18 April Thursday

ജന്മദിനാഘോഷവും വർഗീയതയും

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ജമ്മു–-കശ്‌മീരിൽ വെള്ളിയാഴ്‌‌ച മുൻ ദോഗ്ര രാജാവ്‌ ഹരിസിങ്ങിന്റെ ജന്മദിനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഔദ്യോഗികമായി ആഘോഷിക്കപ്പെട്ടു. ലെഫ്‌റ്റനന്റ്‌ ഗവർണർ അന്നേദിവസം അവധിയായി പ്രഖ്യാപിച്ചു. യുവരജപുത്‌ സഭയും ബിജെപിയുമാണ്‌ ആഘോഷത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നതെന്ന്‌  ‘ദി ഹിന്ദു’ റിപ്പോർട്ട്‌ ചെയ്‌തു. ഹരിസിങ്ങിന്റെ ജന്മദിനം ആഘോഷിക്കാൻ മോദി സർക്കാർ തീരുമാനിച്ചതിനു പിന്നിലെ ചേതോവികാരം എന്താണ്‌? കശ്‌മീരി ജനതയുടെ യഥാർഥ ചരിത്രം തേച്ചുമാച്ചുകളയുക മാത്രമല്ല, അവരുടെ വ്യക്തിത്വത്തിനും അന്തസ്സിനും പോറലേൽപ്പിച്ച്‌ ഒരു ഹിന്ദുത്വ ആഖ്യാനത്തിന്‌ മേൽക്കൈ സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമായി മാത്രമേ ഈ നീക്കത്തെ കാണാൻ കഴിയൂ.

നാട്ടുരാജ്യമായിരുന്ന ജമ്മു കശ്‌മീരിൽ ഭരണം നടത്തിയ ഏറ്റവും അവസാനത്തെ രാജാവാണ്‌ ഹരിസിങ്. സ്വേച്ഛാധിപതിയായി ഭരണം നടത്തുകയും സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അടിച്ചമർത്തുകയും ബ്രിട്ടീഷുകാർക്ക്‌ പാദസേവ നടത്തുകയും ചെയ്‌ത രാജാവാണ്‌ ഹരിസിങ്. ബ്രിട്ടീഷുകാർ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നൽകുമെന്നു പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിൽ ചേരാൻ വിസമ്മതിക്കുകയും ഹൈദരാബാദിലെ നൈസാമിനെപ്പോലെ, തിരുവിതാംകൂറിനെപ്പോലെ സ്വതന്ത്രമായി നിലകൊള്ളാൻ ആഗ്രഹിക്കുകയും ചെയ്‌ത രാജാവാണ്‌ ഹരിസിങ്. പാകിസ്ഥാൻ പത്താൻ പട ശ്രീനഗറിലേക്ക്‌ പാഞ്ഞടുത്തപ്പോഴാണ്‌ ഗത്യന്തരമില്ലാതെ ഹരിസിങ് ഇന്ത്യൻ സേനയുടെ സഹായം അഭ്യർഥിച്ചതും ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറായതും.

ഹരിസിങ് രാജാവിന്റെ ഈ ദേശവിരുദ്ധ ചെയ്‌തികൾക്കെല്ലാം കൂട്ടുനിന്ന പ്രസ്ഥാനമാണ്‌ ആർഎസ്‌എസ്‌. രാജവാഴ്‌ചയ്‌ക്കും ജനാധിപത്യ ഭരണത്തിനുമായി പൊരുതിയ ഷേക്ക്‌ അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസിനെ അടിച്ചമർത്താൻ ശ്രമിച്ചതും ഹരിസിങ് തന്നെ. ബ്രിട്ടന്റെ സുഹൃത്തായ, സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച രാജാവിന്റെ ജന്മദിനമാണ്‌ മോദി സർക്കാർ പൊതുഅവധിയായി പ്രഖ്യാപിച്ചതും ആഘോഷിച്ചതും. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ മാറിനിന്ന ആർഎസ്‌എസിന്റെ പിന്മുറക്കാരായതിനാൽ ഇതിൽ അത്ഭുതപ്പെടാനില്ല. സ്വാതന്ത്ര്യത്തിനായി പൊരുതിവീണ ഭഗത്‌സിങ് ഉൾപ്പെടെയുള്ളവരുടെ രക്തസാക്ഷിത്വത്തെ, ദേശാഭിമാനബോധത്തെ അപഹസിക്കുന്ന നടപടിയാണ്‌ മോദി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്‌.

രാജാവിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾത്തന്നെ, രാജവാഴ്‌ചയ്‌ക്കെതിരെ കശ്‌മീരിൽ പൊരുതിവീണ 22 പേരുടെ രക്തസാക്ഷിത്വദിനം ആചരിക്കരുതെന്നാണ്‌ ബിജെപി സർക്കാരിന്റെ തീട്ടൂരം. ഹരിസിങ് രാജാവിന്റെ പൊലീസ്‌ 1931ൽ നടത്തിയ വെടിവയ്‌പിലാണ്‌ 22 പേർ രക്തസാക്ഷികളായത്‌. അതിനുശേഷം ജൂലൈ 13 രക്തസാക്ഷിദിനമായി ആചരിച്ചുവരികയായിരുന്നു. എന്നാൽ, 2020 മുതൽ ഈ പതിവ്‌ ഇല്ലാതായി. അന്നേദിവസം സംസ്ഥാന ഭരണത്തിന്റെ തലവൻ രക്തസാക്ഷി മണ്ഡപത്തിൽ റീത്ത്‌ വയ്‌ക്കുന്ന ചടങ്ങും ഉപേക്ഷിക്കപ്പെട്ടു. അന്നേദിവസത്തെ പൊതുഅവധിയും എടുത്തുകളഞ്ഞു. 2019 മുതൽ ഷേക്ക്‌ അബ്‌ദുള്ളയുടെ ജന്മദിനാഘോഷവും ഉപേക്ഷിക്കപ്പെട്ടു. സ്വതന്ത്ര കശ്‌മീരിനായി പ്രവർത്തിച്ച ഹരിസിങ് രാജാവിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ സമാനമായ നയം സ്വീകരിച്ച ഹൈദരാബാദിലെ നൈസാമിനെ തള്ളിപ്പറയുന്നുവെന്ന്‌ മാത്രമല്ല, നൈസാമിന്റെ ഹൈദരാബാദിനെ ‌ ഇന്ത്യൻ യൂണിയനോട്‌ ചേർത്ത സൈനിക നടപടിയെ വിമോചനമായി ആചരിക്കാനാണ്‌ ബിജെപി തയ്യാറായിട്ടുള്ളത്‌. ഭരണാധികാരിയുടെ മതമാണ്‌ വ്യത്യസ്‌ത സമീപനത്തിന്റെ അടിസ്ഥാനമെന്നു കാണാം.

ആർഎസ്‌എസ്‌ ഉന്നംവയ്‌ക്കുന്ന ഹിന്ദുത്വവൽക്കരണത്തിന്റെ നഖചിത്രമാണ്‌ കശ്‌മീരിൽനിന്ന്‌ വായിച്ചെടുക്കാൻ കഴിയുന്നത്‌. ഭരണഘടനയിലെ 370–-ാം വകുപ്പും 35 എ വകുപ്പും റദ്ദാക്കി ജമ്മുകശ്‌മീരിനുള്ള പ്രത്യേക അവകാശമെല്ലാം എടുത്തുകളഞ്ഞ മോദി സർക്കാർ മണ്ഡല പുനർവിഭജനത്തിലുടെ ഹിന്ദു ഭൂരിപക്ഷ ജമ്മുവിൽ സീറ്റ്‌ വർധിപ്പിക്കുകയും മുസ്ലിം ഭൂരിപക്ഷ കശ്‌മീരിൽ ആനുപാതിക വർധന അനുവദിക്കാതിരിക്കുകയും ചെയ്‌തു. സംസ്ഥാനത്തിന്‌ പുറത്തുനിന്നുള്ളവർക്കും വോട്ടവകാശവും നൽകിയിരിക്കുകയാണ്‌ ഇപ്പോൾ. ഏതു മാർഗത്തിലൂടെയായാലും മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തിന്റെ ഭരണം ഹരിസിങ് രാജാവിന്റെ കാലത്തേതുപോലെ ഹിന്ദു ഭരണാധികാരിയുടെ കൈകളിലേക്ക്‌ മാറ്റാനുള്ള അണിയറനീക്കങ്ങളാണ്‌ ബിജെപിയും ആർഎസ്‌എസും നടത്തുന്നത്‌. ഭാവി സംഘർഷങ്ങൾക്ക്‌ വിത്തുവിതയ്‌ക്കുകയാണ്‌ ബിജെപി ഇപ്പോൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top