16 April Tuesday

വ്യോമാക്രമണം: തെളിവുകൾ പുറത്തുവിടണം

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019


ഇന്ത്യ ഫെബ്രുവരി 26നു പുലർച്ചെ ബാലാകോട്ടിൽ ജെയ്ഷെ മുഹമ്മദ് ഭീകരവാദകേന്ദ്രത്തിനു നേരെ നടത്തിയ വ്യോമാക്രമണം ഭീകരവാദത്തിന് കനത്ത ആഘാതമേൽപ്പിക്കാൻ കഴിഞ്ഞോ എന്നതു സംബന്ധിച്ച് പല കോണുകളിൽനിന്നും സംശയം ഉയരുകയാണ്. ആക്രമണത്തിന്റെ ഫലമായി കുറെയധികം ഭീകരവാദികൾ കൊല്ലപ്പെട്ടുവെന്നും അതിൽ ജെയ്ഷെ മുഹമ്മദിന്റെ ‘നേതാക്കളും പരിശീലകരും ഭീകരവാദികളും'പെടുമെന്നുമാണ് വിദേശ  സെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. തുടർന്ന് ചില ഇന്ത്യൻ മാധ്യമങ്ങൾ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 300 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണം നടന്ന കാര്യം പാകിസ്ഥാൻ സ്ഥിരീകരിച്ചെങ്കിലും ആൾനാശമോ വൻ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെടുകയും ചെയ്തു.

പാകിസ്ഥാന്റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്ന രീതിയിലാണ് പാശ്ചാത്യ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകളും വിശകലനങ്ങളും. ‘ന്യൂയോർക്ക് ടൈംസ‌്' നൽകിയ റിപ്പോർട്ടനുസരിച്ച് ആക്രമണം നടന്ന സ്ഥലത്തെ ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പ് നേരത്തെ തന്നെ അവിടെ നിന്നു മാറ്റുകയോ അടച്ചിടുകയോ ചെയ്തിരുന്നുവെന്നാണ്. ‘വാഷിങ‌്ടൺ പോസ്റ്റ‌്' നൽകിയ റിപ്പോർട്ടനുസരിച്ച് ബാലാകോട്ട് നഗരത്തിൽനിന്ന‌് അകലെയാണ‌് വ്യോമാക്രമണം നടന്നത‌്. എന്നാൽ, വൻ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പത്രം നൽകുന്ന റിപ്പോർട്ട‌്.  അമേരിക്കയിൽനിന്ന‌് ഇറങ്ങുന്ന  ‘ഹഫിങ്ടൺ പോസ്റ്റാ'കട്ടെ എതാനും പൈൻ മരങ്ങളും കാക്കയും മാത്രമാണ് ചത്തതെന്ന് റിപ്പോർട്ട‌് ചെയ്തു.  ബ്രിട്ടനിൽനിന്നും ഇറങ്ങുന്ന  ‘ഡെയ‌്‌ലി ടെലഗ്രാഫ‌്' ആകട്ടെ റോയിട്ടർ വാർത്താ ഏജൻസിയുടെ റിപ്പോർട്ട‌് ഉദ്ധരിച്ചുകൊണ്ട് ഫെബ്രുവരി 26നു രാവിലെ നാല് സ്ഫോടനമുണ്ടായതായി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഒരാൾക്ക് പരിക്കേൽക്കുക മാത്രമേ ഉണ്ടായുള്ളൂവെന്നും റിപ്പോർട്ട് തുടർന്നു. ‘അൽ ജസീറ' ടെലിവിഷനും ഇതുതന്നെയാണ് റിപ്പോർട്ട് ചെയ്തത്.  എതാനും മരങ്ങൾ മറിഞ്ഞുവീണിട്ടുണ്ടെന്നും ഒരു വീടിനു മാത്രം കേടുപാടു സംഭവിച്ചുവെന്നുമാണ് ബ്രിട്ടനിൽനിന്നും ഇറങ്ങുന്ന ‘ഗാർഡിയൻ' പത്രത്തിന്റെ റിപ്പോർട്ട‌്. യുഎഇയിൽനിന്ന‌് ഇറങ്ങുന്ന ‘ഗൾഫ് ന്യൂസ‌്' ആകട്ടെ ഭീകരവാദകേന്ദ്രം തകർക്കുകയെന്ന ലക്ഷ്യം നേടാനായില്ലെന്നും മസൂദ് അസ്ഹറിന്റെ മദ്രസയ‌്ക്ക് ഒരു കിലോമീറ്റർ അകലെയാണ് ബോംബ് വന്നുപതിച്ചതെന്നും റിപ്പോർട്ട് ചെയ്തു.

