26 April Friday

സിനിമകള്‍ വേട്ടയാടപ്പെടുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 29, 2017

അസ്വസ്ഥതയുണര്‍ത്തുന്ന ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് ഇന്ത്യയുടെ 48-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തിരശ്ശീല വീണത്. മലയാള ചലച്ചിത്രപ്രതിഭകളുടെ പോരാട്ടവും പുരസ്കാരനേട്ടവും തന്നെയാകും ഇത്തവണത്തെ ഗോവന്‍ മേളയെ ഭാവിയില്‍ അടയാളപ്പെടുത്തുക. അര്‍ഹിക്കുന്ന അംഗീകാരമാണ് മികച്ച നടിക്കുള്ള പുരസ്കാരനേട്ടത്തിലൂടെ നടി പാര്‍വതിയും 'ടേക്ക്് ഓഫി'ന്റെ സംവിധായകന്‍ മഹേഷ് നാരായണനും നേടിയത്്. എന്നാല്‍, സനല്‍കുമാര്‍ ശശിധരന്‍ എന്ന യുവചലച്ചിത്രകാരനും 'എസ് ദുര്‍ഗ' എന്ന് പേര് മാറ്റേണ്ടിവന്ന 'സെക്സിദുര്‍ഗ' എന്ന സിനിമയും ഭരണകൂടഭീകരതയ്ക്കാണ് ഇരയായത്. കോടതി ഉത്തരവിനെ അട്ടിമറിക്കാന്‍ സംഘടിത ഗൂഢാലോചനയാണ് മേള സംഘാടകരും സെന്‍സര്‍ ബോര്‍ഡും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണമന്ത്രാലയവും നടത്തിയത്്. ഇഷ്ടപ്പെടാത്തവരെയും പ്രകോപിപ്പിക്കുന്നവരെയും വേട്ടയാടാന്‍ ഏതറ്റംവരെയും തരംതാഴാന്‍ മടിയില്ലാത്തവരാണ് രാജ്യം ഭരിക്കുന്നവരെന്ന ഭയാനകസത്യം വീണ്ടും വെളിപ്പെട്ടു.

ജൂറി തെരഞ്ഞെടുത്ത ചിത്രം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മേളയില്‍നിന്ന് ഒഴിവാക്കിയ ഏകാധിപത്യപരമായ നടപടിയിലൂടെയാണ് മേളയ്ക്ക് ഗോവയില്‍ തുടക്കമായത്. ആവിഷ്കാരസ്വാതന്ത്യ്രത്തിനെതിരായ കടന്നുകയറ്റം, കോടതി ഉത്തരവിനെ നോക്കുകുത്തിയാക്കി നടപ്പാക്കാന്‍ അധികാരത്തിലുള്ളവര്‍ സംഘടിതമായി നടത്തിയ ഗൂഢാലോചനയാണ് മേളയുടെ തിരശ്ശീല വീഴുമ്പോള്‍ വെളിപ്പെടുന്നത്. സനല്‍കുമാറിന്റെ 'എസ് ദുര്‍ഗ', മറാത്തി ചിത്രം 'ന്യൂഡ്' എന്നിവയാണ് ജൂറിതീരുമാനത്തെ മറികടന്ന് ഒഴിവാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്് ഇന്ത്യന്‍ പനോരമവിഭാഗം ജൂറി അധ്യക്ഷനായ പ്രമുഖ സംവിധായകന്‍ സുജോയ് ഘോഷ് സ്ഥാനം രാജിവച്ചു. അരനൂറ്റാണ്ടിനോടടുത്ത് പ്രായമാകുന്ന മേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ജൂറി തലവന് പ്രതിഷേധിക്കേണ്ടിവരുന്നത്. ജൂറി അംഗങ്ങള്‍ ഐകകണ്ഠ്യേനയെടുത്ത തീരുമാനത്തെ തള്ളിക്കളഞ്ഞത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്നും ചൂണ്ടിക്കാട്ടി പനോരമ ജൂറി അംഗങ്ങളായ ശതരൂപ സന്യാല്‍, സുരേഷ് ഹെബ്ളികര്‍, ഗോപി ദേശായി, രുചി നരേയ്ന്‍, ഹരി വിശ്വനാഥ് എന്നിവര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനിക്ക് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

