18 April Thursday

നെഹ്‌റുവിനെയും നിരാകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 31, 2021


മോദി ഭരണത്തിനു കീഴിൽ ചരിത്രത്തെ തലകീഴാക്കി നിർത്തുകയാണ്‌ ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ദൗത്യം. മുമ്പും ബിജെപി അധികാരത്തിൽ വന്നപ്പോൾ ചരിത്രം തിരുത്തിയെഴുതാനും ഹിന്ദുത്വവൽക്കരിക്കാനും ഇതര മതങ്ങളെ ഇകഴ്‌ത്താനും ഔദ്യോഗിക സ്ഥാപനമായ ഐസിഎച്ച്‌ആറിനെ ഉപയോഗിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസപദ്ധതിയിൽ കാവി പുരട്ടാനും ചില കള്ളനാണയങ്ങളെ ബിംബവൽക്കരിക്കാനും ശ്രമം നടന്നു. എന്നാൽ, എല്ലാ സീമയും അതിക്രമിച്ചുകൊണ്ടാണ്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഐസിഎച്ച്‌ആറിന്റെ ഇപ്പോഴത്തെ പോക്ക്‌. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘ആസാദി കാ അമൃത്‌ മഹോത്സവ’ത്തിന്റെ പോസ്റ്ററിൽനിന്ന്‌ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ ഒഴിവാക്കിയത്‌ മോദി സർക്കാരിനെ തിരിഞ്ഞുകൊത്തുകയാണ്‌.

രാഷ്‌ട്രപിതാവായ മഹാത്മജിയെ വെടിവച്ചുകൊന്ന സംഘപരിവാർ, രാഷ്‌ട്രശിൽപ്പി ജവാഹർലാൽ നെഹ്‌റുവിനോടുള്ള വിദ്വേഷം ഒരിക്കലും മറച്ചുവച്ചിരുന്നില്ല. വിഭജനകാലത്ത്‌ ഹിന്ദുരാഷ്‌ട്രം സ്വപ്‌നം കണ്ടവരുടെ പിൻഗാമികൾക്ക്‌, നെഹ്‌റു മുന്നിൽനിന്ന്‌ കെട്ടിപ്പടുത്ത മതനിരപേക്ഷ ബഹുസ്വര ഇന്ത്യയോട്‌ ഇന്നും പൊരുത്തപ്പെടാനായിട്ടില്ല. ഇന്ത്യ മറ്റൊരു പാകിസ്ഥാൻ ആകരുതെന്ന, അസംഖ്യം സ്വാതന്ത്ര്യ പോരാളികളുടെ ഇച്ഛയുടെ പ്രതീകമായിരുന്നു ജവാഹർലാൽ നെഹ്‌റു. ഇന്ത്യയുടെ ഐക്യവും പരമാധികാരവും കാത്ത രാഷ്‌ട്രതന്ത്രജ്ഞൻ, കറകളഞ്ഞ മതനിരപേക്ഷവാദി, യുക്തിചിന്തയും ശാസ്‌ത്രാഭിമുഖ്യവും മുറുകെപ്പിടിച്ച മനുഷ്യസ്‌നേഹി, സോഷ്യലിസ്റ്റ്‌ ചിന്ത ഉൾച്ചേർന്ന ആസൂത്രണം പ്രായോഗികമാക്കിയ ഭരണാധികാരി, ജനപക്ഷത്ത്‌ നിലയുറപ്പിച്ച ചരിത്രാന്വേഷകൻ എന്നിങ്ങനെ, ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ മറുപുറമായിരുന്നു പണ്ഡിറ്റ്‌ജിയുടെ ആശയലോകവും പ്രവൃത്തിപഥവും. സംഘപരിവാറിൽനിന്ന്‌ എതിർപ്പുകൾ ഏറ്റുവാങ്ങിയത്‌ നെഹ്‌റുവിന്റെ പ്രസക്തി വർധിപ്പിച്ചിട്ടേയുള്ളൂ. എന്നാൽ, പതിറ്റാണ്ടുകൾക്കിപ്പുറവും വസ്‌തുതകളെ വക്രീകരിക്കാനും ചരിത്രത്തിൽനിന്ന്‌ അടർത്തിമാറ്റാനും ശ്രമിക്കുമ്പോൾ ശക്തമായി നേരിടേണ്ടതുണ്ട്.

നെഹ്‌റുവിനെ വെട്ടിമാറ്റിയ പോസ്റ്ററിൽ ഉൾപ്പെട്ടവരിൽ ഒരാളൊഴികെ മറ്റെല്ലാവരും സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി വേളയിൽ ആദരിക്കപ്പെടേണ്ടവർ തന്നെ. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‌ മഹത്തായ സംഭാവനകൾ നൽകിയവരുടെ കൂട്ടത്തിൽനിന്ന്‌ ജവാഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയെന്നു മാത്രമല്ല, വി ഡി സവർക്കറെ കൂട്ടത്തിൽപ്പെടുത്തുകയും ചെയ്‌തു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷുകാർക്ക്‌ സ്‌തുതിവചനങ്ങൾ എഴുതിനൽകുകയും ചെയ്‌ത ഹിന്ദു മഹാസഭാ നേതാവ്‌ വി ഡി സവർക്കറെ നിരവധി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആന്തമാൻ ജയിലിൽനിന്ന്‌ മോചനം കാംക്ഷിച്ച്‌ ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ പലവട്ടം എഴുതിയ കത്തുകൾ രാഷ്‌ട്രീയ ദാസ്യത്തിന്റെയും ഭീരുത്വത്തിന്റെയും വഞ്ചനയുടെയും ചരിത്രശേഷിപ്പുകളാണ്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ക്രിയാത്മകമായ ഒരു പങ്കും വഹിച്ചില്ലെന്നത്‌ മാത്രമല്ല സംഘപരിവാറിന്റെ കളങ്കം; നിർണായകസന്ധികളിൽ ബ്രിട്ടീഷ്‌ ഏജന്റായി മാതൃരാജ്യത്തെ പിന്നിൽനിന്ന്‌ കുത്തിയെന്നതുകൂടിയാണ്‌.

