24 April Wednesday

ജിഎസ്‌ടി സ്ലാബ്‌ മാറ്റം; വിലക്കയറ്റം രൂക്ഷമാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

ചരക്കുസേവന നികുതി (ജിഎസ്‌ടി) സ്ലാബ്‌ അടിക്കടി മാറ്റുന്നതും അശാസ്‌ത്രീയ തീരുമാനം അടിച്ചേൽപ്പിക്കുന്നതും കേന്ദ്ര സർക്കാർ തുടരുന്നു. ‘ഒരു രാജ്യം ഒരു നികുതി’ എന്ന ഏകീകൃത നികുതി നടപ്പാക്കി അഞ്ചുവർഷം കഴിയുമ്പോഴും ഈ മേഖലയിലെ അനിശ്ചിതത്വം പരിഹരിച്ചിട്ടില്ല. ജിഎസ്‌ടി നടപ്പായാൽ വില കുറയുമെന്നായിരുന്നു പ്രധാന വാദം. എന്നാൽ, വിലക്കയറ്റം രൂക്ഷമാക്കുന്ന തീരുമാനങ്ങളാണ്‌ ചണ്ഡീഗഢിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ കൈക്കൊണ്ടത്‌. സ്ലാബുകൾ മാറ്റിയതോടൊപ്പം ചില ഭക്ഷ്യ ഉൽപ്പന്നങ്ങളെ നികുതി പരിധിയിലാക്കി. 17  സംസ്ഥാനം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും സംസ്ഥാനങ്ങൾക്കുള്ള  ജിഎസ്‌ടി നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമെടുത്തില്ല. ചരക്കുസേവന നികുതി നിയമനിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിയുടെ അന്തഃസത്ത പോലും ഉൾക്കൊള്ളാൻ കേന്ദ്രം തയ്യാറാകുന്നില്ല.

മോദി സർക്കാർ എടുക്കുന്ന തീരുമാനമെല്ലാം കോർപറേറ്റുകൾക്കും സമ്പന്നവിഭാഗത്തിനുംവേണ്ടിയാണ്‌. ജിഎസ്‌ടി നിരക്കുകൾ സംബന്ധിച്ച് കോർപറേറ്റുകളുടെ വാദങ്ങൾ തള്ളിക്കളഞ്ഞ്‌, ആഡംബരവസ്തുക്കളുടെ മേലുള്ള നികുതി വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ  അവശ്യവസ്തുക്കളുടെ നികുതി വർധിപ്പിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ്‌ സാധാരണ ജനങ്ങളുടെ പ്രധാന പ്രശ്‌നം. അതിനിടയിലാണ്‌ പായ്‌ക്കറ്റിലാക്കിയ ഇറച്ചി, മത്സ്യം, തൈര്‌, മോര്‌, ഗോതമ്പുപൊടി,  പപ്പടം, തേൻ തുടങ്ങിയവയ്‌ക്ക്‌ അഞ്ചു ശതമാനം നികുതി ചുമത്തിയത്‌.  വിദ്യാർഥികളും അധ്യാപകരും പഠനാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന മാപ്പ്, അറ്റ്‌ലസ്‌,  ചാർട്ട്‌ എന്നിവയ്‌ക്ക്‌ 12 ശതമാനം നികുതി കൊണ്ടുവന്നു.  പെൻസിൽ ഷാർപെനർ, ബ്ലേഡ്‌, കട്ടിങ്‌ ബ്ലേഡ്‌ എന്നിവയുടെ നികുതി 12ൽ നിന്ന്‌ പതിനെട്ടാക്കി. സിമന്റ്‌, കമ്പി തുടങ്ങിയ നിർമാണവസ്‌തുക്കൾക്ക്‌ വില കൂടുമ്പോൾ  നിർമാണപദ്ധതികളുടെ ചെലവ്  വർധിക്കുകയാണ്‌.  ഈ ഘട്ടത്തിലാണ്‌ റോഡ്‌, പാലം, കനാൽ, ഡാം, മെട്രോ,  കേന്ദ്ര–-സംസ്ഥാന സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ നിർമാണ കരാറുകളുടെ ജിഎസ്‌ടി 12ൽ നിന്ന്‌ 18 ആക്കിയത്.  കൊപ്ര, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടിപ്പരിപ്പ്‌  തുടങ്ങിയവയുടെ സംഭരണത്തിനുപോലും ജിഎസ്‌ടി ബാധകമാക്കി.  ഇതൊക്കെ വിലക്കയറ്റം രൂക്ഷമാക്കും. ചരക്കുനീക്കത്തിനുള്ള ജിഎസ്‌ടി 18ൽ നിന്ന്‌ പന്ത്രണ്ടാക്കിയെങ്കിലും ഇതിന്റെ നേട്ടം ഉപയോക്താക്കൾക്ക്‌ ലഭിക്കില്ല.  നികുതി കുറച്ചാലും ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറയുന്നില്ല എന്നതാണ്‌  യാഥാർഥ്യം. നിരവധി ഉൽപ്പന്നത്തിന്റെ നികുതി 28ൽ നിന്ന്‌ 18ഉം 12 ഉം ശതമാനമാക്കിയെങ്കിലും വില കുറയ്‌ക്കാൻ നിർമാതാക്കൾ തയ്യാറായില്ല.

