21 May Tuesday

മോദി സർക്കാർ ഇനിയെങ്കിലും കണ്ണുതുറക്കുമോ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


ചരക്കുസേവന നികുതി (ജിഎസ്‌ടി) സംബന്ധിച്ച നിയമനിർമാണത്തെപ്പറ്റിയുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി ജനാധിപത്യത്തിനും  ഫെഡറലിസത്തിനും വിലകൽപ്പിക്കാത്ത നരേന്ദ്ര മോദി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ്‌. നികുതി നിയമനിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമാണെന്നും ജിഎസ്‌ടി കൗൺസിലിന്റെ നിർദേശം പാലിക്കാൻ ഇരുസർക്കാരിനും ബാധ്യതയില്ലെന്നുമുള്ള  വിധിയിലൂടെ കോടതി ഭരണഘടനാ തത്വങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുകയാണ്‌. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യവും  ഫെഡറലിസവും പാലിച്ചായിരിക്കണം സമവർത്തി പട്ടികയിലുള്ള വിഷയങ്ങളിൽ നിയമനിർമാണം നടത്തേണ്ടതെന്നാണ്‌ കോടതി മറ്റൊരുതരത്തിൽ ചൂണ്ടിക്കാട്ടിയത്‌. 2017 ജൂലൈ ഒന്നിന്‌  ജിഎസ്‌ടി തിരക്കിട്ട്‌ നടപ്പാക്കിയശേഷം  ഏകപക്ഷീയമായ തീരുമാനങ്ങൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു കേന്ദ്രം.   കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധത്തിന്റെ അന്തഃസത്തയ്‌ക്ക്‌  വിരുദ്ധമാണ്‌  നികുതി നിശ്‌ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റം. ജിഎസ്‌ടി വ്യവസ്ഥകളിൽ കാതലായ മാറ്റം വേണമെന്നും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കരുതെന്നുമുള്ള ശക്തമായ ആവശ്യം ഉയർന്നുവരുമ്പോൾ ഉണ്ടായ കോടതി വിധിക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. 

2016ലെ ഭരണഘടനാ ഭേദഗതിയനുസരിച്ച്‌ അനുച്ഛേദം 246 എ പ്രകാരം സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി സംബന്ധിച്ച്‌ നിയമനിർമാണത്തിന്‌ വ്യവസ്ഥയുണ്ട്‌. അനുച്ഛേദം 279 എ  സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും പറയുന്നു. ഇത്‌ മത്സരാധിഷ്‌ഠിത  ഫെഡറലിസമാണെന്നാണ്‌ വ്യക്തമാക്കുന്നത്‌. ഇന്ത്യൻ  ഫെഡറലിസം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ മുന്നോട്ടുപോകുന്നതാണ്‌. വൈവിധ്യമാർന്ന സമൂഹത്തിലെ ആവശ്യങ്ങളെ ജനാധിപത്യരീതിയിൽ ഉൾക്കൊള്ളുക എന്നതാണ്‌ ഈ സംവിധാനംകൊണ്ട്‌ അർഥമാക്കുന്നത്‌. ജനാധിപത്യവും  ഫെഡറലിസവും പരസ്‌പരം ബന്ധപ്പെട്ടതാണ്‌. ജനാധിപത്യം അതിന്റെ പൂർണതയിൽ പ്രവർത്തിക്കുമ്പോഴേ  കേന്ദ്ര സംസ്ഥാനബന്ധം ശക്തമായി നിലനിൽക്കുകയുള്ളൂ. ഒരുകൂട്ടർ മറ്റൊരു കൂട്ടരുടെ മേൽ അമിതാധികാരം ഉപയോഗിക്കുന്നത്‌ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിക്ക്‌ എതിരാണെന്നുകൂടി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. 

