30 September Saturday

പ്രതീക്ഷ നൽകുന്ന ഹയർ സെക്കൻഡറി പരീക്ഷാഫലം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


വിദ്യാർഥി ജീവിതത്തിലെ വഴിത്തിരിവാകുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 82.95 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു. സ്‌കൂൾ ഗോയിങ്‌ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,76,135 വിദ്യാർഥികളിൽ 3,12,005 പേർ ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗ്യതനേടി. ഹയർ സെക്കൻഡറിയിൽ എല്ലാ വിഭാഗങ്ങളിലുമായി 4,32,436 പേരാണ്‌ പരീക്ഷ എഴുതിയത്‌. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 28,495 പേരിൽ 22,338 പേർ വിജയിച്ചു. വിജയശതമാനം 78.39. ഹയർ സെക്കൻഡറിയിൽ സർക്കാർ സ്കൂളുകളിൽ 79.19 ശതമാനം, എയ്ഡഡ് സ്കൂളിൽ 86.31 ശതമാനം, അൺ എയ്ഡഡ് സ്കൂളിൽ 82.70 ശതമാനം, സ്പെഷ്യൽ സ്കൂളുകൾ  99.32 ശതമാനം എന്നിങ്ങനെയാണ്‌ വിജയം. എല്ലാ വിഷയങ്ങളിലും 33,815 പേർക്ക്‌ എ പ്ലസ്‌ ലഭിച്ചു. മൂന്നുവർഷമായി കോവിഡ്‌ സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലായിരുന്നു പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും. ഇക്കുറി ഈ പ്രതിസന്ധി ഉണ്ടായിരുന്നില്ല. സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യമൊരുക്കി അക്കാദമിക്‌ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ പരിശ്രമങ്ങൾ പരീക്ഷാഫലത്തിലും പ്രതിഫലിച്ചുകാണാം. യഥാസമയം ഫലം പ്രഖ്യാപിക്കുന്നതിനായി പ്രവർത്തിച്ച അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിവരെയും ഉന്നത പഠനത്തിന്‌ അർഹതനേടിയ വിദ്യാർഥികളെയും മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. വിജയം അകന്നുപോയവർ നിരാശരാകേണ്ടതില്ല. സ്‌കൂൾ ജീവിതത്തിന്റെ അവസാനഘട്ടം പിന്നിട്ട വിദ്യാർഥികളുടെ അടുത്ത കടമ്പ ഇനി ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനമാണ്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വിജയത്തിലേക്ക്‌ നീങ്ങുമ്പോഴാണ്‌ ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം. അക്കാദമിക്‌ കെട്ടിടങ്ങൾ, ലൈബ്രറികൾ, ആധുനിക ലാബുകൾ, സ്‌റ്റേഡിയങ്ങൾ എന്നിവ നിർമിച്ച്‌ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച്‌ പുതുതലമുറ കോഴ്‌സുകളും കൂടുതൽ സീറ്റുകളും അനുവദിച്ച്‌ പരമാവധി പേർക്ക്‌ ഉന്നതപഠനത്തിന്‌ സർക്കാർ അവസരമൊരുക്കുകയാണ്‌. 131 പുതിയ ബിരുദ പ്രോഗ്രാമാണ്‌ ഈ സർക്കാർ അംഗീകരിച്ചത്‌. സർവകലാശാല വകുപ്പുകളെ സെന്റർ ഓഫ്‌ എക്‌സലൻസായി ഉയർത്തി, മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യയനം, പഠനം, വിലയിരുത്തൽ, പരീക്ഷ എന്നിവയെ പൊതുവായ ഒരു ലേണിങ്‌ മാനേജ്‌മെന്റ്‌ സംവിധാനത്തിലേക്ക്‌ കൊണ്ടുവരും. നാക്‌ മാതൃകയിൽ സംസ്ഥാനതലത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തി ഗ്രേഡിങ്‌ നൽകുന്നതിന്‌ സ്‌റ്റേറ്റ്‌ അസസ്‌മെന്റ്‌ ആൻഡ്‌ അക്രഡിറ്റേഷൻ സെന്റർ ആരംഭിച്ചു. ശാസ്‌ത്ര സാങ്കേതിക രംഗത്തെ വളർച്ചയും പഠനഗവേഷണങ്ങളും സമന്വയിപ്പിക്കാൻ സർവകലാശാലകളിൽ നൂതന പഠനവകുപ്പുകൾ ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ ധനസഹായപദ്ധതി പ്രകാരം രണ്ടരലക്ഷം രൂപയിൽ കുറവ്‌ വാർഷിക വരുമാനമുള്ള, പഠനത്തിൽ മികവ്‌ പുലർത്തുന്ന ആയിരം വിദ്യാർഥികൾക്ക്‌ ഒരു ലക്ഷം രൂപ വീതം ഫെലോഷിപ് നൽകുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമായി കേരളത്തിൽ നടപ്പാക്കി. ഇത്തരത്തിൽ നിരവധി പദ്ധതികളിലൂടെ ഉന്നതവിദ്യാഭ്യാസമേഖലയുടെ അലകും പിടിയും മാറ്റാൻ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുമ്പോൾ ഗവർണറെ ഉപയോഗിച്ച്‌ സർവകലാശാലകളുടെ സുഗമമായ പ്രവർത്തനം അട്ടിമറിക്കാനാണ്‌ മോദി സർക്കാർ ശ്രമിക്കുന്നത്‌.

