനാ തലവൻ ജനറൽ ഖമർ ജാവേദ്‌ ബജ്‌വ, പ്രധാന ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവൻ നദീൻ അൻജുൻ എന്നിവരുമായി ഇമ്രാൻ ഖാൻ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്‌.

പാക്‌ സർക്കാരും സേനാ നേതൃത്വവും തമ്മിൽ അടുത്തകാലത്തുണ്ടായ അസ്വാരസ്യത്തിന്റെ പശ്ചാത്തലത്തിലാണ്‌ പ്രതിപക്ഷ സഖ്യം അവിശ്വാസനീക്കം ആരംഭിച്ചത്‌. നവംബറിൽ ഒഴിഞ്ഞ ഐഎസ്‌ഐ തലവൻ ജനറൽ ഫായിസ്‌ ഹമീദിന്‌ പദവി നീട്ടിക്കൊടുക്കണം എന്നായിരുന്നു ഇമ്രാന്റെ ആഗ്രഹം. അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ അമേരിക്ക തിടുക്കത്തിൽ പിന്മാറിയത്‌ സൃഷ്‌ടിച്ച പ്രതിസന്ധിയുടെ സാഹചര്യത്തിൽ അഫ്‌ഗാൻ വിഷയത്തിൽ വിദഗ്ധനായ ഫായിസിന്റെ സേവനം തുടരണം എന്നായിരുന്നത്രെ അദ്ദേഹത്തിന്റെ നിലപാട്‌. എന്നാൽ, അതിന്‌ അനുകൂലമായിരുന്നില്ല സേനാ തലവൻ. സേനാ നേതൃത്വം നിർദേശിച്ച നദീൻ അൻജുനെ നിയമിക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.

2018ൽ നടന്ന തെരഞ്ഞെടുപ്പിൽ പിടിഐയെ ഏറ്റവും വലിയ കക്ഷിയാക്കിയ ഇമ്രാൻ ചില ചെറുകക്ഷികളുടെയും പിന്തുണ ഉറപ്പിച്ചാണ്‌ അധികാരത്തിലേറിയത്‌. പാകിസ്ഥാനെ പിറവിമുതൽ ഗ്രസിച്ച സൈനികാധിപത്യത്തിന്റെ ഇടവേളകളിൽ മാറിമാറി ഭരിച്ച രണ്ട്‌ പാർടിയുടെ(രണ്ട്‌ കുടുംബത്തിന്റെ) മേൽക്കൈ അവസാനിപ്പിച്ചാണ്‌ ഇമ്രാന്റെ നേതൃത്വത്തിൽ പിടിഐ അധികാരം നേടിയത്‌. സൈന്യത്തിന്റെ ഇടപെടലുകളാണ്‌ പിടിഐയെ വിജയിപ്പിച്ചതെന്ന്‌ അതുവരെ അധികാരം പങ്കിട്ടുവന്ന പാക്‌ മുസ്ലിംലീഗ്‌(നവാസ്‌), പാകിസ്ഥാൻ പീപ്പിൾസ്‌ പാർടി എന്നിവ ആരോപിച്ചിരുന്നു. ഒരു വർഷം തികയുംമുമ്പ്‌ ഇമ്രാൻ സേനാ തലവൻ ബജ്‌വയുടെ കാലാവധി മൂന്ന്‌ വർഷത്തേക്ക്‌ നീട്ടിക്കൊടുക്കുകയുംചെയ്‌തു. അന്ന്‌ അതിനെതിരെ നിലപാടെടുത്ത പിഎംഎൽ(എൻ) നേതാവ്‌ ഷഹബാസ്‌ ഷെറീഫ്‌ ഇപ്പോൾ സേനാ തലവനെ പ്രീണിപ്പിക്കാൻ രംഗത്തുണ്ട്‌. ബജ്‌വയുടെ കാലാവധി നീട്ടുന്നത്‌ വിവാദമാക്കാൻ ഇമ്രാൻ ശ്രമിച്ചെന്ന്‌ കഴിഞ്ഞദിവസം ഷഹബാസ്‌ ആരോപിച്ചിരുന്നു.

ദുർഭരണവും സാമ്പത്തികത്തകർച്ചയും വിദേശനയ പാളിച്ചയും ആരോപിച്ചാണ്‌ പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിച്ചിരിക്കുന്നത്‌. എന്നാൽ, തന്റെ സർക്കാർ പാശ്ചാത്യ രാജ്യങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്ക്‌ വഴങ്ങാത്തതിനാലാണ്‌ പുറത്താക്കാൻ ഉപജാപം എന്നാണ്‌ ഇമ്രാൻ ഖാൻ പറയുന്നത്‌. ലോകബാങ്കിന്റെ കണക്കനുസരിച്ച്‌ ഏറ്റവും കടബാധ്യതയുള്ള 10 രാജ്യത്തിൽ ഒന്നാണ്‌ പാകിസ്ഥാൻ. ഇത്‌ മൂന്നര വർഷത്തോളം മാത്രമായ ഇമ്രാൻ സർക്കാർ വരുത്തിവച്ചതല്ല. കോവിഡ്‌ വ്യാപനം ലോകമെങ്ങും സൃഷ്‌ടിച്ച പ്രതിസന്ധി മിക്ക രാജ്യങ്ങളിലും സാമ്പത്തിക പ്രയാസങ്ങൾക്ക്‌ ഇടയാക്കിയിട്ടുമുണ്ട്‌. ഈ സാഹചര്യത്തിൽ വിദേശ ഇടപെടലാണ്‌ അവിശ്വാസ നീക്കത്തിന്‌ പിന്നിലെന്ന ഇമ്രാന്റെ ആരോപണം അസാധുവല്ല. മേഖലയിൽ അമേരിക്കയുടെ ഉറ്റമിത്രമായിരുന്ന പാകിസ്ഥാൻ ഏതാനും വർഷങ്ങളായി ചൈനയോടും റഷ്യയോടും അടുപ്പം പുലർത്തുന്നുണ്ട്‌. റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ ഉക്രയ്‌നിലേക്ക്‌ സൈനികനീക്കത്തിന്‌ ഉത്തരവിട്ട്‌ മണിക്കൂറുകൾക്കകം ഇമ്രാൻ മോസ്‌കോയിൽ അദ്ദേഹത്തെ സന്ദർശിച്ചതും അമേരിക്കൻ ചേരിക്ക്‌ രസിച്ചിരുന്നില്ല. അതിനു പിന്നാലെയാണ്‌ മാർച്ച്‌ എട്ടിന്‌ ഇമ്രാൻ ഖാനെതിരെ അവിശ്വാസപ്രമേയം നൽകിയത്‌.

പ്രമേയത്തിൽ വ്യാഴാഴ്‌ച സഭയിൽ ചർച്ച ആരംഭിക്കാനിരുന്നതാണെങ്കിലും സഭാനടപടികൾ ഞായർവരെ നിർത്തിവച്ചിരിക്കുകയാണ്‌. ഇമ്രാന്‌ ഭരണം ഉറപ്പിക്കാൻ സാവകാശം തേടുന്നതിനായിരിക്കും ഈ നീക്കം. എന്തായാലും പാകിസ്ഥാനിൽ പതിവുപോലെ സൈന്യത്തിന്റെ തിരക്കഥയിലെ രംഗങ്ങളായിരിക്കും അരങ്ങേറുക. സിവിലിയൻ നേതൃത്വം സേനാ നേതൃത്വത്തെ അമിതമായി ആശ്രയിക്കുന്നതാണ്‌ പാകിസ്ഥാന്റെ ദുരന്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top