29 March Friday

പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


പാകിസ്ഥാനിൽ മുൻ ക്രിക്കറ്റ‌് താരം ഇമ്രാൻ ഖാൻ പ്രധാനമന്ത്രിക്കസേരയിലെത്തുമ്പോൾ നാനാകോണുകളിൽനിന്ന്  പ്രതീക്ഷകളും ആശങ്കകളും ഉയരുന്നുണ്ട്.  സൈന്യത്തിന്റെ ആധിപത്യമാണ് ഇമ്രാൻ അധികാരമേറ്റാലും തുടരുകയെന്നും നിലവിലുള്ള അവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കേണ്ട എന്നുമാണ് ഒരു വിശകലനം.  അസ്ഥിരത മുഖമുദ്രയായ പാക് ജനാധിപത്യത്തിൽ, വ്യത്യസ്ത മുദ്രാവാക്യങ്ങളുമായി ജനവിധി നേടിയ ഇമ്രാൻ പുതിയ പാകിസ്ഥാൻ കെട്ടിപ്പടുക്കാനാണ് ഊന്നൽനൽകുക എന്ന പ്രതീക്ഷയും നിലനിൽക്കുന്നു. തെരഞ്ഞെടുപ്പുകാലത്തും അതിനുമുമ്പും ഇമ്രാൻ ഉയർത്തിയ മുദ്രാവാക്യങ്ങളും നിലപാടുകളും ചൂണ്ടിക്കാട്ടിയാണ്, ഒരു മാറ്റവും വരാനില്ല എന്ന പ്രവചനങ്ങൾ ഉടലെടുത്തത്. തെരഞ്ഞെടുപ്പ് നീതിപൂർവകമല്ല നടന്നത് എന്ന ആരോപണം ഉയർത്തി തുടക്കത്തിൽത്തന്നെ ശക്തമായ എതിർപ്പുമായി പ്രതിപക്ഷകക്ഷികൾ രംഗത്തുണ്ട്.

ക്രിക്കറ്റിൽ പാകിസ്ഥാനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഓൾറൗണ്ടർ എന്ന ഖ്യാതിയുമായാണ്, കളിയിൽനിന്ന് വിരമിച്ചശേഷം ഇമ്രാൻ ഖാൻ പാകിസ്ഥാൻ തെഹ‌്‌രീകെ ഇൻസാഫ‌് (പിടിഐ) പാർടി രൂപീകരിച്ചത്. അഴിമതിവിരോധവും  ആധുനികതയോടുള്ള പ്രതിബദ്ധതയും പ്രഖ്യാപിക്കുന്ന പാർടിയാണ് പിടിഐ. മാധ്യമസ്വാതന്ത്ര്യനിഷേധം , ഭരണകൂടഭീകരത, നിരപരാധികളെ കൊന്നൊടുക്കുന്ന വ്യോമാക്രമണങ്ങൾ, മത ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം തുടങ്ങിയ വിഷയങ്ങളിൽ പുരോഗമന നിലപാടാണ് ഇമ്രാൻ ഖാന്റേതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ദക്ഷിണേഷ്യൻ ഡെപ്യൂട്ടി ഡയറക്ടർ ഒമർ വെരൈഷ് രേഖപ്പെടുത്തുന്നുണ്ട്. പോളിയോ വാക്‌സിനെതിരെ താലിബാൻ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ശക്തമായ രോഗപ്രതിരോധ നടപടികൾ അനിവാര്യമാണെന്ന് വാദിക്കുകയുംചെയ്യുന്ന നേതാവാണ് ഇമ്രാൻ എന്നും ഒമർ പറയുന്നു. ഇന്ത്യാവിരുദ്ധ നിലപാട്, സൈന്യത്തോടുള്ള വിധേയത്വം, വ്യക്തിജീവിതത്തെക്കുറിച്ചുള്ള ആരോപണങ്ങൾ എന്നിവയെല്ലാം ഇമ്രാന്റെ കളങ്കിത പ്രതിച്ഛായയെ അടയാളപ്പെടുത്തുമ്പോൾത്തന്നെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള ആശാവഹമായ ഇത്തരം വിവരങ്ങളും വരുന്നത്. എന്നാൽ, ഭീകരസംഘടനകളോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന മൃദുസമീപനം മാറിയതിന്റെ പ്രകടമായ സൂചനകളൊന്നും വന്നിട്ടില്ല എന്ന വിമർശവും നിലനിൽക്കുന്നു.

പാകിസ്ഥാനും ഇന്ത്യയുംതമ്മിലുള്ള സഹകരണം, ഉപ ഭൂഖണ്ഡത്തിലെ സമാധാനം, കശ്മീർ  പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുന്നതിനുള്ള സന്നദ്ധത എന്നിവയൊക്കെ തന്റെ അജൻഡയാണെന്ന‌് അധികാരമേൽക്കുന്നതിനു മുമ്പുതന്നെ ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷത്തിൽനിന്നുള്ള മോചനം ഇരു രാജ്യങ്ങളിലെ ജനതയുടെയും താല്പര്യംതന്നെയാണ്. അതിലേക്കുള്ള നേരിയ വഴി തുറക്കുന്നതുപോലും പ്രതീക്ഷാനിർഭരവുമാണ്.   സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പുകയാണ് ഇമ്രാന്റെ അധികാരലബ്ധിയോടെ പാകിസ്ഥാനിൽനിന്നുയരുക എന്ന് ഉറപ്പിക്കാനുള്ളതൊന്നും ഇല്ലെങ്കിൽപോലും അത്തരം പ്രതീക്ഷ മൊട്ടിടുന്നതു തന്നെ വലിയ കാര്യമാണ്. 

