26 April Friday

ഹജ്ജ്‍ സബ്‍സിഡി നിർത്തുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Friday Jan 19, 2018



ഹജ്ജ്‍ സബ്‍സിഡി പൊടുന്നനെ നിർത്തിവയ്‍ക്കുന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മുസ്ലിം പ്രീണനനയം അവസാനിപ്പിക്കുകയാണെന്നും ഈ തുക ഇനിമുതൽ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും മന്ത്രി മുക്താർ അബ്ബാസ്‍ നഖ്‍വി പ്രഖ്യാപിച്ചു. ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലിം, ബുദ്ധ, ജൈന, ക്രിസ്‍ത്യൻ, പാഴ്‍സി, സിഖ്‍ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിന് അനുവദിച്ച 2000 കോടി രൂപയോളം തടഞ്ഞുവച്ച സർക്കാർ, ഹജ്ജ്‍ സബ്‍സിഡിക്കായി മാറ്റിവച്ച തുക മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യവികസനത്തിനുമായി ഉപയോഗിക്കുമെന്ന് പറയുന്നത്‍ വിശ്വസിക്കുക എളുപ്പമല്ല. ഏതെങ്കിലും മതവിഭാഗങ്ങൾക്ക്‍ നൽകുന്ന സബ്‍സിഡി മതനിരപേക്ഷ ഭരണഘടനയ്‍ക്ക്‍ എതിരാണെന്ന വിചാരത്താലല്ല മോഡിസർക്കാർ ഹജ്ജ്‍ സബ്‍സിഡി നിർത്തിവച്ചിട്ടുള്ളത്‍. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ നയത്തിന്റെ ഭാഗംതന്നെയാണ് ഈ നടപടിയും.

ഇന്നല്ലെങ്കിലും 2022നകം ഹജ്ജ്‍ സബ്‍സിഡി നിർത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്. കാരണം, 2012 മെയ്‍ മാസത്തിലാണ് സുപ്രീംകോടതി അടുത്ത പത്തുവർഷത്തിനകം ഹജ്ജ്‍ സബ്‍സിഡി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട്‍ ആവശ്യപ്പെട്ടത്‍.  ജസ്റ്റിസുമാരായ അഫ്‍താബ്‍ ആലമും രഞ്‍ജനപ്രകാശ്‍ ദേശായിയും അടങ്ങുന്ന ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പ്രസ്‍താവിച്ചത്‍. അന്ന് രണ്ടാം യുപിഎ സർക്കാരായിരുന്നു കേന്ദ്രത്തിൽ അധികാരത്തിലിരുന്നത്‍. യുപിഎ സർക്കാരും ഈ കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സബ്‍സിഡി തുകയിൽ വർഷംതോറും കുറവുവരുത്താൻ ആരംഭിച്ചിരുന്നു. സുപ്രീംകോടതി വിധി വരുന്ന 2012ൽ 836.50 കോടിയായിരുന്നു ഹജ്ജ്‍ സബ്‍സിഡിയെങ്കിൽ 2013ൽ 680 കോടിയായും 2014ൽ 577 കോടിയായും കുറച്ചു. മോഡിസർക്കാർ വന്നതോടെ അത്‍ കുത്തനെ കുറഞ്ഞു. അതിപ്പോൾ പൂർണമായും നിർത്തിയെന്നുമാത്രം. വസ്‍തുത ഇതാണെന്നിരിക്കെ മുസ്ലിം പ്രീണനത്തിന് അന്ത്യമിട്ടു എന്ന രീതിയിലുള്ള മന്ത്രിയുടെ അവകാശവാദം സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ നയത്തിന്റെ ഭാഗമാണെന്ന് വ്യക്തം.

