01 October Sunday

മതവർഗീയ ഐക്യമുന്നണി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 15, 2021


കേരളത്തിൽ കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി നേർക്കുനേർ മത്സരിക്കുന്നത്‌ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയുമാണ്‌. അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണം മാറിമാറി വരുന്നതായിരുന്നു പതിവ്‌. എന്നാൽ, ഈവർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഭരണത്തുടർച്ച നേടിയതോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയാൻ തുടങ്ങി. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ്‌ സംസ്ഥാന രാഷ്ടീയത്തിൽ മേൽക്കൈ നേടി. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കേരള കോൺഗ്രസ്‌ മാണിവിഭാഗം യുഡിഎഫ്‌ വിട്ട്‌ എൽഡിഎഫിൽ എത്തി. ഇതോടെ തന്നെ യുഡിഎഫിന്റെ അടിത്തറയിളകാൻ തുടങ്ങിയിരുന്നു. ഇത്‌ മനസ്സിലാക്കിയാകണം അവർ ജമാ അത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങിയ തീവ്രവർഗീയ ശക്തികളുമായി ഒരുഭാഗത്തും മറുഭാഗത്ത്‌ ആർഎസ്‌എസുമായും രഹസ്യബന്ധം സ്ഥാപിച്ച്‌ ഭരണത്തിൽ എത്താൻ തീവ്രശ്രമം നടത്തി. അതും ദയനീയമായി പരാജയപ്പെട്ടതോടെ യുഡിഎഫിന്റെ സമനില തെറ്റി.  

കേരള രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്‌എസിന്റെയും വിദ്വേഷത്തിലൂന്നിയ മതവർഗീയ രാഷ്ട്രീയം യുഡിഎഫിലെ പ്രബല കക്ഷികളായ കോൺഗ്രസും മുസ്ലിംലീഗും ഏറ്റെടുത്തു. അതിന്റെ ഭാഗമായാണ്‌ മതമാണ്‌ പ്രശ്‌നമെന്ന്‌ മുസ്ലിംലീഗ്‌ വിളിച്ചുപറഞ്ഞത്‌. മതനിരപേക്ഷ കാപട്യനിലപാട്‌ അറബിക്കടലിലേക്ക്‌ വലിച്ചെറിഞ്ഞ മുസ്ലിംലീഗ്‌ മതനിലപാടുള്ള പാർടിയാണ്‌ തങ്ങളെന്ന്‌ അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കി. മുസ്ലിംലീഗ്‌ എന്ന പാർടി ആ പേരിലുള്ള മതത്തെ മാത്രം പ്രതിനിധാനംചെയ്യുന്ന പാർടിയാണെന്നു വിളിച്ചുപറഞ്ഞു. ലീഗിന്റെ ഈ വർഗീയ അജൻഡയെ അനുകൂലിക്കുന്നോ തള്ളിപ്പറയുന്നോ എന്ന ചോദ്യത്തിന്‌ കോൺഗ്രസ്‌ ഇതുവരെയും ഉത്തരം നൽകിയിട്ടില്ല. ഇതിനർഥം ലീഗിന്റെ തീവ്രവർഗീയതയെ കോൺഗ്രസ്‌ അനുകൂലിക്കുന്നുവെന്നാണ്‌.

