25 April Thursday

ഗുജറാത്തും ഹിമാചലും നല്‍കുന്ന സൂചന

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017


ഗുജറാത്തില്‍ അനായാസമായ ആറാംവിജയം ലക്ഷ്യമിട്ട ബിജെപിക്ക് 99 സീറ്റിന്റെ തിളക്കമറ്റ വിജയം. ജനാധിപത്യസംവിധാനങ്ങളെയാകെ അപഹാസ്യമാക്കിയ നാടകങ്ങള്‍ക്കൊടുവില്‍  നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ വിജയികളായ ബിജെപിക്ക് അഭിമാനിക്കാന്‍ വകയില്ല. 182ല്‍ 150 സീറ്റ് ഉറപ്പിക്കാനാണ് സര്‍വസന്നാഹവുമായി ബിജെപി ഇറങ്ങിയത്. എന്നാല്‍, കാര്യങ്ങള്‍ പന്തിയല്ലെന്ന് ബിജെപി നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. നരേന്ദ്രമോഡി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ പിന്‍ഗാമിയായി നിയോഗിച്ച ആനന്ദിബെന്‍ പട്ടേലിന് സംസ്ഥാനം ജാതികലാപത്തില്‍ കത്തിയെരിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുഖ്യമന്ത്രിയായി നിയോഗിച്ച വിജയ് റുപാണിക്കും കര്‍ഷകരും വ്യാപാരികളും ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ രോഷം ശമിപ്പിക്കാന്‍ കഴിഞ്ഞില്ല. നോട്ടുനിരോധനവും ജിഎസ്ടിയും ജനങ്ങളെ തെരുവിലിറക്കിയപ്പോള്‍ സര്‍ക്കാരിനു പലപ്പോഴും അടിതെറ്റി.

ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ കാര്യത്തില്‍പോലും ഹിതകരമല്ലാത്ത ഇടപെടലുണ്ടായി. ആറു മാസ കാലയളവില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഒരേസമയം പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കം. ഇതനുസരിച്ച്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ഗുജറാത്തിലെ സമയക്രമവും പ്രഖ്യാപിക്കേണ്ടതായിരുന്നു. ഗുജറാത്തിലെയും ഹിമാചലിലെയും വോട്ടെണ്ണല്‍ ഒരേസമയം നടക്കുമെന്ന് അറിയിക്കുക മാത്രമാണ് കമീഷന്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തന്നെ ഇതുവഴി ചോദ്യംചെയ്യപ്പെട്ടു.  പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരുപറഞ്ഞാണ്് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്  പഖ്യാപനം നീട്ടിയത്. എന്നാല്‍, വ്യാപകമായി ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്താന്‍  സംസ്ഥാനസര്‍ക്കാരിന് ഇതുവഴി അവസരം ലഭിച്ചു. പരിപാടികളില്‍ മോഡി തന്നെ നേരിട്ട് പങ്കെടുക്കുകയും ചെയ്തു.  പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പോലും നീട്ടിവച്ചും മന്ത്രിസഭാ യോഗങ്ങള്‍ മുടക്കിയുമാണ് മോഡിയും സഹപ്രവര്‍ത്തകരും ഗുജറാത്തില്‍ തമ്പടിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പണത്തിന്റെ കുത്തൊഴുക്ക് തന്നെയുണ്ടായി. വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ തിരിച്ചടി മണത്തപ്പോള്‍ പ്രധാനമന്ത്രി തന്റെ പദവിപോലും വിസ്മരിച്ചുള്ള ആക്രമണത്തിനു മുതിര്‍ന്നു. ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന്‍ ഇടപെടുന്നുവെന്നായിരുന്നു മോഡിയുടെ ആരോപണം. പാകിസ്ഥാന്‍ മുന്‍വിദേശമന്ത്രി മുഹമ്മദ് ഖുര്‍ഷിദ് കസൂരി ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ളവരുമായി ഇതിനുവേണ്ടി ഗൂഢാലോചന നടത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഗുജറാത്തില്‍ ഏതുവിധേനയും ജയിക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് രാജ്യാന്തരതലത്തില്‍ ഇന്ത്യയെ നാണംകെടുത്തിയ ഈ പരാമര്‍ശത്തിന് മോഡി തയ്യാറായത്. റോഡ് ഷോ തടഞ്ഞപ്പോള്‍ അത് മറികടക്കാന്‍ സീപ്ളെയിന്‍ഷോ നടത്തുകയെന്ന ബാലിശമായ നടപടിക്കും അദ്ദേഹം തയ്യാറായി. ഒടുവില്‍ വോട്ട് ചെയ്തശേഷവും സര്‍വചട്ടങ്ങളും കാറ്റില്‍ പറത്തി റോഡ്ഷോ നടത്തി. തെരഞ്ഞെടുപ്പ് കമീഷന്‍ ഇതു കണ്ടില്ലെന്ന് നടിച്ചുവെന്ന ഗുരുതര ആരോപണവും ഉയര്‍ന്നു.

