08 December Friday

ജിഎസ്‌ടി കുടിശ്ശിക കേന്ദ്രം നൽകണം

വെബ് ഡെസ്‌ക്‌Updated: Monday Aug 31, 2020


പ്രതീക്ഷയും പ്രത്യാശയും പകരുന്ന വേളയാണ്‌ ഓണക്കാലം. സമൃദ്ധിയുടെ സന്ദേശവും അതു നൽകുന്നു. എന്നാൽ, കേരളത്തിന്റെ വളർച്ചയെയും വികസനത്തെയും പിന്നോട്ടടിപ്പിക്കുന്ന നീക്കങ്ങളാണ്‌ ഈ ഓണക്കാലത്തും കേന്ദ്ര സർക്കാരിൽനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. അതിൽ ഏറ്റവും അവസാനത്തേതാണ്‌ ചരക്കുസേവന നികുതി (ജിഎസ്‌ടി)വിഹിതം നൽകാനാകില്ലെന്ന നരേന്ദ്ര മോഡി സർക്കാരിന്റെ നിലപാട്‌. സംസ്ഥാനങ്ങളുടെ പ്രത്യേകിച്ചും കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന നയമാണ്‌ കേന്ദ്രത്തിന്റേത്‌. സംസ്ഥാനങ്ങൾക്ക്‌ മൊത്തം 2.35 ലക്ഷം കോടി രൂപയാണ്‌ കേന്ദ്രം ജിഎസ്‌ടി ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ളത്‌. ഏപ്രിൽ ഒന്നുമുതൽ ജൂലൈ 31 വരെ കേരളത്തിനുമാത്രം കുടിശ്ശികയായി ലഭിക്കേണ്ടത്‌ 7100 കോടിയാണ്‌. ആഗസ്‌ത്‌ ഒന്നുമുതൽ ഡിസംബർ 31 വരെ പ്രതീക്ഷിത വിഹിതം 9000 കോടി വരും. അതായത്‌ 16000 കോടി രൂപയോളമാണ്‌ ഈ വർഷംമാത്രം കുടിശ്ശിക വരുന്നത്‌. ഇത്രയും തുക ലഭിക്കാത്തപക്ഷം നിത്യനിദാന ചെലവുകൾക്കുപോലും സംസ്ഥാനത്തിന്‌ പണമുണ്ടാകില്ലെന്നർഥം. ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും നൽകാൻ കഴിയാതെ കേരളം ഞെരിഞ്ഞമരും. കടുത്ത പ്രതിസന്ധിയിലേക്കാണ്‌ സംസ്ഥാനത്തെ കേന്ദ്രം വലിച്ചിടുന്നത്‌.

കൊട്ടും കുരവയുമായാണ്‌ 2017 ജൂലൈ ഒന്നിന്‌ ജിഎസ്‌ടി രാജ്യത്ത്‌ നടപ്പാക്കിയത്‌. സ്വാതന്ത്ര്യം ലഭിച്ചത്‌ ഒരു അർധരാത്രിയാണെങ്കിൽ നികുതി രംഗത്ത്‌ ‘സ്വാതന്ത്ര്യം’ കിട്ടിയത്‌ 2017 ജൂൺ 30ന്‌ അർധരാത്രിയാണെന്നായിരുന്നു മോഡിയുടെ പ്രഖ്യാപനം. നെഹ്‌റുവിന്റെ ‘വിധിയുമായി മുഖാമുഖ’ പ്രസംഗത്തിന്‌ സമാനമായിരുന്നു ജിഎസ്‌ടി നടപ്പാക്കിക്കൊണ്ടുള്ള മോഡിയുടെ പാർലമെന്റിൽ നടത്തിയ പ്രസംഗമെന്നും വിലയിരുത്തപ്പെട്ടു. പക്ഷേ, അന്നുതന്നെ സിപിഐ എം പോലുള്ള പാർടികൾ ഇത്‌ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന ആശങ്ക പങ്കുവച്ചിരുന്നു. നികുതി നിശ്‌ചയിക്കാനും നികുതി പിരിക്കാനുമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുകയും അത്‌ കേന്ദ്രം ഏറ്റെടുക്കുകയും ചെയ്‌തത്‌ ഈ നിയമനിർമാണത്തിലൂടെയായിരുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ദുർബലമാക്കുന്നതിലേക്കാണ്‌ ഈ നിയോലിബറൽ പരിഷ്‌കാരം നയിക്കുക എന്ന വിമർശനവും ഉയരുകയുണ്ടായി. ഇത്തരം നിരീക്ഷണങ്ങൾ ‌ പൂർണമായും ശരിവയ്‌ക്കുന്ന സമീപനമാണ്‌ ജിഎസ്‌ടി നടപ്പാക്കിയതുമുതൽ കേന്ദ്ര സർക്കാരിൽനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. നികുതി കുടിശ്ശിക തരാനാകില്ലെന്ന ഇപ്പോഴത്തെ കേന്ദ്ര സമീപനവും അതുതന്നെയാണ്‌ തെളിയിക്കുന്നത്‌.