അധികാരസ്ഥാനങ്ങൾ ദുരുപയോഗിച്ച്‌ ഈ പാപക്കറ കഴുകാനും ചരിത്രത്തെ തങ്ങൾക്ക്‌ അനുകൂലമായി പുനർനിർമിക്കാനുമാണ്‌ ബിജെപി സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. നേരത്തെ പാർലമെന്റിന്റെ നടുത്തളത്തിൽ ഗാന്ധിജിക്ക്‌ അഭിമുഖമായി സവർക്കറുടെ ചിത്രം സ്ഥാപിച്ചതും ഇപ്പോൾ ഐസിഎച്ച്‌ആറിന്റെ പോസ്റ്ററിൽ കാട്ടിക്കൂട്ടിയ അന്യായവുമൊക്കെ ഇതിന്റെ ഭാഗമാണ്‌. എന്നാൽ, സവർക്കറുടെ കൈകളിൽ പുരണ്ട ചോരക്കറ എങ്ങനെയാണ്‌ ഇവർക്ക്‌ വെളുപ്പിച്ചെടുക്കാനാകുക. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗൂഢാലോചനയിൽ പങ്കാളിയെന്നതാണ്‌ സവർക്കർക്ക്‌ ചരിത്രത്തിലുള്ള സ്ഥാനം. ഗാന്ധിവധക്കേസിൽ അറസ്റ്റിലാകുകയും വിചാരണ നേരിടുകയും ചെയ്‌ത പ്രതിയെ ഇപ്പോൾ ഗാന്ധിജിക്കൊപ്പം പ്രതിഷ്‌ഠിക്കുന്നത്‌ എങ്ങനെയാണ്‌ ന്യായീകരിക്കാനാകുക.

സ്വാതന്ത്ര്യസമരത്തിൽ തങ്ങൾക്ക്‌ ഇല്ലാത്ത പങ്ക്‌ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന സംഘപരിവാർ, യഥാർഥ പോരാളികളെ തമസ്‌കരിക്കാനും പരിശ്രമിക്കുന്നു. മലബാർ സമരത്തെ വർഗീയ കലാപമാക്കി ചിത്രീകരിച്ച ബ്രിട്ടീഷുകാരെ തിരുത്തിയത്‌ നിരവധി വിശ്രുത ചരിത്രകാരൻമാരുടെ ഇടപെടലിലൂടെയാണ്‌. അതെല്ലാം നിരാകരിച്ചുകൊണ്ടാണ്‌ ഐസിഎച്ച്‌ആർ രക്തസാക്ഷിപ്പട്ടികയിൽനിന്ന്‌ മലബാർ സമര പോരാളികളെ നീക്കംചെയ്‌തത്‌. വാഗൺ ട്രാജഡിയുടെ ഇരകളെയും ഇത്തരത്തിൽ നീക്കാനൊരുങ്ങുകയാണ്‌. മതവർഗീയതയുടെയും വിഭാഗീയതയുടെയും വിഷം ചരിത്രത്തിലേക്കുകൂടി സന്നിവേശിപ്പിക്കാനുള്ള ശ്രമം ഇന്ത്യയിലെമ്പാടും നടക്കുകയാണ്‌. ഇതിനെതിരായ ശക്തമായ ചെറുത്തുനിൽപ്പും രാജ്യവ്യാപകമാണ്‌. സ്വാതന്ത്ര്യസ്‌മാരക പോസ്റ്ററിൽ നെഹ്‌റുവിനെ നിരാകരിച്ചതിനെതിരെ അതിശക്തമായ വികാരമുയർന്നപ്പോൾ, അടുത്ത പോസ്റ്ററിൽ ഉൾപ്പെടുത്തുമെന്ന ബാലിശ വിശദീകരണമാണ്‌ ഐസിഎച്ച്‌ആർ മേധാവിയിൽനിന്ന്‌ ഉണ്ടായത്‌. ‘വിശ്വചരിത്രാവലോകനം’, ‘ഇന്ത്യയെ കണ്ടെത്തൽ’ എന്നീ ബൃഹത്‌ ഗ്രന്ഥങ്ങളുടെ കർത്താവെന്ന നിലയിലെങ്കിലും ജവാഹർലാൽ നെഹ്‌റുവിനെ മനസ്സിലാക്കാൻ പ്രാപ്‌തിയുള്ളവരെ വേണമായിരുന്നു ചരിത്ര കൗൺസിലിന്റെ തലപ്പത്തുവയ്‌ക്കാൻ. ആദരിക്കപ്പെടാൻ ഊഴം കാത്തിരിക്കേണ്ട വ്യക്തിത്വമാണോ ജവാഹർലാൽ നെഹ്‌റു എന്ന ചോദ്യം ബിജെപി ഭരണത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. ഇന്ത്യയുടെ മതനിരപേക്ഷ മനസ്സിന്‌ കൂടുതൽ ഊർജം പകരുന്നതാണ്‌ ഈ ചോദ്യത്തിനുള്ള മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top