09 May Thursday

യൂറോപ്പിന്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 26, 2022


ഫ്രാൻസിൽ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ വീണ്ടും വിജയിച്ചത്‌ യൂറോപ്പിനാകെ ആശ്വാസം നൽകുന്ന വാർത്തയാണ്‌. മധ്യപക്ഷ നിലപാടുള്ള മാക്രോൺ തീവ്ര വലതുപക്ഷ നിലപാടുള്ള മാരീൻ ലീപെന്നിനെയാണ്‌ ഞായറാഴ്‌ച നടന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയത്. 20 വർഷംമുമ്പ്‌ മാരീന്റെ അച്ഛൻ ‌ ഴാങ്‌ മാരീ ലീപെന്നിനെ പരാജയപ്പെടുത്തി ഴാക്‌ ഷിറാക്‌ തുടർച്ചയായി രണ്ടാംതവണ പ്രസിഡന്റായശേഷം ആദ്യമായാണ്‌ ഒരു ഫ്രഞ്ച്‌ പ്രസിഡന്റ്‌ തുടർവിജയം നേടുന്നത്‌. പക്ഷേ, അന്നത്തേക്കാൾ ഏറെ വലത്തേക്ക്‌ മാറിയ ഫ്രാൻസിനെ അടയാളപ്പെടുത്തുന്നതാണ്‌ ഈ ഫലം.

ബ്രിട്ടൻ വിട്ടുപോയതിനെത്തുടർന്ന്‌ യൂറോപ്യൻ യൂണിയന്റെ അസ്തിത്വംതന്നെ കൂടുതലായി ചോദ്യംചെയ്യപ്പെടുന്ന കാലത്താണ്‌ ഫ്രാൻസിൽ തെരഞ്ഞെടുപ്പ്‌ നടന്നത്‌. യൂറോപ്യൻ ഐക്യത്തിന്‌ ശക്തമായ ഇടപെടലുകൾ നടത്തിവന്ന നേതാവാണ്‌ നാൽപ്പത്തിനാലുകാരനായ മാക്രോൺ. എന്നാൽ, യൂറോപ്യൻ നിയമങ്ങൾക്കുമേൽ ഫ്രഞ്ച്‌ നിയമങ്ങൾക്കായിരിക്കണം പ്രാമാണ്യമെന്നും ഫ്രാൻസ്‌ നാറ്റോ കമാൻഡിൽനിന്ന്‌ സ്വതന്ത്രമായിരിക്കണമെന്നുമാണ്‌ മാരീന്റെ നിലപാട്‌. അതിനൊപ്പം കടുത്ത കുടിയേറ്റവിരുദ്ധത പുലർത്തിയ മാരീൻ, താൻ വിജയിച്ചാൽ പൊതുസ്ഥലത്ത്‌ മുസ്ലിം സ്‌ത്രീകളുടെ ശിരോവസ്ത്രം നിരോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വധശിക്ഷ പുനഃസ്ഥാപിക്കാൻ ഹിതപരിശോധന നടത്തുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. മുസ്ലിംപള്ളികൾക്കെതിരെ മാക്രോൺ സ്വീകരിച്ച ചില നടപടികൾ അദ്ദേഹത്തിന്റെ ജനപിന്തുണ കുറച്ചിരുന്നെങ്കിലും ഇരുവരും തമ്മിൽ നേർക്കുനേർ മത്സരത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ജനങ്ങളിൽ ഭൂരിപക്ഷം നിർബന്ധിതമായി.

