20 June Thursday

കരുതിയിരിക്കുക കാലവർഷത്തെയും

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020കൊറോണ വൈറസ്‌ വ്യാപനത്തിന്റെ കെടുതികൾ ഇപ്പോഴും കാര്യമായ ഭയാശങ്കകൾ വിതച്ചുകൊണ്ടിരിക്കുകയാണ്‌. സമ്പർക്കരോഗികൾ ഏറുകയും ഉറവിടം വ്യക്തമല്ലാത്ത കേസുകൾ പെരുകുകയും ചെയ്യുമ്പോൾ പ്രകൃതിയും കലിതുള്ളുന്നത്‌ കേരളീയരെ സംബന്ധിച്ച്‌ ഇരട്ട പ്രഹരമാണെന്നു പറയാം. സംസ്ഥാനവ്യാപകമായി നിർത്താതെ ഇരച്ചുപെയ്യുന്ന മഴ തുടക്കത്തിലേ ഇടുക്കി, വയനാട്‌ ജില്ലകളിൽ തീർത്ത കെടുതികൾ വിവരണാതീതമാണ്‌. പലേടങ്ങളിലും വ്യാപകമായ നാശമാണുണ്ടാക്കിയത്‌. വെള്ളം വീടുകളെയും ആശുപത്രികളെയും വ്യാപാര സ്ഥാപനങ്ങളെയും മുക്കി. മരങ്ങൾ കടപുഴകിവീണ്‌ സംഭവിച്ച മരണങ്ങൾ അടക്കമുള്ള പ്രശ്‌നങ്ങൾ വേറെ. പാലങ്ങൾ ഒഴുകിപ്പോയി. ഗതാഗതം താറുമാറായി. വാഹനങ്ങൾ കുടുങ്ങി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര ജലകമീഷൻ കഴിഞ്ഞ ദിവസം വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുകയുണ്ടായി. പക്ഷേ, പോയവർഷങ്ങളിലേതിനു സമാനമായ മഹാ പ്രളയസാധ്യതയില്ലെന്ന സൂചന ആശ്വാസകരമായി. അപ്പോഴും ആഗസ്‌ത്‌ പത്തുവരെ അതിശക്തമായ മഴയാണ് പ്രവചിച്ചത്. കർണാടകത്തിന്റെ ചില ഭാഗങ്ങളിലും പേമാരിയാണ്‌. അവിടത്തെ അഞ്ച്‌ നദി കരകവിഞ്ഞൊഴുകുന്നത്‌ കേരളത്തിനും ചെറിയ ഭീഷണിയുണ്ട്‌.

ഇടുക്കി പെട്ടിമുടിയിൽ ഗാഢനിദ്രയിലാണ്ട ഒട്ടേറെ മനുഷ്യർ വലിയ കെടുതിക്ക് ഇരയായ വാർത്ത കേട്ട്‌ കേരളം അക്ഷരാർഥത്തിൽ പകച്ചുനിൽക്കുകയാണ്‌. ലയങ്ങളിൽ കഴിയുകയായിരുന്നവർക്കുമേലാണ്‌ മണ്ണിടിച്ചിൽ മരണമായി ഉറഞ്ഞുതുള്ളിയത്‌. അസമയമായതിനാൽ ദുരന്തം പുറംലോകമറിയാൻ വൈകി. മൊബൈൽ ടവർ നിശ്ചലമായതിനാൽ വിവരം കൈമാറാൻ കഴിഞ്ഞില്ല. പാലം വെള്ളം വിഴുങ്ങിയതിനാൽ അങ്ങോട്ടും പുറത്തേക്കും വേഗത്തിൽ നീങ്ങാൻ കഴിയാതിരുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കി.  പ്രകൃതിക്ഷോഭത്തെ അഭിമുഖീകരിക്കാൻ സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളാണ്‌ നടത്തിക്കൊണ്ടിരുന്നത്‌. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ ഇറക്കി.  ഇടുക്കിയിലെയും വയനാട്ടിലെയും ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ അധിവസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ, മനുഷ്യന്‌ നിയന്ത്രിക്കാവുന്നതിനും അപ്പുറമായിരുന്നു പ്രകൃതിയുടെ താണ്ഡവം. അതൊരു യാഥാർഥ്യമായതിനാൽ കൂട്ടായ്‌മ കരുത്താക്കി അഭിമുഖീകരിക്കുകയേ നിർവാഹമുള്ളൂ. ഇടുക്കിയിൽ  മഴക്കെടുതിയിൽപ്പെട്ടവരെ രക്ഷിക്കാൻ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ്‌ സർക്കാർ ഏറ്റെടുത്തത്‌. തകരാറിലായ സംവിധാനങ്ങൾ പെട്ടെന്ന്‌ നന്നാക്കിയും പുതിയ സാങ്കേതിക സഹായങ്ങൾ കേന്ദ്ര സർക്കാരിനോട്‌ അഭ്യർഥിച്ചും ഏറെ ഉത്സാഹിച്ചു. ആരോഗ്യമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ മൊബൈൽ മെഡിക്കൽ സംഘങ്ങളെയും ആംബുലൻസുകളെയും അയച്ചു.


