19 April Friday

സര്‍ക്കാര്‍ ജാഗ്രതയ്‌ക്ക് ഒരു വിജയംകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലവും ബുധനാഴ്ച പുറത്തുവന്നു. ഈ കോവിഡ് കാലത്ത് വിദ്യാഭ്യാസമേഖലയിൽ ഒരു കടമ്പകൂടി കടക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. അനിശ്ചിതത്വത്തിന്റെ കാലമാണ്. എല്ലാം എന്ന് പഴയപോലെ ആകുമെന്ന് ആർക്കും പറയാൻ കഴിയാത്ത അവസ്ഥ. എന്നാൽ, ഈ അസാധാരണ ദിനങ്ങളിലും  വിദ്യാർഥികളുടെ ഭാവി അപകടത്തിലാകരുത് എന്ന സർക്കാർ ജാഗ്രതയുടെ വിജയമാണ് ഈ ഫലപ്രഖ്യാപനം.

എസ്എസ്എൽസി പരീക്ഷയ്ക്കൊപ്പം ഏറെ വെല്ലുവിളികളും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് ഹയർ സെക്കൻഡറി പരീക്ഷയും  നടത്തിയത്. പരീക്ഷ നടത്തുന്നതിനെതിരെ അത്യന്തം മോശമായ പ്രചാരണമാണ് പ്രതിപക്ഷത്തെ പ്രമുഖർ നടത്തിയത്. പക്ഷേ, ഒരു കുട്ടിക്കുപോലും രോഗബാധ വരില്ലെന്ന് ഉറപ്പുവരുത്തി പരീക്ഷ പൂർത്തിയാക്കാൻ  സർക്കാരിനു കഴിഞ്ഞു. എൽഎസ്എസ് -–-യുഎസ്എസ് പരീക്ഷകളുടെ ഫലവും വ്യാഴാഴ്ച  വരുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്  വ്യക്തമാക്കിയിട്ടുണ്ട്. പതിനൊന്നാം  ക്ലാസിലെയും മൂല്യനിർണയം പൂർത്തിയായി.  അതിന്റെ ഫലവും ഈ മാസംതന്നെ ഉണ്ടാകും. ഇതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ എല്ലാ പരീക്ഷകളുടെയും ഫലം വന്നുകഴിയും. ഇപ്പോഴത്തെ സ്ഥിതിയിൽ ഇതെല്ലാം വലിയ നേട്ടം തന്നെയാണ്.

സിബിഎസ്ഇ സിലബസിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഫലവും കഴിഞ്ഞദിവസം വന്നിരുന്നു. ഈ ഫലം പക്ഷേ മുഴുവൻ പരീക്ഷകളും നടത്താതെയുള്ളതായിരുന്നു. എഴുതിയ പരീക്ഷകളുടെ മാർക്ക് നോക്കി അതിന്‌ ആനുപാതികമായി, നടത്താത്ത പരീക്ഷകൾക്ക് മാർക്ക് കൊടുക്കുകയാണ് ചെയ്തത്. ബിരുദ പ്രവേശനത്തിനും മറ്റും ഓരോ മാർക്കും പ്രധാനമായി മാറുന്ന സാഹചര്യത്തിൽ ഈ മാർക്ക് ദാനം ചില വിദ്യാർഥികൾക്കെങ്കിലും ദോഷമായി. കേരളത്തിൽ ഈ വക ഊഹക്കണക്കൊന്നും വേണ്ടിവന്നില്ല. കൃത്യമായി പരീക്ഷകൾ എല്ലാം നടത്തി, ഉത്തരക്കടലാസുകൾ എല്ലാം മൂല്യനിർണയം നടത്തി, ഓരോ കുട്ടിക്കും അർഹതപ്പെട്ട മാർക്ക് കിട്ടുന്നു എന്ന് ഉറപ്പാക്കുകയാണ് സർക്കാർ ചെയ്തത്. ആശങ്കകൾ നിറഞ്ഞ ഈ നാളുകളിൽ കുട്ടികൾക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമാണിത്.