ഐഐടികളും ഐഐഎമ്മുകളും കേന്ദ്രസർവകലാശാലകളും ഉൾപ്പെടെ കേന്ദ്രനിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യത്വരഹിതമായ സമീപനങ്ങളിലൂടെ ന്യൂനപക്ഷ, ദളിത്‌, മറ്റ്‌ പാർശ്വവൽകൃത വിഭാഗങ്ങളിലെ വിദ്യാർഥികളെ അകറ്റിനിർത്തുമ്പോൾ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കി എല്ലാവർക്കും പ്രവേശനം നൽകി കേരളത്തിലെ സർവകലാശാലകളും കോളേജുകളും സമഭാവനയുടെ കേന്ദ്രങ്ങളാകുന്നു. രാജ്യത്തെ വൈവിധ്യപൂർണമായ വിദ്യാഭ്യാസ സമ്പ്രദായത്തെ വർഗീയവൽക്കരണത്തിലേക്കും കേന്ദ്രീകരണത്തിലേക്കുമാണ്‌ മോദി സർക്കാർ നയിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കേന്ദ്രസർക്കാർ കവർന്നെടുക്കുകയാണ്‌. ‘ഒരു രാജ്യം ഒരു പരീക്ഷ’ എന്ന ലക്ഷ്യത്തോടെ 2017ൽ മെഡിക്കൽ പ്രവേശനത്തിന്‌ നീറ്റ്‌ നടപ്പാക്കി. ഡിഗ്രി പ്രവേശനത്തിന്‌ കേന്ദ്രീകൃതപരീക്ഷയും നടപ്പാക്കി. രാജ്യത്ത്‌ നിലനിൽക്കുന്ന വൈവിധ്യങ്ങളും പ്രാദേശികവും സാമ്പത്തികവും സാമൂഹ്യവുമായ അസമത്വങ്ങളും വിവേചനങ്ങളും പരിഗണിക്കാതെയാണ്‌ ഏകീകൃത പരീക്ഷകളും ഹിന്ദുത്വവൽക്കരണ സിലബസും ഹിന്ദിയും അടിച്ചേൽപ്പിക്കുന്നത്‌. ഇത്‌ അടിസ്ഥാന വിഭാഗങ്ങളിലെ കുട്ടികൾക്ക്‌ ഉന്നതപഠനം നിഷേധിക്കുന്നതിന്‌ ഇടയാക്കും. ഇവിടെയാണ്‌ വിദ്യാഭ്യാസരംഗത്ത്‌ കേരളത്തിന്റെ വിപ്ലവകരമായ മുന്നേറ്റം രാജ്യത്തിനാകെ മാതൃകയാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top