27 April Saturday

ജിഎസ്ടി ആശങ്കയും പ്രതീക്ഷയും

വെബ് ഡെസ്‌ക്‌Updated: Friday Jun 30, 2017



ഇന്ന് അര്‍ധരാത്രിയോടെ രാജ്യത്ത് ചരക്ക് സേവന നികുതി(ജിഎസ്ടി) നിലവില്‍ വരും. ബ്രിട്ടീഷ് കൊളോണിയല്‍ നുകം വലിച്ചെറിഞ്ഞ് സ്വാതന്ത്യ്രത്തിലേക്ക് ഇന്ത്യ നടന്നുകയറിയതിനു സമാനമായ അര്‍ധരാത്രിച്ചടങ്ങിനൊപ്പം നില്‍ക്കുന്ന സംഭവമായി പരോക്ഷനികുതിയില്‍ രാജ്യം വരുത്തുന്ന വലിയ പരിഷ്കാരത്തെ തുലനംചെയ്യാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വ്യഗ്രത അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അധികാരമേറി മൂന്നുവര്‍ഷം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്നതാണ് ചടങ്ങ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ അര്‍ധരാത്രിയിലെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതും ജിഎസ്ടി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കത്തോടുള്ള പ്രതിഷേധമായിരിക്കാം.

കാല്‍നൂറ്റാണ്ടുമുമ്പ് ഡോ. മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ തുടക്കമിട്ട നവ ഉദാരവല്‍ക്കരണനയത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പരോക്ഷനികുതിയില്‍ ഒരു ഏകീകൃത സ്വഭാവം സൃഷ്ടിക്കുന്നതിനായി ജിഎസ്ടി നടപ്പില്‍ വരുത്തുന്നത്. കേന്ദ്രവും സംസ്ഥാനവും വ്യത്യസ്ത നിരക്കില്‍ ഈടാക്കിവരുന്ന നികുതി ഒരുഘട്ടത്തില്‍മാത്രം പിരിച്ചെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കായി വീതിച്ചെടുക്കുക എന്നതാണ് ആശയം. 'ഒരു രാഷ്ട്രം ഒരു നികുതി' എന്ന ആശയമാണ് ജിഎസ്ടിയിലൂടെ മോഡി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. 29 സംസ്ഥാനവും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളും കേന്ദ്രവും ചേര്‍ന്നുള്ളതാണ് ഈ നികുതി പദ്ധതി. വില്‍പ്പന നികുതി, മൂല്യവര്‍ധിത നികുതി, കടത്തുനികുതി, ആഡംബര നികുതി, സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, സേവന നികുതി എന്നിവയെല്ലാം ഏകീകരിച്ച് ജിഎസ്ടി എന്ന ഒറ്റ നികുതിയേ ഇനിമുതല്‍ പരോക്ഷനികുതിയായി ഇന്ത്യയിലുണ്ടാകൂ. ഉപയോക്താക്കളുടെ പോക്കറ്റില്‍ കൈയിട്ടുവാരാതെ കൂടുതല്‍ വരുമാനം നേടുകയാണ് ജിഎസ്ടികൊണ്ട് ലക്ഷ്യമാക്കുന്നതെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ വിശദീകരണം. എന്നാല്‍, ജിഡിപിയുടെ മൂന്നിലൊന്നു ശതമാനം സേവനങ്ങളും ചരക്കുകളും ഇപ്പോഴും ജിഎസ്ടിക്ക് പുറത്താണെന്ന കാര്യം വിസ്മരിക്കാനാകില്ല. വൈദ്യുതി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മദ്യം, റിയല്‍ എസ്റ്റേറ്റ് എന്നിവയാണ് പ്രധാനമായും ജിഎസ്ടിക്ക് പുറത്തുള്ളത്.  

