18 April Thursday

ഗുജറാത്തില്‍ ഭയത്തോടെ ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Dec 15, 2017


രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പതിവില്‍നിന്ന് വ്യത്യസ്തമായി ഏറെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. 22 വര്‍ഷമായി ബിജെപി ഭരണം നടത്തുന്ന ഗുജറാത്തില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ആര് വിജയിക്കുമെന്നതിനെക്കുറിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ല. 2002ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായതിനുശേഷം പ്രത്യേകിച്ചും. എന്നാല്‍, സംസ്ഥാനത്ത് അധികാരസ്ഥാനത്ത് നരേന്ദ്ര മോഡി ഇല്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2014 മേയിലാണ് മോഡി പ്രധാനമന്ത്രിയായി രാഷ്ട്രീയതട്ടകം അഹമ്മദാബാദില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് മാറ്റിയത്. മോഡിക്കുശേഷം ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായെങ്കിലും പട്ടേലുകള്‍ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചതോടെതന്നെ അവരുടെ കസേരയ്ക്ക് ഇളക്കം തട്ടി. ഉനയില്‍ ദളിതര്‍ പീഡിപ്പിക്കപ്പെട്ടതോടെ അവരെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ ബിജെപി നിര്‍ബന്ധിതമായി. തുടര്‍ന്ന് വിജയ് രൂപാനി മുഖ്യമന്ത്രിയായി. ഈ പ്രതിച്ഛായനഷ്ടത്തിന്റെ കാലത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

സ്വാഭാവികമായും ബിജെപി ഭരണകാലത്തെ അരുതായ്മകള്‍ തെരഞ്ഞെടുപ്പില്‍ സജീവവിഷയമായി. മോഡി ഗുജറാത്ത് വികസനമാതൃകയെന്ന പേരില്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങള്‍ ഭൂസ്വാമിമാരും കര്‍ഷകരുമായ പട്ടേലുകളുടെ ജീവിതംപോലും അസാധ്യമാക്കിയ സാഹചര്യത്തിലാണ് അവര്‍ സംവരണപ്രക്ഷോഭവുമായി രംഗത്തുവന്നത്. എന്നാല്‍, ഈ പ്രക്ഷോഭകര്‍ക്കുനേരെ നിറയൊഴിക്കാനും അതിന്റെ നേതാവായ ഹാര്‍ദിക് പട്ടേലിനെ ജയിലിലടയ്ക്കാനും ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായി. സ്വാഭാവികമായും ബിജെപിയെ തോല്‍പ്പിക്കുക എന്ന മുദ്രാവാക്യം ഹാര്‍ദിക് പട്ടേലും അനുയായികളും ഉയര്‍ത്തി.  സൌരാഷ്ട്രയിലെ പ്രബല വിഭാഗമായ പട്ടേലുകളുടെ പിന്തുണയാണ്് കേശുഭായ് പട്ടേലിനും മോഡിക്കും മുഖ്യമന്ത്രിക്കസേര സമ്മാനിച്ചത്. 1980കളില്‍ കോണ്‍ഗ്രസ് നേതാവായ മാധവ്സിങ് സോളങ്കി കെഎച്ച്എഎം എന്ന പേരില്‍ ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ളിം കൂട്ടുകെട്ടുണ്ടാക്കി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടിയപ്പോഴാണ് പട്ടേലുകള്‍ ബിജെപിയുമായി അടുത്തത്. തുടര്‍ന്നങ്ങോട്ട് ജനസംഖ്യയില്‍ 13 ശതമാനംവരുന്ന ഈ വിഭാഗമായിരുന്നു ബിജെപിയുടെ നട്ടെല്ല്. അതാണിപ്പോള്‍ ശിഥിലമായത്.  ജിഎസ്ടിയും കോര്‍പറേറ്റ് അനുകൂല വ്യവസായ, കാര്‍ഷിക നയങ്ങളും ഈ വിഭാഗത്തെ ഗണ്യമായ തോതില്‍തന്നെ ബിജെപിയില്‍നിന്ന് അകറ്റി.

