24 April Wednesday

രാജ്യവ്യാപക പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018


ഇന്ത്യയെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ തിങ്കളാഴ്ച രാജ്യവ്യാപക ഹർത്താലിന് അഞ്ച് ഇടതുപാർടികൾ ആഹ്വാനം ചെയ്തിരിക്കയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കുതിച്ചുകയറുന്ന വില ജനകോടികളുടെ ജീവിതം തകർത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രക്ഷോഭം. നാലര വർഷത്തെ ബിജെപി ഭരണം രാജ്യത്തെ സാമൂഹ്യാന്തരീക്ഷത്തെ വർഗീയമായി വിഭജിച്ച് അരാജകാവസ്ഥയിലേക്ക് എത്തിച്ചു. ഇതിന് അനുബന്ധമായാണ് സാമ്പത്തികത്തകർച്ചയും.

മുംബൈയിൽ പെട്രോൾവില 87 രൂപയിലെത്തി. ഇത് അവിടത്തെ ഗതാഗതസംവിധാനത്തെപ്പോലും ബാധിച്ചിരിക്കുന്നു. തകർന്നടിഞ്ഞ കാർഷികമേഖലയിലാകട്ടെ കടുത്ത ആഘാതമാണുണ്ടാകുന്നത്. രൂപയുടെ മൂല്യം കുറയുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഇന്ധനവില ഇനിയും കൂടും. രൂപയുടെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയാണിപ്പോൾ. ഡോളറുമായുള്ള വിനിമയനിരക്ക് 72 രൂപയ്ക്ക് മുകളിലെത്തി. ഇന്ധനവിലയും രൂപയുടെ മൂല്യശോഷണവും ഒരേപോലെ കുതിക്കുമ്പോൾ അഭൂതപൂർവമായ വിലക്കയറ്റത്തിന് ജനങ്ങളിരയാകും.

പെട്രോളിയം വിലയിൽ ലോകരാജ്യങ്ങളിൽ ഇന്ത്യ ഇന്ന് 85‐ാം സ്ഥാനത്താണ്. അതേസമയം അയൽരാജ്യമായ പാകിസ്ഥാൻ 32‐ാം സ്ഥാനത്തും. സെപ്തംബർ മൂന്നിന് അവിടെ പെട്രോൾ വില 54.73 ഇന്ത്യൻ രൂപയാണ്. തണുപ്പുരാജ്യങ്ങളെ മാറ്റിനിർത്തിയാൽ പെട്രോളിയം വില ഏറ്റവും ഉയർന്നുനിൽക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് നമ്മുടെ രാജ്യം. രാജ്യാന്തരവിപണിയിലെ ക്രൂഡോയിൽ വിലവർധനയാണ് ഇതിനുകാരണമെന്ന കേന്ദ്രസർക്കാരിന്റെ വാദം പൊള്ളയാണ്. ക്രൂഡോയിൽ വീപ്പയ‌്ക്ക് 78 ഡോളറാണ് നിലവിൽ. ക്രൂഡോയിൽ വില ഇപ്പോൾ ഉയരാൻ കാരണം ഇറാനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതാണ്. ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായ ഇറാൻ കമ്പോളത്തിൽനിന്ന് അപ്രത്യക്ഷമായത് സ്വാഭാവികമായും ക്രൂഡോയിൽവില വർധിപ്പിക്കും. അമേരിക്കയ‌്ക്ക് കീഴടങ്ങി  ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറയ‌്ക്കുകയുംചെയ്തു.

എന്നാൽ, വീപ്പയ‌്ക്ക് 125 ഡോളറിൽ കൂടുതലുണ്ടായിരുന്നപ്പോൾപ്പോലും രാജ്യത്ത് പെട്രോൾ‐ഡീസൽവില ഇതിലും കുറവായിരുന്നു. എക്സൈസ് തീരുവ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ. വിലനിർണയത്തിനുള്ള അധികാരം എണ്ണവിപണന കമ്പനികൾക്കാണെന്ന് പറയുമ്പോഴും  കഴിഞ്ഞ വർഷം ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്തും ഈ വർഷം കർണാടക തെരഞ്ഞെടുപ്പുവേളയിലും ഇന്ധനവില വർധിക്കാതിരുന്നത് എങ്ങനെയാണ്. കോർപറേറ്റുകൾക്ക് കൊള്ളയടിക്ക് സൗകര്യമൊരുക്കുന്ന സർക്കാർ നാലുവർഷംകൊണ്ട് 3,92,057 കോടിരൂപയാണ് പെട്രോളിയം എക്സൈസ് തീരുവ ഇനത്തിൽ ജനങ്ങളിൽനിന്ന് ഊറ്റിയത്.