‘ഒരു രാജ്യം ഒരു നികുതി’ എന്ന രീതിയെ സിപിഐ എം തുടക്കംമുതലേ എതിർത്തിരുന്നു.  സംസ്ഥാനങ്ങളുടെ നികുതി നിർണയാവകാശം കവർന്നെടുത്താണ്‌ കേന്ദ്രം ജിഎസ്‌ടി നടപ്പാക്കിയത്‌. ഇത്‌ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വൻതിരിച്ചടി ഉണ്ടാക്കി. അഞ്ച്‌ വർഷം പിന്നിടുമ്പോഴും നികുതി പിരിവ്‌ ഫലപ്രദമാക്കാൻ സാധിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ തനതുവരുമാനത്തിന്റെ 44 ശതമാനം നികുതികൾ  ജിഎസ്‌ടിയിൽ ലയിപ്പിച്ചപ്പോൾ കേന്ദ്രവരുമാനത്തിന്റെ 28 ശതമാനമാണ്‌ ലയിപ്പിച്ചത്‌.  എന്നാൽ, പിരിച്ചെടുക്കുന്ന മൊത്തം നികുതിയുടെ 50 ശതമാനംവീതം കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കുന്ന വ്യവസ്ഥയുണ്ടാക്കി.  ഇതിലൂടെ കേന്ദ്ര വരുമാനം കുത്തനെകൂടിയപ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം ഇടിഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തെ ഇത്‌ സാരമായി ബാധിച്ചു.  വരുമാനക്കുറവുണ്ടാകുന്ന  സംസ്ഥാനങ്ങൾക്ക്‌  ജൂണിനുശേഷം നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം വലിയ പ്രതിസന്ധി സൃഷ്‌ടിക്കും.  സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ചേർന്ന്‌  സമവായരീതിയിലാണ്‌ തീരുമാനങ്ങളെടുക്കേണ്ടതെന്ന്‌ പറയുമ്പോൾത്തന്നെ കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിക്കുന്ന വോട്ടിങ്‌ രീതിയാണ്‌ ജിഎസ്‌ടി കൗൺസിലിന്റേത്‌. 33 അംഗ ജിഎസ്‌ടി കൗൺസിലിൽ രണ്ട്‌ കേന്ദ്ര മന്ത്രിമാരാണുള്ളതെങ്കിലും കേന്ദ്ര സർക്കാരിന്റെ വോട്ടിങ്‌ മൂല്യം പോൾ ചെയ്ത വോട്ടിന്റെ മൂന്നിൽ ഒന്നും സംസ്ഥാന സർക്കാരുകളുടെ  വോട്ട്‌ മൂല്യം മൂന്നിൽ രണ്ടുമാണ്. കൗൺസിൽ യോഗത്തിൽ ഹാജരായി വോട്ട്‌ ചെയ്യുന്ന അംഗങ്ങളിൽ നാലിൽ മൂന്നു പേരുടെ ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവയ്‌ക്കുന്ന നിർദേശങ്ങളെപ്പോലും കേന്ദ്രത്തിന്‌ വീറ്റോ ചെയ്യാനാകും.

ജിഎസ്‌ടിയിൽ മാത്രമല്ല, മറ്റ്‌ നിരവധി വിഷയത്തിലും ഫെഡറലിസത്തിനും ജനാധിപത്യത്തിനും വിലകൽപ്പിക്കാതെ ഏകപക്ഷീയ നിയമനിർമാണങ്ങളും തീരുമാനങ്ങളുമാണ്‌ നടപ്പാക്കുന്നത്‌.  പതിനഞ്ചാം ധന കമീഷൻ ശുപാർശ, മൂന്ന്‌ കാർഷിക നിയമം, വൈദ്യുതി നിയമം,  പുതിയ വിദ്യാഭ്യാസ നയം, ഡിഗ്രി പ്രവേശനത്തിന്‌ രാജ്യമാകെ പൊതുപ്രവേശന പരീക്ഷ എന്നിവയൊക്കെ സംസ്ഥാനതാൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമാണ്‌. പ്ലാനിങ്‌ കമീഷൻ പിരിച്ചുവിട്ട്‌ ഉദ്യോഗസ്ഥസംവിധാനത്തിന്‌ ആധിപത്യമുള്ള നിതി ആയോഗ്‌ കൊണ്ടുവന്നതും ദേശീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ സംവാദവേദിയാകേണ്ട ദേശീയോദ്‌ഗ്രഥന കൗൺസിൽ 2014നുശേഷം  വിളിച്ചുചേർക്കാത്തതും  മോദി സർക്കാരിന്റെ അമിതാധികാര വാഴ്‌ചയുടെ തെളിവാണ്‌.  സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലെങ്കിലും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട്‌ മോദി സർക്കാർ നയങ്ങളിൽ മാറ്റം വരുത്തുമോ എന്നാണ്‌ അറിയേണ്ടത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top