27 April Saturday

അന്ത്യശാസനം വേണ്ട; കേന്ദ്രം പണം നൽകണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


മഹാമാരിയോട് പൊരുതി ക്ഷീണിച്ചുനിൽക്കുകയാണ് രാജ്യത്തെ സംസ്ഥാനങ്ങളെല്ലാം. നാലുവശത്തുനിന്നും പ്രയാസങ്ങൾ നേരിടുന്ന സാഹചര്യം. ലാഭനഷ്ടങ്ങൾ ആലോചിക്കാതെ പണം ചെലവാക്കേണ്ട കാലം. എവിടെയും കാരുണ്യവും കൈത്താങ്ങും വേണ്ട സമയം.

ഇത്തരമൊരു കാലത്തും നമ്മുടെ കേന്ദ്ര ഗവൺമെന്റ്  സംസ്ഥാനങ്ങളെ പൊറുതിമുട്ടിക്കുകയാണ്, ദ്രോഹിക്കുകയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മാത്രമല്ല, നിയമവും ന്യായവും ധാർമികതയുമൊന്നും നോക്കാതെ, സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്താനും അന്ത്യശാസനം നൽകാനും കേന്ദ്രം മടിക്കുന്നില്ല. ചരക്കുസേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നിലപാടിന് ന്യായമൊന്നുമില്ല. നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരത്തുക  യഥാസമയം നൽകാത്ത കേന്ദ്രം ആ തുക സംസ്ഥാനങ്ങൾക്ക് കടമെടുക്കാമെന്നുപറഞ്ഞ് നിബന്ധനകളോടെ രണ്ട്‌ സാധ്യത മുന്നോട്ടുവച്ചു. ഇതിലൊരു മാർഗം ഒക്ടോബർ അഞ്ചിനകം അംഗീകരിക്കണമെന്ന അന്ത്യശാസനമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. മാത്രമല്ല, അംഗീകരിക്കാത്ത സംസ്ഥാനങ്ങൾ നഷ്ടപരിഹാരം കിട്ടാൻ 2022 ജൂൺവരെ കാത്തിരിക്കേണ്ടി വരുമെന്ന ഭീഷണിയുമുണ്ട്. നഷ്ടപരിഹാര സെസ് പിരിക്കാവുന്ന അഞ്ചുവർഷ കാലാവധി നീട്ടിയാലേ അപ്പോഴും കിട്ടൂ.

രണ്ടു കാര്യം ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഒന്ന്: സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരത്തുക നൽകാൻ കേന്ദ്രത്തിന് റിസർവ് ബാങ്കിൽനിന്ന് നേരിട്ട് പണമെടുക്കാം. അതിനു തയ്യാറാകാതെ കടഭാരം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാണ് നീക്കം. രണ്ട്: ഇങ്ങനെ നിബന്ധനയും തീരുമാനവും  അടിച്ചേൽപ്പിക്കാൻ കേന്ദ്രഗവൺമെന്റിന് അവകാശമില്ല. ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് ജിഎസ്ടി കൗൺസിലാണ്. കേന്ദ്രം ജിഎസ്ടി കൗൺസിലിൽ 33.3 ശതമാനം വോട്ടവകാശമുള്ള ഒരംഗം മാത്രമാണ്. ജിഎസ്ടി കൗൺസിലിൽ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. വേണ്ടിവന്നാൽ, വോട്ടെടുപ്പും ആകാം.

നഷ്ടത്തിലെ 97,000 കോടി സംസ്ഥാനങ്ങൾക്ക് റിസർവ് ബാങ്ക് ഒരുക്കുന്ന പ്രത്യേക സംവിധാനംവഴി കടമെടുക്കാമെന്നാണ് കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവച്ചിട്ടുള്ള ഒരു മാർഗം. ഇതിന്റെ പലിശയും മുതലും നഷ്ടപരിഹാര സെസിൽനിന്ന് നൽകും.അതല്ലെങ്കിൽ 2.35 ലക്ഷം കോടിയും പൊതു കമ്പോളത്തിൽനിന്ന് കടമെടുക്കാം