വെല്ലുവിളിയുടെ മറ്റൊരു ഘട്ടംകൂടി സർക്കാരിനെ കാത്തിരിക്കുന്നുണ്ട്. ഹയർ സെക്കൻഡറി പരീക്ഷയിൽ 85.13 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം  84.33 ആയിരുന്നു വിജയശതമാനം. 3,19,782 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിരിക്കുന്നത്. ഇപ്പോൾ ഉപരിപഠനത്തിന് അർഹത നേടിയ ഈ കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കണം. ഇവരിൽ ബിടെക്, എംബിബിഎസ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കാൻ പോകുന്നവരുണ്ട്. അവർക്ക് പ്രവേശന പരീക്ഷ നടത്തേണ്ടതുണ്ട്. കീം  പ്രവേശനപരീക്ഷ വ്യാഴാഴ്ച നടക്കുകയാണ്. ദേശീയതലത്തിൽ പരീക്ഷകൾ നടക്കാത്ത സാഹചര്യത്തിൽ ഇവരുടെ പ്രവേശന നടപടികളിൽ പ്രശ്നങ്ങൾ വരാമെങ്കിലും പ്രവേശന പരീക്ഷയുടെ ആശങ്കയിൽനിന്ന് കുട്ടികൾക്ക് മോചിതരാകാൻ കഴിയും.

ബിരുദ പ്രവേശനമാണ് മറ്റൊരു കടമ്പ. കോളേജുകളിലെ ബിരുദ കോഴ്സുകൾ പുതുക്കിപ്പണിയാൻ ഒട്ടേറെ നിർദേശങ്ങൾ ഇന്ന് സർക്കാരിന്റെ മുന്നിലുണ്ട്. കോളേജുകളിൽ ആരംഭിക്കാവുന്ന പുതിയ കോഴ്‌സുകളെക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ച സമിതി നൽകിയ  റിപ്പോർട്ടിലാണ് നിർദേശങ്ങൾ ഉള്ളത്. നാലുവർഷ ബിരുദ ഓണേഴ്‌സ്‌, മൂന്നുവർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ,  ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റഗ്രേറ്റഡ്‌ ) കോഴ്‌സ്‌ തുടങ്ങി ഒരു പിടി നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, എൻജിനിയറിങ്‌, ശാസ്‌ത്ര വിഷയങ്ങൾക്കായി നൂറിലേറെ കോഴ്‌സും നിർദേശിച്ചിട്ടുണ്ട്‌. വിദേശത്ത് പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് ഗുണകരമാകും എന്ന കാഴ്ചപ്പാടോടെ ചില മാറ്റങ്ങളും നിർദേശിക്കുന്നു.

നമ്മുടെ ബിരുദപഠന മേഖലയിൽ മാറ്റങ്ങൾ ആവശ്യമാണ്. ഇക്കാര്യത്തിൽ പുതിയ ചിന്തകൾ ഉണ്ടാകുകയും വേണം. എങ്കിലും അവ നടപ്പാക്കുംമുമ്പ് ഈ മേഖലയിലെ എല്ലാ വിഭാഗങ്ങളുമായും വിശദമായ ചർച്ച ആവശ്യമുണ്ട്. വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പുരോഗമന കാഴ്ചപ്പാടിന് കീഴ്പ്പെടുത്തി വേണം അവ നടപ്പാക്കാൻ. ചില ആശങ്കകൾ ഇപ്പോൾത്തന്നെ ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് മാത്രമേ പുതിയ കോഴ്സുകളുടെ കാര്യത്തിൽ സർക്കാർ മുന്നോട്ടുപോകുകയുള്ളൂ എന്ന് പ്രതീക്ഷിക്കാം.

കോളേജിലെ ബിരുദ കോഴ്സുകളിലെ പ്രവേശനം സർവകലാശാലകളിൽ ഓൺലൈനായി നടന്നുവരുന്നതിനാൽ അക്കാര്യത്തിൽ പ്രയാസം വരില്ല. എന്നാൽ, ക്ലാസുകൾ ആരംഭിക്കൽ എളുപ്പമാകില്ല. ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ കഴിയുമെങ്കിലും അവ ക്ലാസ് റൂം പഠനത്തിന് പകരമാകില്ല. മാത്രമല്ല, മുഴുവൻ കുട്ടികൾക്കും ഓൺലൈൻപഠനം സാധ്യമാകുന്ന ഒരു സാമൂഹ്യാന്തരീക്ഷം കേരളത്തിൽപ്പോലും പൂർണതോതിൽ ഇല്ല. ഈ സാഹചര്യത്തിൽ എന്തുചെയ്യാനാകും എന്ന് സർവകലാശാലകൾക്ക് ചിന്തിക്കേണ്ടിവരും.

ഈ വിഷമം പിടിച്ച കാലത്ത് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ. ഉപരിപഠനത്തിന്‌ അർഹത നേടാൻ കഴിയാത്തവർക്ക് അടുത്തുതന്നെ വീണ്ടും പരീക്ഷയുണ്ട്. കോവിഡ് ഉണ്ടാക്കിയ പ്രയാസങ്ങൾകൊണ്ട് എഴുതാൻ കഴിയാതെ വന്നവർക്കും അവസരമുണ്ട്. അവർക്കും വിജയാശംസകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top