18 April Thursday

ഗുജറാത്ത്: ആശ്വാസവും മുന്നറിയിപ്പും

വെബ് ഡെസ്‌ക്‌Updated: Thursday Aug 10, 2017


ജനാധിപത്യകക്ഷികളെന്ന് അവകാശപ്പെടുന്ന ബൂര്‍ഷ്വാ പാര്‍ടികളുടെ രാഷ്ട്രീയ അപചയത്തിന്റെ അങ്ങേത്തലയാണ് ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്. ഈ അസംബന്ധ നാടകത്തിന്റെ അവസാന അങ്കത്തില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടി ജനാധിപത്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കെല്ലാം ആശ്വാസം പകരുന്നതാണ്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ  വിജയം ഈ അര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ വിജയമാണ്. അധികാരവും സമ്പത്തും കൈയൂക്കും ഉപയോഗിച്ച് എന്തും വരുതിയിലാക്കുകയെന്ന ഫാസിസ്റ്റ് തത്ത്വശാസ്ത്രം സര്‍വതലങ്ങളിലും പ്രയോഗിക്കുകയാണ് ബിജെപി. ന്യായം, നീതി, സത്യം തുടങ്ങിയ മൂല്യങ്ങളൊന്നും രാജ്യം ഭരിക്കുന്ന കക്ഷിക്ക് ബാധകമല്ല. ഗുജറാത്തില്‍ നിലവിലുള്ള അംഗബലമനുസരിച്ച് മൂന്നില്‍ രണ്ടുപേരെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കുമായിരുന്നു. മൂന്നാമത്തെ സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതും. മുതിര്‍ന്നവരുടെ സഭയായി പരിഗണിക്കപ്പെടുന്ന രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അലങ്കോലമാക്കാനാണ് അമിത് ഷായും കൂട്ടരും തയ്യാറായത്.

രണ്ടുപതിറ്റാണ്ടായി ഗുജറാത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന, ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ വഗേലയുടെ കൂടുമാറ്റത്തിനുപിന്നില്‍ അമിത് ഷായുടെ കരങ്ങളാണെന്നതില്‍ സംശയമൊന്നുമില്ല. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായ വഗേല കരുക്കള്‍ നീക്കിയത്. അധികാരത്തിന്റെയും പണത്തിന്റെയും പ്രലോഭനങ്ങള്‍ക്കുമുന്നില്‍ കണ്ണുമഞ്ഞളിച്ച ശങ്കര്‍സിങ് വഗേലയെന്ന പ്രതിപക്ഷനേതാവിന് കളംമാറാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു. പട്ടേല്‍, പിന്നോക്ക വിഭാഗ പ്രക്ഷോഭങ്ങളും ദളിത് പീഡനവും ന്യൂനപക്ഷഹത്യകളും നില പരുങ്ങലിലാക്കിയ ബിജെപി പ്രതീക്ഷ കൈവിട്ടുനില്‍ക്കുകയായിരുന്നു. ആദ്യത്തെ അമ്പില്‍ത്തന്നെ കോണ്‍ഗ്രസിന്റെ കാറ്റുപോകുന്ന സ്ഥിതിയാണ് ഗുജറാത്തില്‍ കണ്ടത്. വഗേലയ്ക്ക് പിന്നാലെ ഏഴ് എംഎല്‍എമാര്‍ പാര്‍ടിവിട്ടു. രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ പതിനൊന്ന് വോട്ട് ചോര്‍ന്നതോടെ കോണ്‍ഗ്രസിന്റെ നിലതെറ്റി. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പതിറ്റാണ്ടിനുശേഷം തിരിച്ചുവരാന്‍ പോകുന്നു എന്ന പ്രതീക്ഷ ഉണര്‍ത്തിയ കോണ്‍ഗ്രസിന് സ്വന്തം പാളയത്തിലെ എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍പോലും ത്രാണിയുള്ള നേതൃത്വമുണ്ടായില്ല.
സാമാജികരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കാറ്റും വെളിച്ചവും തട്ടാതെ സൂക്ഷിക്കേണ്ട പരിതാപകരമായ അവസ്ഥയിലായി കോണ്‍ഗ്രസ്. പാര്‍ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും കോണ്‍ഗ്രസ് നയങ്ങളുടെ മുഖ്യശില്‍പ്പിയുമായ അഹമ്മദ് പട്ടേലാണ് അഞ്ചാംതവണയും ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥി. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറിവന്നവരിലൊരാളെ പട്ടേലിനെതിരെ സ്ഥാനാര്‍ഥിയാക്കിയ ബിജെപിതന്ത്രം കോണ്‍ഗ്രസിനെ കുഴക്കി. എംഎല്‍എമാരെ ബംഗളൂരുവില്‍ പാര്‍പ്പിക്കുന്നതിനെ നേരിടാന്‍ നഗ്നമായ അധികാരദുര്‍വിനിയോഗമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.  കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രിയുടെ വസതികളില്‍ നടന്ന സിബിഐ റെയ്ഡ് ഇതിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഉപകരണങ്ങളായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന പതിവ് ഇവിടെയും മോഡിഭരണം തെറ്റിച്ചില്ല.

