24 April Wednesday

പ്രതിഷേധം, വിവാദം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2019

ഒരു ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിൽ പോകുന്നതും അമേരിക്കൻ ഗവൺമെന്റ് ആതിഥ്യമരുളുന്നതും ഇതാദ്യമല്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോൾ നടത്തുന്ന അമേരിക്കൻ സന്ദർശനം പതിവില്ലാത്ത ചില ‘കാര്യപരിപാടികളും' പ്രഖ്യാപനങ്ങളുംകൊണ്ട് അങ്ങേയറ്റം അസാധാരണത്വം നിറഞ്ഞതായി. അതുകൊണ്ടുതന്നെ, ഒരാഴ്‌ചയോളം നീളുന്ന സന്ദർശനത്തിന്റെ ആദ്യദിനംതൊട്ട് വ്യാപകമായ പ്രതിഷേധവും വിവാദങ്ങളുമുയർന്നുകഴിഞ്ഞു. കടുത്ത പ്രതിലോമകാരികളായ രണ്ടു ഭരണാധികാരികൾ തമ്മിലുള്ള കൂടിക്കാഴ്‌ചയായി നരേന്ദ്ര മോഡി-–- ഡോണൾഡ് ട്രംപ് ചർച്ചകളെ ലോകം നിരീക്ഷിക്കുന്നുണ്ടെന്നതും ഈ സന്ദർശനത്തിന്റെ പ്രത്യേകതയായി.

ഹൂസ്റ്റണിൽ ഞായറാഴ്‌ച സംഘടിപ്പിച്ച ‘ഹൗഡി മോഡി' പരിപാടിക്കെതിരെ അമേരിക്കയിലെ ഇന്ത്യക്കാർ ഉയർത്തിയ പ്രതിഷേധം ചെറുതായിരുന്നില്ല. പ്രതിഷേധക്കാർ  ഉന്നയിച്ച വിഷയങ്ങളാകട്ടെ മോഡി ഭരണത്തിൽ ഇന്ത്യ നേരിടുന്ന വിവിധങ്ങളായ ആപത്തുകളും ഉൽക്കണ്ഠകളുമാണ്. ഹൂസ്റ്റണിൽ മോഡി പറഞ്ഞ കാര്യങ്ങൾ പരിഗണിക്കുമ്പോൾ പ്രതിഷേധത്തിന്റെ പ്രസക്തി വർധിക്കുകയും ചെയ്യുന്നു.

ഹൂസ്റ്റൺ പരിപാടിയിൽ മോഡിയും ട്രംപും നടത്തിയ പ്രസംഗങ്ങൾ ഇപ്പോൾ, വലിയ  വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്‌. രാജ്യാന്തര നയതന്ത്ര ബന്ധങ്ങളിൽ അവരവരുടെ സങ്കുചിത രാഷ്‌ട്രീയം കലർത്തി രണ്ടു പേരും പറഞ്ഞതെല്ലാം കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ടാണ്. അക്ഷരാർഥത്തിൽ, മോഡി അവിടെ  ട്രംപിനുവേണ്ടി രാഷ്‌ട്രീയ മുദ്രാവാക്യം ഉയർത്തുകയായിരുന്നു. അടുത്തകൊല്ലം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടിക്കാരനായ ട്രംപ് വീണ്ടും അധികാരത്തിൽ വരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത് (അബ്കി ബാർ ട്രംപ് സർക്കാർ). അതായത്, ‘ഹൗഡി മോഡി' ട്രംപിന്റെ തെരഞ്ഞെടുപ്പുറാലി പോലെയായി. മോഡി ട്രംപിന്റെ പ്രചാരകനായി മാറുന്ന കാഴ്‌ച. ഒരു രാജ്യത്തെ ഭരണാധികാരി മറ്റൊരു രാജ്യത്തെ ഭരണാധികാരിക്കുവേണ്ടി വോട്ടുപിടിക്കുന്നത് രാജ്യാന്തര ബന്ധങ്ങളിൽ കേട്ടു കേൾവിയില്ല. മോഡിയുടെ പ്രസംഗത്തിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാർടികൾ ശക്തമായ പ്രതിഷേധമുയർത്തിയിട്ടുണ്ട്‌.