ഉന സംഭവത്തോടെ ദളിതരും ബിജെപിയോട് മുഖംതിരിഞ്ഞ് നിന്നു. ഈ പ്രക്ഷോഭത്തിലൂടെ ഉയര്‍ന്നുവന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ബിജെപിയെ തോല്‍പ്പിക്കുക ലക്ഷ്യമാക്കിയാണ് തെരഞ്ഞെടുപ്പുഗോദയില്‍ ഇറങ്ങിയത്. ഒബിസി നേതാവായ അല്‍പ്പേഷ് ഠാക്കൂറും ബിജെപിക്കെതിരെ തിരിഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പുസ്വപ്നങ്ങളെ കരിച്ചുകളയുന്നത് ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അല്‍പ്പേഷ് ഠാക്കൂറുമാണ്. ഇവരെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നതില്‍ സംശയമില്ല. നോട്ട് നിരോധനവും ജിഎസ്ടിയും മറ്റും കച്ചവടക്കാരുടെ പാര്‍ടിയായ ബിജെപിയുടെ അടിത്തറ ഇളക്കുകയും ചെയ്തു. നരേന്ദ്ര മോഡിയെപ്പോലും സ്വീകരിച്ചത് ഒഴിഞ്ഞ കസേരകളായിരുന്നു. എല്ലാ അര്‍ഥത്തിലും പ്രതിരോധത്തിലായ ബിജെപിക്ക് പ്രഖ്യാപിത 150 സീറ്റ് കിട്ടുകയില്ലെന്ന് ഉറപ്പിച്ചുപറയാം. 

2002, 2007, 2012 തെരഞ്ഞെടുപ്പില്‍ നേടിയ അനായാസവിജയം അസാധ്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വഴിവിട്ട നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഹാര്‍ദിക് പട്ടേലിനെ കരിതേച്ചുകാണിക്കുകയായിരുന്നു ആദ്യലക്ഷ്യം. ഹാര്‍ദിക് പട്ടേലുമായി ബന്ധപ്പെട്ട് ലൈംഗികദൃശ്യങ്ങളുള്ള സിഡി പുറത്തുവിട്ടതും നരേന്ദ്ര പട്ടേല്‍ എന്ന പട്ടേല്‍ വിഭാഗം നേതാവിന് കൂറുമാറാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തതും അഹമ്മദ് പട്ടേലിന് ഭീകരവാദബന്ധമുണ്ടെന്ന ആരോപണവും മറ്റും ബിജെപിക്കുതന്നെ തിരിച്ചടിയായി. ജിഗ്നേഷ് മേവാനി മുസ്ളിംവിരുദ്ധനാണെന്ന പോസ്റ്റര്‍ പ്രചാരണത്തിനുപിന്നിലും സംഘപരിവാറാണെന്ന് ബോധ്യപ്പെട്ടു.

ഒരുതരത്തിലും തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളില്‍ മേല്‍ക്കൈ ലഭിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് തുറന്ന വര്‍ഗീയ പ്രചാരണത്തിന് മോഡിയും ബിജെപിയും തയ്യാറായത്.  തെരഞ്ഞെടുപ്പെന്ന രാഷ്ട്രീയപോരാട്ടത്തെ ഹിന്ദു- മുസ്ളിം പോരാട്ടമായി മാറ്റുകയായിരുന്നു ലക്ഷ്യം. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പുപോരാട്ടം റാമും (ആര്‍- രൂപാനി, എ- അമിത് ഷാ, എം- മോഡി) ഹജും (എച്ച്- ഹാര്‍ദിക് പട്ടേല്‍, എ- അല്‍പ്പേഷ് ഠാക്കൂര്‍, ജെ- ജിഗ്നേഷ് മേവാനി) തമ്മിലാണെന്നായിരുന്നു ആദ്യത്തെ പ്രചാരണം. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ മുന്‍ സൈനികമേധാവി ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണെന്നും മറ്റും മോഡിതന്നെ പറഞ്ഞു.  പട്ടേലുകളെയും ദളിതനെയും മറ്റു പിന്നോക്ക സമുദായക്കാരെയും ഹിന്ദുവാക്കി പോളിങ്ബൂത്തിലേക്ക് ആനയിച്ചാലേ രക്ഷയുള്ളൂ എന്ന രാഷ്ട്രീയസ്ഥിതി സംജാതമായി എന്നര്‍ഥം. രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം ആദ്യമായാണ് ബിജെപി ഭയത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആത്മവിശ്വാസം ചോര്‍ന്ന ബിജെപിയെയാണ് ഗുജറാത്തില്‍ കാണാനാകുന്നത്. ഡിസംബര്‍ 18ന്റെ ജനവിധി ബിജെപിക്കെതിരാകുന്നപക്ഷം, അത് ദേശീയരാഷ്ട്രീയത്തില്‍ വന്‍ചലനങ്ങളുണ്ടാക്കും. സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടാല്‍ ബിജെപിയില്‍ മോഡി- അമിത് ഷാ കൂട്ടുകെട്ടിന്റെ പിടി അയയുകയും ചെയ്യും   
 
  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top