മോഡി സർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കെതിരെ രാജ്യമെങ്ങും വൻതോതിലുള്ള പ്രക്ഷോഭം അലയടിക്കുകയാണ്. കർഷകരും തൊഴിലാളികളും വിവിധ മേഖലകളിൽ പ്രക്ഷോഭത്തിലാണ്. ഡൽഹിയിൽ സെപ്തംബർ അഞ്ചിനു നടന്ന കിസാൻ‐മസ്ദൂർ സംഘർഷ് റാലി രാജ്യതലസ്ഥാനംകണ്ട പ്രക്ഷോഭങ്ങളിൽ ഏറ്റവും വലിയതായി. മഹാരാഷ്ട്രയിലെ കർഷകപ്രക്ഷോഭം തുടങ്ങി വൻ സമരമുന്നേറ്റമാണ് നടക്കുന്നത്. ഇതിന് അനുബന്ധമാണ് പത്തിന്റെ ഹർത്താൽ. ജനകീയമുന്നേറ്റങ്ങളിലൂടെയേ ഭരണാധികാരികളുടെ തെറ്റായ നയങ്ങളെ ചെറുക്കാനാകൂ എന്ന് ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.

പെട്രോളിയം വിലവർധനയ‌്ക്കെതിരെ തിങ്കളാഴ്ചതന്നെ കോൺഗ്രസ് പാർടി ഭാരതബന്ദ് പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. എന്നാൽ, പെട്രോളിയം വിലനിയന്ത്രണം എടുത്തുകളഞ്ഞത് രണ്ടാം യുപിഎ ഗവൺമെന്റാണെന്ന കാര്യം മറന്നുകൂടാ. കോൺഗ്രസ് തുടങ്ങിവച്ച സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾതന്നെയാണ് ബിജെപി സർക്കാർ അതിതീവ്രമായി നടപ്പാക്കുന്നത്. തെറ്റായ നയങ്ങളാണ് കോൺഗ്രസിനെ അധികാരത്തിൽനിന്നിറക്കിയത്. അത് ബിജെപിക്കും ബാധകമാണ്.

തെലങ്കാന തെരഞ്ഞെടുപ്പിലേക്ക്
കാലാവധി പൂർത്തിയാകാൻ എട്ടുമാസം ബാക്കിയിരിക്കെ തെലങ്കാന നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകാൻ മുഖ്യമന്ത്രി ചന്ദ്രശേഖരറാവു തീരുമാനിച്ചു. സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതോടെ സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ബാധ്യസ്ഥമാണ്. രാജസ്ഥാൻ,  മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് നടത്തുകയാണ് ചന്ദ്രശേഖരറാവുവിന്റെ ലക്ഷ്യം. 119 അംഗ നിയമസഭയിലെ 105 സ്ഥാനാർഥികളെ ടിആർഎസ് പ്രഖ്യാപിച്ചതും ഈ ലക്ഷംവച്ചാണ്. എന്നാൽ, തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനാണ്. ഫെബ്രുവരിക്കകം തെരഞ്ഞെടുപ്പ് നടത്തിയാൽമതിയെന്നു സാരം. 

സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർടിയായ കോൺഗ്രസ് തീർത്തും ദുർബലമാണ്. ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ കോൺഗ്രസിന് സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും. അതൊഴിവാക്കാനാണ് പെട്ടെന്ന് തെരഞ്ഞെടുപ്പിലേക്ക‌് പോകുന്നത‌്. രണ്ടാമത്തെ കാരണം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുഗുദേശം പാർടി ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസുമായി അടുക്കുന്നത് ടിആർഎസിന് ഭീഷണിയാണ്. മൂന്നാമാതായി നവംബർ‐ഡിസംബറിൽ നാല് സംസ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് വിജയിക്കുന്ന പക്ഷം അത് തെലങ്കാനയിലെ കോൺഗ്രസിന് ഊർജം പകരും. തെലങ്കാന പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായ കോദണ്ഡരാമനും ഗദ്ദറും റാവുവിനെതിരെ തിരിഞ്ഞതും സിപിഐ എം നേതൃത്വത്തിലുള്ള ബഹുജൻ ഇടതുമുന്നണിയുടെ രംഗപ്രവേശവും ടിആർഎസിന് തലവേദന സൃഷ്ടിക്കും. ഈ കക്ഷികളെല്ലാം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് സർവ സന്നാഹങ്ങളുമായി ഇറങ്ങുന്നതിന‌ുമുമ്പായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ചന്ദ്രശേഖരറാവുവിന് അധികരം നിലനിർത്താൻ ആവശ്യമായിവന്നിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top