രാജ്യത്ത് സാമ്പത്തികമാന്ദ്യം രൂക്ഷമാകുമ്പോഴും തൊഴിലില്ലായ്‌മ 45 വർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിരക്കിൽ എത്തിനിൽക്കുമ്പോഴും ഇന്ത്യയിൽ എല്ലാം ഭദ്രമാണെന്ന് പൊങ്ങച്ചം പറയാനും പ്രധാനമന്ത്രി മറന്നില്ല

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ആ സംസ്ഥാനത്തെ വിഭജിച്ചതടക്കം ഇന്ത്യയിൽ ബിജെപി സർക്കാർ നടപ്പാക്കുന്ന ഹിന്ദുത്വ അജൻഡകളെ ലോകത്തിനു മുന്നിൽ ന്യായീകരിക്കാൻ ട്രംപിനൊപ്പമുള്ള വേദി മോഡി ഉപയോഗിച്ചു. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ എതിർക്കുന്നവർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും മോഡി പറഞ്ഞു. രാജ്യത്ത് സാമ്പത്തികമാന്ദ്യം രൂക്ഷമാകുമ്പോഴും തൊഴിലില്ലായ്‌മ 45 വർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിരക്കിൽ എത്തിനിൽക്കുമ്പോഴും ഇന്ത്യയിൽ എല്ലാം ഭദ്രമാണെന്ന് പൊങ്ങച്ചം പറയാനും പ്രധാനമന്ത്രി മറന്നില്ല.  ഈയൊരു സാഹചര്യത്തിൽ കശ്‌മീരിലെ ജനാധിപത്യക്കുരുതിയും അടിച്ചമർത്തലും രാജ്യത്തെ ആൾക്കൂട്ട ആക്രമണങ്ങളും ഉയർത്തിക്കാട്ടി  നടന്ന പ്രതിഷേധത്തിന്‌ വലിയ  പ്രാധാന്യം കൈവരുന്നു. അമേരിക്കയിലെ ഹിന്ദു സംഘടനയടക്കം വിവിധ സംഘടനകളുടെ കൂട്ടായ്‌മയായ അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബിലിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കഴിത്തതവണ അധികാരത്തിൽ വന്നപ്പോൾ അഞ്ചുവട്ടം അമേരിക്കയിലേക്ക് യാത്ര നടത്തിയ മോഡി ഇക്കുറി അധികാരത്തിൽ വന്ന് നാലുമാസം തികയുംമുമ്പ് സന്ദർശിക്കുന്ന ഏഴാമത്തെ രാജ്യമാണ് അമേരിക്ക. ആദ്യം പ്രധാനമന്ത്രിയായിരിക്കെ മോഡി 92 വിദേശ രാജ്യം സന്ദർശിച്ചു. ഉഭയകക്ഷി താൽപ്പര്യമാണ് യാത്രകളിൽ പ്രതിഫലിക്കേണ്ടത്‌. പക്ഷേ, അമേരിക്കൻ സന്ദർശനത്തിൽ ഇന്ത്യയുടെ ഏതു താൽപ്പര്യമാണ് സംരക്ഷിക്കപ്പെടുക. ഇന്ത്യ–--അമേരിക്ക വ്യാപാരത്തെപ്പറ്റിയും മറ്റും ചില ചർച്ചകൾ നടക്കുമെങ്കിലും  അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കലാണ് എപ്പോഴും സംഭവിക്കുന്നത്.  ഏഷ്യയിൽ അമേരിക്കൻ ആധിപത്യം സ്ഥാപിക്കാനാണ് അവർ കാലങ്ങളായി ശ്രമിക്കുന്നത്.  ചൈനയുടെ കരുത്ത് ഇതിന് അവർക്ക് തടസ്സമാകുന്നു. ചൈനയെ നേരിടൽ അമേരിക്കയുടെ വലിയ ലക്ഷ്യമായിവരുന്നു. ഇന്ത്യയെ അമേരിക്കയോടു ചേർത്തുനിർത്തുന്നതിന്റെ പ്രധാന കാര്യം അതാണ്. ഇന്ത്യയെ കരുവാക്കി ചൈനയെ നേരിടണം. ഇന്ത്യയിൽ അടിക്കടിയുണ്ടാകുന്ന ചൈനാ വിരുദ്ധ പ്രചാരണങ്ങളുടെ ലക്ഷ്യവും ഇതുതന്നെ. അമേരിക്കയുടെ വിദേശനയത്തിലെ ഈ താൽപ്പര്യത്തിന് അരുനിൽക്കുകയാണ് മുൻ യുപിഎ സർക്കാരും ഇപ്പോൾ ബിജെപി സർക്കാരും ചെയ്യുന്നത്. ഭീകരർക്കെതിരായ സംയുക്ത നീക്കമെന്നൊക്കെ പറഞ്ഞാണ് ഇന്ത്യയെ അമേരിക്ക കൂട്ടുപിടിക്കുന്നത്. ഇറാനെ മുൻനിർത്തിയുള്ള  അമേരിക്കയുടെ പശ്ചിമേഷ്യൻ ലക്ഷ്യത്തിനും ഇന്ത്യയെ കരുവാക്കാനുള്ള ശ്രമം നാളുകളായി നടന്നുവരികയാണ്. ഇറാനിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി വിലക്കുന്നതും ഇന്ത്യ അതിന് നിന്നുകൊടുക്കുന്നതും ഇതോടൊപ്പം കാണണം. മോഡി പറയുന്ന ഇന്ത്യ–-അമേരിക്ക ബന്ധം ശക്തിപ്പെടുത്തൽ ഇങ്ങനെയൊക്കെയാണ്‌.

