25 September Monday

ഇത‌് രാജ്യത്തിന്റെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


അഞ്ചുദിവസത്തെ ഇടവേളയിൽ രണ്ടാംതവണയാണ‌്  കടുത്ത ജനരോഷത്തിന്റെ തള്ളിക്കയറ്റത്തിന‌്  രാജ്യം സാക്ഷ്യംവഹിക്കുന്നത‌്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ ഇന്ത്യ ഒറ്റമനസ്സോടെയാണ‌് പ്രതികരിച്ചത‌്. സെപ‌്തംബർ അഞ്ചിന്റെ കർഷക‐തൊഴിലാളി  പാർലമെന്റ‌് മാർച്ച‌് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മുമ്പില്ലാത്ത ഐക്യപ്രകടനമായിരുന്നു. തൊട്ടുപിന്നാലെ പ്രഖ്യാപിക്കപ്പെട്ട ദേശീയ ഹർത്താലിൽ അഭൂതപൂർവമായ പ്രതിഷേധമാണ‌് രാജ്യമെമ്പാടും അലയടിച്ചത‌്. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ‌്ത 12 മണിക്കൂർ ഹർത്താലും കോൺഗ്രസ‌് പ്രഖ്യാപിച്ച ആറ‌് മണിക്കൂർ ഭാരത‌്‌ ബന്ദും ജനങ്ങളാകെ ഏറ്റെടുത്തു. ദേശീയതലത്തിൽ ഇത്രമാത്രം വിജയംവരിച്ച സമരങ്ങൾ അപൂർവമെന്നുതന്നെ പറയാം. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളെല്ലാം ഒരുപോലെ സ‌്തംഭിച്ച അനുഭവം അധികമില്ല. പെട്രോൾ, ഡീസൽ വിലവർധനയുടെ ദുരിതം നേരിട്ട‌് അനുഭവിക്കുന്ന വാഹന ഉപയോക്താക്കൾ സ്വമേധയാ വിട്ടുനിന്നതോടെ റോഡുകളിൽ സ്വകാര്യ വാഹനങ്ങൾപോലും നാമമാത്രമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.  മുംബൈ ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും തൊഴിൽശാലകളും ഫാക്ടറികളും അടച്ചിട്ടു. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. മഹാപ്രളയത്തിന്റെ മുറിവുകൾക്കിടയിലും കേന്ദ്ര സർക്കാരിന്റെ ദുഷ്ടനീക്കങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇടതു ജനാധിപത്യമുന്നണി ആഹ്വാനംചെയ‌്ത ഹർത്താൽ കേരളത്തെ നിശ്ചലമാക്കി. 

മിക്ക സംസ്ഥാനങ്ങളിലും വൻ ജനപങ്കാളിത്തത്തോടെ പ്രകടനങ്ങൾ നടന്നു. ഇടതു പാർടികളും കോൺഗ്രസും മാത്രമാണ‌് സമരാഹ്വാനം നടത്തിയതെങ്കിലും ഇതര പ്രതിപക്ഷ പാർടികളും ഹർത്താലിൽ അണിനിരന്നു. ഡൽഹിയിൽ 21 പ്രതിപക്ഷ പാർടികളുടെ ഉന്നത നേതാക്കളാണ‌് സമരവേദി പങ്കിട്ടത‌്. രാജ‌്ഘട്ടിൽ നടന്ന ധർണയിലും തുടർന്ന‌് നടന്ന പാർലമെന്റ‌് മാർച്ചിലും വൻ ബഹുജന പങ്കാളിത്തവുമുണ്ടായി. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ ആയരിക്കണക്കിനാളുകൾ ട്രെയിനുകൾ തടഞ്ഞ‌് അറ‌സ്റ്റ‌് വരിച്ചു.

സമരത്തോട‌് മുഖംതിരിച്ചുനിന്ന തൃണമൂൽ കോൺഗ്രസ‌് പോലുള്ള കക്ഷികളും സമരത്തോട‌് സഹകരിക്കാൻ നിർബന്ധിതമായി. 50 വർഷം ഭരണത്തിൽ തുടരുമെന്ന‌് ബിജെപി ദേശീയ നിർവാഹക സമിതിയോഗം പ്രഖ്യാപിച്ച ദിവസംതന്നെയാണ‌്, അവരുടെ നയങ്ങൾ ജീവിതം എത്ര ദുസ്സഹമാക്കിയെന്ന‌്  തെളിയിച്ച ജനകീയപ്രകടനം.