ജിഎസ്ടി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന്‌ കേന്ദ്ര സർക്കാർ ഉറപ്പുനൽകിയതുകൊണ്ടാണ് സംസ്ഥാനങ്ങൾ പുതിയ സംവിധാനം അംഗീകരിച്ചത്‌.  എല്ലാ വർഷവും 14 ശതമാനം നികുതിവരുമാന വർധന ഉറപ്പാക്കി, ഇതിൽ കുറവുവരുന്ന  തുക നഷ്ടപരിഹാരമായി നൽകാനുള്ള വ്യവസ്ഥ ഭരണഘടനാ ഭേദഗതിയിൽത്തന്നെ ഉൾപ്പെടുത്തി. നഷ്ടപരിഹാരത്തുക കണ്ടെത്താൻ പുകയിലയ്‌ക്കും ഏതാനും സൂപ്പർ ആഡംബരവസ്തുക്കൾക്കും സെസും ഏർപ്പെടുത്തി.  സെസ്‌ പിരിവ്‌ 2026 മാർച്ചുവരെ നീട്ടിയെങ്കിലും  ജൂൺ 30നു ശേഷം നഷ്ടപരിഹാരം നൽകുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ല.
സംസ്ഥാനങ്ങളുടെ നികുതി നിർണയാവകാശം കവർന്നാണ്‌ ജിഎസ്‌ടി നടപ്പാക്കിയത്‌. സംസ്ഥാനങ്ങളുടെ തനതുവരുമാനത്തിന്റെ 44 ശതമാനം നികുതികൾ ജിഎസ്‌ടിയിൽ ലയിപ്പിച്ചപ്പോൾ കേന്ദ്ര വരുമാനത്തിന്റെ 28 ശതമാനം മാത്രമാണ്‌ ലയിപ്പിച്ചത്‌. എന്നാൽ, പിരിച്ചെടുക്കുന്ന നികുതിയുടെ 50 ശതമാനംവീതം കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കണമെന്ന വ്യവസ്ഥ അടിച്ചേൽപ്പിച്ചു.  നഷ്ടപരിഹാരം നൽകുന്നില്ലെങ്കിൽ ജിഎസ്‌ടി വരുമാനം  സംസ്ഥാനങ്ങളും കേന്ദ്രവും 60:40 എന്ന അനുപാതത്തിൽ പങ്കിടണമെന്നാണ്‌ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്‌. ജിഎസ്ടി കൗൺസിലിൽ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിനു പകരം തങ്ങളുടെ നിലപാടുകൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജനാധിപത്യ, ഫെഡറൽ തത്വങ്ങൾക്ക്‌ വിരുദ്ധമാണ്‌ ഇത്‌. ഇതിനെതിരെ സംസ്ഥാനങ്ങളുടെ യോജിച്ച കൂട്ടായ്‌മ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top