21 May Tuesday

മനുസ്‌മൃതിയിലേക്ക്‌ നീങ്ങുന്ന രാജ്യം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിച്ച വേളയിൽ രാജ്യത്തിന്റെ ഗതി എങ്ങോട്ടാണെന്ന്‌ സൂചിപ്പിക്കുന്ന രണ്ട്‌ സംഭവം ഉണ്ടായിരിക്കുന്നു. രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിൽ ഒമ്പത്‌ വയസ്സ്‌ മാത്രമുള്ള ദളിത്‌ ബാലൻ സ്‌കൂളിൽ അധ്യാപകനിൽ നിന്നേറ്റ മർദനത്തെത്തുടർന്ന്‌ മരിച്ചതാണ്‌ ഒന്ന്‌. രണ്ട്‌ പതിറ്റാണ്ടുമുമ്പ്‌ രാജ്യത്തെയാകെ നടുക്കിയ ഗുജറാത്ത്‌ വംശഹത്യയിലെ പ്രധാന കേസുകളിൽ ഒന്നായ ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗ–-കൂട്ടക്കൊലയിലെ പ്രതികളെ ഗുജറാത്തിലെ ബിജെപി സർക്കാർ ജയിലിൽനിന്ന്‌ വിട്ടയച്ചതാണ്‌ രണ്ടാമത്തേത്‌. രാഷ്‌ട്രശിൽപ്പികൾ വിഭാവനംചെയ്‌ത ആധുനിക ജനാധിപത്യ മതനിരപേക്ഷ രാജ്യമെന്ന സ്വപ്നത്തിൽനിന്ന്‌ നമ്മൾ ഏറെ പിന്നോട്ടുപോകുകയാണെന്ന്‌ കാണിക്കുന്നതാണ്‌ ഈ കളങ്കങ്ങൾ.

ഒരു ദളിത്‌ സ്‌ത്രീ ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതിയാകണമെന്ന്‌ സ്വാതന്ത്ര്യം ലഭിച്ച സമയത്ത്‌ ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത്‌ സഫലമായില്ലെന്ന്‌ മാത്രമല്ല, ദളിത്‌ വിഭാഗത്തിൽ നിന്നൊരാൾ രാഷ്‌ട്രപതിയായത്‌ പിന്നെയും അരനൂറ്റാണ്ട്‌ കഴിഞ്ഞാണ്‌. മലയാളിയായ കെ ആർ നാരായണൻ. ആർഎസ്‌എസ്‌ പ്രചാരകനായിരുന്ന നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രിയായശേഷം രാജ്യത്ത്‌ ദളിതർക്കെതിരെ ആക്രമണം വർധിക്കുകയാണുണ്ടായത്‌. ഈ സാഹചര്യത്തിൽ മുഖംരക്ഷിക്കാൻ ബിജെപി 2017ൽ രാംനാഥ്‌ കോവിന്ദിനെ രാഷ്‌ട്രപതിയാക്കിയെങ്കിലും ദളിതർക്കെതിരെ അതിക്രമങ്ങൾക്ക്‌ കുറവുണ്ടായില്ല. ഗോത്രവർഗക്കാരിയായ ദ്രൗപദി മുർമുവിനെ ബിജെപി കോവിന്ദിനുശേഷം രാഷ്‌ട്രപതിയാക്കിയെങ്കിലും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഗുണകരമായ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ അനുഭവങ്ങൾ. ഇതിൽ ഒടുവിലത്തേതാണ്‌ മേൽപ്പറഞ്ഞ സംഭവങ്ങൾ.

സുരാന ഗ്രാമത്തിലെ സരസ്വതി വിദ്യാമന്ദിർ എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ഇന്ദർമേഘവാൾ എന്ന ദളിത്‌ ബാലൻ ദാഹിച്ചപ്പോൾ സ്‌കൂളിൽ കണ്ട ഒരു മൺകുടത്തിൽനിന്ന്‌ അൽപ്പം വെള്ളം കുടിച്ചതിനാണ്‌ ജാതിഭ്രാന്തനായ അധ്യാപകൻ ഭീകരമായി മർദിച്ചത്‌. ആ വെള്ളം ‘മേൽജാതിക്കാർക്ക്‌’ വേണ്ടി വച്ചിരുന്നതാണത്രെ. ആർഎസ്‌എസിന്റെ മനുവാദ ആശയങ്ങളാൽ നയിക്കപ്പെടുന്ന ഇത്തരം നിരവധി സ്വകാര്യ സ്‌കൂളുകൾ രാജ്യത്തുണ്ട്‌. ജൂലൈ ഇരുപതിനാണ്‌ ഇന്ദറിന്‌ അധ്യാപകന്റെ മർദനമേറ്റത്‌. ചെവിയും കണ്ണുമടക്കം തകരാറിലായി മൂന്നാഴ്‌ചയിലധികം ആശുപത്രികളിലായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച്‌ പലരും വീടുകളിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യ ജൂബിലിയെ വരവേറ്റ ദിവസം അവൻ മരണത്തിനു കീഴടങ്ങി. വിവരമറിഞ്ഞ്‌ പ്രതിഷേധിച്ച ദളിത്‌ സമൂഹത്തെ മർദിച്ചൊതുക്കാനാണ്‌ രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ ആദ്യം ശ്രമിച്ചത്‌.

