25 March Saturday

ഹരിതകേരളം

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2016


'പാരം കരിമ്പ് പനസം മുളകേലമിഞ്ചി
കേരം കവുങ്ങ് തളിര്‍ വെറ്റില ഏത്തവാഴ,
ഈ രമ്യവസ്തുതതി ചേര്‍ന്നു വിളങ്ങുമീനല്‍
പാരഗ്ര കല്‍പ്പതരുമണ്ഡിത നന്ദനാഭം' “
ഉമാകേരളത്തില്‍ ഉള്ളൂര്‍ ഹരിത കേരളത്തെ
ഇങ്ങനെയൊക്കെയാണ് വിശേഷിപ്പിച്ചത്.
“'മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലം തിങ്ങും ഇളം കവുങ്ങും
തെരഞ്ഞഹോ! സസ്യലതാഢ്യമായ
വീടൊന്നിതാ മുന്നില്‍ വിളങ്ങിടുന്നൂ'“

ഐക്യകേരളത്തിനു മുമ്പ് കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ ഇങ്ങനെ എഴുതിയതും പഴയ തലമുറ പഠിച്ചിട്ടുണ്ട്. സമകാലികര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രണയകവി ചങ്ങമ്പുഴ അതേ സന്ദര്‍ഭത്തില്‍ 'വാഴക്കുല'യും എഴുതിയിരുന്നു.”

'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍' “

എന്നാണ് ചങ്ങമ്പുഴയുടെ തീക്ഷ്ണ നിരീക്ഷണം.

ഉള്ളൂരിന്റെയും കേശവന്‍ നായരുടെയും മറ്റും കവിതകളില്‍ ജന്മിത്തത്തിന്റെയും മറ്റും തികട്ടലുണ്ടായിരുന്നു. ചങ്ങമ്പുഴയില്‍ ജന്മിത്തത്തിന്റെ അരികുപറ്റിയ അധഃകൃതരുടെ പ്രതികാരവാഞ്ഛ കാണാം. ചങ്ങമ്പുഴയുടെ വാഴക്കുലയോടൊപ്പം ചേര്‍ന്നാണ് കേരളത്തില്‍ കര്‍ഷക പ്രസ്ഥാനങ്ങള്‍ ഉദയംചെയ്തത്. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം ഉയര്‍ന്നത് അങ്ങനെയാണ്.

'നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ' എന്നു പാടിയതും ഈ ചരിത്ര സന്ദര്‍ഭത്തിലാണ്. വയലില്‍ നിന്നുയര്‍ന്നതാണ് വടക്കന്‍പാട്ടും മറ്റു നാട്ടുപാട്ടുകളും. വയലാറിലെ വയല്‍ക്കരയില്‍ മുരിക്കന്മാരും ചെളിയില്‍ ചോമന്മാരും ഉണ്ടായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്റെ കേന്ദ്രബിന്ദു ഈ വൈരുധ്യമായിരുന്നു.

ഇന്ന് കവികള്‍ക്ക് പാടാന്‍ വയലേലകളും ചോലകളും അരുവികളും ഇല്ല. സുഗതകുമാരിയും മറ്റും നഷ്ടപ്പെട്ട ഏതോ സ്വപ്നത്തെ കവിതയില്‍ കുടിയിരുത്തുന്നുണ്ട്. കടമ്മനിട്ടയും സച്ചിദാനന്ദനും മറ്റും കീഴാള കര്‍ഷകരുടെ രോദനം വിപ്ളവകരമാക്കിയിട്ടുണ്ട്.

ഇത്രയും പരാമര്‍ശിക്കാന്‍ കാരണം കേരളത്തെക്കുറിച്ച് അത്രയും വ്യാകുലചിത്തരായത് കവികളാണ് എന്നതുകൊണ്ടാണ്.

'ഭാരതമെന്നപേര്‍ കേട്ടാല്‍ അഭിമാന-
പൂരിതമാകണമന്തരംഗം,
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍'“
എന്ന് വള്ളത്തോള്‍ പ്രാദേശികവാദം
ഉയര്‍ത്തിയതും ഓര്‍ക്കുക.

ഹരിതകേരളത്തിന്റെ പുതിയ സാധ്യതയെക്കുറിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കുലംകഷമായി ചിന്തിച്ചു തുടങ്ങുന്നത് സത്യത്തില്‍ ഇപ്പോഴാണ്. എംഗള്‍സിന്റെ‘'പ്രകൃതിയുടെ വൈരുധ്യാത്മകത' മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ ഏറെ വൈകിയിരുന്നു. 'ഹരിതകേരളം മിഷന്‍ കേരള'’നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കാതിരിക്കാന്‍ എതിരാളികള്‍ക്കു പോലും കഴിയില്ല.