ഭീകരാക്രമണങ്ങളെ ചെറുക്കാനല്ല, അതിന്റെ മറവിൽ ഇന്ത്യയെ പേടിപ്പിച്ചുനിർത്താനാണ് അമേരിക്ക എന്നും ശ്രമിച്ചിട്ടുള്ളതെന്നും ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അമേരിക്കയ്‌ക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന്‌ അവിടെനിന്നു  തന്നെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമായി സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലി ആക്രമണത്തിന് പദ്ധതിയിടുന്ന വിവരം അമേരിക്കൻ അന്വേഷണ ഏജൻസികളുടെ പക്കലുണ്ടായിരുന്നു. ഹെഡ്‌ലി പാക്ക് ഭീകരർക്കിടയിൽ പ്രവർത്തിച്ചതുപോലും അമേരിക്കൻ അധികൃതരുടെ നിർദേശത്തിന്റെ ഭാഗമായിരുന്നുവെന്ന്‌ പിന്നീട്‌ വെളിപ്പെട്ടിട്ടുണ്ട്‌. ഇതൊന്നും അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നില്ല. ഇതിനർഥം, ആക്രമണം അമേരിക്ക അറിഞ്ഞുതന്നെയാണെന്നാണ്. ഇവിടെയാണ്, ഭീകരാക്രമണം ഇന്ത്യയെ വരുതിയിൽ നിർത്താനും പേടിപ്പിക്കാനും ഉപയോഗപ്പെടുത്തുന്നതായി സംശയിക്കുന്നത്. ഈ അമേരിക്കയെ എങ്ങനെ വിശ്വസിക്കാനാകും? അമേരിക്കയിൽ സസുഖം തടവിൽ കഴിയുന്ന ഹെഡ്‌ലിയെ ഇന്ത്യക്ക് വിട്ടുതരണമെന്ന് പലവട്ടം അമേരിക്കയിൽ പോയ മോഡി ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ല.  ചുരുക്കിപ്പറഞ്ഞാൽ, അമേരിക്കൻ താൽപ്പര്യങ്ങൾക്കെതിരെ ചെറുവിരലനക്കാൻ മോഡിക്ക് കഴിയില്ല. ബന്ധം ശക്തിപ്പെടുന്നത് അമേരിക്കൻ താൽപ്പര്യത്തിനുവേണ്ടി മാത്രം. ഇന്ത്യക്ക് വേണ്ടിയല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top