ഏപ്രിൽ 14ന്‌ ആയിരുന്നു പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഒന്നാംവട്ട തെരഞ്ഞെടുപ്പ്‌. അന്ന്‌ ആർക്കും 50 ശതമാനത്തിനുമേൽ വോട്ട്‌ ലഭിക്കാത്തതിനാലാണ്‌ മുന്നിലെത്തിയ രണ്ടുപേർ തമ്മിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. ആദ്യവട്ടം മാക്രോണിന്‌ 27.8 ശതമാനവും മാരീന്‌ 23.2 ശതമാനവുമായിരുന്നു വോട്ട്‌. ഇടതുപക്ഷക്കാരനായ ഴോങ്‌ ലൂക്‌ മിനോഷോം 22 ശതമാനം വോട്ട്‌ നേടി തൊട്ടുപിന്നിലെത്തി. ഫ്രഞ്ച്‌ രാഷ്‌ട്രീയത്തിൽ പതിറ്റാണ്ടുകളോളം ആധിപത്യം പുലർത്തിയ പരമ്പരാഗത സോഷ്യൽ ഡെമോക്രാറ്റിക്‌, യാഥാസ്ഥിതിക കക്ഷികൾക്ക്‌ രണ്ടിനുംകൂടി 6.7 ശതമാനം മാത്രമായിരുന്നു വോട്ട്‌. രണ്ടാംവട്ടത്തിൽ ഒരുവോട്ട്‌ പോലും മാരീന്‌ ചെയ്യരുതെന്ന്‌ ഒന്നാംവട്ടം കഴിഞ്ഞയുടനെ മിനോഷോം ആഹ്വാനം ചെയ്‌തിരുന്നു. മാക്രോണിന്റെ പല നയങ്ങളും തൊഴിലാളിവിരുദ്ധമാണെങ്കിലും സങ്കുചിത ദേശീയവാദികൾ അധികാരത്തിലെത്തുന്നത്‌ തടയാനായിരുന്നു ആ ജാഗ്രത. എന്നാൽ, മാക്രോണിന്റെ മുതലാളിത്തനയങ്ങളുടെ ഫലമായി പണപ്പെരുപ്പവും ജീവിതച്ചെലവുകളും കുതിച്ചുയർന്നത്‌ തീവ്രവലതുപക്ഷത്തിന്‌ അനുകൂലമായ സാഹചര്യമൊരുക്കിയിരുന്നു. ഇത്‌ മുതലാക്കാൻ നികുതികൾ വെട്ടിക്കുറയ്‌ക്കുമെന്നായിരുന്നു മാരീന്റെ ഒരു വാഗ്ദാനം.

തുടർച്ചയായി രണ്ടാംതവണയാണ്‌ മാരീൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ രണ്ടാംവട്ടത്തിലേക്ക്‌ കടന്നത്‌. 2002ൽ ഇവരുടെ അച്ഛൻ ലീപെൻ രണ്ടാംവട്ടത്തിലേക്ക്‌ കടന്നപ്പോൾ ഫ്രാൻസിൽ ആദ്യമായിട്ടായിരുന്നു തീവ്രവലതുപക്ഷം അവിടെവരെ എത്തിയത്‌. എന്നാൽ, രണ്ടാംവട്ടത്തിൽ ഷിറാക്കിനെതിരെ 18 ശതമാനം വോട്ട്‌ മാത്രമായിരുന്നു ലീപെന്നിന്‌. 2017ൽ മാരീൻ ആദ്യമായി രണ്ടാംവട്ടത്തിൽ മാറ്റുരച്ചപ്പോൾ ഇത്‌ 34 ശതമാനമായി ഉയർന്നു. പരസ്യമായി നാസി അനുകൂല നിലപാട്‌ സ്വീകരിച്ച അച്ഛനെ 2015ൽ പാർടിയിൽനിന്ന്‌ പുറത്താക്കിയും 2017ൽ പാർടിയുടെ പേര്‌ മാറ്റിയും മധ്യപക്ഷക്കാരെ ആകർഷിക്കാൻ മാരീൻ നടത്തിയ ശ്രമങ്ങളുടെ ഫലംകൂടിയായിരുന്നു ആ മുന്നേറ്റം. അപ്പോഴും, വിജയിച്ച മാക്രോണിനേക്കാൾ 32 ശതമാനം വോട്ട്‌ കുറവായിരുന്നു മാരീന്‌. എന്നാൽ, ഇത്തവണ ആ വ്യത്യാസം പകുതിയോളം കുറയ്‌ക്കാൻ സാധിച്ചത്‌ വിജയമായാണ്‌ മാരീൻ കാണുന്നത്‌.

അതുതന്നെയാണ്‌ ഫ്രാൻസിലെ ഫലത്തിൽനിന്ന്‌ ആ രാജ്യമടക്കമുള്ള യൂറോപ്പും ലോകവും കാണേണ്ടത്‌. 1969ന്‌ ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ പോളിങ്(72ശതമാനം) രേഖപ്പെടുത്തപ്പെട്ട തെരഞ്ഞെടുപ്പിൽ 42 ശതമാനത്തോളം പേർ തീവ്ര വലതുപക്ഷത്തിന്‌ വോട്ട്‌ ചെയ്‌തിരിക്കുന്നു. പോൾ ചെയ്‌തവരിൽ 30 ലക്ഷത്തിലധികം ആളുകൾ ഇരുവർക്കും ചെയ്യാതെ അസാധുവാക്കി. അതിനാൽ , ആശ്വസിക്കുമ്പോൾത്തന്നെ ഈ ഫലത്തിലെ മുന്നറിയിപ്പ്‌ മനസ്സിലാക്കാനും ലോകത്തിന്‌ കഴിയണം. ഈ ഫലത്തിന്റെ പ്രതിഫലനം  ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും ഉണ്ടായേക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top