സിമന്റുവില തോന്നിയപോലെ
സംസ്ഥാനത്തെ നിർമാണമേഖലയെ അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട‌് സിമന്റുവില ക്രമാതീതമായി ഉയരുകയാണ്.  സിമന്റിന‌് അകാരണമായി വില വർധിപ്പിച്ചതിനെതിരെ സിമന്റ‌് കമ്പനികൾക്ക‌് 6300 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമീഷൻ ഓഫ‌് ഇന്ത്യയുടെ തീരുമാനം ശരിവച്ച‌് കമ്പനി ലോ അപ്പലറ്റ‌് ട്രിബ്യൂണൽ കഴിഞ്ഞദിവസമാണ്  ഉത്തരവിട്ടത്. സിമന്റിന്റെ ആവശ്യം കണക്കിലെടുക്കാതെയും തെറ്റായ വ്യാപാര ‌കീഴ‌്‌വഴക്കം സൃഷ്ടിച്ചും തോന്നിയപോലെ വില കൂട്ടിയതിനെതിരെ ബിൽഡേഴ‌്സ‌് അസോസിയേഷൻ ഓഫ‌് ഇന്ത്യ നൽകിയ പരാതിയിന്മേലാണ് സിമന്റ് കമ്പനികൾക്ക് ശിക്ഷ കിട്ടിയത്. ഈ രംഗത്ത‌് നടക്കുന്ന അനാശാസ്യ പ്രവണതകൾ എത്രത്തോളമാണ് എന്ന് സ്ഥാപിക്കുന്ന അനുഭവമാണിത്. എന്നാൽ, അത്തരം നിയന്ത്രണങ്ങളൊന്നും തങ്ങൾ അനുസരിക്കില്ല എന്ന നിലപാടാണ് സിമന്റ് ഉൽപ്പാദകരുടേത്.   സിമന്റ‌് മാനുഫാക്ച്ചേഴ്സ് അസോസിയേഷനാണ് കേരളത്തിൽമാത്രം വില വർധിപ്പിച്ചത്.  അന്യസംസ്ഥാനങ്ങളിലെ വൻകിട സിമന്റ് കമ്പനികളുടെ വില്പന നയം സംസ്ഥാനത്തെ ചെറുകിട‐ഇടത്തരം സിമന്റ് വ്യാപാരികൾ നടപ്പാക്കേണ്ടിവരികയുമാണ്.  

കഴിഞ്ഞ ദിവസങ്ങളിൽ  50 മുതൽ 60 രൂപ വരെയാണ് ഒരു ചാക്ക് സിമന്റിന് കൂടിയത്. ഇത് വൻകിട കൺസ്ട്രക‌്ഷൻ  കമ്പനികളെമാത്രം ബാധിക്കുന്ന വിഷയമല്ല. സാധാരണക്കാരാണ് യഥാർഥ ഇരകളാകുന്നത്. സിമന്റ് വില 360 രൂപയായിരുന്നപ്പോൾ വീട് വയ്ക്കാനാരംഭിച്ച ഒരു സാധാരണക്കാരന് ഇപ്പോൾ ഒരു ചാക്ക് സിമന്റിന് നൽകേണ്ടിവരുന്നത് 420 ‐ 435 രൂപയാണ് എന്നതിൽനിന്ന് അധികഭാരത്തിന്റെ രൂക്ഷത വ്യക്തമാകും.  കഴിഞ്ഞാഴ്ച ഒറ്റദിവസംകൊണ്ട് സിമന്റ് വില വർധിച്ചത് 60 രൂപയാണ്. ഇതോടെ മികച്ച ബ്രാൻഡുകൾക്ക് ഒരു ചാക്ക് സിമന്റിന് ഹോൾ സെയിൽ മാർക്കറ്റിൽ 400 രൂപയായി. റീട്ടെയിൽ മാർക്കറ്റിൽ സിമന്റ് വില 435 വരെയാണ്. സിഎംഎ മൂന്ന് മാസങ്ങൾക്കിടെ സിമന്റ് വില വർധിപ്പിക്കാറുണ്ടെന്നാണ്  വിൽപ്പനക്കാർ പറയുന്നത്.  എല്ലാ മേഖലയും മത്സരത്തിന് തുറന്നിട്ടതിന്റെ ദുരന്തർഥംകൂടിയാണ് ഈ അവസ്ഥ. ആവശ്യമായ സിമന്റ് ന്യായവിലയ്ക്ക് നിർമാണമേഖലയിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top