19 April Friday

‘ചരക ശപഥം’ ഇന്ത്യയെ പരിഹാസ്യമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 15, 2022


എല്ലാമേഖലകളെയും ഹിന്ദുത്വവൽക്കരിക്കുക എന്നതാണ്‌ കേന്ദ്രസർക്കാരിന്റെ നിലപാട്‌. ശാസ്‌ത്ര, സാങ്കേതിക മുന്നേറ്റത്തിലൂടെ ലോകമാകെ കുതിക്കുമ്പോൾ ഇന്ത്യയെ പ്രാകൃത ചിന്തകളിലേക്കും  അന്ധവിശ്വാസത്തിലേക്കും തിരികെക്കൊണ്ടുപോകാനുള്ള  ആസൂത്രിത ശ്രമമാണ്‌ നടത്തുന്നത്‌. ഇതിനെല്ലാം അടിസ്ഥാനമാക്കുന്നത്‌ ആർഎസ്‌എസിന്റെ ഹിന്ദുത്വ അജൻഡയും. വിദ്യാഭ്യാസ രംഗത്തും കലാ–-സാംസ്‌കാരിക രംഗങ്ങളിലുമെന്നപോലെ  ആധുനിക വൈദ്യശാസ്‌ത്രരംഗത്തും  കാവിവൽക്കരണം നടപ്പാക്കാനുള്ള  നീക്കമാണ്‌ ഇപ്പോൾ നടക്കുന്നത് . വിദ്യാഭ്യാസ മേഖലയാകെ കാവിവൽക്കരിക്കാൻ 2014 മുതൽ മോദി സർക്കാർ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ശാസ്‌ത്ര ചിന്താഗതികൾക്കുപകരം  പ്രാകൃത ചിന്തയും അന്ധവിശ്വാസങ്ങളും ഹിന്ദുത്വത്തിലൂന്നിയ പാഠ്യപദ്ധതികളുമാണ്‌ തയ്യാറാക്കുന്നത്‌. ചരിത്രം തന്നെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നു. ഇതിന്റെ തുടർച്ചയായാണ്‌ വൈദ്യശാസ്‌ത്ര വിദ്യാർഥികൾ കോഴ്സും പരിശീലനവും പൂർത്തിയാക്കി  വൈദ്യവൃത്തിയിലേക്ക് കടക്കുമ്പോൾ സ്വീകരിക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി  ‘മഹർഷി ചരക ശപഥം' സ്വീകരിക്കാൻ ദേശീയ മെഡിക്കൽ കമീഷൻ തീരുമാനിച്ചിരിക്കുന്നത്‌. അധികാരമുപയോഗിച്ച് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെ ഇല്ലാതാക്കിയശേഷം ദേശീയ മെഡിക്കൽ കമീഷനെ ഉപയോഗിച്ചുകൊണ്ട് ആരോഗ്യ മേഖലയെ ഹിന്ദുത്വവൽക്കരിക്കുന്നു. 

"മനുഷ്യരാശിയുടെ സേവനത്തിനായി എന്റെ ജീവിതം സമർപ്പിക്കുമെന്ന് ആത്മാർഥമായി പ്രതിജ്ഞ ചെയ്യുന്നു'–-എന്ന്‌ തുടങ്ങുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെ അപ്പാടെ മാറ്റി നൂറ്റാണ്ടുകൾക്ക്‌ പിന്നിലേക്ക്‌ വൈദ്യസമൂഹത്തെ കൊണ്ടുപോകുന്ന ചരക ശപഥം ഔദ്യോഗികമാക്കുന്നത്‌ പ്രത്യേക ലക്ഷ്യങ്ങളോടെയാണ്‌. ആധുനിക വൈദ്യശാസ്‌ത്ര പിതാവ് ഹിപ്പോക്രാറ്റസ്‌ വൈദ്യശാസ്ത്ര നൈതികതയുടെ അടിസ്ഥാനത്തിൽ നിർദേശിച്ച പ്രതിജ്ഞയ്‌ക്കുപകരം  ആയുർവേദാചാര്യൻ മഹർഷി ചരകന്റെ പേരിലുള്ള ശപഥം പിന്തുടരുന്നത്‌ ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യമാക്കും. ലോകമെമ്പാടുമുള്ള വൈദ്യലോകം നിരന്തരം ചർച്ചചെയ്‌ത്‌ അംഗീകരിച്ചതാണ്‌ ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞ. 1948-ൽ വേൾഡ് മെഡിക്കൽ അസോസിയേഷൻ ജനറൽ അസംബ്ലിയിൽ മനുഷ്യത്വത്തിനും നൈതികതയ്‌ക്കും രോഗികളുടെ സ്വകാര്യതയ്‌ക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകരിക്കപ്പെട്ട ഡിക്ലറേഷൻ ഓഫ് ജനീവ എന്നറിയപ്പെടുന്ന പ്രതിജ്ഞയാണ്  ഇന്ന് സ്വീകരിക്കുന്നത്. പല തവണ  ഇതിൽ മാറ്റം വരുത്തിയിട്ടുണ്ട്.  പ്രായം, ലിംഗവ്യത്യാസം, മതം, ദേശീയത, രാഷ്‌ട്രീയനിലപാടുകൾ, വംശം തുടങ്ങി ഒരു രീതിയിലുമുള്ള വിവേചനവും  ഇല്ലാതെ രോഗിയുടെ സ്വകാര്യതയും സ്വയം നിർണയ അവകാശവും അന്തസ്സും കാത്തുസൂക്ഷിച്ചുകൊണ്ട് ചികിത്സ നിർവഹിക്കുക എന്നതാണ്  പ്രതിജ്ഞയുടെ കാതൽ. അവിടെ രോഗിയുടെയോ ഡോക്ടറുടെയോ മതങ്ങൾക്കോ വിശ്വാസങ്ങൾക്കോ ഒന്നും സ്ഥാനമില്ല. ഏറ്റവും മികച്ച ശാസ്‌ത്രീയമായ ചികിത്സ മാത്രമാകണം ലക്ഷ്യമെന്നാണ്‌ പ്രഖ്യാപിക്കുന്നത്‌.  

