21 September Thursday

അദാനി അട്ടിമറി ആപൽക്കരം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ്‌ നടത്തിയ അട്ടിമറിയുടെ ആഘാതത്തിൽനിന്ന്‌ രാജ്യം എളുപ്പം മോചിതമാകുമെന്ന്‌ കരുതാനാകില്ല. ഇന്ത്യൻ ഓഹരി വിപണിയിൽ തട്ടിപ്പുകൾ അസാധാരണമല്ലെങ്കിലും അധികൃത കേന്ദ്രങ്ങളിൽനിന്ന്‌ ലഭിക്കുന്ന ആശീർവാദമാണ്‌ അദാനി ഓഹരി കുംഭകോണത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്‌. പത്തോളം അദാനി ഗ്രൂപ്പ്‌ കമ്പനികളുടെ ഓഹരിമൂല്യം പെരുപ്പിച്ച്‌ കാണിച്ച്‌ നിക്ഷേപകരെ കബളിപ്പിക്കുകയാണെന്ന ഹിൻഡൻബഗ്‌ റിപ്പോർട്ട്‌ പുറത്തുവന്നിട്ട്‌ ഒരാഴ്‌ചയായി. കള്ളത്തരം പുറത്തറിഞ്ഞ കഴിഞ്ഞ വാരാവസാനത്തിലെ രണ്ട്‌ ദിവസം 4.17 ലക്ഷം കോടിയുടെ മൂല്യനഷ്‌ടമാണ്‌ അദാനി കമ്പനി ഓഹരികൾ നേരിട്ടത്‌. കഴിഞ്ഞ ഡിസംബർ അവസാനത്തിലെ പിന്നോട്ടടിക്കുശേഷം വിപണി ക്രമാനുഗതമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ തിരിച്ചടി. 12 ലക്ഷം കോടിയുടെ നഷ്‌ടം രണ്ടു ദിവസംകൊണ്ട്‌ നിക്ഷേപകർക്കുണ്ടായതായി കണക്കാക്കുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യയെ പരിഹാസ്യമാക്കുകയും സമ്പദ്‌ഘടനയ്‌ക്കുമേൽ കരിനിഴൽ വീഴ്‌ത്തുകയും ചെയ്‌ത ഓഹരി അട്ടിമറി തെളിവുസഹിതം പുറത്തുവന്നിട്ടും ചെറുവിരൽ അനക്കാൻ കേന്ദ്ര സർക്കാരോ ധനമന്ത്രാലയമോ വിപണി നിയന്ത്രണത്തിന്‌ ചുമതലപ്പെട്ട സെബിയോ തയ്യാറായില്ല.

അദാനി ഗ്രൂപ്പ്‌ നേരിട്ട തിരിച്ചടിക്കൊപ്പം തകർന്ന ഓഹരി വിപണി രണ്ടുനാളത്തെ ഇടവേളയ്‌ക്കുശേഷം തിങ്കളാഴ്‌ച തിരിച്ചുവരവ്‌ രേഖപ്പെടുത്തി. ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ് കമ്പനിയായ അദാനി എന്റർപ്രൈസസ്‌ ഉൾപ്പെടെ മൂന്ന്‌ കമ്പനിയും നേട്ടം കണ്ടു. എന്നാൽ, ഭൂരിപക്ഷം അദാനി കമ്പനികളും തകർച്ചയിൽ തുടരുകയാണ്‌. തിങ്കളാഴ്‌ചയോടെ നഷ്‌ടം അഞ്ച്‌ ലക്ഷം കോടി കടന്നു. 20,000 കോടിയുടെ തുടർ ഓഹരി വിൽപ്പന (എഫ്‌പിഒ) ലക്ഷ്യമിട്ട എന്റർപ്രൈസസ്‌ ആദ്യദിനത്തിൽ വിറ്റത്‌ ഒരു ശതമാനം ഓഹരിമാത്രം. എഫ്പിഒ അവസാനിക്കാൻ ഒരു ദിവസംമാത്രം ബാക്കിനിൽക്കെ ലക്ഷ്യത്തിന്റെ നാലയലത്ത്‌ എത്താൻ അദാനിക്കാകില്ല. എഫ്‌പിഒ വിജയിച്ചില്ലെങ്കിൽ വികസന പദ്ധതികൾ മാറ്റിവയ്‌ക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തുവന്ന അദാനിക്ക്‌, ഹിൻഡൻബർഗ് ഉയർത്തിയ ചോദ്യങ്ങൾക്കും ഇന്ത്യൻ സമ്പദ്‌ഘടനയിൽ സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾക്കും എന്ത്‌ ഉത്തരമാണുള്ളത്‌.