ഉപഗ്രഹചിത്രം വിലയിരുത്തിക്കൊണ്ട് മൂന്നോളം ഏജൻസികളും ബാലാകോട്ടിലെ ആക്രമണം ലക്ഷ്യംകണ്ടില്ലെന്നാണ് സ്ഥാപിക്കുന്നത്. അമേരിക്കയിലെ ഡിജിറ്റൽ ഫോറൻസിക് ലാബ്, ഓസ്ട്രേലിയൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷണലിലെ വിദഗ‌്ധൻ നാഥൻ റുസേർ, അമേരിക്കയിലെ അത‌്‌ലാന്റിക് കൗൺസിൽ ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ലാബിലെ മൈക്കിൾ ജേക്കബ്സൺ ഷെൽഡൻ എന്നിവരും ഫെബ്രുവരി 26നു രാവിലത്തെ ഉപഗ്രഹചിത്രങ്ങൾ പഠനവിധേയമാക്കി ഭീകരവാദകേന്ദ്രമൊന്നും തകർത്തിട്ടില്ലെന്ന് സമർഥിച്ചു. അതായത് ഇന്ത്യയുടെ അവകാശവാദത്തെ പാകിസ്ഥാനേക്കാൾ പാശ്ചാത്യ മാധ്യമങ്ങളാണ് ചോദ്യം ചെയ്യുന്നതെന്ന് സാരം.

അതുകൊണ്ടുതന്നെ ലോകത്തിനു മുമ്പിൽ ഇന്ത്യൻ സൈന്യത്തിന്റെ മികവും വിശ്വാസ്യതയും മോശമായി ചിത്രീകരിക്കാൻ ഇത് ഇടവരുത്തും. മാത്രമല്ല, ഇതുസംബന്ധിച്ച് യഥാർഥ വസ്തുതകൾ നൽകാത്തിടത്തോളം ഇത്തരം റിപ്പോർട്ടുകളും  ഊഹാപോഹങ്ങളും തുടരുകയും ചെയ്യും. അത് ഇന്ത്യക്ക് ഗുണകരമല്ല. ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർന്നുകാണാൻ രാജ്യത്തിലെ ഒരു പൗരനും ആഗ്രഹിക്കുകയുമില്ല.

ബാലാകോട്ടിലെ ഭീകരവാദകേന്ദ്രത്തിനു നേരെ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച്  ‘വിശ്വസനീയമായ തെളിവുണ്ടെ’ന്നും ആൾനാശത്തെക്കുറിച്ചുള്ള കണക്ക് ഇപ്പോൾ വെളിപ്പെടുത്തുന്നത് ‘അപക്വമായിരിക്കു’മെന്നുമാണ് എയർ ചീഫ് മാർഷൽ ആർ ജി കെ കപൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വിദേശമന്ത്രാലയ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങൾ ബാലാകോട്ട് ആക്രമണത്തിന്റെ വിശദാംശം സർക്കാരിനോട് ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ്. എന്നാൽ, പാർലമെന്റ് സ്ഥിരംസമിതിക്ക‌ു മുമ്പിൽ ഹാജരായ വിദേശ  സെക്രട്ടറി വിജയ് ഗോഖലെയും ഉയർന്ന ഉദ്യോഗസ്ഥരും മരണസംഖ്യയെക്കുറിച്ച് ഒന്നും പറയാൻ തയ്യാറായില്ല. സൈനിക നടപടിയെക്കുറിച്ച് എന്തെങ്കിലും പറയാൻ താൻ ആളല്ലെന്ന് ഗോഖലെ പറഞ്ഞതായി ‘ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, മാധ്യമ റിപ്പോർട്ടുകൾ ശരിയാണെന്ന് സൂചിപ്പിക്കുന്ന രണ്ട‌് പ്രസ‌്താവന  കേന്ദ്രമന്ത്രി എസ്  എസ് അഹ‌്‌ലുവാ‌ലിയയിൽനിന്നും പ്രധാനമന്ത്രി മോഡിയിൽനിന്നും ഉണ്ടായി. ആൾനാശമായിരുന്നില്ല ബാലാകോട്ട‌് ആക്രമണത്തിന്റെ ലക്ഷ്യമെന്നും മൂന്നു പേർ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രിയോ ബിജെപി അധ്യക്ഷൻ അമിത് ഷായോ അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു  അഹ‌്‌ലുവാ‌ലിയയുടെ പ്രസ്താവന. റഫേൽ വിമാനമുണ്ടായിരുന്നെങ്കിൽ തിരിച്ചടി കൂടുതൽ ശക്തമാകുമായിരുന്നുവെന്ന മോഡിയുടെ പ്രസ്താവന തിരിച്ചടി ശക്തമായിരുന്നില്ലെന്ന വിശകലനത്തിന് അവസരമേകുകയും ചെയ്തു.  ഏതായാലും തങ്ങളുടെ വാദം ന്യായീകരിക്കാൻ ഇരുവരുടെയും പ്രസ്താവനകൾ പാകിസ്ഥാൻ ആയുധമാക്കുകയും ചെയ്തു. ഇതിനൊരു അന്ത്യമിടാൻ ഇനിയെങ്കിലും ബാലാകോട്ട് വ്യോമാക്രമണത്തിന്റെ നാശനഷ്ടം സംബന്ധിച്ച വസ്തുതകൾ കേന്ദ്ര സർക്കാർ ലോകവുമായി പങ്കുവയ‌്ക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top