25 April Thursday

ഹിജാബ്‌ വിധി തിരുത്തപ്പെടണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 17, 2022



ഹിജാബ് കേസിലെ കർണാടക ഹൈക്കോടതി വിധി നിയമപ്രശ്നങ്ങൾ എന്നതുപോലെ നിരവധി സാമൂഹ്യപ്രശ്നങ്ങളും ഉയർത്തുന്നു. വലിയൊരു വിഭാഗം മുസ്ലിം പെൺകുട്ടികളുടെ ഭാവി വിദ്യാഭ്യാസം അസാധ്യമാക്കാൻ ഈ വിധി ഇടയാക്കിയേക്കാം. സാമൂഹ്യ യാഥാർഥ്യങ്ങൾ വിലയിരുത്താതെയുള്ള വിധി രാജ്യത്താകെ വർഗീയ ധ്രുവീകരണം ശക്തമാക്കാൻ മാത്രമേ ഉപകരിക്കൂ. കലാപങ്ങൾ തിന്ന്‌ വളരാൻ കൊതിക്കുന്ന ബിജെപിയുടെ നീക്കങ്ങൾക്കാണ് വിധി ഇന്ധനം പകരുന്നത്.

മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് പുതിയ കാര്യമല്ല. ചിലയിടത്ത് ക്ലാസ് മുറികളിൽ അനുവദിച്ചിരുന്നു. മറ്റ്‌ ചിലയിടത്ത് ക്യാമ്പസിൽ  ആകാം എന്നാകും. ഒരിടത്തും തർക്കമുണ്ടായിരുന്നില്ല. എന്നാൽ, കർണാടകത്തിൽ ഇത് പൊടുന്നനെ വിവാദമായി. ഒരു ഗവൺമെന്റ് കോളേജിൽ ഹിജാബ് ധരിക്കരുതെന്ന തീട്ടൂരം വന്നു. പ്രതിഷേധം ഉയർന്നു. ഒരുങ്ങിയിരുന്ന മട്ടിൽ സംഘപരിവാർ രംഗത്തെത്തി. കാവിഷാളുകൾ അണിയിച്ച്‌ വിദ്യാർഥികളെ നിരത്തി പ്രശ്നം ആളിക്കത്തിച്ചു. സംഘർഷമായി; കേസായി. ഹിജാബ് ധരിക്കാൻ അനുമതി തേടി കുട്ടികൾക്ക്‌ കോടതിയിൽ എത്തേണ്ടിവന്നു.

വർഗീയ ഭിന്നത ശക്തമാക്കുക എന്നതു മാത്രമല്ല ഈ വിവാദത്തിലൂടെ ബിജെപി ലക്ഷ്യംവച്ചത്. മുസ്ലിം വിദ്യാർഥിനികളുടെ ഉപരി വിദ്യാഭ്യാസം പരമാവധി തടയുക എന്നതും ഉന്നമാണ്‌. മുസ്ലിം വിദ്യാർഥിനികൾക്ക് കോളേജുകളിൽ പഠിക്കാൻ കഴിയാത്ത സ്ഥിതി മുമ്പുണ്ടായിരുന്നു. മതശാഠ്യങ്ങളും പുരുഷാധിപത്യ കാഴ്ചപ്പാടും ഇതിനു കാരണമായി. കടുംപിടിത്തങ്ങളോട് പൊരുതി പഠിക്കാൻ പലർക്കും സാധിച്ചിരുന്നില്ല. എന്നാൽ, മതം നിർദേശിക്കുന്ന ശിരോവസ്ത്രം ധരിച്ചാൽ കോളേജിൽ പോകാം എന്ന ഒരു "ഇളവ്'കുട്ടികൾക്ക് കിട്ടിയിരുന്നു. സ്വയം ആർജിച്ച മതബോധത്തിൽ കുറെപ്പേർ സ്വന്തം തെരഞ്ഞെടുപ്പായും ഇത്‌ ചെയ്യുന്നുണ്ടാകാം. ഹിജാബ് ധരിച്ച് പഠിക്കാൻ കൂടുതൽ കുട്ടികൾ എത്തിത്തുടങ്ങിയത് ഈ കാരണത്താൽക്കൂടിയാണ്.