ഇന്ത്യയിലെ പ്രമുഖ ധനസ്ഥാപനങ്ങളായ എസ്‌ബിഐയും എൽഐസിയും അദാനി ഗ്രൂപ്പിന്റെ സ്ഥാപന നിക്ഷേപകരിൽ പ്രധാന സ്ഥാനത്തെത്തിയത്‌ യാദൃച്ഛികമല്ല. മോദി അധികാരത്തിലെത്തിയശേഷം അദാനിയുടെ വാണിജ്യ സാമ്രാജ്യം നിമിഷംപ്രതി വിപുലമായതും രഹസ്യമല്ല. വിദേശയാത്രകളിൽ മോദിക്കൊപ്പം വിമാനത്തിൽ സഞ്ചരിക്കുന്നതും അവിടങ്ങളിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതും ലോകംകണ്ടു. അതേ അദാനി ഇന്നൊരു സാമ്പത്തിക കുറ്റവാളിയാണ്‌. എന്നാൽ, ‘ദേശീയത’യുടെ പുതപ്പണിഞ്ഞ അദാനി, വെട്ടിപ്പ്‌ പുറംലോകത്തെ അറിയിച്ചവരെ ഭീഷണിപ്പെടുത്തുകയാണ്‌. സെബി അന്വേഷണത്തിന്‌ ഉത്തരവിടുമെന്ന്‌ പ്രതീക്ഷിച്ചുവെങ്കിലും വിശദീകരണ നോട്ടീസ്‌പോലും ഇതുവരെ നൽകിയിട്ടില്ല.

എൽഐസിക്ക്‌ 73,000 കോടിയുടെ നിക്ഷേപം അദാനി ഗ്രൂപ്പിലുണ്ടെന്നത്‌ ആശങ്ക ഉളവാക്കുന്ന യാഥാർഥ്യമാണ്‌. ഇതിൽ 300 കോടി ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ വന്നതിനു ശേഷമാണുതാനും. എസ്‌ബിഐ ആകട്ടെ 225 കോടി അദാനി എന്റർപ്രൈസസിൽ നിക്ഷേപിച്ചിട്ടുണ്ട്‌. ജനങ്ങളുടെ പണം ഊഹക്കച്ചവടത്തിന്‌ എറിഞ്ഞുകൊടുക്കരുതെന്ന ധനവിദഗ്‌ധരുടെയും ഇതര രാഷ്‌ട്രീയ പാർടികളുടെയും മുന്നറിയിപ്പ്‌ ബിജെപി സർക്കാർ വകവയ്‌ക്കാറില്ല. കോർപറേറ്റുകളുടെ വാണിജ്യ തന്ത്രങ്ങൾക്ക്‌ പരിരക്ഷ നൽകുന്ന ഭരണം വലിയ നാശത്തിലേക്ക്‌ രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുകയാണ്‌. ബാങ്കുകൾ കിട്ടാക്കടംപേറി നട്ടംതിരിയുമ്പോൾ, സാമ്പത്തിക കുറ്റവാളികൾക്ക്‌ വിദേശത്തേക്ക്‌ ഗ്രീൻചാനൽ ഒരുക്കുകയാണ്‌ മോദി സർക്കാർ. കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ കഴിഞ്ഞ ആറുവർഷത്തെ കണക്ക്‌ പാർലമെന്റിൽ വച്ചത്‌ ഈയിടെയാണ്‌. 11. 17 ലക്ഷം കോടി. സംസ്ഥാനങ്ങളുടെ വികസനപ്രവർത്തനങ്ങൾപോലും അന്വേഷണക്കുരുക്കിലാക്കാൻ ഇഡിയെ കയറൂരി വിടുന്ന കേന്ദ്ര സർക്കാർ തന്നെയാണ്‌ കോർപറേറ്റ് തട്ടിപ്പുകൾക്ക്‌ കുടപിടിക്കുന്നത്‌.

കൈയോടെ പിടിക്കപ്പെട്ട ഓഹരി അട്ടിമറി അന്വേഷിക്കാനോ പഴുതുകൾ അടയ്‌ക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ സിപിഐ എം ആവശ്യപ്പെട്ടത്‌. നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത നഷ്‌ടപ്പെടാതിരിക്കാനും സുപ്രീംകോടതിയുടെ മാർഗനിർദേശത്തിൽ അന്വേഷണവും തുടർച്ചയുള്ള ജുഡീഷ്യൽ നിരീക്ഷണവും അനിവാര്യമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top