ഇത്രയെല്ലാം ചെയ്തിട്ടും കഷ്ടിച്ച് അധികാരം നിലനിര്‍ത്താന്‍ മാത്രമാണ് ബിജെപിക്ക് കഴിഞ്ഞത്. മറുവശത്ത് കോണ്‍ഗ്രസ് ദിശാബോധമില്ലാതെ നീങ്ങുകയായിരുന്നു. സംഘടനാപരമായും ആശയപരമായും ദുര്‍ബലമായ കോണ്‍ഗ്രസ് രാഹുലിന്റെ 'വ്യക്തിപ്രഭാവ'ത്തില്‍ മാത്രമാണ് പിടിവള്ളി തേടിയത്. രാഹുല്‍ഗാന്ധിയാകട്ടെ ബിജെപിയുടെ വര്‍ഗീയധ്രുവീകരണ തന്ത്രങ്ങളെ ചെറുക്കാന്‍ ഹിന്ദുത്വപ്രീണനം മാര്‍ഗമായി സ്വീകരിച്ച് ക്ഷേത്രങ്ങളില്‍ കയറിയിറങ്ങി. മുസ്ളിംനേതാക്കളെ കോണ്‍ഗ്രസ് പ്രചാരണപരിപാടികളില്‍നിന്ന് അകറ്റിനിര്‍ത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ജാതിസംഘടനകളുടെ പ്രതിനിധികളുമായുള്ള സഖ്യവും കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. സംവരണംപോലുള്ള വിഷയങ്ങളില്‍ വോട്ട് രാഷ്ട്രീയം കളിക്കാനും കോണ്‍ഗ്രസ് തയ്യാറായി. ഈ പരീക്ഷണങ്ങളൊന്നും കോണ്‍ഗ്രസിന് ആശിച്ച ഫലം നേടിക്കൊടുത്തില്ല.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചിരിക്കെ ബിജെപിയില്‍ ആധി പടര്‍ത്തുന്ന സ്ഥിതിവിശേഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം സൃഷ്ടിച്ചിരിക്കുന്നത്. ബദല്‍ പരിപാടികളുടെ അടിസ്ഥാനത്തില്‍, വിശ്വാസ്യതയുള്ള പ്രതിപക്ഷസംവിധാനത്തിന് ബിജെപിയുടെ ദുര്‍ഭരണം തകര്‍ക്കാന്‍ കഴിയുമെന്ന് ഗുജറാത്ത് ഫലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ ചെപ്പടിവിദ്യകള്‍കൊണ്ട് ബിജെപിയെ നേരിടാന്‍ കഴിയില്ല.

ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കിയ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം ബിജെപിക്ക് അടിയറവയ്ക്കുകയും ചെയ്തു. അഴിമതിയും കെടുകാര്യസ്ഥതയും നവഉദാരനയങ്ങള്‍ നടപ്പാക്കുന്നതിലുള്ള വ്യഗ്രതയുമായിരുന്നു ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുഖമുദ്ര. കോണ്‍ഗ്രസിന് ബിജെപിയെ ചെറുക്കാന്‍ കഴിയില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ഹിമാചല്‍ഫലം. ബിജെപിയും കോണ്‍ഗ്രസും പിന്തുടരുന്ന പിന്തിരിപ്പന്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കു പകരം വിശ്വാസയോഗ്യമായ ബദല്‍ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നതാണ് ഗുജറാത്ത്, ഹിമാചല്‍ഫലങ്ങളുടെ ചൂണ്ടുപലക. ഹിമാചല്‍പ്രദേശിലെ തിയോഗ് മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥി രാകേഷ് സിംഗ നേടിയ വിജയം രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കെല്ലാം ആവേശവുമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top