ഈ മാറ്റം  നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ കണക്കും വ്യക്തമാക്കുന്നു. 2007–-08ലെയും 2017–-18ലെയും റിപ്പോർട്ടുകൾ താരതമ്യം ചെയ്‌താൽ ഇത് കാണാം. കർണാടകത്തിൽ നിരക്ഷരരായ മുസ്ലിം സ്ത്രീകളുടെ എണ്ണം കുത്തനെ കുറയുന്നതും ഹയർ സെക്കൻഡറി, ബിരുദ ബിരുദാനന്തര തലങ്ങളിൽ മുസ്ലിം പെൺകുട്ടികളുടെ എണ്ണം കൂടുന്നതും റിപ്പോർട്ടിലുണ്ട്‌.

ഇത്തരത്തിൽ  ഉപരിപഠനമേഖലയിൽ മുസ്ലിം പെൺകുട്ടികളുടെ വർധിച്ചുവരുന്ന സാന്നിധ്യം ബിജെപിയെയും സംഘപരിവാറിനെയും വേവലാതിപ്പെടുത്തുന്നു. മതവസ്ത്രം വിലക്കുന്നതോടെ പല കുട്ടികൾക്കും കോളേജിൽ വരാനാകില്ലെന്ന്‌ അവർ കണക്കുകൂട്ടുന്നു. ഹിജാബ് വിരുദ്ധ കോടതി വിധി മുസ്ലിംമതത്തിലെ യാഥാസ്ഥിതികർക്കും ആഹ്ലാദകരമാണ്. പെൺകുട്ടികൾ പൊതുസമൂഹത്തിൽ ഇടപഴകുന്നതിനെതിരെ കൂടുതൽ വിലക്കുമായി അവർ ഇറങ്ങും.

ഇങ്ങനെ പല മാനങ്ങൾ ഉള്ളതാണ് വിഷയം. അതിനെ വളരെ സങ്കുചിതമായ കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയാണ് കോടതി ചെയ്തത്. പർദയ്ക്കെതിരെ ഡോ. ബി ആർ അംബേദ്‌കർ പറഞ്ഞ ചില വാചകങ്ങൾ വിധിയിൽ ഉദ്ധരിക്കുന്ന കോടതി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞതൊന്നും കാണുന്നില്ല. മതങ്ങൾക്കുള്ളിലെ സ്ത്രീപീഡനത്തെപ്പറ്റി അംബേദ്‌കർ പറഞ്ഞതിനെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ ഉപാധിയാക്കുന്നത് വിരോധാഭാസമാണ്. മതപരംമാത്രമായ സൂര്യനമസ്‌കാരം സ്‌കൂളുകളിൽ നിർബന്ധിതമാക്കി ഉത്തരവിറക്കിയ കർണാടകത്തിലെ ബിജെപി സർക്കാരാണ് ശിരോവസ്ത്രത്തിന്റെ പേരിൽ  മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുന്നതെന്നതും കോടതി കണ്ടമട്ടില്ല.

മതാചാരത്തിന്റെ അവിഭാജ്യ ഭാഗമല്ല ഹിജാബ് എന്നൊക്കെ ഹൈക്കോടതി ‘കണ്ടെത്തു’ന്നുണ്ട്. ഇത്തരം വിഷയങ്ങൾ ഉൾപ്പെട്ട ശബരിമലയിലെ സ്ത്രീ പ്രവേശം അടക്കം ഏതാനും കേസുകൾ ഒമ്പതംഗ ബെഞ്ചിനു വിട്ട്‌ സുപ്രീംകോടതിപോലും കാത്തിരിക്കുമ്പോഴാണ് ഇവിടെ ഹൈക്കോടതി എളുപ്പവഴിയിൽ ‘ഉത്തരം' കണ്ടെത്തിയത്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനംപോലെയുള്ള ഭരണഘടനാപ്രശ്നങ്ങളും നിലനിൽക്കുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ഹനിക്കുകയും ഒപ്പം സമൂഹത്തിൽ ഭിന്നത വർധിപ്പിക്കുകയും ചെയ്യുന്ന ഈ വിധി  തിരുത്തപ്പെടണം. കേസ്‌ സുപ്രീംകോടതിയിലേക്ക്‌ എത്തുകയാണ്‌. എത്രയുംവേഗം നീതിപൂർവകമായ തീരുമാനം ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന്‌ പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top