25 April Thursday

ആരോഗ്യസുരക്ഷയും‌ രാജ്യസുരക്ഷയും

വെബ് ഡെസ്‌ക്‌Updated: Monday May 4, 2020



ബാൽക്കണിയിൽ പാത്രങ്ങൾകൊണ്ട്‌ കൊട്ട്,‌ വിളക്കുകൊളുത്തൽ ഇപ്പോൾ പുഷ്‌പവൃഷ്ടിയും. കോവിഡിനെതിരെ മുൻപിൽനിന്നു പൊരുതുന്ന  ആരോഗ്യപ്രവർത്തകർക്ക്‌ ആദരം അർപ്പിക്കുന്നതിന്‌ കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത വ്യത്യസ്‌തമായ രീതികളാണ്‌ ഇത്‌ .(ഇതിലൊക്കെ അന്തർലീനമായിരിക്കുന്നത്‌ പുരാണബന്ധമായ ആചാരങ്ങളല്ലേ എന്ന്‌ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല). എന്നാൽ, ആരോഗ്യപ്രവർത്തകർ ആദരിക്കപ്പെടേണ്ടവരാണെന്ന കാര്യത്തിൽ തർക്കമില്ല. ശത്രുരാജ്യവുമായി യുദ്ധം ചെയ്യുന്ന സൈനികരോളമോ അതിലേറെയോ ആരോഗ്യപ്രവർത്തകർ ആദരിക്കപ്പെടുക തന്നെ വേണം.  ജാതി–-മത ഭേദമില്ലാതെ, പണക്കാരനും പാവപ്പെട്ടവനുമെന്ന ഭേദമില്ലാതെ കൊറോണ വൈറസ്‌ എല്ലാവരെയും ബാധിക്കുന്ന കാലത്ത്‌ ഏവരും ഉറ്റുനോക്കുന്നത്‌ ഡോക്ടർമാരും നേഴ്‌സുമാരും ആംബുലൻസ്‌‌ ഡ്രൈവർമാരും ലാബ്‌ടെക്‌നീഷ്യന്മാരും ശുചീകരണത്തൊഴിലാളികളും അടങ്ങുന്ന ആരോഗ്യപ്രവർത്തകരിലേക്കാണ്‌. അതിർത്തി കാക്കാൻ നിയോഗിക്കപ്പെട്ട ഇന്ത്യൻ സൈന്യം കോവിഡ്‌ ആശുപത്രികൾക്കുമേൽ ഞായറാഴ്‌ച പുഷ്‌പവൃഷ്ടി നടത്തിയപ്പോൾ അത്‌ രാജ്യസുരക്ഷയ്‌ക്ക്‌ ഏറെ അർഥവ്യാപ്‌തി നൽകുന്ന നടപടിയായി. ആരോഗ്യമുള്ള ഒരു ജനതയുണ്ടെങ്കിലേ രാജ്യസുരക്ഷ അർഥപൂർണമാകൂ എന്ന സന്ദേശമാണ്‌ ഇത്‌ നൽകുന്നത്‌.