 

സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ വരുംദിനങ്ങളിൽ അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്‌ ഏവരും ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്‌. അപ്രതീക്ഷിത ഉരുൾപൊട്ടൽ, ഉഗ്രശേഷിയുള്ള മണ്ണിടിച്ചിൽ, താഴ്‌ന്ന പ്രദേശങ്ങളിൽ ഏതുസമയത്തും ദുരിതം വിതയ്‌ക്കാവുന്ന വെള്ളപ്പൊക്കം തുടങ്ങിയവ മുന്നിൽകണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിച്ചുകഴിഞ്ഞു. പകർച്ചവ്യാധി വ്യാപനമാണ്‌ മറ്റൊരു ഭീഷണി. കൊറോണയുടെ വ്യാപന ഭീതി നിലനിൽക്കുന്നതും നിസ്സാരമല്ല. വയനാട്ടിലും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിലും കോട്ടയത്തും  മലപ്പുറം ജില്ലയിലെ കിഴക്കൻ ഭാഗങ്ങളിലും ദുരന്ത സാധ്യതാ മേഖലകളിൽ കഴിയുന്നവരെ  മുൻകരുതലിന്റെ ഭാഗമായി എത്രയും പെട്ടെന്ന്‌ ക്യാമ്പുകളിലേക്ക് മാറ്റേണ്ടതുണ്ട്‌. രാത്രിയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യമുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന്‌ പകൽ നേരത്തുതന്നെ നിർബന്ധപൂർവം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതുമാണ്‌. മലയോരമേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കേണ്ടതും പ്രധാനം. പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം മറ്റ് ജില്ലകളെയും ബാധിക്കും. അതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലും അതീവ ജാഗ്രത പാലിക്കുകയും വേണം.

മഴക്കെടുതി കനക്കുകയും ഉരുൾപ്പൊട്ടലിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്‌ത സ്ഥിതി വരുംദിവസങ്ങളിലേക്കുള്ള ചൂണ്ടുപലകതന്നെ. നാശനഷ്ടം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്ക് സർവവിധ പിന്തുണയും വാഗ്‌ദാനംചെയ്‌ത്‌   പുനരധിവാസത്തിനും അടിയന്തരാശ്വാസത്തിനും ഡിവൈഎഫ്ഐ മുന്നോട്ടുവന്നത്‌ മാതൃകാപരമാണ്‌. ദുരന്തമേഖലയിൽ യൂത്ത് ബ്രിഗേഡുകൾ രൂപീകരിക്കാനും സംഘടന ആഹ്വാനം നൽകിയിട്ടുണ്ട്‌. റീസൈക്കിൾ കേരളയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഡിവൈഎഫ്‌ഐ 11 കോടി രൂപയ്‌ക്കടുത്ത്‌ സമാഹരിച്ച്‌ നൽകിയതും എടുത്തുപറയേണ്ടതാണ്‌. അണിഞ്ഞൊരുങ്ങി ചാനലുകളിലെ അന്തിച്ചർച്ചയിൽ പങ്കെടുക്കുകയാണ്‌ പൊതുപ്രവർത്തനമെന്ന്‌ തെറ്റിദ്ധരിച്ച യുവജന നേതാക്കളുടെ നിലപാടിനൊരു തിരുത്തുകൂടിയാണത്‌. അതുപോലെ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കഴിഞ്ഞ വർഷത്തിലേതുപോലൊരു പ്രളയം സ്വപ്‌നംകണ്ട കോൺഗ്രസ്‌ നേതാവ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നിലപാടല്ല പ്രതിപക്ഷം സ്വീകരിക്കേണ്ടതെന്നും ഓർമപ്പെടുത്തേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top