വോട്ടെടുപ്പിന് രണ്ടുനാള്‍മുമ്പ് തിരിച്ചെത്തിച്ച എംഎല്‍എമാരെ   ഗുജറാത്തിലും രഹസ്യമായി പാര്‍പ്പിക്കേണ്ടിവന്നു. ബിജെപിയുടെ മറയില്ലാത്ത ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്ക് മറുതന്ത്രങ്ങള്‍ മെനഞ്ഞ കോണ്‍ഗ്രസിന് അവശേഷിച്ച വോട്ടുകള്‍ ചോരാതെ നിലനിര്‍ത്താനായെന്നത് ആശ്വാസത്തിന് വകനല്‍കുന്നു. ബിജെപിക്ക് വോട്ടുചെയ്ത രണ്ട് കോണ്‍ഗ്രസ് വിമതരുടെ വോട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ അസാധുവാക്കിയിരുന്നില്ലെങ്കില്‍ അഹമ്മദ് പട്ടേല്‍ പരാജയപ്പെടുമായിരുന്നു. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ ബിജെപി സ്ഥാനാര്‍ഥി അമിത് ഷായെ കാണിച്ച രണ്ടുപേരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പോരാട്ടമാണ് ഒടുവില്‍ വിജയം കണ്ടത്. വോട്ടെണ്ണല്‍ നര്‍ത്തിവയ്പിക്കാനും അനുകൂലതീരുമാനം നേടിയെടുക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുപ്പ് കമീഷനെ നിരന്തരം ബന്ധപ്പെട്ടു. ഈ നീക്കത്തിന് തടയിടാന്‍  ബിജെപി നേതൃത്വവും കടുത്ത സമ്മര്‍ദം ചെലുത്തി. നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ അര്‍ധരാത്രികഴിഞ്ഞ്  നീതിയുക്തമായ തീരുമാനം തെരഞ്ഞെടുപ്പ് കമീഷനില്‍നിന്നുണ്ടായി. കേന്ദ്രഭരണത്തിന്റെ അമിതാധികാര പ്രവണതകള്‍ക്കും വഴിവിട്ട സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ ഭരണഘടനാബാധ്യത ഉയര്‍ത്തിപ്പിടിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം ജനാധിപത്യത്തിന്റെ വിജയമായി ആഘോഷിക്കപ്പെടേണ്ടതാണ്.

കേവലമൊരു രാജ്യസഭാതെരഞ്ഞെടുപ്പ് വിഷയമായി ഇതിനെ ചുരുക്കിക്കാണാന്‍ പറ്റില്ല. പാര്‍ലമെന്ററി, ഫെഡറല്‍ വ്യവസ്ഥ തന്നെ തകര്‍ക്കാനും വ്യക്തികേന്ദ്രീകൃത ഭരണവ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാനും ബിജെപി നടത്തുന്ന അണിയറനീക്കങ്ങളുടെ ഭാഗമായിവേണം ഗുജറാത്ത്  രാഷ്ട്രീയത്തെയും കാണാന്‍. ഏത് മാര്‍ഗമുപയോഗിച്ചും അധികാരസ്ഥാനങ്ങള്‍ കൈയടക്കുക, ജനാധിപത്യമൂല്യങ്ങളുടെ വിലയിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ കള്ളച്ചൂതില്‍ ബിജെപിയുടെ നിഴലായി അധഃപതിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ഇതര ദേശീയ ജനാധിപത്യകക്ഷികളും. സാമ്പത്തികനയത്തിലും രാഷ്ട്രീയമൂല്യങ്ങളിലും ബിജെപിക്ക് ബദലാകാവുന്ന ഒന്നും കോണ്‍ഗ്രസിന് അവകാശപ്പെടാനില്ല.  കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ പോരാടാനാകില്ലെന്ന ഇടതുപക്ഷ കക്ഷികളുടെ നിലപാടിന്റെ പ്രസക്തിയാണ് ഗുജറാത്ത് സംഭവവികാസങ്ങളും അടിവരയിടുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top