മതനിരപേക്ഷ നിലപാട്‌ സ്വീകരിച്ച നെഹ്‌റുവിന്റെ പിൻഗാമികൾക്ക്‌ ഇത്‌ എങ്ങനെ കഴിയുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ കഴിഞ്ഞദിവസം ജയ്‌പുരിലെ റാലിയിൽ കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയത്‌. ലീഗിനെപ്പോലും കടത്തിവെട്ടുന്ന മതവർഗീയ നിലപാടാണ്‌ രാഹുൽ ഗാന്ധി മുന്നോട്ടുവച്ചത്‌. ഹിന്ദുത്വവും ഹിന്ദുവും രണ്ടാണെന്ന്‌ വിശദീകരിക്കവെ ഇന്ത്യയിൽ ഹിന്ദുക്കളുടെ രാജാണ്‌ കോൺഗ്രസ്‌ ആഗ്രഹിക്കുന്നതെന്ന്‌ രാഹുൽ ഗാന്ധി പറഞ്ഞുവച്ചു. മതനിരപേക്ഷത ഭരണഘടനയിൽ എഴുതിവച്ച ഒരു രാജ്യത്ത്‌ മതനിരപേക്ഷതയിലൂന്നി പ്രവർത്തിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷിയാണ്‌ ഹിന്ദുരാജ്യമാണ്‌ ലക്ഷ്യമെന്ന്‌ പ്രഖ്യാപിച്ചത്‌. രാഹുൽ ഗാന്ധിയുടെ നിലപാടു തന്നെയാണ്‌ ഞങ്ങൾക്കും ഉള്ളതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും പറഞ്ഞു. അതായത്‌ യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിനും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ആർഎസ്‌എസിന്റെ അതേ നിലപാടാണ്‌ ഉള്ളതെന്ന്‌ അർഥം. യുഡിഎഫിലെ ഒന്നും രണ്ടും കക്ഷികൾ അവരവരുടെ മതനിലപാടുകൾ ഉയർത്തിപ്പിടിക്കുമ്പോൾ ഒരു മതനിരപേക്ഷ മുന്നണിയാണ്‌ യുഡിഎഫ്‌ എന്ന്‌ എങ്ങനെ പറയാൻ കഴിയും? യുഡിഎഫിൽ ഇപ്പോഴും തുടരുന്ന ആർഎസ്‌പിക്കും ഫോർവേഡ്‌ ബ്ലോക്കിനും മറ്റും മുഖ്യഘടക കക്ഷികളുടെ ഈ മതനിലപാടുകളോട്‌ എന്തുസമീപനമാണ്‌ ഉള്ളത്‌? ഹിന്ദുരാജ്യം സ്ഥാപിക്കുകയാണ്‌ ലക്ഷ്യമെന്ന കോൺഗ്രസിന്റെ ആഹ്വാനത്തോട്‌ മുസ്ലിംലീഗിനുള്ള സമീപനം എന്താണ്‌? രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ അവർ അംഗീകരിക്കുകയാണോ?

ഒരുകാര്യം വ്യക്തമാണ്‌ ജമാഅത്തെ ഇസ്ലാമിയെയും ആർഎസ്‌എസിനെയും അനുകരിക്കാൻ മത്സരിക്കുന്ന യുഡിഎഫിന്‌ മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനാകില്ലെന്ന് വ്യക്തമായിരിക്കുന്നു. മതനിരപേക്ഷ അടിത്തറയിൽ നിന്നുകൊണ്ട്‌ ബിജെപിയെയും ആർഎസ്‌എസിനെയും എതിർക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു മാത്രമേ കഴിയൂവെന്ന്‌ ജനങ്ങൾക്ക്‌ ബോധ്യം വന്നിരിക്കുന്നു. മതനിരപേക്ഷ മുന്നണിയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ യുഡിഎഫിന്‌ ഒപ്പംനിന്നവർ അവരുടെ നിലപാടുകൾ പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ട സമയം സമാഗതമായിരിക്കുന്നു. വ്യത്യസ്‌ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ വസിക്കുന്നയിടത്തെ അത്യന്തം അപകടകരമായ അവസ്ഥയിലേക്ക്‌ നയിക്കുന്നതിനു മാത്രമേ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നയങ്ങൾ കാരണമാകൂ. മതനിലപാടുകാരുടെ വർഗീയ ഐക്യമുന്നണിയായി യുഡിഎഫ്‌ അധഃപതിച്ചിരിക്കുന്നു. ഈ രാഷ്ട്രീയത്തിന്റെ അപകടം പ്രബുദ്ധരായ കേരള ജനത മനസ്സിലാക്കുമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. കേരളത്തിൽ ഇനി മതനിരപേക്ഷ മുന്നണിയെന്ന്‌ അവകാശപ്പെടാൻ എൽഡിഎഫിന് മാത്രമേ കഴിയൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top