18 April Thursday

വാര്‍ത്താ സൃഷ്ടിയും ഹര്‍ത്താലും പറയുന്നത്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2017

സര്‍ക്കാരിനെതിരെ വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കാനും രാഷ്ട്രീയമുതലെടുപ്പ് നടത്താനും ഒരുവിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും നടത്തുന്ന ശ്രമം അത്യന്തം പരിഹാസ്യമായ നിലയിലെത്തിയിരിക്കുന്നു. തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ പൊടുന്നനെ  പ്രഖ്യാപിച്ച ഹര്‍ത്താലാണ് ഗവണ്‍മെന്റ് വിരുദ്ധ ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണം. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കിക്കൊണ്ടായിരുന്നു ഹര്‍ത്താല്‍. ബിജെപിയാണ് ആഹ്വാനംചെയ്തതെങ്കിലും മൂന്നാറില്‍ കുത്തിയി രിപ്പ് നടത്തുന്ന മൂന്നോ നാലോ സ്ത്രീകള്‍ക്ക് പിന്തുണയുമായെത്തിയവരെ കണ്ടാലറിയാം ഹര്‍ത്താലിന് പിന്നിലെ കൂട്ടായ്മ. 

മൂന്നാറിലെ സമരനായികയ്ക്കൊപ്പം ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ചില സിപിഐ എം വിരുദ്ധ രാഷ്ട്രീയനിരീക്ഷകരുമൊക്കെ സന്തോഷം പങ്കിടുന്ന ചിത്രങ്ങള്‍തന്നെ സംസാരിക്കുന്ന തെളിവുകളാണ്. എന്തിനായിരുന്നു ഹര്‍ത്താലും കുത്തിയിരിപ്പ് സമരവും എന്ന് അന്വേഷിച്ചാല്‍ പൂച്ച പുറത്തുചാടും. പെമ്പിളൈ ഒരുമൈ സമരത്തിലുണ്ടായിരുന്ന നാലുപേര്‍ മുദ്രാവാക്യം മുഴക്കിനീങ്ങുന്ന  ദൃശ്യം ഷൂട്ടുചെയ്യാന്‍ അതിലുമെത്രയോ ക്യാമറാമാന്മാര്‍ അവിടെ എത്തിയിരുന്നു. മന്ത്രി മണി മാപ്പുപറയണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

വൈദ്യുതിമന്ത്രി എം എം മണി ഒരു പ്രസംഗത്തില്‍ ഇടുക്കിയിലെ 'പെമ്പിളൈ ഒരുമൈ' സമരക്കാരെ അപമാനിച്ചെന്നുപറഞ്ഞ് ചില ദൃശ്യമാധ്യമങ്ങളാണ് ആദ്യം രംഗത്തിറങ്ങിയത്. ഇതേ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒരു ദിവസം മുമ്പ് കാണിച്ചിരുന്നു. അപ്പോള്‍ പറയാത്ത കാര്യങ്ങളാണ് പിന്നീട് വന്നത്. മാധ്യമങ്ങള്‍ പറയുംപ്രകാരമാണ് കാര്യങ്ങളെങ്കില്‍ മന്ത്രി എം എം മണിയുടെ പരാമര്‍ശം ശരിയല്ലെന്ന് മുഖ്യമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കി. ഇതിനുപിന്നാലെ തന്റെ പരാമര്‍ശം തെറ്റായി പ്രചരിപ്പിക്കപ്പെട്ടെന്നും സ്ത്രീകളെ ഒരിക്കലും അപമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എങ്കിലും അങ്ങനെ പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പ്രസ്താവന ഇറക്കി. ഇതൊക്കെയായിട്ടും പിന്മാറാന്‍ ബിജെപിയോ സമരക്കാരോ തയ്യാറായില്ല. മന്ത്രി സമരക്കാരുടെ മുന്നിലെത്തി മാപ്പുപറയണമെന്നായി പിന്നത്തെ ആവശ്യം.

ചാനലുകള്‍ കാണിച്ച ഭാഗങ്ങളില്‍ത്തന്നെ സ്ത്രീവിരുദ്ധപരാമര്‍ശം ഇല്ലെന്നും എഡിറ്റ് ചെയ്യാത്ത വീഡിയോ കിട്ടിയാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം ശക്തമായ വാദമുയരുന്നുണ്ട്. ഇതിലെ ന്യായാന്യായങ്ങള്‍ കാഴ്ചക്കാര്‍ തീരുമാനിക്കട്ടെ. എന്നാല്‍, മുഖ്യമന്ത്രിയും  സിപിഐ എം നേതാക്കളും തള്ളിപ്പറയുകയും തെറ്റിദ്ധരിപ്പിക്കപ്പെട്ടതില്‍ മന്ത്രിതന്നെ ക്ഷമാപണംനടത്തുകയും ചെയ്തിട്ടും കടന്നാക്രമണം തുടരുന്നതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. തുടര്‍ച്ചയായി വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് ഗവണ്‍മെന്റിനെ താറടിക്കുക, സര്‍ക്കാരിന്റെ പതിനൊന്നുമാസത്തെ നേട്ടങ്ങളില്‍നിന്ന് ജനശ്രദ്ധ തെറ്റിക്കുക- ഇതുമാത്രമാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ ലക്ഷ്യം.  ബിജെപിയില്‍നിന്നും യുഡിഎഫില്‍നിന്നും മറ്റ് സിപിഐ എം വിരുദ്ധ കേന്ദ്രങ്ങളില്‍നിന്നും ഇതിന് കലവറയില്ലാത്ത പിന്തുണയും കിട്ടുന്നു.