‘ ചരക ശപഥം' സ്വീകരിക്കാൻ ഏകപക്ഷീയമായാണ്‌  ദേശീയ  മെഡിക്കൽ കമീഷൻ തീരുമാനിച്ചത്‌.  പ്രാചീന ഭൗതികവാദത്തെ പൊതിഞ്ഞിരുന്ന ആചാരങ്ങളാണ് പ്രതിജ്ഞയ്‌ക്കായി ചരകസംഹിതയിൽനിന്ന് തെരഞ്ഞെടുത്തിരിക്കുന്ന ചരക ശപഥത്തിലുള്ളത്. കിഴക്കിനെ അഭിമുഖീകരിച്ച്‌  ദിവ്യജ്യോതി (Holy Fire) യുടെ സാന്നിധ്യത്തിൽ  പ്രതിജ്ഞയെടുക്കണമെന്നും നിർദേശിക്കുന്നു.  ഒപ്പം ബ്രാഹ്മണ സ്‌തുതി ആലപിച്ച്‌ ഭക്തിയോടുകൂടി ജീവിച്ചുകൊള്ളാമെന്ന് ഉറപ്പും നൽകണം. ഇന്നത്തെ ആധുനിക വൈദ്യശാസ്‌ത്ര രീതികൾക്ക്‌ തികച്ചും  വിരുദ്ധമാണിത്‌.  ചികിത്സകൻ സ്‌ത്രീയെ  അവരുടെ ഭർത്താവിന്റെയോ ബന്ധുക്കളുടെയോ സാന്നിധ്യത്തിൽ മാത്രമേ പരിശോധിക്കാവൂ എന്നും പ്രതിജ്ഞയിൽ നിഷ്കർഷിച്ചിരിക്കുന്നു. ഇത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും തികഞ്ഞ സ്‌ത്രീവിരുദ്ധതയുമാണ്‌. പ്രാകൃത രീതികളിൽനിന്ന്‌ ആധുനിക വൈദ്യശാസ്‌ത്രം ഇന്ന്‌ ഏറെ മുന്നേറിക്കഴിഞ്ഞപ്പോഴും അർബുദത്തിന്‌ യോഗചികിത്സയും കോവിഡിന്‌ ചാണകക്കുളിയും  നിർദേശിക്കുന്ന മന്ത്രിമാരാണ്‌  രാജ്യം ഭരിക്കുന്നത്‌.

മഹാഭാരതത്തിലെ കർണനാണ്‌ ആദ്യത്തെ ടെസ്‌റ്റ്‌ റ്റ്യൂബ്‌ ശിശുവെന്നും പ്ലാസ്‌റ്റിക്‌ സർജറിയിലൂടെയാണ്‌ ഗണപതിക്ക്‌ ആനയുടെ  മുഖം നൽകിയതെന്നും 2014ലെ ദേശീയ ശാസ്‌ത്ര കോൺഗ്രസിൽ  പ്രധാനമന്ത്രി മോദി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. പ്രാകൃതവും കാലഹരണപ്പെട്ടതുമായ മൂല്യബോധങ്ങളെ തിരിച്ചുകൊണ്ടുവരികയും ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യുകയുമായിരുന്നു പ്രധാനമന്ത്രി. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ ആഗോള കൂട്ടായ്‌മയിൽനിന്ന് രാജ്യത്തെ ഒറ്റപ്പെടുത്തുന്നതിനും ആധുനിക ചികിത്സാ മേഖലയെത്തന്നെ പിന്നോട്ടു നയിക്കുന്നതിനും ഇടയാക്കുന്ന ചരക ശപഥം അടിച്ചേൽപ്പിക്കുന്നതിൽനിന്ന്‌ കേന്ദ്രസർക്കാർ അടിയന്തരമായി പിന്തിരിയണം. ദേശീയ മെഡിക്കൽ കമീഷന്റെ തീരുമാനം തിരുത്തുന്നതിനായി ഡോക്‌ടർമാരും മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടെ മുഴുവൻ ആരോഗ്യപ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top