സിപിഐ എം നേരത്തെതന്നെ പരിസ്ഥിതിയുടേയും  കാര്‍ഷിക സംസ്കൃതിയുടേയും  പ്രാധാന്യം ഉള്‍ക്കൊണ്ട് ചില ചുവടുകള്‍ വെച്ചിരുന്നു. ആ വഴിയില്‍ രൂപപ്പെട്ട പദ്ധതിയുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മെത്രാന്‍കായലിലും ആറന്മുളയിലും മറ്റും വിത്തിട്ടുകൊണ്ട് ഇതിനകംതന്നെ നല്ലതുടക്കത്തിന് സര്‍ക്കാര്‍ നിലമൊരുക്കിയിരുന്നു.

ഇച്ഛാശക്തിയുണ്ടെങ്കില്‍ നമുക്ക് നമ്മുടെ കേരളത്തെ തിരിച്ചുപിടിക്കാം. ഇന്നലെ (ഡിസംബര്‍ 8) കേരളം മണ്ണിലേക്ക് ഇറങ്ങിയിരിക്കുന്നു. കേരളപ്പിറവിയുടെ ജൂബിലി ആഘോഷത്തിന്റെ അനുബന്ധം കൂടിയാണിത്.

നന്മയുള്ള നാടാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാട് എന്നത് പരസ്യവാചകം മാത്രമല്ല. അതൊരു ഭൂമിശാസ്ത്രപരമായ സൌഭാഗ്യം കൂടിയാണ്. 44 നദികള്‍ തലങ്ങുംവിലങ്ങുമുള്ള മറ്റൊരു ഭൂപ്രദേശം ഭൂമിയിലില്ല. നദികളുടെ കൈവഴികള്‍, നദിയിലേക്ക് വന്നുചേരുന്ന അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍  ഇവയിലെല്ലാം ഇന്ന് പ്ളാസ്റ്റിക്കും മറ്റു മാലിന്യങ്ങളുമാണ്. ദക്ഷിണഗംഗയായ പമ്പയുടെ ദുരവസ്ഥ നമുക്കറിയാവുന്നതാണല്ലോ.

വരുംതലമുറയ്ക്ക് ഈ നാടിനെ അതിന്റെ എല്ലാ നന്മകളോടെയും കൈമാറണം. ഭൂമി മാത്രമല്ല, ആകാശവും ശുദ്ധമാക്കണം.  ഇതൊരു ഭഗീരഥപ്രയത്നമാണ്. ഇതിന് ഒരു ജനകീയ യജ്ഞം ആവശ്യമാണ്. പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ മണ്‍മറഞ്ഞവരെ കുറ്റം പറയരുത്. 44 നദിയുണ്ടായിട്ടും കേരളം ഇന്ന് ജലക്ഷാമത്തിലാണ്. ലോകമെങ്ങും യുദ്ധം നടക്കുന്നത് കുടിവെള്ളത്തിനു വേണ്ടിയാണെന്ന് ശാസ്ത്രീയ പഠനങ്ങളുണ്ട്. ഗള്‍ഫിലെ എണ്ണയേക്കാള്‍ യൂഫ്രട്ടീസ് ടൈഗ്രീസ് നദിയിലെ വെള്ളത്തിനു വേണ്ടിയാണ് അവിടത്തെ അധിനിവേശങ്ങള്‍ നടക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

നദീജല സംസ്കാരങ്ങളാണ് ഭൂമിയില്‍ പിറവികൊണ്ടത്. നദിക്കരയിലാണ് കാര്‍ഷിക സംസ്കൃതി ഉദയംപ്രാപിച്ചത്. കേരളവും തമിഴ്നാടും കര്‍ണാടകവും തമ്മിലുള്ള സംഘര്‍ഷം നദീജലത്തെ സംബന്ധിച്ചാണ്.

കേരളത്തെ കേരളമായി നിലനിര്‍ത്തണം. അത് പഴയ കേരളമല്ല, നവകേരളമാകണം. ജാതി മതാന്ധതകള്‍ കരാളനൃത്തം ചെയ്യുന്ന കേരളമാണ് ഇന്ന്. സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്നാണ് വിശേഷിപ്പിച്ചത്. 1933ല്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഗാന്ധിജിയും പറഞ്ഞു 'എല്ലാ പ്രദേശങ്ങളും രമണീയം. മനുഷ്യര്‍ മാത്രമാണ് നീചര്‍'.” ഇന്ന് കേരളം ഭ്രാന്താലയത്തില്‍നിന്ന് ലോകം ശ്രദ്ധിക്കുന്ന നാടായി മാറി. ഇതിന് അവകാശി ആരാണ്? പുതു തലമുറയും വരുംതലമുറയും അത് പഠനവിധേയമാക്കണം. ഹരിതകേരള ചിന്തകള്‍ അങ്ങനെ വളരട്ടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top