റോട്ടര്‍ഡാം മേളയില്‍ വിഖ്യാതമായ ടൈഗര്‍ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമാണ് 'സെക്സി ദുര്‍ഗ'. സിനിമയ്ക്ക് 'സെക്സി ദുര്‍ഗ' എന്ന് പേരിട്ടതിനെതുടര്‍ന്ന് സനല്‍കുമാര്‍ ശശിധരനും കുടുംബത്തിനുമെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനെതുടര്‍ന്നാണ് സംവിധായകന് സിനിമയുടെ പേര് 'എസ് ദുര്‍ഗ' എന്നു തിരുത്തേണ്ടിവന്നത്. എന്നാല്‍, ഇതേകാരണം ചൂണ്ടിക്കാട്ടി ഒരിക്കല്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കിയിരിക്കുകയാണിപ്പോള്‍.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണമന്ത്രാലയത്തിന്റെ നടപടിക്കെതിരെ സനല്‍കുമാര്‍ ശശിധരന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ജൂറി വിലയിരുത്തിയശേഷം സിനിമ മേളയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിധിയുണ്ടായത്. സിനിമയുടെ സെന്‍സര്‍ ചെയ്ത കോപ്പി ഹൈക്കോടതി നിര്‍ദേശത്തെതുടര്‍ന്ന് തിങ്കളാഴ്ച രാത്രി ജൂറി അംഗങ്ങള്‍ വീണ്ടും കണ്ടു. എന്നാല്‍, മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചില്ല. കേരള ഹൈക്കോടതിയുടെ ഉത്തരവാണ് ഇതോടെ പരിഹസിക്കപ്പെട്ടത്. അതിനിടെ, സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാവിന് ഇ-മെയില്‍ അയച്ചു. സിനിമ കണ്ട ജൂറി അംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം.  കോടതി ഉത്തരവിനെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗൂഢനീക്കമാണ് ഇതിലൂടെ പുറത്തുവരുന്നത്. ലോക സിനിമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത 'സാവന്‍' എന്ന പാകിസ്ഥാന്‍ ചിത്രവും സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് അവസാനനിമിഷം മേളയില്‍നിന്ന് ഒഴിവാക്കി.

കലാസൃഷ്ടി ജനങ്ങള്‍ കാണേണ്ടെന്ന് തീരുമാനിക്കുന്ന ഭരണകൂടനടപടി ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്. 'പത്മാവതി' സിനിമയ്ക്കെതിരെ സംഘപരിവാറുകാരുടെ ശബ്ദമുയരുമ്പോള്‍ സംഘടിതരൂപത്തിലല്ലെങ്കിലും ബോളിവുഡില്‍നിന്ന് എതിര്‍ശബ്ദങ്ങളുയര്‍ന്നു. എന്നാല്‍, സിനിമയുടെ കച്ചവടവഴിക്ക് പുറത്ത് സര്‍ഗപ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വേട്ടയാടപ്പെടുമ്പോള്‍ ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങള്‍മാത്രമാണ് ഉയരുന്നത്. സര്‍ഗശേഷിക്കെതിരായ കടന്നുകയറ്റത്തിനെതിരെ ജനാധിപത്യവാദികള്‍ ഒറ്റക്കെട്ടായി രംഗത്തുവരേണ്ട സമയമാണിത്. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'സെക്സി ദുര്‍ഗ'യ്ക്ക് പ്രത്യേക പ്രദര്‍ശനം അനുവദിക്കാനുള്ള ചലച്ചിത്ര അക്കാദമിയുടെ നീക്കം ഈ സാഹചര്യത്തില്‍ ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പായി മാറുന്നു.

എണ്‍പത്തിരണ്ടു രാജ്യത്തുനിന്നുള്ള 195 ചിത്രമാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ 'ബിയോണ്ട് ദി ക്ളൌഡ്സാ'യിരുന്നു ഉദ്ഘാടന ചിത്രം. മലയാളിനടി മാളവിക മോഹനാണ് ചിത്രത്തില്‍ നായിക. മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചിത്രങ്ങള്‍ ലഭിച്ചില്ലെന്ന പരിഭവത്തോടെയാണ് ഗോവയില്‍നിന്ന് ഇത്തവണ പ്രതിനിധികളേറെയും മടങ്ങുന്നത്. കാസിം ഓസിന്റെ 'സെര്‍', അലക്സാഡ്രോസ് അവ്റാനസിന്റെ 'ലവ് മി നോട്ട്', കെന്നത്ത് ബ്രാനാഗിന്റെ 'മര്‍ഡര്‍ ഓണ്‍ ദി ഒറിയന്റ് എക്സ്പ്രസ'്, റൌള്‍ പെകിന്റെ 'ദി യങ് കാള്‍ മാര്‍ക്സ'് തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണം നേടി. 'ടേക്ക് ഓഫ്' പുരസ്കാരനേട്ടത്തിലൂടെ മലയാളത്തിന്റെ അഭിമാനമുയര്‍ത്തി. കച്ചവടസിനിമകള്‍ സംവരണാനുകൂല്യം നല്‍കി മേളയില്‍ തിരുകിക്കയറ്റി.

പത്തുദിവസത്തെ ഗോവന്‍ മേളയില്‍ ഇക്കുറി പാസെടുത്തവരുടെ എണ്ണം ആറായിരത്തില്‍ താഴെമാത്രം. കേരള അന്താരാഷ്ട്രചലച്ചിത്രമേളയുടെ 7000 പാസ് വെറും മൂന്നുമണിക്കൂറുകൊണ്ടാണ് പ്രതിനിധികള്‍ സ്വന്തമാക്കിയത്. ബോളിവുഡ് താരങ്ങളെ കുത്തിനിറയ്ക്കുമ്പോഴും നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഗോവന്‍ മേളയെ കൈയൊഴിയുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top