ഗർഭിണിയായിരുന്ന ബിൽക്കിസ്‌ ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ പിഞ്ചുകുഞ്ഞടക്കം ഏഴ്‌ ബന്ധുക്കളെ നിഷ്‌ഠുരമായി കൊല്ലുകയും ചെയ്‌ത സംഭവത്തിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 11 പേരെയാണ്‌ ഗുജറാത്ത്‌ സർക്കാർ സ്വാതന്ത്ര്യദിനത്തിൽ മോചിപ്പിച്ചത്‌. ജയിലിൽ നിന്നിറങ്ങിയ ഈ നരാധമന്മാരുടെ കാൽ തൊട്ട്‌ വന്ദിച്ചും അവരെ പൂമാലകൾ അണിയിച്ചും ആദരിക്കുകയാണ്‌ സംഘപരിവാറുകാർ ചെയ്‌തത്‌. മനുഷ്യത്വത്തിന്‌ ഒരു വിലയും നൽകാത്ത അക്രമിക്കൂട്ടമാണ്‌ തങ്ങളെന്ന്‌ ഒരിക്കൽക്കൂടി അവർ തെളിയിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാകയുയർത്തി സ്‌ത്രീശക്തിയെ ആദരിക്കുന്നതായി പ്രധാനമന്ത്രി വാചകമടിച്ച്‌ മണിക്കൂറുകൾക്കകമാണ്‌ ഗർഭിണിയെപ്പോലും കൂട്ടബലാത്സംഗം ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളെ അനുയായികൾ ആദരിച്ചത്‌. ഗുജറാത്തിലെ വംശഹത്യയുടെ ഇരകൾക്ക്‌ നീതി ലഭ്യമാക്കാൻ ശ്രമിച്ചവരടക്കം നൂറുകണക്കിന്‌ മനുഷ്യാവകാശ പ്രവർത്തകരെയും വയോധികരായ എഴുത്തുകാരെയും മറ്റും ഫാസിസ്റ്റ്‌ ഭരണം കള്ളക്കേസുകളിൽ കുടുക്കി തുറുങ്കിലടച്ചിരിക്കുമ്പോഴാണ്‌ ഹിന്ദുത്വ ഭീകരർക്ക്‌ വീരപരിഗണന.

ഇന്ത്യയുടെ ഭാവിയെക്കുറിച്ച്‌ യഥാർഥ ദേശസ്‌നേഹികൾക്കെല്ലാമുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ്‌ ഇതോടൊപ്പം സമീപ ദിവസങ്ങളിലുണ്ടായ ചില പ്രഖ്യാപനങ്ങളും. മനുസ്‌മൃതിയെ വാഴ്‌ത്തി ഡൽഹി ഹൈക്കോടതിയിലെ ഒരു വനിതാ ജഡ്‌ജി നടത്തിയ പരാമർശങ്ങളാണ്‌ ഒന്ന്‌. ക്രൈസ്‌തവർക്കും മുസ്ലിങ്ങൾക്കും വോട്ടവകാശം അനുവദിക്കാത്ത പുതിയ ഹിന്ദുരാഷ്‌ട്രത്തിനായുള്ള ഭരണഘടനയുടെ കരട്‌ അടുത്തവർഷം അവതരിപ്പിക്കുമെന്ന ഹിന്ദുത്വവാദികളുടെ പ്രഖ്യാപനമാണ്‌ മറ്റൊന്ന്‌. ഗാന്ധിജിയുടെ ഇന്ത്യ ഗോഡ്‌സെയുടെ ആധിപത്യത്തിലേക്ക്‌ നീങ്ങുന്നുവെന്നാണ്‌ ഇതെല്ലാം കാണിക്കുന്നത്‌. വർഗീയതയ്‌ക്കെതിരെ ഓരോ ദേശസ്‌നേഹിയും വിട്ടുവീഴ്‌ചയില്ലാതെ പോരാടുക മാത്രമാണ്‌ ഇന്ത്യയെ സംരക്ഷിക്കാനുള്ള വഴി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top