അഞ്ച് സ്ളാബിലായി നികുതി ഈടാക്കാനാണ് ജിഎസ്ടി കൌണ്‍സില്‍ തീരുമാനം. അരി, ഉപ്പ്, ചകിരി, നാളികേരം, മത്സ്യം, മാംസം, പാലും പാലുല്‍പ്പന്നങ്ങളും, മുട്ട, പഴങ്ങള്‍, പച്ചക്കറികള്‍, പത്രങ്ങള്‍, തുടങ്ങിയവയെ നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. ഏകദേശം 1200 സര്‍വീസിനും ചരക്കുകള്‍ക്കുമായി 5, 12, 18, 28 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകുതിയോളം സാധനങ്ങള്‍ക്കും 18, 28 ശതമാനമാണ് നികുതി. ഇതില്‍ 80 ശതമാനം സാധനങ്ങളും സേവനങ്ങളും 18 ശതമാനം നികുതി പരിധിയിലാണ് ഉള്‍പ്പെടുന്നത്. ഈ നിരക്ക് നിശ്ചയിക്കുന്നതില്‍ പല അപാകതയും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ടുതന്നെ കേരളത്തിന് പൊതുവെ ജിഎസ്ടി ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. നികുതിവരുമാനത്തിലെ വളര്‍ച്ച ഇരട്ടിയായി (20 ശതമാനമായി) വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ജിഎസ്ടി പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിനെതിരെ ശക്തമായ വിമര്‍ശങ്ങളും ഉയര്‍ന്നിട്ടുണ്ട്. നികുതി നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് ജിഎസ്ടി എന്നാണ് അതില്‍ ഒരു പക്ഷം. കോ- ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ പേരില്‍ ജിഎസ്ടി നടപ്പാക്കുന്ന മോഡി സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറല്‍ഘടനയെത്തന്നെയാണ് തകര്‍ക്കുന്നതെന്നും പ്രഭാത് പട്നായിക്കിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നു. ബജറ്റില്‍ നികുതി ഏര്‍പ്പെടുത്താനുള്ള സ്വാതന്ത്യ്രം പൂര്‍ണമായും നഷ്ടപ്പെടും. ഇനി ഏതെങ്കിലും സാധനങ്ങള്‍ക്ക് നികുതി ചുമത്തണമെങ്കില്‍ ജിഎസ്ടി കൌണ്‍സിലിന്റെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടിവരും. അവിടെയാകട്ടെ കേന്ദ്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും എപ്പോഴും മുന്‍തൂക്കം. 

ജിഎസ്ടി ധൃതിപിടിച്ച് നടപ്പാക്കുമ്പോഴുള്ള മറ്റൊരു ആശങ്ക ഇത് പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള പശ്ചാത്തലസൌകര്യം തയ്യാറായിട്ടുണ്ടോ എന്ന കാര്യമാണ്. ജിഎസ്ടി നടപ്പാക്കാനാവശ്യമായ ഇ വേ സിസ്റ്റം ഇതുവരെയും പ്രവര്‍ത്തനക്ഷമമായിട്ടില്ല. മാത്രമല്ല, കറന്‍സി പിന്‍വലിക്കലിന് തൊട്ടുപിറകെ ഇത്തരത്തിലുള്ള സുപ്രധാന പരിഷ്കാരം നടപ്പാകുമ്പോള്‍ അത് ജിഡിപി വളര്‍ച്ചയെ ബാധിക്കുമോ എന്ന സംശയവും പ്രമുഖ സാമ്പത്തിക വിദഗ്ധര്‍തന്നെ ഉയര്‍ത്തുന്നുണ്ട്. കറന്‍സി പിന്‍വലിച്ചതിനുശേഷം അവസാനപാദം ജിഡിപി വളര്‍ച്ച 6.1 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്. വീണ്ടും ജിഡിപി നിരക്ക് ഇടിഞ്ഞാല്‍ അത് പല മേഖലയിലും തൊഴില്‍നഷ്ടം സൃഷ്ടിക്കും. സ്വാഭാവികമായും സാമ്പത്തികരംഗം കൂടുതല്‍ കലുഷിതമാകും. ഈ ആശങ്കകള്‍ ദൂരീകരിക്കാനും കാര്യക്ഷമമായി നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്നു പ്രതീക്ഷിക്കാം. ഇന്ത്യന്‍ സമ്പദ്മേഖലയിലെ സുപ്രധാന ചുവടുവയ്പിനാണ് തുടക്കമിടുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top