 

ജിഎസ്‌‌ടി നടപ്പാക്കുന്നതുവഴി സംസ്ഥാനങ്ങൾക്കുള്ള നഷ്ടം കേന്ദ്രം നികത്തുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ, ആ വാഗ്‌ദാനത്തിൽ നിന്നാണ്‌ കേന്ദ്രം ഇപ്പോൾ പിറകോട്ട്‌ പോകുന്നത്‌. മാത്രമല്ല, സംസ്ഥാനങ്ങൾ കടമെടുത്ത്‌ ചെലവ്‌ നടത്തണമെന്ന വിചിത്രവാദമാണ്‌ കേന്ദ്രം ഇപ്പോൾ ഉയർത്തുന്നത്‌. വരുമാന നഷ്ടത്തെ രണ്ടായിത്തിരിച്ച്‌ അതിൽ ഒരുഭാഗം സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്‌ക്കാനുള്ള നീക്കമാണ്‌ കേന്ദ്രം നടത്തുന്നത്‌. ജിഎസ്‌ടി വഴിയുള്ള വരുമാന നഷ്ടമെന്നും കോവിഡ്‌ മഹാമാരിമൂലമുള്ള വരുമാന നഷ്ടമെന്നും രണ്ടായിത്തിരിച്ച്‌ കോവിഡ്‌‌മൂലമുള്ള വരുമാന നഷ്ടം മുഴുവൻ സംസ്ഥാനങ്ങൾ കടമെടുത്ത്‌ നികത്തണമെന്നാണ്‌ കേന്ദ്രത്തിന്റെ വാദം. ഇതിനായി വായ്‌പാപരിധി അര ശതമാനംകൂടി ഉയർത്തി നൽകാമെന്നും കേന്ദ്രം പറയുന്നു. എന്നാൽ, അര ശതമാനം വായ്‌പാപരിധി ഉയർത്തി നൽകിയാൽപോലും സംസ്ഥാനങ്ങൾക്ക്‌ വരുമാനനഷ്ടം നികത്താനാകില്ലെന്നതാണ്‌ യാഥാർഥ്യം. ഇത്രയും വലിയ നികുതി കുടിശ്ശിക തരില്ലെന്ന്‌ മാത്രമല്ല അത്‌ തരാനുള്ള ബാധ്യതയും തങ്ങൾക്കില്ലെന്ന ക്രൂരമായ സമീപനമാണ്‌ കേന്ദ്രം കൈക്കൊള്ളുന്നത്‌.

പ്രളയം, പ്രകൃതിക്ഷോഭങ്ങൾ, മഹാമാരി എന്നിവയെല്ലാംതന്നെ കേരളത്തെ ഗ്രസിക്കുമ്പോൾ സംസ്ഥാനത്തിന്‌ കൂടുതൽ സാമ്പത്തിക സഹായം നൽകുകയാണ്‌ കേന്ദ്രം ചെയ്യേണ്ടത്‌. അതിന്‌ തയ്യാറാകുന്നില്ലെന്ന്‌ മാത്രമല്ല അർഹമായ നികുതിവിഹിതംപോലും നൽകില്ലെന്ന കണ്ണിൽ ചോരയില്ലാത്ത സമീപനമാണ്‌ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. ഇത്‌ കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്‌. നികുതി കുടിശ്ശിക നൽകണമെന്നത്‌ കേന്ദ്രത്തിന്റെ ഭരണഘടനാപരവും നിയമപരവുമായ ബാധ്യതയാണ്‌. അത്‌ നിറവേറ്റാൻ കേന്ദ്രം തയ്യാറാകണം. വായ്‌പയെടുത്ത്‌ കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള കുടിശ്ശിക ഉടൻ കൊടുത്തുതീർക്കണം. സംസ്ഥാനങ്ങൾ വായ്‌പയെടുക്കുന്നതിനേക്കാൾ കുറവു പലിശ മാത്രമേ കേന്ദ്രം വായ്‌പയെടുത്താൽ നൽകേണ്ടതുള്ളൂ. കേരളം ഉൾപ്പെടെയുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളുടെ ആവശ്യമാണിത്‌. തിങ്കളാഴ്‌ച സംസ്ഥാന ധനമന്ത്രിമാർ ഇക്കാര്യം ചർച്ചചെയ്യാനിരിക്കുകയാണ്‌. അതിനാൽ മഹാമാരിയുടെ ഈ കാലത്തെങ്കിലും സംസ്ഥാനങ്ങളുടെ കണ്ണീരൊപ്പാനുള്ള നടപടികൾ കേന്ദ്രം കൈക്കൊള്ളണം. അല്ലാത്തപക്ഷം ഫെഡറൽതത്വങ്ങളെ കാറ്റിൽപറത്തുന്ന മോഡി സർക്കാരിന്റെ സമീപനത്തിനെതിരെ വൻ ജനകീയ പ്രക്ഷോഭംതന്നെ ഉയർന്നുവരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top