അസംസ‌്കൃത എണ്ണയുടെ വില കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇന്ധനവില മുകളിലോട്ടുപോകുന്നതിന‌് തൃപ‌്തികരമായ എന്തെങ്കിലും വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിന‌് ആകുന്നില്ല. റിലയൻസ‌് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളാണ‌് എണ്ണവിലവർധനയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന‌് കണക്കുകൾ വ്യക്തമാക്കുന്നുണ്ട‌്. എക‌്സൈ‌സ‌് തീരുവയോ  മൂല്യവർധിത നികുതിയോ  കുറച്ചുകൊണ്ട‌് ജനങ്ങൾക്ക‌് ആശ്വാസം പകരാൻ തയ്യാറാകണമെന്ന നിർദേശം അംഗീകരിക്കാനും കേന്ദ്രമോ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാ തയ്യാറാകുന്നില്ല. കേരളം ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ വഴിക്ക‌് ജനങ്ങൾക്ക‌് ആശ്വാസം പകരുമ്പോൾ ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട‌് കഴുത്തുഞെരിക്കുകയാണ‌് കേന്ദ്രം.

കുതിക്കുന്ന ഇന്ധനവിലയും തകരുന്ന ഇന്ത്യൻ രൂപയും കടുത്ത സാമ്പത്തികപ്രതിസന്ധിയാണ‌് രാജ്യത്ത‌് സൃഷ്ടിക്കുന്നത‌്. കാർഷിക‐ വ്യാവസായിക മേഖലയിൽ ഉൽപ്പാദനം കീഴോട്ടാണ‌്. ഓഹരി വിപണിയിലും വിദേശനാണ്യശേഖരത്തിലും ഇതിന്റെ  പ്രതിഫലനം  പ്രകടമാണ‌്. എന്നാൽ, ഇൗ വിഷയങ്ങളൊന്നും രാജ്യം ഭരിക്കുന്ന പാർടിയെ ആകുലപ്പെടുത്തുന്നില്ല. ജനങ്ങളുടെ എന്തെങ്കിലും പ്രശ‌്നങ്ങളല്ല ബിജെപിയുടെ അജൻഡയെന്ന‌് അവരുടെ ദേശീയ നിർവാഹക സമിതിയോഗത്തിന്റെ  പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നുണ്ട‌്. പ്രതിപക്ഷത്ത‌് ഐക്യമില്ലെന്ന വ്യാമോഹത്തിൽ അധികാരത്തിൽ തുടരാമെന്നാണവരുടെ ചിന്ത. കോൺഗ്രസിന്റെ കുടുംബരാഷ്ട്രീയത്തെക്കുറിച്ചാണ‌് അവർ ഇപ്പോഴും സംസാരിക്കുന്നത‌്.

നരേന്ദ്ര മോഡി പുതിയ ഇന്ത്യയ‌്ക്ക‌് വഴികാട്ടിയെന്ന‌്  അവകാശപ്പെടുന്ന  പ്രമേയത്തിൽ ഇന്ധനവിലവർധനയെക്കുറിച്ച‌് പരാമർശമില്ല. ന്യൂനപക്ഷങ്ങളുടെ  അരക്ഷിതാവസ്ഥയോ പട്ടികവിഭാഗങ്ങളുടെ പ്രക്ഷോഭമോ അവർ കാണുന്നില്ല. ബിജെപി കണ്ണ‌് എത്ര ഇറുക്കിയടച്ചാലും ഈ വിഷയങ്ങളെല്ലാം ജനങ്ങളെ പൊറുതിമുട്ടിക്കുന്നുണ്ട‌്. അതിൽനിന്ന‌് ഉളവാകുന്ന ഐക്യവും പ്രതിരോധവും  എല്ലാ അനൈക്യത്തെയും മറികടന്ന‌് മുന്നിൽ വരുമെന്നാണ‌് ദേശീയ ഹർത്തലിൽ അലയടിച്ച പ്രതിഷേധം  തെളിയിക്കുന്നത‌്. അത‌് ജനകീയ‐ മതനിരപേക്ഷ രാഷ്ട്രീയത്തെ വിപുലപ്പെടുത്തും.  കർഷക‐തൊഴിലാളി മാർച്ച‌് പ്രഖ്യാപിച്ചപോലെ നയംമാറ്റാത്ത ഈ ഭരണത്തെ മാറ്റാനുള്ള ശക്തിയാണ‌് ഈ പ്രക്ഷോഭങ്ങളിലൂടെ വളരുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top