08 December Friday

മതനിരപേക്ഷതയുടെ ഉത്സവം

വെബ് ഡെസ്‌ക്‌Updated: Monday Mar 28, 2022


നിലാവുണ്ണുന്ന പക്ഷിയാണ് ചകോരം. നല്ല സിനിമയുടൈ നിലാവുണ്ട് കാഴ്ചയുടെ അശാന്തി മനസ്സിൽ പേറി ലോകമാനവികതയുമായി ഐക്യപ്പെട്ട് കേരളത്തിന്റെ ചലച്ചിത്രമേളയുടെ പ്രിയചകോരങ്ങൾ തിരികെ പറന്ന് അവരവരുടെ ജീവിതത്തിരക്കുകളിലേക്ക് ചേക്കേറി.  ഐഎഫ്എഫ്‌കെ എന്നാൽ മതനിരപേക്ഷ കേരളത്തിന്റെ വാർഷിക സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞു. അതിന്റെ ചിഹ്നമായ ചകോരപ്പക്ഷി ചിന്തിക്കുന്ന നവകേരളത്തിന്റെ മനഃസാക്ഷിയും.

മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്‌ചയാണ് 26–-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞുനിന്നത്. എട്ടുദിനരാത്രങ്ങളിൽ 15 തിയറ്ററിലായി നൂറ്റിഎൺപതിലേറെ ചിത്രം. പതിനായിരത്തോളം പ്രേക്ഷകർ. കോവിഡ് പ്രതിസന്ധി അതിജീവിക്കെ ഒരിടവേളയ്‌ക്കുശേഷം ആദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റിലും പ്രവേശനം നൽകി. സീറ്റ് കിട്ടാത്തവർ നിലത്തിരുന്നും സിനിമ കണ്ടു. കാരണം, കാഴ്ചയുടെ ആനന്ദംമാത്രമായിരുന്നു ഏകലക്ഷ്യം. എതിർ ശബ്ദങ്ങൾക്കും ഇടംനൽകി ടാഗോർ പരിസരം മുദ്രാവാക്യം വിളികളുടെയും പ്രതിഷേധങ്ങളുടെയും കൂട്ടപ്പാട്ടുകളുടെയും അരങ്ങായി.

ഇന്ത്യൻ രാഷ്ട്രീയഭൂപടത്തിൽ കേരളം എങ്ങനെ വ്യത്യസ്തമാകുന്നുവെന്നതിന്റെ അടയാളപ്പെടുത്തൽകൂടിയാണ് ഐഎഫ്എഫ്‌കെ. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവംപോലും വിപണിയുടെ ഉത്സവമായി വഴുതിമാറിയപ്പോൾ ഉള്ളടക്കത്തിലും സംഘാടനത്തിലും കേരളത്തിന്റെ മേള പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശം ഉയർത്തി. ഐഎസ് ആക്രമണത്തിൽ കാലുകൾ നഷ്ടമായ ലിസ ചലാൻ എന്ന കുർദിഷ് സംവിധായികയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി ആദരിച്ചുകൊണ്ടായിരുന്നു മേളയുടെ തുടക്കം. കുർദിഷ് ജനതയുടെ അതിജീവനത്തിന്റെ ചലച്ചിത്രസാക്ഷ്യങ്ങളുമായി അവർ മേളമനസ്സിലേക്ക് ഓടിക്കയറി. ഉള്ളുലയ്ക്കുന്ന ഇന്ത്യൻ കാഴ്ചാനുഭവം പകർന്ന് സംഘപരിവാറിനോട് നിരന്തര യുദ്ധം ചെയ്യുന്ന പ്രമുഖ സംവിധായകൻ അനുരാഗ് കശ്യപും മേളയുടെ ഭാഗമായി. പോരാട്ടത്തിന്റെ പെൺപ്രതീകമായ നടി ഭാവന ഉദ്ഘാടനവേദിയിൽ എത്തിയത് കാൽനൂറ്റാണ്ട് പിന്നിട്ട മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ കൃത്യമായ പ്രഖ്യാപനമായി. സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ഭാവനയെ സ്വീകരിച്ചത്.

