05 June Monday

മൂന്ന് ദശാബ്ദത്തിനുശേഷം നീതി

വെബ് ഡെസ്‌ക്‌Updated: Friday Nov 2, 2018


സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊലയെന്ന് വിശേഷിപ്പിക്കുന്ന 1987 ലെ ഹാഷിംപുര കൂട്ടക്കൊലക്കേസിൽ ഉത്തർപ്രദേശിലെ പ്രത്യേക പൊലീസ് സേനയായ പോസ്റ്റ് ആംഡ് കോൺസ്റ്റാബുലറി(പിഎസി)യിലെ 16 പേരെ ജീവപര്യന്തത്തടവിന് ഡൽഹി ഹൈക്കോടതി ശിക്ഷിച്ചു.  ഭരണകൂട ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന ഏറ്റവും ഭീകരമായ ഈ കൂട്ടക്കൊല നടന്ന്, മൂന്ന് പതിറ്റാണ്ടിനുശേഷമാണ് കോടതി പ്രതികളെ ശിക്ഷിക്കുന്നത്.  രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് 60 കിലോമീറ്റർ മാത്രം അകലെ ഉത്തർപ്രദേശിലെ മീറത്തിലുള്ള ഹാഷിംപുരയിൽ ന്യൂനപക്ഷ മുസ്ലിങ്ങൾക്കെതിരെ നടന്ന ഈ കൂട്ടക്കൊലക്കേസിലെ 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചിട്ടുള്ളത്.  ഒരു പ്രത്യേക ന്യുനപക്ഷ സമുദായത്തിൽപെട്ടവരെ ലക്ഷ്യംവച്ചുള്ള കൊലപാതകമാണ് ഹാഷിംപുരയിൽ നടന്നതെന്ന കാര്യം ഏറെ അസ്വസ്ഥമാക്കുന്നതാണെന്ന്  കോടതി അഭിപ്രായപ്പെട്ടു.  കൊല്ലപ്പെട്ട 42 പേരും മുസ്ലിങ്ങളായിരുന്നു. 

കസ്റ്റഡി കൊലപാതകങ്ങൾക്കിരയാകുന്ന കുടുംബങ്ങളെ സഹായിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും നിയമസർവീസ് അതോറിറ്റികൾ ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന ശ്രദ്ധേയമായ നിർദേശവും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. നഷ്ടപരിഹാരം മാത്രമല്ല അവരുടെ കുടുംബത്തിന്റെ നിലനിൽപ്പ‌് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആവശ്യമായ സഹായം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു സംവിധാനം ആവശ്യമെന്നും കോടതി നിരീക്ഷിച്ചു.

മീറത്തിലുണ്ടായ വർഗീയകലാപ വേളയിലാണ് 1987 മെയ് 22 ന് നഗരത്തിലെ ഹാഷിംപുര മൊഹല്ലയിൽനിന്നുള്ള 50 പേരെ പിഎസിയുടെ 41 –-ാം ബറ്റാലിയന്റെ സി കമ്പനി ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ‌്തത‌്. റമദാൻ മാസത്തിലെ ഒരു വെള്ളിയാഴ‌്ചയായിരുന്നു അന്ന്.  തോക്കിൻമുനയിൽ നിർത്തിയാണ് വീടുകളിൽനിന്ന‌് ചെറുപ്പക്കാരായ മുസ്ലിങ്ങളെ പൊലീസ് ഇറക്കിയത്. കുറ്റവാളികളെ പോലെ ഇവരെ തെരുവിൽ നടത്തിക്കുകയും പിന്നീട് പ്രത്യേക പൊലീസ് വാഹനങ്ങളിൽ ഗാസിയാബാദിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അടുത്ത ദിവസം ഇതിൽ 42 പേരുടെ മൃതദേഹം ഗാസിയാബാദിലെ ഹിൻഡോൺ കനാലിലും മുറാദ് നഗറിലെ അപ്പർ ഗംഗകനാലിലുമായി കണ്ടെത്തി. വരിവരിയായി നിർത്തി പിഎസിക്കാർ ഇവരെ രാത്രിയുടെ മറവിൽ വെടിവച്ച് കൊല്ലുകയും കനാലിൽ തള്ളിയിടുകയുമായിരുന്നു.  ഔദ്യോഗിക കണക്കനുസരിച്ച് 42 പേരാണ് കൊല്ലപ്പെട്ടതെങ്കിലും 161 പേർ കൊല്ലപ്പെട്ടുവെന്നാണ് ഉത്തർപ്രദേശ് സിബി സിഐഡി കണ്ടെത്തിയത്. പിഎസിക്കാർ നടത്തിയ വെടിവയ‌്പിൽനിന്ന‌് അഞ്ചോളം പേർ രക്ഷപ്പെട്ടിരുന്നു. ഇവരാണ് പൊലീസ് ക്രൂരതയുടെ നഖചിത്രം പുറംലോകത്തിന് നൽകിയത്.  1983 ൽ അസമിലെ നെല്ലി കൂട്ടക്കൊലയ‌്ക്കും 1984 ൽ ഡൽഹിയിലും പരിസരത്തും ഉണ്ടായ സിഖ് കൂട്ടക്കൊലയ‌്ക്കും 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയ‌്ക്കും സമാനമായ ആൾക്കുരുതി തന്നെയാണ് ഹാഷിംപുരയിലും നടന്നത്.

