28 November Tuesday

ആകാശവാണിയും ദൂരദർശനും
 കാവിയണിയുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 27, 2023


സാധാരണ ജനങ്ങളുടെ മനസ്സിൽ വർഗീയവിഷം നിറയ്‌ക്കുകയെന്നത്‌ വർഗീയ ഫാസിസ്റ്റ്‌ കക്ഷികളുടെ പതിവ്‌ രീതിയാണ്‌. ‘ഗ്യാസ്‌ ചേംബറിലിട്ട്‌ നൂറുകണക്കിനാളുകളെ മാത്രമേ വിഷമേൽപ്പിക്കാനാകൂ. എന്നാൽ, നുണകൾ ഉപയോഗിച്ച്‌ ലക്ഷക്കണക്കിനാളുകളിൽ വിഷം കയറ്റാം’ എന്ന്‌ ഗീബൽസ്‌ പറഞ്ഞത്‌ അതുകൊണ്ടാണ്‌. ഇങ്ങനെ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം കയറ്റാനായി ഔദ്യോഗിക മാധ്യമങ്ങളെ സമർഥമായി ഉപയോഗിക്കുകയാണ്‌ മോദി സർക്കാർ. അതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ പ്രസാർഭാരതിയും ആർഎസ്‌എസുമായി ബന്ധമുള്ള വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർഭാരതി ഒപ്പിട്ട കരാർ.

കേന്ദ്രസർക്കാർ പറയുന്നതെന്തും വെള്ളം കൂട്ടാതെ വിഴുങ്ങാൻ മുഖ്യധാരാമാധ്യമങ്ങളെ നിർബന്ധിക്കുകയാണ്‌ മോദി സർക്കാർ. മാധ്യമങ്ങളെ വരുതിയിലാക്കാൻ പലവിധ തന്ത്രങ്ങളാണ്‌ മോദിസർക്കാർ സ്വീകരിക്കുന്നത്‌. പരസ്യം നിഷേധിച്ചും അന്വേഷക ഏജൻസികളെ ഉപയോഗിച്ച്‌ റെയ്‌ഡ്‌ നടത്തിച്ചും കേസെടുത്തും സർക്കാരിനെതിരെ എഴുതുന്ന മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച്‌ അവരെ പുറത്താക്കാൻ മാധ്യമ ഉടമകളെ നിർബന്ധിച്ചും മാധ്യമങ്ങൾക്ക്‌ നിരോധനം ഏർപ്പെടുത്തിയും മാധ്യമപ്രവർത്തകരെ ജയിലിലടച്ചുമാണ്‌ ഇന്ത്യൻ  മാധ്യമങ്ങളെ ‘മടിത്തട്ട്‌ മാധ്യമങ്ങളായി’ അധഃപതിപ്പിച്ചിട്ടുള്ളത്‌.

മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും വരുതിയിലായ വേളയിലാണ്‌ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശമാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ശ്രമം ആരംഭിച്ചത്‌. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സംപ്രേഷണം  ചെയ്‌ത ബിബിസി ഓഫീസ്‌ റെയ്‌ഡ്‌ ചെയ്‌തുകൊണ്ടാണ്‌ ഇതിന്‌ തുടക്കം കുറിച്ചത്‌. രാജ്യം ഭരിക്കുന്ന സർക്കാരിനെ മോശമായി ചിത്രീകരിക്കുന്ന, വിമർശിക്കുന്ന വാർത്തകളും ഡോക്യുമെന്ററികളും പ്രസിദ്ധീകരിച്ചാൽ പ്രതികാരം ചെയ്യുമെന്ന സന്ദേശമാണ്‌ ഇതുവഴി നൽകിയത്‌.