മേളചിത്രങ്ങളേറെയും തുറന്നുകാട്ടിയത് നെരിപ്പോടുകളായി മാറിയ പെൺജീവിതക്കാഴ്ചകൾ. മത്സരവിഭാഗത്തിൽ 14 ചിത്രത്തിൽ എട്ടും ഒരുക്കിയത് വനിതകൾ. സുവർണ ചകോരം നേടിയതും നവാഗത സംവിധാന പ്രതിഭാപട്ടം നേടിയതും മികച്ച സംവിധാന പട്ടം നേടിയതും പെണ്ണുതന്നെ. സ്ത്രീയുടെ അഭിലാഷങ്ങൾക്ക്‌ വിലങ്ങിടുന്ന പുരുഷ, മതാധികാര വ്യവസ്ഥയെ തുറന്നുകാട്ടുന്ന കോസ്റ്ററിക്കൻ ചിത്രം ക്ലാരാ സോളയ്ക്കാണ് സുവർണ ചകോരം. മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും ഈ ചിത്രത്തിലൂടെ നതാലി അൽവാരെസ് നേടി. അർജന്റീനിയൻ പെൺശബ്ദം ഉയർന്നുകേട്ട  കമീല കംസ് ഔട്ട് ടുനൈറ്റ് ഒരുക്കിയ ഇനേസ് മരിയ ബരിയനോവൊ സംവിധാനത്തിനുള്ള രജതചകോരം നേടി. വിഖ്യാത ഇന്ത്യൻ സംവിധായിക അപർണ സെന്നിന്റെ ദ റേപ്പിസ്റ്റ് പ്രേക്ഷകരുടെ ആവശ്യപ്രകാരം കൂടുതൽ പ്രദർശനം നടത്തി. തെന്നിന്ത്യൻ താരറാണി നയൻതാര നിർമിച്ച കൂഴാങ്കൽ പ്രേക്ഷകപുരസ്‌കാരം അടക്കം കൈനിറയെ അംഗീകാരം വാരിക്കൂട്ടി. നവാഗത സംവിധായകനുള്ള കെ ആർ മോഹനൻ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര ഒരുക്കിയ ‘അയാം നോട്ട് ദി റിവർ ഝല'വും താര രാമാനുജൻ സംവിധാനം ചെയ്ത മലയാള ചിത്രം ‘നിഷിദ്ധോ'യും തെരഞ്ഞെടുക്കപ്പെട്ടു. അർധസത്യങ്ങളും കൽപ്പിതകഥകളും കെട്ടിച്ചമച്ച് കശ്‌മീരിന് പുതിയ വ്യാഖ്യാനം നൽകാൻ ശ്രമിക്കുന്ന സംഘപരിവാർ കൊണ്ടാടുന്ന ‘കശ്മീർ ഫയൽസ്‌' പോലുള്ള സിനിമകൾക്കുള്ള ശക്തമായ മറുപടിയാണ് ‘അയാം നോട്ട് ദി റിവർ ഝലം'. ഓസ്‌കർ മത്സരത്തിൽ അന്തിമ പട്ടികയിലുള്ള ഡ്രൈവ് മൈ കാർ അടക്കം ലോകമേളകളിൽ തിളങ്ങിയ ചിത്രങ്ങളും മേളയുടെ ഈടുവയ്പായി. സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമം കൊണ്ടുവരുമെന്നും തിരുവനന്തപുരത്ത് സിനിമാ മ്യൂസിയം ഉടൻ യാഥാർഥ്യമാകുമെന്നുമുള്ള സർക്കാർ പ്രഖ്യാപനത്തിന് വലിയ പിന്തുണയാണ് മേളപ്രതിനിധികളിൽനിന്ന് ലഭിച്ചത്. ജസ്റ്റിസ് ഹേമയുടെയും അടൂർ ഗോപാലകൃഷ്ണന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാരംഗത്ത് സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക നിയമംകൊണ്ടുവരുന്നത് ഇടതുപക്ഷ സർക്കാരിന്റെ വലിയ കാൽവയ്പായിരിക്കും.

ഇരുപത്താറാമത് മേളയ്ക്ക് തിരുവനന്തപുരത്ത് തിരശ്ശീല വീഴുമ്പോൾ സമാനമായി ജില്ലകൾതോറും സിനിമാമേളകൾ സംഘടിപ്പിക്കാനുള്ള സാധ്യത തേടുകയാണ് ചലച്ചിത്ര അക്കാദമി. ലോകമാനവികതയുടെ വെളിച്ചത്തുരുത്തുകൾ കേരളമെമ്പാടും സൃഷ്ടിക്കപ്പെടുകതന്നെവേണം. നല്ല സിനിമയുടെ സന്ദേശം പകരുന്നതിനൊപ്പം മതനിരപേക്ഷതയുടെ ഉത്സവങ്ങളായി അവ മാറണം. പുതിയ കാലഘട്ടം കേരളത്തിൽനിന്ന്‌ അത് ആവശ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top