നടപ്പു ധനവർഷത്തിൽ  ജിഎസ്ടി വരുമാനത്തിൽ മൊത്തം മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.ഈ കുറവ് നികത്താൻ നഷ്ടപരിഹാര സെസിൽനിന്ന് 65,000 കോടി ലഭിക്കും. ശേഷിക്കുന്ന കുറവ് 2.35 ലക്ഷം കോടി. ഇതിൽ 97,000 കോടി ജിഎസ്ടി നടപ്പാക്കിയതിലെ പ്രശ്നങ്ങൾ മൂലമുള്ള കുറവായി കണക്കാക്കുന്നു.  ബാക്കി നഷ്ടം കോവിഡ് പ്രതിസന്ധിമൂലവും. നഷ്ടത്തിലെ 97,000 കോടി സംസ്ഥാനങ്ങൾക്ക് റിസർവ് ബാങ്ക് ഒരുക്കുന്ന പ്രത്യേക സംവിധാനംവഴി കടമെടുക്കാമെന്നാണ് കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവച്ചിട്ടുള്ള ഒരു മാർഗം. ഇതിന്റെ പലിശയും മുതലും നഷ്ടപരിഹാര സെസിൽനിന്ന് നൽകും.അതല്ലെങ്കിൽ 2.35 ലക്ഷം കോടിയും പൊതു കമ്പോളത്തിൽനിന്ന് കടമെടുക്കാം. ഇതിലെ മുതൽ സെസിൽനിന്ന് കൊടുക്കും. പലിശ സംസ്ഥാനങ്ങൾതന്നെ അടയ്ക്കണം.  ഇതിലൊരു മാർഗം സ്വീകരിക്കണമെന്ന് കേന്ദ്രം ശഠിക്കുന്നു. 

റിസർവ് ബാങ്കിൽനിന്ന് കേന്ദ്ര ഗവൺമെന്റിന് നേരിട്ട് കടമെടുത്ത് കൊടുക്കാമെന്നിരിക്കെ ഇങ്ങനെ നിർദേശിക്കുന്നത് തനി തോന്ന്യാസമാണെന്ന് വിവിധ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ രണ്ടു നിർദേശവും അംഗീകരിച്ചിട്ടില്ല.ജിഎസ്ടി കൗൺസിൽ അടിയന്തരമായി വിളിച്ചുചേർത്ത് തീരുമാനമുണ്ടാകണമെന്ന് കേരള ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെടുന്നു. അന്ത്യശാസനമൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ചരക്കുസേവന നികുതി നടപ്പാക്കുമ്പോൾ പ്രതിവർഷം വരുമാനത്തിൽ 14 ശതമാനം വർധനയുണ്ടാകുമെന്നും അതുണ്ടായില്ലെങ്കിൽ  അഞ്ചു വർഷത്തേക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകുമെന്നും വ്യവസ്ഥയുണ്ട്. അതിനാണ് നഷ്ടപരിഹാര സെസ് പിരിക്കുന്നതും. ജിഎസ്ടി നടപ്പാക്കിയതു വഴി സംസ്ഥാനങ്ങൾക്ക് വരുമാനം കുറയുകയാണുണ്ടായത്. മാത്രമല്ല, നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെടുകയും ചെയ്തു. കോവിഡ് സാഹചര്യത്തിൽ കേരളത്തിന്റെ നികുതി വരുമാനം നേർ പകുതിയായി കുറഞ്ഞതായി അടുത്ത ദിവസം റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. അതേസമയം, റവന്യൂ ചെലവ് 15 ശതമാനം വർധിച്ചു. ജിഎസ്ടി കുടിശ്ശികയായി ജൂലൈവരെ കേരളത്തിന് 7077 കോടി രൂപ കിട്ടാനുണ്ട്. അസാധാരണമായ ഈ സാഹചര്യത്തിൽ, നിയമപരമായ സഹായംപോലും ലഭിക്കാൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിനു മുന്നിൽ നിലവിളിക്കേണ്ടിവരുന്നത് അംഗീകരിക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top