ഏതൊരു രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സൈന്യത്തിന്‌ വലിയ പങ്കുണ്ട്‌. ആർക്കും അത്‌ നിഷേധിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെയാണ്‌ ഇന്ത്യ പോലുള്ള പല രാജ്യവും വരുമാനത്തിന്റെ ഒരു വലിയ പങ്കും പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ നീക്കിവയ്‌ക്കുന്നത്‌. പ്രതിരോധ ആവശ്യങ്ങൾക്ക്‌ ഫണ്ട്‌ ഒരിക്കലും തടസ്സമാകില്ലെന്നത്‌ ധനമന്ത്രിമാരുടെ ബജറ്റ്‌ പ്രസംഗത്തിലെ സ്ഥിരം പല്ലവിയാണ്‌. രാജ്യത്തിന്റെ വാർഷിക ബജറ്റ്‌ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ തുക വകയിരുത്തുന്നതും പ്രതിരോധ ആവശ്യങ്ങൾക്കാണെന്നു കാണാം. നടപ്പുസാമ്പത്തികവർഷത്തെ കണക്കെടുത്ത്‌ പരിശോധിച്ചാൽ തന്നെ 3.37 ലക്ഷം കോടി രൂപയാണ്‌ പ്രതിരോധമേഖലയ്‌ക്ക്‌ നീക്കിവച്ച തുക. എന്നാൽ, ആരോഗ്യമേഖലയ്‌ക്ക്‌ അതിന്റെ അഞ്ചിലൊന്ന്‌ തുക മാത്രമാണ്‌ നീക്കിവച്ചിട്ടുള്ളത്‌. 1991ൽ ധനമന്ത്രിയായിരുന്ന മൻമോഹൻസിങ് നവഉദാരവൽക്കരണ നടപടികൾക്ക്‌ തുടക്കമിട്ടതുമുതൽ ആരോഗ്യമേഖല അവഗണിക്കപ്പെടുകയായിരുന്നു. നടപ്പുസാമ്പത്തികവർഷം 67,484 കോടി രൂപ മാത്രമാണ്‌ ആരോഗ്യമേഖലയ്‌ക്കുള്ള നീക്കിയിരിപ്പ്‌. അതിന്റെ അഞ്ചിരട്ടിയാണ്‌ പ്രതിരോധ ബജറ്റ്‌.

ഒരു മിസൈൽവേധ ടാങ്കിനേക്കാളും മനുഷ്യരാശിയെ രക്ഷിക്കാനുള്ള കഴിവ്‌ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്‌ ഉണ്ടെന്ന്‌ വൈറസ്‌ ബാധ തെളിയിച്ചു. അതുകൊണ്ടുതന്നെ രാജ്യസുരക്ഷ ആയുധം വാങ്ങിക്കൂട്ടുന്നതിൽ മാത്രമല്ല ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിൽക്കൂടിയാണെന്ന്‌ എല്ലാ ഭരണാധികാരികളും തിരിച്ചറിയേണ്ട കാലംകൂടിയാണിത്‌

എന്നാൽ, ശക്തമായ പട്ടാളം കൊണ്ടും ആണവായുധം ഉൾപ്പെടെയുള്ള ആയുധക്കൂമ്പാരംകൊണ്ടും രാജ്യത്തെയും അവിടത്തെയും ജനങ്ങളെ രക്ഷിക്കാനാകില്ലെന്ന്‌ കോവിഡ്‌ –-19 മനുഷ്യരാശിയെ പഠിപ്പിച്ചു. ആയുധംകൊണ്ട്‌ ജയിക്കാമായിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്കയിൽ അറുപത്തേഴായിരത്തിലധികംപേർ മരിക്കില്ലായിരുന്നു. വിയത്‌നാം യുദ്ധത്തിൽ അമേരിക്കയ്‌ക്ക്‌ നഷ്ടപ്പെട്ടതിനേക്കാൾ ആളുകൾ കോവിഡ്‌ ബാധിച്ച്‌ ആ രാജ്യത്ത്‌ മരിച്ചുകഴിഞ്ഞു. ഒരു മിസൈൽവേധ ടാങ്കിനേക്കാളും മനുഷ്യരാശിയെ രക്ഷിക്കാനുള്ള കഴിവ്‌ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്‌ ഉണ്ടെന്ന്‌ വൈറസ്‌ ബാധ തെളിയിച്ചു. അതുകൊണ്ടുതന്നെ രാജ്യസുരക്ഷ ആയുധം വാങ്ങിക്കൂട്ടുന്നതിൽ മാത്രമല്ല ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിൽക്കൂടിയാണെന്ന്‌ എല്ലാ ഭരണാധികാരികളും തിരിച്ചറിയേണ്ട കാലംകൂടിയാണിത്‌. ക്യൂബയും വിയത്‌നാമും ചൈനയും കേരളവും ലോകത്തിനു നൽകുന്ന സന്ദേശവും അതുതന്നെയാണ്‌.

രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ അവസ്ഥ തീർത്തും പരിതാപകരമാണ്‌ ഇന്ന്‌. നെഹ്‌റുവിന്റെ കാലത്ത്‌ ആരംഭിച്ച സാമ്പത്തികാസൂത്രണത്തിന്റെ പാതവിട്ട്‌ ആരോഗ്യമേഖലയിൽ നിന്നുൾപ്പെടെ സർക്കാർ പിൻവാങ്ങി, സ്വകാര്യമേഖലയെ പ്രതിഷ്‌ഠിച്ച നിയോലിബറൽ നയം സ്വീകരിച്ചതാണ്‌ ഇതിനു കാരണം. പണം നൽകാനുള്ളവനു മാത്രം വിദഗ്‌ധ ചികിത്സയെന്നതായിരുന്നു കോർപറേറ്റുകാലത്തെ നീതി. ഇതു പിന്തുടർന്ന്‌ നാമമാത്രമായ പൊതുജനാരോഗ്യ സംവിധാനംപോലും തകർത്ത്‌ സ്വകാര്യവൽക്കരണത്തിലൂന്നിയ അമേരിക്കയിലെ ന്യൂയോർക്കും ഇറ്റലിയിലെ ലൊംബാർഡിയും ശവപ്പറമ്പുകളായി. ലോകാരോഗ്യസംഘടന 2000ൽ പ്രസിദ്ധീകരിച്ച ആരോഗ്യ റിപ്പോർട്ട്‌ അനുസരിച്ച്‌ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കുള്ള സ്ഥാനം 112–-ാമതാണ്‌.

ലോകബാങ്കിന്റെ കണക്കനുസരിച്ച്‌ 1000 പേർക്ക്‌ ഇന്ത്യയിൽ 0.8 ഡോക്ടർ മാത്രമാണുള്ളത്‌. കൊച്ചുക്യൂബയിൽ ഇത്‌ 8.2 ആണെന്ന്‌ ഓർക്കുക. ആശുപത്രി ബെഡുകളുടെ കാര്യത്തിലും ഇന്ത്യ വളരെ പിറകിലാണ്‌. ആരോഗ്യപ്രവർത്തകർക്ക്‌ ആവശ്യമായ സുരക്ഷാകവചവും ഗ്ലൗസുകളും മറ്റും ആവശ്യത്തിന്‌ നൽകുന്നതിനുപോലും കഴിയുന്നില്ലെന്നതാണ്‌ വസ്‌തുത. മുംബൈയിലും ഡൽഹിയിലും ഇൻഡോറിലും മറ്റും ആരോഗ്യപ്രവർത്തകർക്ക്‌ വ്യാപകമായി രോഗബാധയുണ്ടാകാനുള്ള കാരണവും മറ്റൊന്നല്ല. അതിനാൽ കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിലെങ്കിലും ആരോഗ്യമേഖലയ്‌ക്ക്‌ മോഡി സർക്കാർ തന്നെ പ്രഖ്യാപിച്ച ജിഡിപിയുടെ 2.5 ശതമാനമെങ്കിലും അനുവദിക്കാനും പ്രാഥമികാരോഗ്യമേഖല ശക്തിപ്പെടുത്താനും നടപടികളുണ്ടാകണം. പ്രതിരോധ ബജറ്റിനൊപ്പമോ അതിലേറെയോ പ്രാധാന്യം ജനങ്ങളുടെ ആരോഗ്യസുരക്ഷയ്‌ക്ക്‌ നൽകാൻ ഇനിയെങ്കിലും കേന്ദ്രസർക്കാർ തയ്യാറാകണം. ആരോഗ്യമുള്ള ജനതയാണ്‌ രാജ്യസുരക്ഷയുടെ അടിത്തറയെന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കാൻ ഭരണാധികാരികൾ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top