എന്നാൽ, ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ അന്ന് കേന്ദ്രവും സംസ്ഥാനവും ഭരിച്ച കോൺഗ്രസ് പാർടിയും തയ്യാറായില്ല. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. വീർ ബഹാദൂർ സിങ‌് മുഖ്യമന്ത്രിയും മൊഹ്സീന കിദ്വായി മീറത്ത് എംപിയുമായിരുന്നു. ഈ കോൺഗ്രസ് നേതാക്കളിൽനിന്ന‌്  ഇരകൾക്ക് ഒരു പിന്തുണയും ലഭിച്ചില്ല. കൊലപാതകത്തിനുപിന്നിൽ അന്നത്തെ ആഭ്യന്തരസഹമന്ത്രിയായിരുന്ന പി ചിദംബരത്തിന് പങ്കുണ്ടെന്ന ആരോപണംപോലും ഉയരുകയും ചെയ്തു. നിരന്തരമായ സമ്മർദങ്ങൾക്കൊടുവിൽ 1988 ലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി സർക്കാർ സിബിസിഐഡി സംഘത്തെ നിയോഗിക്കുന്നത്. 1994 ഫെബ്രുവരിയിലാണ് 60 പിഎസി ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകുന്നത്. എന്നാൽ, രണ്ട് വർഷത്തിന് ശേഷം 19 പേർക്കെതിരെയുള്ള കുറ്റപത്രമാണ് സിബിസിഐഡി ഗാസിയാബാദ് കോടതിയിൽ സമർപ്പിക്കുന്നത്.  മൂന്ന് പ്രതികൾ ഇതിനകം മരിച്ചു. ഇവരിൽ ജീവിച്ചിരിപ്പുള്ള 16 പേരെയാണ് ഇപ്പോൾ ശിക്ഷിച്ചിട്ടുള്ളത്. ഇരകളുടെ ആവശ്യപ്രകാരം കേസ് പിന്നീട‌് ഗാസിയാബാദ് കോടതിയിൽനിന്ന‌് ഡൽഹിയിലേക്ക് മാറ്റുകയും ചെയ‌്തു. 

വൈകി നീതി ലഭിച്ചുവെങ്കിലും കൂട്ടക്കൊലയ‌്ക്ക് പിന്നിൽ പ്രവർത്തിച്ച പല വമ്പന്മാരെയും  ഇതുവരെയും നീതിക്കു മുമ്പിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പിഎസിയിലെ എസ്ഐ, കോൺസ്റ്റബിൾ തലത്തിലുള്ളവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. വലിയ പദവിയിലിരിക്കുന്നവർ ആരുംതന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് മുറിവായി നിലനിൽക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top