ഏറ്റവും അവസാനമായി ഇതേതന്ത്രംതന്നെ രാജ്യത്തെ വാർത്താ ഏജൻസികളോടും സ്വീകരിച്ചിരിക്കുകയാണ്‌. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള വാർത്താ ഏജൻസിയാണ്‌ പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ (പിടിഐ). ഈ ഏജൻസിയെ വരുതിയിലാക്കാൻ മോദി അധികാരത്തിൽ വന്നതുമുതൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. പിടിഐയുടെ പ്രസിദ്ധനായ എഡിറ്റർ എം കെ റാസ്‌ദാൻ 2016ൽ വിരമിച്ചപ്പോൾ സ്വന്തക്കാരെ ആ സ്ഥാനത്ത്‌ ഇരുത്തണമെന്ന്‌ മോദി സർക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിടിഐ അതിന്‌ വഴങ്ങിയില്ല. ഇതോ ടെ ഈ ഏജൻസിയോട്‌ സർക്കാർ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് പ്രസാർഭാരതി പിടിഐയുടെ സേവനം അവസാനിപ്പിച്ചു. വർഷംതോറും ഒമ്പത്‌ കോടി രൂപ നൽകിയാണ്‌ ആകാശവാണിയും ദൂരദർശനും നടത്തുന്ന പ്രസാർഭാരതി പിടിഐ വാർത്തകൾ ഉപയോഗിച്ചിരുന്നത്‌. തങ്ങൾക്ക്‌ വഴങ്ങാത്ത പിടിഐയെ സാമ്പത്തികമായി തളർത്തുക മാത്രമല്ല, ഈ അവസരം ഉപയോഗപ്പെടുത്തി സംഘപരിവാർ വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ വളർത്തുകയെന്നതും മോദി സർക്കാരിന്റെ ലക്ഷ്യമായിരുന്നു. അതിന്റെ ഭാഗമായാണ്‌ ആകാശവാണിക്കും ദൂരദർശനും വാർത്ത നൽകുന്നതിന്‌ ഹിന്ദുസ്ഥാൻ സമാചാറുമായി  പ്രസാർഭാരതി ഈ മാസം 14ന്‌ കരാർ ഒപ്പിട്ടിട്ടുള്ളത്‌. രണ്ട്‌ വർഷത്തേക്കാണ്‌ കരാർ. ഇതനുസരിച്ച്‌ 7.7 കോടി രൂപ പ്രസാർഭാരതി ഹിന്ദുസ്ഥാൻ സമാചാറിന്‌ നൽകും. അതായത്‌ ആകാശവാണിയും ദൂരദർശനും ഇനി പ്രക്ഷേപണം ചെയ്യുന്ന വാർത്തകൾ നിശ്‌ചയിക്കാനുള്ള അധികാരം ആർഎസ്‌എസിനായിരിക്കും. രാജ്യത്തെ വിദൂരഗ്രാമങ്ങളിലെ ജനങ്ങൾ വാർത്തകൾ അറിയാൻ ഇന്നും ആശ്രയിക്കുന്ന ആകാശവാണിയിൽനിന്നും ദൂരദർശനിൽനിന്നും ഇനി ആർഎസ്‌എസ്‌ നിശ്‌ചയിക്കുന്ന വർഗീയ, വിദ്വേഷ വാർത്തകളേ കേൾക്കാർ കഴിയൂ. 

ആർഎസ്‌എസിന്റെ താത്വികാചാര്യനും രണ്ടാം സർസംഘ ചാലകുമായ ഗോൾവാൾക്കറുടെ നേതൃത്വത്തിൽ വിശ്വഹിന്ദുപരിഷത്തിന്റെ സ്ഥാപകനേതാവും ജനറൽസെക്രട്ടറിയുമായ ശിവറാം ശങ്കർ ആപ്‌തേയുടെ മേൽനോട്ടത്തിൽ 1948ൽ രൂപീകരിച്ചതാണ്‌ ഹിന്ദുസ്ഥാൻ സമാചാർ. 14 ഭാഷയിൽ വാർത്താ സർവീസുള്ള ഏജൻസിയാണിത്‌. ഈ ഏജൻസി ഇനി ആകാശവാണിക്കും ദൂരദർശനും വാർത്ത നൽകുമ്പോൾ മാധ്യമരംഗത്തെ കാവിവൽക്കരണം ഏതാണ്ട്‌ പൂർത്തിയാകും. മതനിരപേക്ഷ ജനാധിപത്യബോധം ഇന്ത്യൻ ജനങ്ങളിൽ സൃഷ്ടിക്കാനും രൂഢമൂലമാക്കാനും ഏറെ സഹായിച്ച രണ്ട്‌ മാധ്യമസ്ഥാപനമാണ്‌ പൂർണമായും കാവിവൽക്കരിക്കപ്പെടുന്നത്‌. സ്വാഭാവികമായും ഇന്ത്യയെന്ന ആശയംതന്നെയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. ഇതിനെതിരെ ശബ്‌ദിക്കാൻ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ മുന്നോട്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top