നേരത്തെ കപ്പൽവഴിയായിരുന്നു ഹാജിമാർ ഹജ്ജ്‍ കർമത്തിനായി പോയിരുന്നത്‍. ദിവസങ്ങളെടുക്കുന്നതും അപകടം നിറഞ്ഞതുമായിരുന്നു ഈ യാത്ര. അതിനാലാണ് കൂടുതൽ സുരക്ഷിതമായ ആകാശയാത്ര നടത്താൻ ഹാജിമാരിൽ സമ്മർദമുണ്ടായത്‍. ഇന്ദിരാഗാന്ധി സർക്കാരാണ് ഹാജിമാരോട്‍ ആകാശയാത്ര നടത്താൻ നിർബന്ധിച്ചത്‍. എന്നാൽ, കപ്പൽയാത്രയേക്കാൾ ചെലവേറിയതാണ് ആകാശയാത്രയെന്നതിനാൽ പലരും അതിന് മടിച്ചു. ഈ ഘട്ടത്തിലാണ് വ്യത്യാസം വരുന്ന തുക സബ്‍സിഡിയായി നൽകാൻ തീരുമാനിച്ചത്‍. എന്നാൽ, ഈ തുകയൊരിക്കലും ഹജ്ജിന് പോകുന്നവർക്ക്‍ നേരിട്ട്‍ ലഭിച്ചിരുന്നില്ല. ഹജ്ജ്‍ തീർഥാടകരുടെ വിമാനയാത്ര സാധ്യമാക്കിയ എയർ ഇന്ത്യക്കായിരുന്നു ഈ പണം സർക്കാർ നൽകിയത്‍. സാധാരണനിലയിൽ സൗദിയിലേക്ക്‍ പോകാൻ ആവശ്യമായി വരുന്ന തുകയുടെ ഇരട്ടിയോ അതിലധികമോ ആയിരുന്നു എയർ ഇന്ത്യ ഈടാക്കിയിരുന്നത്‍ എന്ന പരാതി വ്യാപകമായിരുന്നു. അതായത്‍ തുച്ഛമായ തുകയാണ് സബ്‍സിഡിയായി നൽകിയിരുന്നത്‍. അതാണിപ്പോൾ പൂർണമായും നിർത്തിയത്‍. എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചതും ഹജ്ജ്‍ സബ്‍സിഡി നിർത്തിവയ്‍ക്കാൻ കേന്ദ്രത്തിന് പ്രേരണയായിട്ടുണ്ടാകും. പാവപ്പെട്ട ഹാജിമാർക്ക്‍ ഇത്തവണത്തെ യാത്ര ഇതുമൂലം ബുദ്ധിമുട്ടേറിയതാകും.

ഒരു മതേതര രാഷ്ട്രത്തിൽ മതപരമായ തീർഥാടനത്തിനും മറ്റും നികുതിപ്പണം ഉപയോഗിക്കുന്നത്‍ ശരിയല്ല. എന്നാൽ, ഹജ്ജിനുള്ള സബ്‍സിഡി ഒഴിവാക്കിയതുകൊണ്ടുമാത്രം ഇത്‍ പരിഹരിക്കാൻ കഴിയില്ല. മറ്റു മതങ്ങൾക്ക്‍ നൽകുന്ന സബ്‍സിഡിയും ഒഴിവാക്കേണ്ടതുണ്ട്‍. അലഹബാദിലും ഉജ്ജയിനിയിലും നാസിക്കിലും മറ്റും നടക്കുന്ന കുംഭമേളകൾക്ക്‍ ആയിരക്കണക്കിന് കോടി രൂപയാണ് അതത്‍ സംസ്ഥാന സർക്കാരും കേന്ദ്രവും ചെലവഴിക്കുന്നത്‍. അമർനാഥ്‍ യാത്രയ്‍ക്കും മാനസരോവർ യാത്രയ്‍ക്കും ഇതുപോലെതന്നെ കോടികൾ ചെലവഴിക്കുന്നു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‍ സർക്കാർ മാനസരോവർ യാത്രയ്‍ക്കുള്ള സബ്‍സിഡി ഒരാൾക്ക്‍ ഒരുലക്ഷം രൂപയായാണ് ഉയർത്തിയത്‍. ഹജ്ജിനേക്കാൾ വലിയ തുകയാണ് ഇതിനായി സർക്കാർ ചെലവഴിക്കുന്നത്‍. ഹജ്ജിന് സബ്‍സിഡി നിർത്തുന്നപക്ഷം കുംഭമേളകൾക്കും യാത്രകൾക്കുമുള്ള സബ്‍സിഡിയും നിർത്തിവയ്‍ക്കേണ്ടതല്ലേ? സബ്‍സിഡികളുടെ മരണമണി മുഴങ്ങുന്ന നവ ലിബറൽ കാലത്ത്‍ പ്രത്യേകിച്ചും. ആ നയത്തിന്റെ പതാകവാഹകനായ നരേന്ദ്ര മോഡിയുടെ ഭരണകാലത്ത്‍ സബ്‍സിഡിക്കും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ നിറംപകരുന്നത്‍ മതനിരപേക്ഷ ഭരണഘടന നിലനിൽക്കുന്ന രാഷ്ട്രത്തിന് ഭൂഷണമാണോ?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top