അഴിമതിക്കറപുരണ്ടതും ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് അകലം പാലിക്കുന്നതുമായിരുന്നു മുന്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഭരണസംവിധാനം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനാകട്ടെ എണ്ണിയെണ്ണിപ്പറയാന്‍ ഒരുപാടു നേട്ടങ്ങളുണ്ട്. വിലക്കയറ്റം, ക്ഷേമപെന്‍ഷന്‍, പൊതുമേഖല, ക്രമസമാധാനം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, ധന മാനേജ്മെന്റ്, ഗതാഗതം തുടങ്ങി ഒരോ വകുപ്പിലും ഒരുപാട് നേട്ടങ്ങളുണ്ടാക്കാന്‍ ഹ്രസ്വകാലംകൊണ്ട് സര്‍ക്കാരിന് സാധിച്ചു. ദൈനംദിന ജീവിതപ്രയാസങ്ങളനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇതെല്ലാം ബോധ്യമുള്ളതുമാണ്. പ്രശ്നങ്ങളില്‍ ഇടപെട്ടും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിയും ചിട്ടയായാണ് ഇടതുജനാധിപത്യമുന്നണി ഗവണ്‍മെന്റ് മുന്നേറുന്നത്. രാഷ്ട്രീയമായും സാമ്പത്തികതാല്‍പ്പര്യങ്ങളാലും നയിക്കപ്പെടുന്നവരുടെ ഒരു അവിശുദ്ധസഖ്യം തുടക്കംമുതല്‍തന്നെ ഗവണ്‍മെന്റിനെതിരെ  ബോധപൂര്‍വം നീങ്ങുകയാണെന്ന് ഒരോ വിവാദവും തെളിയിക്കുന്നുണ്ട്.

സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിന് എല്ലാ ഒത്താശയും ചെയ്തവരാണ് ജിഷ്ണു സംഭവത്തിന്റെ മറവില്‍ ഗവണ്‍മെന്റിനെതിരെ നീങ്ങിയത്. ഒടുവില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദനയെ സര്‍ക്കാര്‍വിരുദ്ധ വികാരമാക്കാന്‍ നോക്കി. ഇതിന്റെപേരില്‍ ബിജെപി- യുഡിഎഫ് സംസ്ഥാന ഹര്‍ത്താല്‍ നടന്നു. അസത്യങ്ങളും കല്‍പ്പിത കഥകളും ഉപയോഗിച്ചാണ് ഒരോഘട്ടത്തിലും മാധ്യമ- യുഡിഎഫ് - ബിജെപി കൂട്ടുമുന്നണി നീങ്ങിയത്. നുണ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ സത്യമാകില്ലെന്ന് പലവട്ടം തെളിഞ്ഞിട്ടും പിന്മാറാന്‍ ഇവര്‍ ഒരുക്കമല്ല. മൂന്നാറിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടും, ഭിന്നാഭിപ്രായം ഉണ്ടെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. കുരിശു തകര്‍ത്ത് ബോധപൂര്‍വം ക്രമസമാധാനപ്രശ്നം സൃഷ്ടിച്ച് കൈയേറ്റഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ശ്രമത്തെ പാതിവഴിയില്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് മൂന്നാറില്‍ അരങ്ങേറിയത്.

ഈ ഗൂഢാലോചനയിലെ കണ്ണികള്‍ വന്‍കിട റിസോര്‍ട്ട് മാഫിയമുതല്‍ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍വരെയാണെന്നതിന്റെ  തെളിവാണ് മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍. ഉദ്യോഗസ്ഥരും ചില മാധ്യമപ്രവര്‍ത്തകരുംതമ്മില്‍ എല്ലാ കാലത്തും ഉണ്ടായിരുന്ന അവിശുദ്ധബന്ധം തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്ന് മന്ത്രി മണി വ്യക്തമാക്കിയിട്ടുണ്ട്. എത്ര ദുര്‍വ്യാഖ്യാനംചെയ്താലും ആ സത്യം ഏറെ തെളിമയോടെ ജനങ്ങള്‍ക്കുമുന്നിലുണ്ട്. അനധികൃത റിസോര്‍ട്ടിലെ ആഘോഷങ്ങളും ചാനല്‍ സ്പോണ്‍സേര്‍ഡ് സമരങ്ങളും പിന്തുണക്കാരുടെ മനപ്പൊരുത്തവുമെല്ലാം വിരല്‍ചൂണ്ടുന്നത് സര്‍ക്കാര്‍നടപടികളുടെ നേര്‍ദിശയിലേക്ക് തന്നെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top